"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Monday, December 1, 2008

മാദ്ധ്യമങ്ങള്‍ ആര്‍ക്ക് വേണ്ടി ??


നമുക്കിപ്പോള്‍ വാര്‍ത്തകള്‍ അറിയാന്‍ ഒരു വിഷമവുമില്ല. കാരണം വാര്‍ത്തകള്‍ ചൂടോടെ നമ്മളിലേക്കെത്തിക്കാന്‍ കൈവിരലില്‍ എണ്ണാവുന്നതിലുമധികം മലയാളം ദിനപ്പത്രങ്ങളുണ്ട് നമുക്ക്. അതും പോരാ എങ്കില്‍ കൈവിരല്‍ തുമ്പില്‍ ലൈവ് വാര്‍ത്തകളും വിശേഷങ്ങളുമായി നിരന്നു നില്‍ക്കുന്ന നിരവധി മലയാളം വാര്‍ത്താ ചാനലുകളുമുണ്ട്. വാര്‍ത്തകള്‍ക്ക് വേണ്ടി കാതോര്‍ക്കുന്ന മലയാളിക്ക് ‘ആനന്ദലബ്ധിക്ക്‘ ഇനി എന്തുവേണം?

കാശ് കൊടുത്ത് പത്രം വാങ്ങി വായിക്കുകയും, വാര്‍ത്തകള്‍ കാണാനും വിശകലനങ്ങള്‍ കേള്‍ക്കാനും വാര്‍ത്താചാനലുകളുടെ മുന്‍പില്‍ കുത്തിയിരിക്കുകയും ചെയ്യുന്ന നമ്മള്‍ വിഡ്ഡികളാക്കപ്പെടുകയല്ലേ? ഇപ്പോള്‍ എല്ലാ മാദ്ധ്യമങ്ങള്‍ക്കും അവരുടേതായ ഒരു പക്ഷം ഉണ്ട്. അതെന്തായാലും പൊതുജനമെന്ന ദരിദ്രവാസികളുടെ പക്ഷമല്ല എന്ന് നൂറു ശതമാനം ഉറപ്പ്. തങ്ങള്‍ നിക്ഷ്പക്ഷരാണ് എന്ന് ഏതെങ്കിലും മാദ്ധ്യമം പറയുന്നുവെങ്കില്‍ നമുക്ക് ഉറപ്പിക്കാം. അത് അവരുടേ സര്‍ക്കുലേഷനോ വ്യൂവര്‍ഷിപ്പോ കൂട്ടാനുള്ള വെറും പരസ്യവാചകം മാത്രം.

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, അവരുടെ വാദഗതികളും അവരുടെ ദിശയില്‍ കൂടി “മാത്രം” കാണുന്ന വാര്‍ത്തകളും വിളമ്പാന്‍, സ്വന്തമായി പത്രങ്ങളും ചാനലുകളും തുടങ്ങിയിട്ടിട്ടുണ്ട്. മറ്റു പ്രസ്ഥാനങ്ങളെ കുറ്റം പറയാനും രാഷ്ട്രീയ എതിരാളികളെ കരി വാരി തേക്കാനും മാത്രം ഉള്ള പരസ്യപ്പലകകളാണവ. ഞങ്ങളുടെ പത്രം ഞങ്ങളുടെ ചാനല്‍ ഞങ്ങള്‍ക്ക് തോന്നുന്നത് എഴുതും പറയും. ഇതാണ് അവരുടെ ലൈന്‍. പക്ഷെ വാര്‍ത്തയിലെ ശരിയും തെറ്റും നോക്കാതെ പ്രസ്ഥാനങ്ങളുടെ നിലപാടുകള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന ഇത്തരം മാദ്ധ്യമങ്ങള്‍ മുഖ്യധാരയില്‍ തന്നെ നിലനില്‍ക്കുന്നത് ചിലപ്പോള്‍ മലയാളിയുടെ ‘രാഷ്ട്രീയ പ്രബുദ്ധത‘കൊണ്ടാകാം.

രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഉണ്ടാകുമ്പോള്‍ തങ്ങളുടെ അനുഭാവിക്ക് വെട്ടേറ്റ വാര്‍ത്ത മുന്‍പേജില്‍ വലിയ പ്രാധാന്യത്തോടേ പ്രസിദ്ധീകരിക്കുമ്പോള്‍ അതേ സംഘട്ടനത്തില്‍ എതിര്‍ സംഘടനയിലെ രണ്ട് പേര്‍ മരിച്ചു എന്ന വാര്‍ത്ത അവഗണിക്കുകയോ അല്ലെങ്കില്‍ ഉള്‍പേജിലെ ചെറിയ കോളത്തില്‍ ഒതുക്കുകയോ ചെയ്യുക എന്നതാണ് ഇത്തരം പത്രങ്ങളുടെ മാദ്ധ്യമ ‘ധര്‍മ്മം’. ഇത്തരം വാര്‍ത്ത വളച്ചൊടിക്കലും കെട്ടിചമയ്ക്കലുമൊക്കെ ദേശാഭിമാനി, ജന്‍മഭൂമി, വീക്ഷണം തുടങ്ങിയ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്വന്തം മുഖപ്പത്രങ്ങള്‍ക്ക് ഭൂഷണമായിരിക്കാം. കാരണം അത്തരം മാദ്ധ്യമങ്ങളുടെ ‘കര്‍ത്തവ്യം‘ തന്നെ അതാണല്ലോ...

പിന്നെയുള്ളത് മനോരമ , മാതൃഭൂമി തുടങ്ങിയ ‘മാദ്ധ്യമ ഭീമന്‍‘മാരാണ്. അങ്ങനെ ഒരു വിശേഷണം അവര്‍ക്ക് ആരും ചാര്‍ത്തി കൊടുത്തതല്ല. അവര്‍ അത് സ്വയം എടുത്തണിഞ്ഞതാണ്.സമുദായ ആചാര്യന്‍മാരെയും രാഷ്ട്രീയ നേതാക്കളെയും സമൂഹത്തിലെ ഉന്നതരെയും സമയാസമയം ‘സുഖിപ്പിക്കാന്‍‘ അറിയാം എന്നതാണ് ഈ ‘ഭീമന്‍‘മാരുടെ പത്രപ്രവര്‍ത്തന ‘ധര്‍മ്മ‘ത്തിന്റെ പ്രധാന സവിശേഷത. വലിയ തിരുമേനി സ്ഥാനമേറ്റാലും , കാലം ചെയ്താലും സമുദായാചാര്യന്‍ മാര്‍ക്ക് 89 തികഞ്ഞാലും തങ്ങള്‍ക്ക് പ്രിയമുള്ള രാഷ്ട്രീയ നേതാക്കളുടെ കുട്ടിക്ക് ഉണ്ണി പിറക്കുമ്പോഴുമെല്ലാം പ്രകീര്‍ത്തിച്ച് മുഖപ്രസംഗമെഴുതിയും പ്രത്യേക സപ്ലിമെന്റുകളിറക്കിയുമൊക്കെ അവര്‍ തങ്ങളുടെ ‘സുഖിപ്പിക്കല്‍‘ പ്രക്രിയ വെടിപ്പായി നിര്‍വ്വഹിക്കുന്നു.

സപ്ലിമെന്‍റ് ഇറക്കാന്‍ വേണ്ട ചിലവിനെ സംബന്ധിച്ച് ഈ ‘ഭീമന്‍‘മാര്‍ക്ക് വേവലാതിയില്ല. കാരണം സിനിമാ താരങ്ങള്‍ക്ക് ജന്‍മദിനാശംസ നേരാനും സ്വന്തം പിച്ചില്‍ കളിച്ചു ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശംസ നേരാനുമൊക്കെ 100 രൂപ നീട്ടിപ്പിടിച്ച് ക്യൂ നില്‍ക്കാന്‍ അത്താഴപ്പട്ടിണിക്കാരനായ മലയാളി പോലും മത്സരിക്കുമ്പോള്‍ അവര്‍ക്ക് എന്ത് വേവലാതി‍.

ചില സമയത്ത് ഈ ‘ഭീമന്‍‘മാര്‍ തങ്ങള്‍ പറയുന്നതാണ് സത്യം എന്നങ്ങ് സ്ഥാപിച്ചു കളയും.അഭയാ കേസിലെ പ്രതികളുടെ അറസ്റ്റ് നടന്ന ദിവസം മനോരമാ ന്യൂസ് ചാനലില്‍ അങ്ങനെ ഒരു അഭ്യാസം കാണാന്‍ കഴിഞ്ഞു. അറസ്റ്റ് ദുരൂഹമാണെന്ന് സ്ഥാപിക്കാനുള്ള ചാനലിന്റെയും ഷാനി പ്രഭാകരന്റെയും പരിശ്രമം അത്രക്ക് ദയനീയമായിരുന്നു എന്ന് പറയാതെ വയ്യ. കൊല്ലത്ത് കന്യാസ്ത്രീ ആത്മഹത്യ ചെയ്ത്, സഭ പ്രതിക്കൂട്ടില്‍ വന്ന ഘട്ടത്തിലും മനോരമയുടെ ഈ ‘പ്രതിബദ്ധത’ ഉണര്‍ന്നിരുന്നു. സംഭവത്തിന്റെ അടുത്ത ദിവസങ്ങളില്‍ മറ്റു മാദ്ധ്യമങ്ങളില്‍ ഈ സംഭവം നിറഞ്ഞ് നിന്നപ്പോള്‍ മനോരമ പത്രത്തില്‍ ഇതിനേപറ്റി ഒരു വാര്‍ത്ത വായിക്കാന്‍ ഭൂത കണ്ണാടി വച്ച് തിരയേണ്ടി വന്നു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിക്കിടമില്ല.

സായാഹ്ന പത്രങ്ങളും നമുക്ക് കുറവല്ല. സായാഹ്ന പത്രങ്ങളിലെ പത്ര ലേഖകര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനും ‘കഴിവു‘ള്ളവരാണ്. അവര്‍ സൃഷ്ടിക്കുന്ന ചൂടന്‍ വാര്‍ത്തകള്‍ അതാത് സായാഹ്ന പത്രങ്ങളിലല്ലാതെ മറ്റെവിടെയും നമുക്ക് കാണാന്‍ കഴിയില്ല. അതാണ് അവരുടെ വൈദഗ്ദ്ധ്യം. എന്തിനധികം അതേ പത്രത്തില്‍ പോലും അടുത്ത ദിവസം ആ വാര്‍ത്തയെ പറ്റി ഒരു പരാമര്‍ശം പോലും ഉണ്ടാവുകയുമില്ല. അതെന്താ അങ്ങനെ? എന്നു നമുക്ക് ചോദിക്കാനും കഴിയില്ല. കാരണം കഥയില്‍ ചോദ്യമില്ല!!!

സായാഹ്നപത്രത്തെ കുറിച്ചുള്ള നിര്‍വ്വചനം നിസ്സാരമാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സര്‍ക്കാര്‍ ജോലിക്കാരെയും, യാത്രയില്‍ ബോറടിക്കുന്നവരെയും മാത്രം ലക്ഷ്യം വച്ച് പുറത്തിറങ്ങുന്ന അത്യാവശ്യം എരിവും പുളിയുമുള്ള മ(ഞ്ഞ)ലയാളം പത്രം.

ദുരന്തങ്ങളും അപകടങ്ങളുമൊക്കെ മാദ്ധ്യമങ്ങള്‍ ‘ആഘോഷിക്കുന്ന’ ഒരു ചിത്രമാണ് ഇപ്പോള്‍ നമുക്ക് മുന്‍പിലുള്ളത്. ദുരന്തത്തിന്റെ ഭീകര ദൃശ്യങ്ങള്‍ മുന്‍പേജില്‍ തന്നെ നല്‍കി പത്രക്കാര്‍ വായനക്കാരുടെയും ബീഭത്സ ചിത്രങ്ങള്‍ ലൈവ് ആയിക്കാണിച്ച് ചാനലുകള്‍ പ്രേക്ഷകരുടെയും ധൈര്യത്തെ അളക്കുകയാണ്. ദൃശ്യങ്ങള്‍ എത്രത്തോളം ഭീകരമാകുന്നൊ അത്രത്തോളം തങ്ങളുടെ ജനപ്രീതി കൂടുകയാണ് എന്ന് കണക്കുകൂട്ടുന്നുണ്ടാകും അവര്‍..

വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതായിരിക്കുന്നു മാധ്യമങ്ങളുടെ ശൈലി. മാദ്ധ്യമ ധര്‍മ്മം എന്നത് പത്രത്തിന്റെയും ചാനലിന്റെയും, മാനേജ്മെന്റിന്റെ താല്പര്യത്തിന് അനുസരിച്ച് തൂലിക ചലിപ്പിക്കാനും വായ്പ്പാട്ട് പാടാനുമുള്ള പുകമറയും. സ്വതന്ത്ര ചിന്താഗതിയുള്ള പത്ര പ്രവര്‍ത്തകര്‍ക്ക് നിലനില്‍പ്പില്ല എന്നതാകാം ഈ അപച്യുതിക്ക് കാരണം. എല്ലാ മാദ്ധ്യമങ്ങളും സ്വതന്ത്രമായും സത്യസന്ധമായും ചിന്തിക്കാനും എഴുതാനും പറയാനും തുടങ്ങുന്ന ഒരു കാലമുണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്തെങ്കിലും പ്രതീക്ഷിക്കുന്നതിന് നമുക്ക് പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ...

Monday, November 3, 2008

ഇത് നമ്മുടെ വിധി


പുരാണങ്ങളിലെങ്ങോ കേട്ട ഒരു വാചകമുണ്ട്.കലികാലത്ത് പണ്ഡിതന്‍ പാമരനെ ചുമക്കും.അത് സത്യമായി. എല്ലാ പാമരന്‍മാരും, ഭരണാധികാരികളായോ രാഷ്ട്രീയ നേതാക്കന്‍മാരായോ നമ്മുടെ ചുമലുകളിലുണ്ട് ഇപ്പോള്‍. നമുക്കു ചുമക്കാം. ലജ്ജയില്ലാതെ.


ഡോക്ടറിന്റെ മകൻ ഡോക്ടറും, വക്കീലിന്റെ മകൻ വക്കീലും ആകാമെങ്കില്‍ എന്റെ മകന് എന്തു കൊണ്ട് രാഷ്ട്രീയ നേതാവായിക്കൂടാ? ഒരു രാഷ്ട്രീയ നേതാവിന്റെ ചോദ്യമാണ്. സത്യമല്ലേ? പാവങ്ങള്‍. നമുക്കു വേണ്ടി മാത്രമല്ലേ ഇവരുടെ ഒക്കെ ജീവിതം.ജനസേവനം തലയ്ക്ക് പിടിച്ചതിന് ശേഷം ഈ പാവങ്ങള്‍ ശരിക്കൊന്ന് ഉണ്ണുകയും ഉറങ്ങുകയും പോലും ചെയ്തു കാണില്ല. എന്തിനധികം സ്വന്തം കുടുംബത്തിന് വേണ്ടി പത്തു പൈസ സമ്പാദിച്ചിട്ടുപോലുമില്ല. എല്ലാം സേവനമല്ലേ സേവനം.


രാഷ്ട്രസേവനം എന്ന വാക്കിനു തന്നെ വളരെ വലിയ അര്‍ത്ഥവ്യാപ്തി ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ ഇന്ന് രാഷ്ട്രീയം എന്നതിന്റെ നിര്‍വ്വചനം തന്നെ അഴിമതി,കയ്യിട്ടുവാരല്‍,സ്വജനപക്ഷാഭേദം എന്നൊക്കെ ആയി മാറിയിരിക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ സ്വന്തം കീശ വീര്‍പ്പിക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണിന്ന് രാഷ്ട്രീയം.


പക്ഷെ ഒരു കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ എന്ന ഈ വര്‍ഗ്ഗം ഒറ്റക്കെട്ടാണ്. നമ്മള്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തില്‍. പാവപ്പെട്ട പൊതുജനത്തിന്റെ ചുമലില്‍ വിലവര്‍ദ്ധനവുകളും ഭരണപരിഷ്കാരങ്ങളും അടിച്ചേല്‍പ്പിച്ച് ഭരണപക്ഷം അവരുടെ ‘കര്‍ത്തവ്യം‘ ഭംഗിയാക്കുമ്പോള്‍ തുടരെത്തുടരെ ഹര്‍ത്താലും സമര പ്രഹസനങ്ങളും നടത്തിയും പൊതുമുതല്‍ നശിപ്പിച്ചും, പ്രതിപക്ഷ പാര്‍ട്ടി ഉള്‍പ്പെട്ട മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുജനങ്ങളോടുള്ള തങ്ങളുടെ ‘പ്രതിബദ്ധത’ ഉയര്‍ത്തിപ്പിടിക്കുന്നു.


രാഷ്ട്രീയക്കാര്‍ക്ക് എന്തുമാകാം എന്ന സ്ഥിതിയാണിന്ന് കേരളത്തില്‍. കേരളത്തെ ബാധിക്കുന്ന ഗൌരവകരമായ വിഷയങ്ങളില്‍ പോലും അന്യോന്യം പഴി പറഞ്ഞും പരിഹസിച്ചും പൊതുജനങ്ങളെ വെറും പൊട്ടന്‍മാരാക്കുകയാണ് നമ്മുടെ ‘പ്രിയപ്പെട്ട’ രാഷ്ട്രീയക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും. കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടി കേന്ദ്രത്തില്‍ നിന്ന് ഉണ്ടായാല്‍ കേരളത്തിലെ ഭരണവര്‍ഗ്ഗം കേന്ദ്രത്തെ കുറ്റം പറയുന്നു. കാരണം എതിര്‍ പാര്‍ട്ടിക്കാരാണല്ലോ കേന്ദ്രം ഭരിക്കുന്നത്. അതേ സമയം പ്രതിപക്ഷം കേന്ദ്രത്തെ ന്യായീകരിക്കുന്നു. കാരണം അവരുടെ ചേട്ടന്‍മാരാണല്ലോ കേന്ദ്രം.ഇതിന്റെയൊക്കെ ഫലമോ? കേരളമാകുന്ന ശങ്കരന്‍ ഇപ്പോഴും തെങ്ങിന്റെ മണ്ടയില്‍ തന്നെ.


‘രാഷ്ട്രീയ പ്രബുദ്ധരായ’ നമ്മള്‍ മലയാളികള്‍ പലപ്പോഴും പുച്ഛിക്കാറുള്ള ഒരു കൂട്ടരാണ് തമിഴ്നാട്ടുകാര്‍. പക്ഷെ തമിഴ്നാടിന്റെ പൊതുവായ ഒരു കാര്യം വരുമ്പോള്‍ രാഷ്ട്രീയ മത വര്‍ണ്ണ ഭേദമൊന്നുമില്ലാതെ തമിഴ്നാട് ഒറ്റക്കെട്ടാണ്. ഈ ഒരു കാഴ്ച്ചപ്പാട് അവര്‍ക്ക് അര്‍ഹവും അനര്‍ഹവുമായ ഒരുപാട് നേട്ടങ്ങള്‍ നേടിക്കൊടുത്തു എന്ന് നിസ്സംശയം പറയാം. എന്താ മലയാളികള്‍ക്ക് മാത്രം ഇതൊന്നും കണ്ണ് തുറന്ന് കാണാന്‍ കഴിയാത്തത്. ചിലപ്പോള്‍ രാഷ്ട്രീയ ‘പ്രബുദ്ധത‘ കൂടിയപ്പോള്‍ ചുറ്റും നടക്കുന്നത് കാണാനുള്ള കാഴ്ചശക്തി കുറഞ്ഞുപോയതാകാം.


ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്നെ കേരളത്തില്‍ നിന്ന് അഞ്ച് കേന്ദ്ര മന്ത്രിമാരാണ് നമുക്കുള്ളത്. ആരും മോശക്കാരുമല്ല. രണ്ടുപേര്‍ ക്യാബിനറ്റ് മന്ത്രിമാര്‍ തന്നെ.പക്ഷെ എന്ത് പ്രയോജനം.കേരളത്തിന് എന്താണ് ഇവരൊക്കെ തരുന്നത്. അവഗണന. അതു മാത്രം. അര്‍ഹതപ്പെട്ടത് പോലും മറ്റുള്ളവര്‍ തട്ടിയെടുക്കുമ്പോഴും(സേലം ഡിവിഷന്‍ പ്രശ്നം അതിലൊന്ന് മാത്രം) ഒരു ചെറുവിരലനക്കാന്‍ പോലും ഇവരൊന്നും ശ്രമിക്കാത്തത് ആശ്ചര്യം ഉളവാക്കുന്നു എന്ന് പറയാതെ വയ്യ. ഇതിനായിരുന്നോ ഇവരെയൊക്കെ നമ്മുടെ ‘മഹത്തായ’ സമ്മതിദാനാവകാശം രേഖപ്പെടുത്തി നമ്മള്‍ വിജയകിരീടമണിയിച്ചത്.


ഇവിടെ ഇടക്കിടക്ക് മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നു, മന്ത്രിമാര്‍ ആഡംബര കാറുകള്‍ വാങ്ങുന്നു,സ്വന്തം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പോലും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കന്‍മാര്‍ സര്‍ക്കാര്‍ ചിലവില്‍ പറന്നു നടക്കുന്നു. ഈ വാര്‍ത്തകളൊക്കെ നമ്മള്‍ നിസ്സംഗതയോടെ വായിച്ചു തള്ളൂമ്പോള്‍, ഈ കാട്ടുകള്ളന്‍ മാരെല്ലാം കൂടി കയ്യിട്ട് വാരുന്ന കോടികള്‍ നമ്മള്‍ സാധാരണക്കാരന്റെ ചോര വിയര്‍പ്പാക്കിയ കാശാണെന്ന് നമ്മള്‍ ചിലപ്പോഴെങ്കിലും മറന്നുപോകുന്നു . ചെല‘വായി(ൽ) പോകുന്ന ഈ കോടികളുടെ നൂറിലൊന്ന് ശതമാനം പോലും ആവശ്യമില്ല നമ്മുടെ നാടിന് വേണ്ടി ഒരു നല്ലകാര്യം ചെയ്യാന്‍. പക്ഷെ അത് ഉണ്ടാകില്ല. കാരണം. നമ്മെ ഭരിച്ച് മുടിക്കുവാനും കയ്യിട്ട് വാരുവാനും അതു വഴി സ്വന്തം ജീവിതം ഭദ്രമാക്കുവാനും മാത്രം ഉള്ള ലൈസന്‍സാണ് നമ്മള്‍ സമ്മതിദാനാവകാശത്തിലൂടെ പതിച്ച് കൊടുക്കുന്നത്.


ഇവിടെ കോടികള്‍ കയ്യിലിട്ട് അമ്മാനമാടുന്ന രാഷ്ട്രീയ ആചാര്യനും ചികിത്സ സര്‍ക്കാര്‍ ചിലവില്‍. വൈദ്യുതിച്ചാര്‍ജും കരവും നിത്യോപയോഗസാധങ്ങളുടെ വിലയുമൊക്കെ കൂട്ടി സാധാരണക്കാരനെ പിഴിഞ്ഞെടുക്കുന്ന കാശ് കൈവശമുള്ളപ്പോള്‍ പിന്നെ എന്താണ് കഴിയാത്തത്. എന്നാല്‍ ഈ കാശിന്റെ ഒരു ഭാഗമെങ്കിലും പൊതുജനമെന്ന ദരിദ്രവാസികള്‍ക്ക് വേണ്ടി ചിലവഴിച്ചിരുന്നെങ്കില്‍...


നമുക്ക് ചെയ്യാനുള്ളത് ഇനി ഇത്രമാത്രമേ ഉള്ളു. അഞ്ച് വര്‍ഷങ്ങള്‍ ഇടവിട്ട് നമുക്ക് മാറിമാറി ഇവരെ അധികാരത്തിന്റെ ഔന്നത്യത്തിലേക്ക് കയറ്റിവിടാം. എന്നിട്ട് ഇവനൊക്കെ പ്രതിപക്ഷവും ഭരണപക്ഷവും കളിച്ച് നമ്മെ തമ്മിലടിപ്പിച്ചും കൊള്ളയടിച്ചും ഈ നാട് മുടിപ്പിക്കുമ്പോള്‍ നമുക്ക് നമ്മുടെ ‘രാഷ്ട്രീയ പ്രബുദ്ധത‘യെ കുറിച്ചാലോചിച്ച് കോള്‍മയിര്‍ കൊള്ളാം. അതുമല്ലെങ്കില്‍ ഈ രണ്ടും കെട്ട രാഷ്ട്രീയക്കാരന് രണ്ട് കീജയ് വിളിക്കാം. ഇതാണ് നമ്മുടെ വിധി. നമ്മള്‍ ഇരന്നു വാങ്ങുന്ന നമ്മുടെ വിധി.


വാല്‍ക്കഷണം: കള്ളന്‍+കൊള്ളക്കാരന്‍=രാഷ്ട്രീയക്കാരന്‍. പാടി പതിഞ്ഞതാണെങ്കിലും ഇതാണ് സത്യം.

Friday, October 3, 2008

ക്ഷേത്രങ്ങള്‍ വ്യവസായശാലകളാകുമ്പോള്‍...


പരിശുദ്ധി കാത്തു സൂക്ഷിക്കപ്പെടേണ്ട ക്ഷേത്രങ്ങള്‍ വെറും വ്യവസായ ശാലകളായി അധ:പ്പതിക്കുന്ന ചിത്രമാണ് ഇപ്പോള്‍ നമുക്ക് മുന്‍പിലുള്ളത്. കേരളത്തിലെ ഏറ്റവും വരുമാനമുള്ള രണ്ടു വ്യവസായങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍ നമുക്ക് കണ്ണുമടച്ച് ഉത്തരം നല്‍കാം. ഒന്ന് “ഭക്തി വ്യവസായവും” രണ്ട് “വിദ്യാഭ്യാസ വ്യവസായവും”. മുടക്കുമുതല്‍ കൂടി കണക്കിലെടുക്കുമ്പോള്‍ വിദ്യാഭ്യാസം എന്നത് ഭക്തി വ്യവസായത്തിന്റെ നാലയലത്ത് വരില്ല എന്നത് വേറെ കാര്യം.


തൊഴുതതിന് ശേഷം പ്രസാദം കിട്ടണമെങ്കില്‍ പോലും കയ്യില്‍ കുറഞ്ഞത് പത്തുരൂപയുടെ നോട്ടെങ്കിലും കരുതേണ്ട ഗതികേടിലാണ് ഭക്തര്‍. ഭക്തന്റെ കയ്യില്‍ തനിക്കു തരാന്‍ കാശ് എടുത്ത് പിടിച്ചിട്ടുണ്ട് എന്നറിഞ്ഞാല്‍ പൂജാരി ഉടന്‍ കര്‍ത്തവ്യ നിരതനാകും. പിന്നെ “കാശുള്ള” ഭക്തന് ഇലയില്‍ ചന്ദനവും കുങ്കുമവും പൂജാപുഷ്പവുമൊക്കെ വച്ച് പ്രസാദം കിട്ടും. കാശില്ലാതെ പ്രസാദം വാങ്ങാന്‍ നിന്നാല്‍ ഇളിഭ്യരാകും എന്നുള്ള കാര്യത്തില്‍ സംശയം വേണ്ട എന്നു ചുരുക്കം. കാശില്ലാത്തവര്‍ക്ക് പുറത്ത് ചന്ദനം വച്ചിട്ടൂണ്ടാകും. അതില്‍ നിന്ന് തോണ്ടിയിടാം. അതും അവരുടെ ഒരു ‘ഔദാര്യം’ . ഇത്തരം പല സംഭവങ്ങള്‍ക്കും പല ക്ഷേത്രങ്ങളിലും ദൃക്‌സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് എനിക്ക്.


ഇപ്പോള്‍ പല വലിയ ക്ഷേത്രങ്ങളിലും കിട്ടുന്ന ചന്ദനത്തിന്റെ കാര്യം ബഹുരസമാണ്. ഒരുപാട് ഭക്തര്‍ ദിനം പ്രതി ദര്‍ശനം നടത്തുന്ന അല്ലെങ്കില്‍ ഒരുപാട് ചന്ദനം വേണ്ടി വരുന്ന പല ക്ഷേത്രങ്ങളിലും, ആവശ്യമായ ചന്ദനം അരച്ചെടുക്കുന്ന പഴയ സമ്പ്രദായങ്ങളൊക്കെ മാറിപ്പോയതായാണ് അറിവ്. ഇപ്പോള്‍ ഒരുതരം ആസിഡ് ഉപയോഗിച്ചാണത്രെ ചന്ദനം അരക്കുന്നത് (ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പടെ പല ക്ഷേത്രങ്ങളും ഇതിന് ഒരു അപവാദമാണന്ന് തീര്‍ച്ച. അവിടങ്ങളിലൊക്കെ ഇപ്പോഴും ചന്ദനതടി അരച്ചെടുക്കുന്ന പഴയ രീതി തന്നെ പിന്തുടരുന്നു). അതാകുമ്പോള്‍ ഈ പ്രവൃത്തിക്ക് വേണ്ടി വരുന്ന മനുഷ്യ ശേഷി വളരെ കുറവ്. നെറ്റിയില്‍ ഇടുമ്പോള്‍ വല്ലാതെ തണുപ്പനുഭവപ്പെടുന്ന ഈ ചന്ദനം കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഇത് സ്ഥിരമായി ഇടുന്ന ഭക്തന്റെ നെറ്റിയില്‍ പൊള്ളലിന്റെ കറുത്ത പാട് വീഴ്ത്തും എന്നുള്ള കാര്യം ഉറപ്പ്. പക്ഷെ നമ്മള്‍ ഭക്തര്‍ ഇതൊന്നും കാര്യമാക്കില്ല. കാരണം നമ്മുടെ അമ്പലം...നമ്മുടെ ദൈവം...നമ്മുടെ നെറ്റി...പിന്നെ ആര്‍ക്കാണ് ചേതം.


പലപ്പോഴും വളരെയേറെ ‘സന്തോഷം’ പ്രദാനം ചെയ്തിരുന്ന മറ്റൊരു കാഴ്ചയാണ് ക്ഷേത്രങ്ങളിലെ വി.ഐ.പി തൊഴല്‍. ഗുരുവായൂര്‍ ക്ഷേത്രമാണ്, ഈ കാര്യത്തില്‍ ഭക്തരുടെ ക്ഷമയെ പരീക്ഷിക്കുന്ന പ്രധാന ക്ഷേത്രം. ദൂരദേശങ്ങളില്‍ നിന്ന് പോലും ഭക്തരെത്തി ഗുരുവായൂരപ്പനെ ഒരുനോക്കുകാണാന്‍ മണിക്കൂറുകളോളം ക്യൂനില്‍ക്കുന്നതിടയില്‍ കൂടിയാണ് വി.ഐ.പി തൊഴല്‍ എന്ന മഹത്തായ സംഗതി അരങ്ങേറുന്നത്. വി.ഐ പി ആകണമെന്നു തന്നെയില്ല ,‘പിടിപാടു‘ണ്ടെങ്കില്‍ ആര്‍ക്കും ക്യൂവൊന്നും നില്‍ക്കാതെ മറ്റൊരു പാതയില്‍ കൂടി ക്ഷേത്രത്തിന് അകത്ത് കടക്കാം. ദര്‍ശനം നടത്താം. അവര്‍ വിജയശ്രീലാളിതരായി മടക്കയാത്ര ആരംഭിക്കുമ്പോഴും മണിക്കൂറുകളായി ഒരു ദര്‍ശനത്തിന് കാത്തു നില്‍ക്കുന്ന ‘പിടിപാടി’ല്ലാത്ത സാധാരണ ഭക്തരുടെ കാലില്‍ കൂടി വേരിറങ്ങിയിട്ടുണ്ടാകും. ഗുരുവായൂരപ്പന് പ്രിയപ്പെട്ട(അതത്ര ഉറപ്പില്ല) രാഷ്ട്രീയാ ആചാര്യന്‍ ദര്‍ശനത്തിനെത്തിയാല്‍ പിന്നെ സാധാരണ ഭക്തന്റെ കാര്യം “ഗോവിന്ദ”. ആ സമയത്ത് ദേവസ്വം ജീവനക്കാരുടെ കൂടാതെ പോലീസ് ഏമാന്‍മാരുടെ കുതിരകയറ്റം കൂടി സഹിക്കേണ്ടി വരും ഭക്തജനവൃന്ദം.


ശാസ്താംകോട്ടയിലെ പുരാതനമായ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം പ്രസിദ്ധമാണ്. അവിടെ അട നിവേദ്യമാണ് ഭഗവാന്റെ ഇഷ്ട വഴിപാട്. രുചിയുടെ കാര്യത്തിലും അതിനു പകരം വയ്ക്കാന്‍ മറ്റൊന്ന് ഉണ്ടായിരുന്നില്ല. തേങ്ങയും ശര്‍ക്കരയുമൊക്കെ സമാസമം ചേര്‍ത്തിരുന്ന അതിന്റെ രുചി തന്നെയാകാം ഈ വഴിപാടിന് കൊട്ടാരക്കരയിലെ ഉണ്ണിയപ്പത്തോളം തന്നെ പ്രസിദ്ധി നേടിക്കൊടുത്തത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിലെ അട വഴിപാടിന്റെ ഇന്നത്തെ സ്ഥിതി കണ്ടാല്‍ കണ്ണ് തള്ളി പോകും. വെറും ഇലയാണൊ അതൊ അടയാണൊ എന്ന് തിരിച്ചറിയാന്‍ തന്നെ പ്രയാസം. തേങ്ങയോ ശര്‍ക്കരയോ ഒന്നും, അടയെന്ന് വിശേഷിപ്പിക്കുന്ന ആ സാധനത്തില്‍ കണികാണാന്‍ കിട്ടില്ല ഇപ്പോള്‍. ഇവിടെ കബളിപ്പിക്കപ്പെടുന്നത് ഈശ്വരനോ അതൊ ഭക്തരോ?


പളനി ഉള്‍പ്പടെയുള്ള പലക്ഷേത്രങ്ങളിലും കാശുകൊടുത്താല്‍ ഇഷ്ടദേവനെ അടുത്തുനിന്നു കാണാം. അതിനു ടിക്കറ്റ് നിരക്കും നിശ്ചയിച്ചിട്ടുണ്ട് ദൈവത്തിന്റെ ‘കുത്തകാവകാശികള്‍‘. പൂജാരിയോട് പറഞ്ഞാല്‍ പൂജിച്ച ചരട് കിട്ടും..അതിനും സ്പെഷ്യല്‍ നിരക്ക്...എല്ലാം കാശിന്റെ പുറത്തുള്ള കളികള്‍. ഇവിടെ പവിത്രമായ ക്ഷേത്രങ്ങള്‍ വെറും വ്യവസായ ശാലകള്‍ മാത്രമായി മാറുന്നു. നമുക്കു ലജ്ജിക്കാം. കാരണം ഹിന്ദുത്വം എന്നത് ഒരു സംസ്കാരമാണെന്ന് കരുതുന്നവരാണ് നമ്മള്‍ ഹിന്ദുക്കള്‍...


പലപ്പോഴും മനസ്സുമടുപ്പിച്ചിട്ടുണ്ട് ഇത്തരം കാഴ്ചകള്‍. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും മനസ്സില്‍ ചോദിച്ചുപോകാറുണ്ട്. ഇതൊക്കെ ആര്‍ക്ക് വേണ്ടി? സര്‍വ്വവ്യാപിയായ ഈശ്വരനു വേണ്ടിയോ? ഈശ്വരനെ പോലും വില്‍ക്കുകയല്ലേ ഇവര്‍? ഇവിടെ ഈശ്വരനെ വെറും കല്ലും തടിയും മാത്രമായി മാറ്റുന്നതാരാണ്? ഏതായാലും യുക്തിവാദികളല്ല എന്നുറപ്പ്.ദൈവത്തിന്റെ മുന്‍പില്‍ പോലും രണ്ട് തരത്തിലുള്ള ഭക്തന്‍മാര്‍. കാശുള്ളവനും.. കാശില്ലാത്തവനും.. ഇവയൊന്നും പലര്‍ക്കും ദഹിക്കില്ല എന്നറിയാം..ദഹിക്കാത്തവര്‍ അവഗണിക്കുക...ഈ ഭ്രാന്തന്‍ ജല്പനങ്ങളെ...


ഇപ്പോള്‍ ടിവിയിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു ക്ഷേത്രങ്ങളുടെ പരസ്യങ്ങള്‍. ഈ ക്ഷേത്രത്തില്‍ എത്തിയാല്‍ ഉണ്ടാകുന്ന ഗുണഫലങ്ങള്‍, പ്രധാന വഴിപാടുകള്‍, വിശിഷ്ട ദിനങ്ങള്‍.... പരസ്യം പൂര്‍ണ്ണമാണ്. ഇനി പറയൂ.. ഹിന്ദുമതത്തിന്റെ അപച്യുതിക്ക് ആരാണ് ഉത്തരവാദി? മുസല്‍മാനോ? അതൊ കൃസ്ത്യാനിയോ?

Friday, September 5, 2008

ഞങ്ങളുടെ സമയത്തിനുമില്ലേ വില?


രംഗം: ഒന്ന്
എറണാകുളത്തിന്റെ ഹൃദയ ഭാഗത്തുകൂടി കടന്ന് പോകുന്ന ദേശീയ പാത. സിഗ്നല്‍ ലൈറ്റുകള്‍ തകരാറിലായ ഒരു വൈകുന്നേരം കുടുങ്ങിക്കിടക്കുന്ന അനേകം വാഹനങ്ങളിലൊന്നില്‍ ഞാനുമിരുന്നു അക്ഷമയോടെ. തൊട്ടു മുന്‍പില്‍ സൈറണ്‍ മുഴക്കിക്കൊണ്ട് ഒരു ആംബുലന്‍സുമുണ്ട്. പക്ഷെ കുരുങ്ങിക്കിടക്കുന്ന വാഹനങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപെടാനാണ്. ആ ആംബുലന്‍സിനുള്ളിലെ മുഖങ്ങളില്‍ ഞാന്‍ കണ്ടത് അക്ഷമയേക്കാള്‍ ഉപരി നിരാശയും സങ്കടവുമായിരുന്നു. പക്ഷെ എല്ലാ ട്രാഫിക് നിയമങ്ങളെയും കാറ്റില്‍ പറത്തി എതിര്‍ ദിശയിലേക്കുള്ള വാഹനങ്ങള്‍ പോകുന്ന പാതയിലൂടെ ഒരു മന്ത്രിപുംഗവനും അദ്ദേഹത്തിന്റെ സേവകപ്പടയും തങ്ങളെ കടന്ന് ശരവേഗത്തില്‍ പാഞ്ഞു പോയപ്പോള്‍ ആ മുഖങ്ങളിലെ സങ്കടങ്ങള്‍ അമര്‍ഷത്തിനു വഴി മാറി. ഹെല്‍മറ്റ് വയ്ക്കാത്തവന്റെ മുകളില്‍ പോലും ചാടി വീണ് പോക്കറ്റില്‍ തപ്പുന്ന പോലീസേമാന്മാർ സല്യൂട്ട് നല്‍കി മന്ത്രിയെ യാത്രയാക്കി. മന്ത്രിയുടെ സമയം വിലപിടിച്ചതാണല്ലൊ. സാധാരണക്കാരന്റെ ജീവനേക്കാള്‍ വിലപിടിച്ചതാണ് ഈ നാട്ടില്‍ മന്ത്രിയുടെ അല്ലെങ്കില്‍ രാഷ്ട്രീയക്കാരന്റെ സമയം. ആ അംബുലന്‍സിലുണ്ടായിരുന്ന രോഗി ജീവിതത്തിലേക്ക് തിരികെ എത്തി കാണുമോ? അതോ വിലപ്പെട്ട സമയം തെരുവില്‍ കുടുങ്ങിയതിന്റെ ഫലമായി മരണത്തിനു കീഴടങ്ങിക്കാണുമോ? മരിച്ചെങ്കില്‍ തന്നെ ആര്‍ക്കാണ് ഇവിടെ ചേതം?

രംഗം : രണ്ട്
തിരുവനന്തപുരം റയില്‍വേ സ്റ്റേഷന്‍. യാത്രക്കാരെ ഇറക്കിയ ശേഷം മുന്‍പോട്ടെടുത്ത ഓട്ടോറിക്ഷ പെട്ടെന്ന് ഓഫായി. അറുപതിനോടടുത്ത പ്രായമുള്ള ഒരാളാണ് ഓട്ടോ ഓടിക്കുന്നത്. വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ അയാള്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ഈ അവസരത്തിലാണ് മറ്റൊരു മന്ത്രി സാറിന്റെ വരവ്. ചീറിപാഞ്ഞെത്തിയ മന്ത്രിസാറിന്റെ പൈലറ്റ് വാഹനത്തില്‍ നിന്നും രണ്ട് വശത്തുകൂടെയും തല വെളിയിലിട്ട് ഏമാന്‍മാര്‍ ഭരണിപ്പാട്ടിനെ തോല്‍പ്പിക്കുന്ന രീതിയില്‍ തെറിയഭിഷേകം തുടങ്ങി. വിറച്ച് പോയ ആ പാവം പുറത്തിറങ്ങി ഓട്ടോ മുന്‍പിലേക്ക് തള്ളി നീക്കി. അപ്പോഴും ‘പൂരപ്പാട്ട്’ പൈലറ്റ് വാഹനത്തിന്റെ ഹോണിനേക്കാള്‍ ഉച്ചത്തില്‍ മുഴങ്ങുകയായിരുന്നു. ഇതൊന്നും, ഒറ്റയക്കമുള്ള നമ്പര്‍ പതിപ്പിച്ച കാറില്‍ ഏസിയുടെ ശീതളിമ നുകര്‍ന്ന് കൊണ്ടിരുന്ന മന്ത്രി അറിയുന്നുണ്ടായിരുന്നില്ല. അല്ലെങ്കില്‍ അങ്ങനെ നടിച്ചു. നാട്യമാണല്ലോ രാഷ്ട്രീയക്കാരന്റെ മുഖമുദ്ര. ഇവിടെ തീര്‍ന്നില്ല. വിളറിയ മുഖവുമായി ഓട്ടോ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച് കൊണ്ടിരുന്ന ആ ഡ്രൈവറുടെ അടുത്തേക്ക് എത്തിയ, സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഏമാന്‍മാര്‍ വീണ്ടും അസഭ്യവര്‍ഷം തുടങ്ങി. നിസ്സഹായതയോടെ തരിച്ചു നിന്ന ആ പാവത്തിനെ പ്രായം പോലും നോക്കാതെ അവര്‍ തെറിവിളിച്ചു. സംഭവം കണ്ട് ചുറ്റുംകൂടിയ ജനകൂട്ടത്തെ ഭയന്നാകാം, കൈവച്ചില്ല. പക്ഷെ അയാളെ അവര്‍ തല്ലിയിരുന്നെങ്കിലും അവിടെ ഒരു പ്രതികരണവും ഉണ്ടാകുമായിരുന്നില്ല. എന്ത് അനീതിയും അക്രമവും ചുറ്റുംകൂടിനിന്ന് കാണാന്‍ മാത്രം താല്പര്യമുള്ളവരാണ് നമ്മള്‍ മലയാളികള്‍. ആരാന്‍റമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ശേലാണ് എന്ന ശൈലി ഏറ്റവും യോജിക്കുന്നത് മലയാളിക്ക് മാത്രമാണ്.

രംഗം :മൂന്ന്
തിരുവനന്തപുരം നഗരം. ഓഫീസില്‍ നിന്നും ഇറങ്ങി റയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ ബസ്സില്‍ കയറിയതാണ് ഞാന്‍. ആകെ നാലു കിലോമീറ്ററാണ് റയില്‍വേ സ്റ്റേഷനിലേക്കുള്ളത്. ഒരു മണിക്കൂര്‍ കൊണ്ട് ഒരു കിലോമീറ്റര്‍ പോലും താണ്ടിയിട്ടില്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. നഗരത്തില്‍ ഏതൊ രാഷ്ട്രീയ പാര്‍ട്ടിയുടെ ജാഥ നടക്കുന്നത്രെ. അതിനാല്‍ തന്നെ എല്ലാ റോഡും നിശ്ചലമായിരിക്കുന്നു. ഈ ഒരു സംഭവം ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരത്ത് പുതുമയല്ല. ഏതു ഈക്കില്‍ പാര്‍ട്ടിയും കൊടിയും പിടിച്ച് തെരുവിലേക്കിറങ്ങിയാല്‍ സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടാറുള്ള ഈ നഗരം സ്തംഭിക്കാറുണ്ട്.

ഇവിടെയെല്ലാം വലയുന്നത്, അധികാരത്തിന്റെ മധുരം നുണഞ്ഞ് സേവകന്‍മാരുടെ അകമ്പടിയോട് കൂടി സ്റ്റേറ്റ് കാറില്‍ പാഞ്ഞ് നടക്കുന്ന മന്ത്രിമാരല്ല, എന്തിനും തയ്യാറായി നടക്കുന്ന രാഷ്ട്രീയക്കാരുമല്ല. മറിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന പൊതുജനമാണ്. ഈ രാജ്യത്ത് ഉണ്ണാനും ഉറങ്ങാനും എന്തിന് യാത്ര ചെയ്യാന്‍ പോലും നികുതി കെട്ടുന്ന പാവം പൊതുജനം. ഇവര്‍ക്കൊക്കെ ജാഥ നടത്താനും സമ്മേളനം നടത്താനുമൊക്കെ ഏതെങ്കിലും മൈതാനമൊ ഒഴിഞ്ഞ പ്രദേശങ്ങളൊ തിരഞ്ഞെടുത്തുകൂടെ? എന്തിനു വേണ്ടിയാണ് അത്യാവശ്യകാര്യങ്ങള്‍ക്ക് പോകുന്ന പാവപ്പെട്ടവന്റെ വഴി തടയുന്നത്. മനുഷ്യാവകാശങ്ങള്‍ ഏറ്റവും അധികം സംരക്ഷിക്കപ്പെടുന്ന ഒരു രാജ്യമാണ് നമ്മുടേത് എന്നാണ് വയ്പ്പ്. എന്നാല്‍ മുകളില്‍ പറഞ്ഞ രീതിയിലുള്ള ചില കാഴ്ചകള്‍ കാണുമ്പോള്‍ ഈ ധാരണകളൊക്കെ തിരുത്തുവാനുള്ള സമയമായോ എന്നൊരു സംശയം. സഞ്ചാര സ്വാതന്ത്ര്യം എന്നത് ഏതൊരു പൌരന്റെയും അവകാശമാണ്. എന്നാല്‍ അതു പോലും തടയപ്പെടുകയാണ് നമ്മുടെ നാട്ടില്‍.

പണിമുടക്കുകളും ഹര്‍ത്താലുകളും തീരാ ശാപമായി മാറിയ ഈ നാട്ടില്‍ ഇപ്പോള്‍ വഴിനടക്കുന്നതിനു പോലും പലരെയും പേടിക്കേണ്ട അവസ്ഥയിലാണ് പൊതു ജനങ്ങള്‍. പണിമുടക്കില്‍ കുടുങ്ങി സ്വന്തം മകന്റെ മൃതശരീരം പോലും കാണാനാകാതെ ഇരുന്ന ആ അമ്മയുടെ കണ്ണുനീരിന്റെ നനവ് നമ്മുടെ ഉള്ളില്‍ നിന്ന് ഇനിയും വിട്ടകന്നിട്ടില്ല. രാഷ്ട്രീയ സംഘടനകളും ഈ സംഘടനകളുടെ കൊടി കയ്യിലേക്കു കിട്ടിയാല്‍ പിന്നെ ഇവിടെ എന്തു തോന്ന്യാസവും കാട്ടികൂട്ടാം എന്ന് കരുതുന്ന രാഷ്ട്രീയക്കാരുമാണ് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ആനയെ മാത്രമല്ല ആനപിണ്ഡത്തെയും പേടിക്കേണ്ട അവസ്ഥ.

നമുക്ക് വേണ്ടി നമ്മള്‍ തന്നെ വോട്ട് നല്‍കി തിരഞ്ഞെടുത്തവര്‍ നമ്മുടെ മുകളില്‍ കുതിര കയറുമ്പോള്‍ എവിടെയാണ് നമുക്ക് നീതി ലഭിക്കുക. കോടതിയുടെ വാക്കുകള്‍ക്ക് പോലും ചെവികൊടുക്കാന്‍ മനസ്സില്ലാത്തവരുടെ കൂട്ടമായി മാറിയിരിക്കുന്നു ഇപ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതിനൊന്നും എതിരെ ‘പ്രബുദ്ധരായ‘ കേരള ജനതയുടെ ശബ്ദം ഒരിക്കലും ഉയരില്ല എന്നും അവര്‍ക്ക് ഉറപ്പാണ്.

നിങ്ങളെയൊക്കെ ഈ നാട് കട്ടുമുടിക്കുവാനും മറ്റുള്ളവന്‍മാര്‍ക്ക് തീറെഴുതി കൊടുക്കാനും വേണ്ടി അധികാരത്തിന്റെ പച്ചപ്പിലേക്ക് തിരഞ്ഞെടുത്ത് വിടാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് ഞങ്ങള്‍ പൊതുജനങ്ങള്‍ എന്ന കഴുതകള്‍. എങ്കിലും ഒന്നു ചോദിച്ചോട്ടെ സാറന്‍മാരെ.... ഞങ്ങളുടെ സമയത്തിനുമില്ലേ വില?

Monday, August 4, 2008

എന്ത് പറ്റി നമുക്ക്?


സ്ത്രീയുടെ സംരക്ഷണ ചുമതല ആര്‍ക്കാണ്? പ്രായപൂര്‍ത്തിയാകുന്നത് വരെ പിതാവിനാലും വിവാഹ ശേഷം ഭര്‍ത്താവിനാലും വാര്‍ദ്ധക്യത്തില്‍ പുത്രനാലും അവള്‍ സംരക്ഷിക്കപ്പെടുന്നു എന്നതാണ് വയ്പ്. ഈ ‘മോഡേണ്‍‘ യുഗത്തിലെ സ്ത്രീജനം പലപ്പോഴും ഇതൊന്നും ആവശ്യപ്പെടുന്നില്ല എങ്കിലും.


മുകളില്‍ പരഞ്ഞ അവസാന രണ്ട് ഘട്ടങ്ങളില്‍ അവള്‍ സ്വയം പര്യാപ്തത നേടിയേക്കാം. പക്ഷെ ശൈശവാവസ്ഥയില്‍ മാതാപിതാക്കളാല്‍ പ്രത്യേകിച്ച് പിതാവിനാല്‍ അവള്‍ സംരക്ഷിക്കപ്പെട്ടേ മതിയാകൂ. അത് അവളുടെ ജന്‍മാവകാശമാണ്. എന്നാല്‍ സ്വന്തം കുടുംബാന്തരീക്ഷത്തില്‍ പോലും ഒരു പെണ്‍കുട്ടി സുരക്ഷിതയല്ല എന്നു വന്നാല്‍ എന്താണ് സ്ഥിതി?


അത്തരം ഒരു ക്രൂരമായ ചെയ്തിയുടെ വാര്‍ത്തയാണ് കഴിഞ്ഞ വാരം നമ്മെ ഉണര്‍ത്തിയത്. മറ്റൊരു പെണ്ണിനെ സ്വന്തമാക്കുന്നതിനു വേണ്ടി സ്വന്തം ഭാര്യയെയും നാലു കുഞ്ഞുങ്ങളെയും വകവരുത്തുക. കൊല്ലുന്നതിന് മുന്‍പ് സ്വന്തം കുഞ്ഞിനെ ലൈംഗിക പീഡനത്തിന് വിധേയമാക്കുക. ഏതെങ്കിലും പിതാവിന് ചെയ്യാന്‍ കഴിയുമോ അത്? ഇല്ല എന്നായിരുന്നു നമ്മുടെ ഉത്തരം. അങ്ങനെ ആകരുതേ എന്നായിരുന്നു നമ്മുടെ പ്രാര്‍ത്ഥനയും. പലപ്പോഴും ആടിനെ പട്ടിയാക്കുന്ന നമ്മുടെ പോലീസിലുള്ള ‘വിശ്വാസവും’ ഒരു പിതാവിന് ഇത്ര നികൃഷ്ടനാകാന്‍ കഴിയില്ല എന്ന അടിയുറച്ച ധാരണയും നമ്മെ, പ്രതി ഇതായിരിക്കില്ല എന്ന ചിന്തക്ക് പ്രേരിപ്പിച്ചിരിക്കണം.


രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതി റജി പിടിക്കപ്പെട്ടു. താനാണ് കൃത്യം ചെയ്തത് എന്ന കുറ്റസമ്മതവും , പിതാവ് എന്ന വാക്കിന്റെ മഹത്വം തന്നെ നഷ്ടപ്പെടുത്തിയ ആ നീചന്റെ കുറ്റബോധം തൊട്ടു തീണ്ടാത്ത മുഖഭാവവും ഞെട്ടലാണ് ഉളവാക്കിയത്. പക്ഷെ അതിലും ഭീതിജനകമായി അനുഭവപ്പെട്ടത് ഈ സംഭവത്തോടുള്ള മലയാളി മനസ്സുകളുടെ നിര്‍വ്വികാരതയായിരുന്നു.


എന്താണ് നമുക്ക് സംഭവിച്ചത്? എവിടെയാണ് നമ്മുടെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും വഴിപിഴച്ചത്? ഇത്തരം അധ:പ്പതിച്ച പ്രവൃത്തികളോട് പോലും നിര്‍വ്വികാരമായി പ്രതികരിക്കത്തക്ക രീതിയില്‍ മാരകമായ വിഷാദരോഗത്തിന് അടിമകളായിപ്പോയോ നമ്മള്‍ മലയാളികള്‍? കഷ്ടിച്ച് 12 വയസ്സുപോലുമാകാത്ത സ്വന്തം കുഞ്ഞിനെ ലൈംഗിക തൃപ്തിക്കുപയോഗിച്ച കാടത്തത്തെ കുറിച്ച് ഒരു സദാചാര വാദികളുടെയും മുറവിളി കണ്ടില്ല. സ്ഫോടന വാര്‍ത്തകള്‍ക്ക് ചൂടു പിടിച്ചപ്പോള്‍ മുന്‍ നിര പത്രങ്ങള്‍ , സജീവമായി ചര്‍ച്ചചെയ്യപ്പെടേണ്ട ഈ വിഷയത്തെ ഉള്‍പ്പേജിലെ ഒറ്റ കോളത്തില്‍ ഒതുക്കി. നടന്നതോ നടക്കാത്തതോ ആയ സ്ത്രീ പീഡന കേസുകളില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഇടപെടാറുള്ള വനിതാ കമ്മീഷന് ഈ സംഭവത്തില്‍ ശബ്ദശേഷി നഷ്ടപ്പെട്ടത് പോലെ...


ഈ കേസിലെ പ്രതി റജി ഒരു പ്രതീകമാണ്. പരിഷ്കാരികളും വിദ്യാസമ്പന്നരുമെന്ന് മേനി നടിക്കുന്ന മലയാളികളുടെ അധപ്പതിച്ച മനോവികാരങ്ങളുടെ പ്രതീകം. മാതാവിനെയോ സഹോദരിയേയൊ മകളെയോ മലയാളിക്ക് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ എത്തിയോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ബന്ധങ്ങളുടെ വിലയും പവിത്രതയുമെല്ലാം നമ്മില്‍ നിന്ന് നഷ്ടപ്പെടുകയാണ്. വിദ്യാഭ്യാസമാണ്, സാംസ്കാരികവും മാനസികവുമായ ഔന്നത്യത്തിന്റെ അവസാന വാക്കെന്ന് വിശ്വസിക്കുന്ന നമ്മള്‍ മലയാളികളുടെ മുന്‍പില്‍ ചോദ്യചിഹ്നമാകുകയാണ് വിദ്യാസമ്പന്നനായ റജി എന്ന നരാധമന്‍.


നമുക്ക് ലജ്ജിക്കാം. കാരണം സാംസ്കാരിക പൈതൃകങ്ങളുടെ അവസാന ശില വരെ തച്ചുടച്ച നമുക്കിനി അതിനു മാത്രമെ കഴിയൂ.അതിനു മാത്രം.


വാല്‍ക്കഷണം: സ്വന്തം പിതാവിനോടും സഹോദരനോടുമൊപ്പമുള്ള ജീവിതം പോലും സുരക്ഷിതമല്ലാത്ത പെണ്‍കുട്ടി. സ്ത്രീയെ അളവറ്റ് ആദരിച്ചിരുന്ന നമ്മുടെ ഈ നാടിന്റെ പോക്ക് എങ്ങോട്ടാണ്?

Friday, July 4, 2008

എന്താണ് ഞങ്ങള്‍ ചെയ്ത തെറ്റ്?


ഈ ചോദ്യത്തിന് എനിക്ക് ഉത്തരം വേണം. അനേക വര്‍ഷങ്ങളായി എനിക്കു മുന്നില്‍ ഒരു സമസ്യയായി നില്‍ക്കുന്ന ചോദ്യമാണിത്. പലരോടും ചോദിച്ചു. വ്യക്തമായ മറുപടിയില്ല. ആര്‍ക്കും. അതിനാല്‍ തന്നെ ഈ ചോദ്യം ഞാന്‍ സമ്പൂര്‍ണ സാക്ഷരത നേടിയ അല്ലെങ്കില്‍ അങ്ങനെ അവകാശപ്പെടുന്ന ഈ മലയാള നാടിന്റെ മനസാക്ഷിക്ക് കൈമാറുന്നു. ഉത്തരം നല്‍കിയേ തീരൂ. കാരണം അവഗണിക്കപ്പെടുന്നവന് അതിനുള്ള കാരണമെങ്കിലും അറിയാനുള്ള അവകാശമുണ്ട്.


ഈ ‘സമത്വ സുന്ദര’ ഭാരത നാട്ടില്‍ സവര്‍ണര്‍ എന്ന് മുദ്രകുത്തി ഭ്രഷ്ട് കല്‍പ്പിച്ച ഒരു ചട്ടക്കൂടില്‍ ജനിച്ചുപോയി എന്നതാണൊ ഞങ്ങള്‍ ചെയ്ത കുറ്റം? ഈ ചോദ്യം സമുദായ സം‌വരണത്തിന്റെ ഗുണഫലം അനുഭവിക്കുന്ന എന്റെ ഒരു സുഹൃത്തിനോട് ചോദിച്ചപ്പോള്‍ മറുപടി ഞെട്ടിക്കുന്നതായിരുന്നു. നിങ്ങളുടെ ഒക്കെ ‘സവര്‍ണ’ പിതാമഹന്മാര്‍ ചെയ്തുകൂട്ടിയ പാപത്തിന്റെ പ്രതിഫലം ആണത്രെ ഇപ്പോഴത്തെ തലമുറ അനുഭവിക്കുന്ന ഈ അവഗണന. ഒരു നിമിഷം ഞാന്‍ ചിന്തിച്ച് പോയി . ഏതു നൂറ്റാണ്ടിലാണ് നമ്മള്‍? ഒന്നു ചോദിച്ച് കൊള്ളട്ടെ... ഈ ജനാധിപത്യ ‘മതേതര’ ഭാരതത്തില്‍ ജീവിക്കാനുള്ള മൌലിക അവകാശം പോലുമില്ലേ ഞങ്ങള്‍ക്ക് ?


സമ്പത്ത്, വിദ്യാഭ്യാസം, കല തുടങ്ങിയവയൊക്കെ സവര്‍ണര്‍ക്ക് മാത്രം വിധിക്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഒരുപാട് കാലം മുന്‍പ് വരെ . ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം പിന്തുടര്‍ന്നിരുന്ന ബ്രിട്ടീഷുകാര്‍ അതിനെ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ കാലം മാറി .അനേക മഹാത്മാക്കളുടെ ശ്രമഫലമായി ഇന്ത്യ സ്വതന്ത്രയായി. ഇവിടെ ഒരു ജനാധിപത്യ സം‌വിധാനവും നിലവില്‍ വന്നു. പല തട്ടുകളായി വേര്‍തിരിക്കപ്പെട്ട ഇന്ത്യന്‍ ജനതയെ സമത്വത്തിലേക്ക് കൊണ്ട് വരുക എന്ന ചിന്തയില്‍ നിന്നാണ് സാമുദായിക സം‌വരണം എന്ന ആശയത്തിന്റെ പിറവി. സമത്വം എന്ന ലക്‍ഷ്യം നേടുമ്പോള്‍ ഈ നിയമം കാലോചിതമായി പരിഷ്കരിക്കപ്പെടും എന്നും കരുതിക്കാണും പാവം ആ രാഷ്ട്രതന്ത്രജ്ഞര്‍. പക്ഷേ ഇന്നും നമ്മള്‍ അതെ സംവരണ നയം തന്നെ അന്ധമായി പിന്തുടരുന്നു.


ഒരു നേരത്തെ ആഹാരത്തിനു വക ഉണ്ടാകാന്‍ നെട്ടോട്ടമോടുന്ന 'സവര്‍ണര്‍' ഒരുപാടുണ്ട് ഈ നാട്ടില്‍ . എത്ര നല്ല രീതിയില്‍ പഠിച്ചു വന്നാലും ഭൂരിപക്ഷ സമുദായത്തില്‍ പെട്ട അംഗമാണെങ്കില്‍ , ആ ഒരൊറ്റ കാരണം കൊണ്ട് അവന്‍ പുറന്തള്ളപ്പെടുന്നു. സമുദായ സംവരണത്തിന്റെ പേരില്‍ തനിക്ക് കിട്ടേണ്ട ജോലിയും സ്വപ്നങ്ങളും ജീവിതവും എല്ലാം തട്ടി മാറ്റപ്പെടുന്നത് നിസഹായതയോടെ നോക്കി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരായി കഴിഞ്ഞു ഇപ്പോള്‍ ഭൂരിപക്ഷ സമുദായം. ഇതെന്തു ന്യായം? ഇതെന്തു നീതി ? ഇവിടെ മനുഷ്യാവകാശങ്ങള്‍ പോലും സംവരണ വിഭാഗങ്ങള്‍ക്ക് മാത്രമെ ഉള്ളുവോ ?


'ഭൂരിപക്ഷസമുദായം'. പക്ഷേ ഏത് രീതിയില്‍ ആണ് ഭൂരിപക്ഷം എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ട്. സവര്‍ണനായി പോയതിനാല്‍ ജോലി ലഭിക്കാതെ നിരാശരായി കഴിയുന്ന വിദ്യാ സമ്പന്നരുടെ ഭൂരിപക്ഷം!!! സ്വന്തം മക്കളെ പഠിപ്പിക്കാന്‍ വക തേടി കൊള്ള പലിശക്കാരന് മുന്‍പില്‍ സ്വന്തം കൂരയുടെ ആധാരം പണയം വയ്ക്കേണ്ടി വരുന്ന നിരാലംബരുടെ ഭൂരിപക്ഷം !!! അതെ ഞങ്ങള്‍ സമ്മതിക്കുന്നു അത്തരത്തിൽ നോക്കിയാൽ ഞങ്ങള്‍ 'ഭൂരിപക്ഷ സമുദായം' തന്നെ.


രാഷ്ട്രീയക്കാര്‍ക്ക് സമുദായ സംവരണമാണ് തുറുപ്പ് ചീട്ട്. രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കാനും വോട്ടു ബാങ്ക് കാക്കാനും, സംഘടിത ശക്തികളുടെ എന്ത് വിലപേശലുകള്‍ക്കും വഴങ്ങിക്കൊടുക്കും അവര്‍ . ഭൂരിപക്ഷ സമുദായങ്ങളോട്‌ ഇവിടെ ആര്‍ക്കും എന്തുമാകാം. കാരണം അവര്‍ സംഘടിതരല്ല . ഈ അനീതികളും അവഗണനകളും ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ അവന്‍ ഇവിടെ വര്‍ഗീയ വാദിയാണ്. തീവ്രവാദിയാണ് . ന്യൂനപക്ഷ വിരുദ്ധനാണ്. എന്തിനധികം രാജ്യദ്രോഹി പട്ടം പോലും അവന് ചാര്‍ത്തി നൽകും ചിലര്‍ .


വിദ്യാഭ്യാസത്തിലും ശാസ്ത്രത്തിലുമൊക്കെ നാം ഇന്ത്യക്കാര്‍ ഒരുപാട് മുന്‍തൂക്കം നേടികഴിഞ്ഞു. നമുക്കിപ്പോള്‍ അവശ്യം സാമുദായിക സംവരണമല്ല. സാമ്പത്തിക സംവരണമാണ്. ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്നു ജീവിക്കുന്ന എല്ലാ സമുദായങ്ങളിലും ഉള്ള ലക്ഷക്കണക്കിനാളുകള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. അവരെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളാണ് ഈ കാലത്ത് ഉണ്ടാകേണ്ടത്. അല്ലെങ്കില്‍ അപരിഷ്കൃതമായ സാമുദായിക സംവരണം നമ്മെ വീണ്ടും അസമത്വത്തിലേക്കു നയിക്കും എന്നുള്ളതില്‍ സംശയം വേണ്ട.


ഈ രാജ്യത്ത് പ്രീണന രാഷ്ട്രീയവും വിലപേശല്‍ തന്ത്രങ്ങളും നിലനില്‍ക്കുന്നിടത്തോളം ഇവിടെ ഈ അപരിഷ്കൃത സമീപനത്തിന് ഒരു മാറ്റവും ഉണ്ടാകില്ല എന്നറിയാം. ആരുടെയും അവകാശങ്ങള്‍ പിടിച്ചു വാങ്ങാൻ ആഗ്രഹമില്ല ഞങ്ങള്‍ക്ക്. പക്ഷെ അര്‍ഹതപ്പെട്ടതെങ്കിലും ഞങ്ങളില്‍ നിന്ന് തട്ടിയകറ്റാതിരുന്നുകൂടെ? അതോ സവര്‍ണരുടെ ശവപ്പറമ്പാണ് ആത്യന്തിക ലക്ഷ്യം എന്ന തീരുമാനത്തിലാണോ ഈ സമത്വ സുന്ദര ജനാധിപത്യ രാഷ്ട്രത്തിന്റെ പോക്ക്.


ഒരു പ്രയോജനവും ഇല്ലെങ്കിലും ആ ചോദ്യം ഞാന്‍ ഒന്നുകൂടി ചോദിച്ചു കൊള്ളട്ടെ ... എന്താണ് ഞങ്ങള്‍ ചെയ്ത തെറ്റ്?

Monday, June 9, 2008

കണ്ണുണ്ടായാല്‍ പോരാ...


സന്തോഷ് മാധവന്‍, ഹിമവല്‍ ഭദ്രാനന്ദ, അമ്മതായ മഹാമായ....നിര നീളുകയാണ്. കാപട്യത്തിന്റെ മൂടുപടം അണിഞ്ഞു സന്യാസത്തെ വെറും കച്ചവടച്ചരക്കാക്കുന്ന കള്ളനാണയങ്ങള്‍ തിരിച്ചറിയപ്പെട്ടു തുടങ്ങി. എല്ലാവര്‍ക്കും എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാന്‍ കഴിയില്ല എന്ന ലോകതത്വം ഈ സംഭവത്തിലും അക്ഷരം പ്രതി ശരിയായി. നൂറു ശതമാനം സാക്ഷരത നേടിയ മലയാളിയുടെ ‘ അന്ധമായ‘ വിശ്വാസങ്ങള്‍ക്ക് വന്ന തിരിച്ചടികൂടി ആയി ഈ തിരിച്ചറിവ്.


എന്താണ് ഈ വ്യാജസന്യാസിമാരുടെ ‘ഉത്ഭവ‘ത്തിനുള്ള കാരണം? അതന്വേഷിക്കാന്‍ ഇറങ്ങിപുറപ്പെട്ടാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാകും നമുക്കു മനസ്സിലാകുക. മനസ്സമാധാനം എന്നതു മലയാളിയെ വിട്ടുപോയിക്കൊണ്ടിരിക്കുന്നു. പണവും പ്രശസ്തിയും മാത്രം മതി ഇപ്പോള്‍ മലയാളിക്ക്. അതിനുള്ള ഒരു പരക്കം പാച്ചിലില്‍ ആണു നമ്മള്‍. ഈ വ്യഗ്രതില്‍ നഷ്ടമാകുന്നത് നമ്മുടെ മനസ്സാണ്, സന്തോഷമാണ്. ഈ യാന്ത്രിക ജീവിതത്തില്‍ മനസ്സമാധാനം തിരികെ കിട്ടാനുള്ള ഒരു വിഫല ശ്രമം. അതെ. അതു മാത്രമാണ് ഈ കള്ള സ്വാമിമാരുടെ മുന്‍പില്‍ മലയാളിയെ കൊണ്ടെത്തിക്കുന്നത്. രൂപമില്ലാത്ത ഈശ്വരനെ ഭജിച്ചു സമയം കളയാന്‍ ആര്‍ക്കാണ് സമയം. ഇതാകുമ്പോള്‍ വിഷമവും ആവശ്യവും എല്ലാം നേരിട്ട് ബോധിപ്പിക്കാം. അനുഗ്രഹം ഉടനടി കിട്ടും. കുറച്ചു കാശു മുടക്കണമെന്നു മാത്രം. എല്ലാം ഇന്‍സ്റ്റന്‍റ് മിക്സ് ആയി കിട്ടുന്ന കാലമല്ലെ.


ഇപ്പൊള്‍ ഏറ്റവും ലാഭകരമായി നടത്താവുന്ന രണ്ട് കച്ചവടങ്ങളാണുള്ളത്. ഭക്തിയും വിദ്യാഭ്യാസവും. അതില്‍ വിദേശ നാണ്യവും കൂടി നേടിതരുന്ന വ്യവസായം ഭക്തി മാത്രമെ ഉള്ളു. ഭക്തിയുടെ പേരില്‍ ആകുമ്പൊള്‍ ആര്‍ക്കും എന്തു തോന്ന്യാസവും ആകാം എന്നായിരിക്കുന്നു കേരളത്തിലെ സ്ഥിതി. പെണ്‍ വാണിഭം നടത്താം, കള്ളു കച്ചവടമൊ മയക്കുമരുന്നു കച്ചവടമോ നടത്താം ആരെ വേണമെങ്കിലും കൊല്ലാം ആരും ചോദിക്കില്ല. കാരണം ഇതു കേരളമാണ്. ആശ്രമങ്ങളിലോ മഠങ്ങളിലോ ഒരു റെയ്ഡ്‌ നടത്താന്‍ പോലും ഭരണകൂടത്തിനും നീതിപാലകര്‍ക്കും മടിയാണ്. കാരണം പെട്ടെന്ന് വൃണപ്പെടുന്നതാണ് മലയാളിയുടെ മതവികാരം. കേരളം നിന്നു കത്തും ....ഇതാണ് സാക്ഷര കേരളം .


ഒരുപാട് ദുരന്തങ്ങള്‍ കേരളത്തില്‍ ഉണ്ടായി. ഇത്രയേറെ മനുഷ്യ ദൈവങ്ങള്‍ കേരളത്തിലുണ്ടായിട്ടും അതില്‍ ഒരു 'ദൈവ'ത്തിനുപോലും അതൊന്നും മുന്‍കൂട്ടി കാണാനായില്ല. എന്തൊരു വൈരുദ്ധ്യം!!! ഇവരുടെ ഒക്കെ അസ്തിത്വത്തെ ചോദ്യം ചെയ്‌താല്‍ ഈ കാപട്യക്കാരുടെ ഭക്ത ലക്ഷങ്ങള്‍ ഉയര്‍ത്തുന്ന ഒരു വാദമുണ്ട്. പണ്ടു കൃഷ്ണനെയും നബിയെയും യേശുവിനെയും തള്ളി പറഞ്ഞിട്ടുണ്ട് എന്ന്. 'ഭക്തിയുടെ' നിര്‍വൃതിയില്‍ അന്ധരാക്കപ്പെട്ട ആള്‍ ദൈവ ഭക്തരെ ....ഒന്നു ചോദിച്ചോട്ടെ. യേശുവും നബിയും കൃഷ്ണനുമൊക്കെ വിദ്യാഭ്യാസ കച്ചവടം നടത്താനും, പെണ്‍ വാണിഭം നടത്താനും ,ജനങ്ങളെ കബളിപ്പിക്കാനും ആണല്ലേ ഇവിടെ അവതാരമെടുത്തത്.....


സ്വന്തമായി ചാനലുകള്‍ വരെയുള്ള മനുഷ്യ ദൈവങ്ങള്‍ ഉണ്ടിവിടെ. അത്തരം ഒരു ചാനലില്‍ മനുഷ്യ ദൈവത്തിന്റെ ഒരരുളപ്പാട് കാണുകയുണ്ടായി. ഒരു ശരാശരി മലയാളി സ്ത്രീ പറയുന്ന വാക്കുകള്‍ ...ആ വാക്കുകള്‍ക്ക് ഏതൊക്കെ രീതിയില്‍ ചിന്തിച്ചാലും ഒരു പ്രത്യേകതയും നമുക്കു തോന്നില്ല. പക്ഷെ ഇനിയാണ് കളി മാറുന്നത് . വിദ്യാസമ്പന്നനും സുമുഖനുമായ പ്രഥമ ശിഷ്യന്‍ രംഗത്ത് എത്തുന്നു. ആള്‍ ദൈവത്തിന്റെ വാക്കുകള്‍ക്കു , നമ്മളോ ആ മനുഷ്യ ദൈവമോ പോലും ചിന്തിക്കാത്ത ആത്മീയ പരിവേഷം അദ്ദേഹം നല്കുന്നു. ഭക്ത ലക്ഷങ്ങള്‍ അതുകേട്ട് ഭക്തിയില്‍ ലയിക്കുന്നു. മനുഷ്യ ദൈവത്തിന്റെ വളര്‍ച്ചക്ക്‌ അത്യാവശ്യം, ബുദ്ധിമാനായ ശിഷ്യനാണെന്ന് വിളിച്ചോതുന്ന ദൃശ്യങ്ങള്‍...


കള്ള സ്വാമിമാരുടെ ഏറ്റവും വലിയ പ്രചാരകര്‍ സ്ത്രീജനങ്ങള്‍ ആണെന്നുള്ളതാണ് വിഷമകരമായ വസ്തുത. പൊങ്കാല എന്നത് ഒരു ഫാഷന്‍ ആണ് ഇപ്പോള്‍. ഏത് മനുഷ്യ ദൈവങ്ങളുടെയും വീട്ടുപടിക്കല്‍ പൊങ്കാലയിടാനും ഇല്ലാത്ത അത്ഭുത പ്രവൃത്തികള്‍ വാഴ്ത്തി നടക്കാനും സ്ത്രീജനങ്ങള്‍ തയാറായി നില്‍ക്കുമ്പോള്‍ ആര്‍ക്കു രക്ഷിക്കാന്‍ കഴിയും ഈ കേരളത്തെ?


ആത്മീയതയിലൂടെ ജീവിച്ച ഒരുപാട് മഹാത്മാക്കള്‍ നമുക്കുണ്ട് . ഇപ്പോഴും ഉണ്ട്. പക്ഷെ ഇപ്പോള്‍ അവര്‍ക്ക് പോലും സ്വൈര്യ ജീവിതം സാധ്യമല്ല . ആത്മീയതയെ ജീവാത്മാവായി കൊണ്ടു നടക്കുന്നവരെ പോലും നാം അടച്ചാക്ഷേപിക്കുകയാണ്. കല്ലെറിയുകയാണ്. അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന രീതിയിലുള്ള പ്രകടനങ്ങൾ നീതീകരിക്കാനാകുന്നതല്ല.


ഇവിടെ ഉണരേണ്ടത് ഭരണ കൂടവും നീതി പാലകരുമാണ്. കേന്ദ്ര മന്ത്രിമാരും സമൂഹത്തിലെ ഉന്നതരും കാലില്‍ വീഴാനും അനുഗ്രഹത്തിനും ആള്‍ദൈവങ്ങളുടെ മുന്‍പില്‍ കാത്തുനില്‍ക്കുമ്പോള്‍ നിയമത്തിനു കണ്ണും കേട്ടിയിരിക്കാനെ സാധിക്കു. ചെറിയ പരല്‍ മീനുകളോടൊപ്പം 'തിമിംഗലങ്ങളെയും ' ശക്തമായ തെളിവുകളോടെ വലയില്‍ വീഴ്ത്താന്‍ നമ്മുടെ നിയമത്തിനു കഴിയണം. അതോടൊപ്പം ആത്മീയതയെ ഉള്‍ക്കൊണ്ട് ജീവിതം നയിക്കുന്നവരെ തിരിച്ചറിയാനും നമുക്കു സാധിക്കണം. അപ്പോഴേ നമ്മള്‍ നേടിയെന്നവകാശപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥം പൂര്‍ണമാകൂ...

Monday, May 5, 2008

മലയാളിക്ക് ഒരു ആഘോഷം കൂടി


അങ്ങനെ മലയാളിക്ക് ഒരു ആഘോഷം കൂടി കിട്ടി. ബന്ധുക്കള്‍ എല്ലാവരുമായി ഒത്തുകൂടാനും സന്തോഷം പങ്കിടാനും സുഹ്രുത്തുക്കളോടൊപ്പം രണ്ട് സ്മാള്‍ അടിക്കാനും ഒരു ആഘോഷദിനം കൂടി. അത് ഏതു ദിനം എന്നു ആലോചിച്ചു തല പുകയ്ക്കില്ല ഒരു മലയാളിയും. കാരണം “ഹര്‍ത്താല്‍“ എന്ന ഈ സുവര്‍ണ ആഘോഷ ദിനത്തെ നെഞ്ചിലേറ്റി കഴിഞ്ഞു ഓരോ മലയാളിയും. ഓണവും വിഷുവും ഒക്കെ ആഘോഷിക്കാന്‍ മലയാളി മറന്നു തുടങ്ങിയെങ്കിലും ഹര്‍ത്താലാഘോഷത്തെ തള്ളിക്കളയാന്‍ ഒരു മലയാളിക്കും കഴിയില്ല. അഥവാ ഈ പരിപാടി നടത്തുന്നവര്‍ അതിനു സമ്മതിക്കില്ല. വിവരമറിയും!!!


പതിറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ ഓരൊ ഇന്ത്യക്കാരനും ഹര്‍ത്താല്‍ എന്ന വാക്കു പരിചിതമാണ്. കാരണം ഇന്ത്യക്കാരെ അടിമകളായി വച്ചിരുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ നമ്മുടെ മഹാത്മാവാണ് ഈ സമരമുറയെ വിജയകരമായി പ്രയോഗിച്ചത്. ആരെയും ഉപദ്രവിക്കാതെ ആരുടെയും സ്വകാര്യ ജീവിതത്തില്‍ കൈകടത്താതെ തികച്ചും സമാധാന പരമായ ഒരു സമര മാര്‍ഗ്ഗം. ഇതായിരുന്നു നമ്മുടെ രാഷ്ട്ര പിതാവ് വിഭാവനം ചെയ്ത “ഹര്‍ത്താല്‍“. അങ്ങനെ ഒരുപാട് യാതനകള്‍ക്കൊടുവില്‍ ഇന്ത്യ സ്വതന്ത്രയായി. പക്ഷെ നമ്മള്‍ ഹര്‍ത്താലിനെ ഉപേക്ഷിച്ചില്ല. ആവശ്യത്തിനും അനാവശ്യത്തിനും രാഷ്ട്രീയക്കാര്‍ അതെടുത്ത് ഉപയോഗിച്ചു. എന്നാല്‍ നാളുകള്‍ പിന്നിട്ടപ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് ഒരു സംശയം. ഹര്‍ത്താലിനു മൂര്‍ച്ച കുറഞ്ഞൊ എന്ന്. അങ്ങനെ ഒരുപാട് പരീക്ഷണ നിരീക്ഷണ ഫലമായി ഹര്‍ത്താലിന്റെ പുതിയ പതിപ്പെത്തി.”ബന്ദ്”.


അങ്ങനെ ബന്ദ് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. ബന്ദ് എന്നാല്‍ കുറഞ്ഞ കളിയൊന്നുമല്ല. ആര്‍ക്കും ഏതു നിമിഷവും ബന്ദ് പ്രഖ്യാപിക്കാം. പ്രഖ്യാപിക്കുന്നവര്‍ സമയ പരിധിയും നിശ്ചയിക്കും. ആ സമയ പരിധിക്കുള്ളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നവര്‍, ജോലിക്കു പ്രവേശിക്കുന്നവര്‍, വാഹനവുമായി നിരത്തില്‍ ഇറങ്ങുന്നവര്‍, തുടങ്ങി ബന്ദിനോട് നിസ്സഹകരിക്കുന്ന എല്ലാ മൂരാച്ചികളും അനുഭവിക്കും. ഇല്ലെങ്കില്‍ ഞങ്ങള്‍ അനുകൂലികള്‍ അനുഭവിപ്പിക്കും. അന്നത്തെ ദിവസം വാഹനം അടിച്ചു പൊളിച്ചാലൊ, കാറ്റൂരി വിട്ടാലൊ, എന്തിനധികം പുറത്തിറങ്ങുന്നവന്റെ തല തല്ലിപൊളിച്ചാല്‍ പോലും ആരും ചോദിക്കാന്‍ വരില്ല. കാരണം ഇതു ബന്ദ് നടത്തുന്നവന്റെ അവകാശമാണ്. പാല്‍ , പത്രം, വിവാഹം, മരണം എന്നിവയെ ഒക്കെ ഒഴിവാക്കി എന്നു നേതാവു പറയും. എന്നാല്‍ അതു വിശ്വസിച്ചു പുറത്തിറങ്ങുന്നതിനു മുന്‍പു ആശുപത്രിയില്‍ ഒരു റൂം പറഞ്ഞു വയ്ക്കുന്നത് നന്നായിരിക്കും.


ഒഴിഞ്ഞ നിരത്തുകളും സ്തംഭനാവസ്ഥയിലായ നാടുമാണ് ബന്ദിന്റെ വിജയപ്രതീകം. അതു കൊണ്ട് തങ്ങളുടെ പാര്‍ട്ടിയുടെ ശക്തിയളക്കാന്‍ പാര്‍ട്ടികള്‍ മാറി മാറി ജനങ്ങളുടെ ക്ഷമയെ പരീക്ഷിചുകൊണ്ടിരുന്ന അവസരത്തിലാണ് കോടതി ഒരു കടുംകൈ കാട്ടിയത്. ഇനി ബന്ദ് നടത്താന്‍ പാടില്ല എന്ന വിധി. ഈ വിധി കേട്ടു തളര്‍ന്നുപോയ രാഷ്ട്രീയക്കാരന്റെ വേദന കോടതിക്കറിയേണ്ടല്ലൊ. അങ്ങനെ പ്രതിസന്ധിയില്‍ തളരുന്നവരല്ല രാഷ്ട്രീയക്കാര്‍. അവര്‍ പഴയ ഹര്‍ത്താല്‍ പൊടി തട്ടിയെടുത്ത് ബന്ദിന്റെ ദിനചര്യകളെ അതിലേക്കു സന്നിവേശിപ്പിച്ചു ജനങ്ങള്‍ക്കു നല്‍കി. ഒരു കോടതിക്കും ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം ഇതു ഹര്‍ത്താലാണ്. മഹാത്മാവ് “വിഭാവനം“ ചെയ്ത ഹര്‍ത്താല്‍. രാഷ്ട്രീയക്കാരുടെ ഈ ആത്മാര്‍ഥതയില്‍ കണ്ണുകള്‍ നനയുന്നുണ്ടൊ? അതെ ഇതാണ് യഥാര്‍ത്ത രാഷ്ട്രസേവനം. ജനാധിപത്യം. ഒരുകൂട്ടം ജനങ്ങളുടെ ആധിപത്യം എന്നതായിരിക്കുന്നു ജനാധിപത്യത്തിന്റെ പുതിയ നിര്‍വ്വചനം.


നമ്മള്‍ മലയാളികള്‍ക്ക് ഈ ദിനം സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദിനമാണ്. നമുക്ക് പ്രിയപ്പെട്ടവരോടൊപ്പമിരുന്നു സദ്യയുണ്ടും, അച്ചടക്കത്തിന്റെ ഏറ്റവും വലിയ പാഠശാലയായ ബിവറേജ് ക്യൂവില്‍ നിന്നു “കഷ്ടപ്പെട്ടു“ വാങ്ങിയ കുപ്പിയുടെ കഴുത്തു പൊട്ടിച്ചും ചാനലുകള്‍ മാറ്റിമാറ്റി വച്ചും നമുക്കീദിനം ഗംഭീരമായി കൊണ്ടാടാം. കാരണം ഇതു സമീപ ഭാവിയില്‍ തന്നെ നമ്മുടെ ദേശീയോത്സവം ആയേക്കാം...


വാല്‍ക്കഷണം: അധികം താമസം കൂടാതെ തന്നെ നമുക്ക് ചാനലുകളില്‍ നിന്നു കേള്‍ക്കാന്‍ കഴിയും ഈ വാക്കുകള്‍: ഹര്‍ത്താല്‍ ദിന ബ്ലോക് ബസ്റ്റര്‍ ചലച്ചിത്രം......... ഈ ഹര്‍ത്താല്‍ ദിനം .......ടിവിയോടൊപ്പം ആഘോഷിക്കൂ.

Thursday, April 10, 2008

ക്ഷമിക്കൂ മലയാളമേ...


കേരളീയരുടെ മാതൃഭാഷ ഏതാണ് ? ചോദ്യം കേട്ട് ചിരിക്കുകയാണോ? എങ്കില്‍ ആ ചിരി മായാന്‍ സമയമായി. കേരളത്തിലെ പുതിയ തലമുറയെ ഏറ്റവും അധികം ആശയക്കുഴപ്പത്തില്‍ ആക്കുന്ന ചോദ്യം ഇനി ഇതായിരിക്കും. അത്രയ്ക്ക് ഭേഷാണ് ഇപ്പോള്‍ മലയാളത്തിന്റെ സ്ഥിതി.


എന്റെ മക്കള്‍ ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കും എന്ന് മാതാപിതാക്കള്‍ അഭിമാനം കൊള്ളുമ്പോള്‍ അതില്‍ അവരെ തെറ്റു പറയാന്‍ കഴിയില്ല നമുക്ക്. കാരണം മാറ്റങ്ങളില്‍ നിന്നു മാറ്റങ്ങളിലേക്ക് കുതിക്കുന്ന നമ്മുടെ ഈ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ നമുക്കു സായിപ്പിന്റെ ഭാഷ കൂടിയേ തീരൂ എന്ന യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊണ്ടേ മതിയാകൂ. എന്നാല്‍ എന്റെ മക്കള്‍ക്ക് മലയാളം അറിയുകയേയില്ല എന്ന് കൂടി കൂട്ടി ചേര്‍ത്ത് അത് ഒരു "ക്രെഡിറ്റ്" ആയി വീമ്പിളക്കി അതില്‍ അഭിമാന പുളകിതരാകുന്ന മലയാളിയുടെ പാപ്പരത്തം അസ്സഹനീയമാണ് എന്ന് പറയാതെ വയ്യ.


മലയാളി മനസ്സില്‍ വേരോടിക്കോണ്ടിരിക്കുന്ന മലയാള ടെലിവിഷന്‍ ചാനലുകള്‍ ആണ് നമ്മുടെ മലയാളത്തെ ഇത്രയും മലീമസമാക്കിയത് എന്ന് നിസ്സംശയം പറയാം. നമ്മള്‍ കാണുന്നത് ഇംഗ്ലീഷ് ചാനല്‍ ആണോ എന്ന് സംശയിച്ചു പോകുന്ന തരത്തിലാണ് മലയാളികളായ ടെലിവിഷന്‍ അവതാരകര്‍ പ്രകടിപ്പിക്കുന്ന മംഗ്ലീഷ് കസര്‍ത്തുകള്‍.ഇവരുടെ ഈ പ്രകടനങ്ങള്‍ കണ്ടു പുതിയ തലമുറ വഴി പിഴച്ചു പോയില്ലെങ്കിലേ അതിശയിക്കേണ്ട കാര്യമുള്ളൂ.


മലയാളം ചാനലുകള്‍ സംസാരിക്കേണ്ടത് മലയാളികളുടെ ഭാഷയിലാണ്. മലയാളത്തിലാണ്. അല്ലെങ്കില്‍ "മലയാളം " ചാനല്‍ എന്ന പേരു പോലും അധികപ്പറ്റാകും. ഇവിടെ മലയാളം ചാനലുകളില്‍ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളുടെ അതിപ്രസരം ദൃശ്യമാണ്. ഇതര ഭാഷാ പരിപാടികള്‍ ആസ്വദിക്കുന്നതിനു അതതു ഭാഷ ചാനലുകള്‍ നമുക്കും ലഭ്യമാണ് എന്നിരിക്കെ എന്തിനാണ് ഈ കാട്ടികൂട്ടലുകള്‍ ? മലയാളം ചാനലുകളില്‍ മറ്റു ഭാഷകളിലുള്ള ഗാനങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ഏതെങ്കിലും ഇംഗ്ലീഷ് , ഹിന്ദി, തമിഴ് ചാനലില്‍ ഒരു മലയാളം ഗാനമോ എന്തിനധികം ഒരു മലയാള വാക്കുപോലും കേള്‍ക്കാന്‍ നമുക്കു കഴിയില്ല. മലയാളിക്കുള്ള 'ഇതര ഭാഷാ സ്നേഹം' അവര്‍ക്കൊന്നും ഇല്ലാത്തത് കൊണ്ടാകാം അത് .


മലയാളി മഹിളകള്‍ക്കാണ് മലയാളത്തോട് ഇപ്പോള്‍ കൂടുതല്‍ പുച്ഛം. മലയാളം പറഞ്ഞു പോയാല്‍ തങ്ങളുടെ 'അഭിമാനം' തന്നെ തകര്‍ന്നു പോകുന്ന വന്‍ പ്രതിസന്ധിയിലൂടെയാണ്‌ അവര്‍ കടന്നു പോകുന്നത്. തങ്ങളുടെ മക്കളും മലയാളം പറയരുത് എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട് . ഈ നിര്‍ബന്ധമാണ്‌ വിദ്യാലയങ്ങളിലെ 'മൊട്ടയടിക്കല്‍ പ്രസ്ഥാനത്തിന് അടിത്തറ പാകിയ അധ്യാപക(ക്ഷുരക)ശ്രേഷ്ഠന്‍മാരുടെ പ്രേരക ശക്തി. കേരളത്തിലെ ഇംഗ്ലീഷ് മാദ്ധ്യമം ആയ എല്ലാ വിദ്യാലയങ്ങളും മലയാളം പറയുന്ന കുട്ടികള്‍ക്ക് പിഴ ചുമത്തും എന്നത് പുതിയ അറിവല്ല. ഇതൊക്കെ നടക്കുന്നത് മലയാളം മാതൃഭാഷ ആയ കേരളത്തിലാണ് എന്നതു മാത്രം മതി മലയാളത്തിന്റെ ഇന്നത്തെ സ്ഥിതി മനസ്സിലാക്കാന്‍ .


മലയാള ഭാഷയെ പുനരുജ്ജീവിപ്പിക്കാനുള്ള പത്രങ്ങളുടെ കാല്‍വയ്പ്പുകള്‍ പ്രശംസനീയം തന്നെ. മലയാളം ഭാഷ സംസാരിക്കാന്‍ മലയാളി മാത്രമെ ഉള്ളു . നാം അതിന് വിമുഖത കാണിച്ചാല്‍ പരിതാപകരമാകും മനോഹരമായ നമ്മുടെ ഭാഷയുടെ സ്ഥിതി. മറ്റു ഭാഷകളോട് ആദരവ്‌ ആകാം. പക്ഷെ അത് നമ്മുടെ മാതൃഭാഷയെ തള്ളിപ്പറഞ്ഞു കൊണ്ട് ആകരുത്. അങ്ങനെ ആയാല്‍ നാം പുറം കാല് കൊണ്ടു ചവിട്ടി തെറുപ്പിക്കുന്നത് ഒരു മനോഹര ഭാഷയെ എന്നതിലുപരി ഒരു സംസ്കാരത്തെയാണ് .... പാരമ്പര്യത്തെ ആണ്...


കുട്ടികള്‍ ഇംഗ്ലീഷ് പഠിച്ചോട്ടെ. അതോടൊപ്പം നമ്മുടെ ഭാഷയും അവര്‍ പഠിക്കണം. മലയാളം 'കുരച്ചു' അറിയുന്ന മലയാളികള്‍ ആകരുത് അവര്‍. അങ്ങനെ ആയാല്‍ അത് നമ്മുടെ പരാജയമാണ്. മലയാളിയുടെ പരാജയമാണ്. മലയാളത്തിന്റെ പരാജയമാണ്.

Sunday, March 9, 2008

രക്തഗന്ധം ശ്വസിക്കുന്ന കേരളം


2-3...3-3...3-4...4-4... ഇതു ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഫുട്ബോള്‍ മത്സരത്തിന്റെ തല്‍സമയ സ്കോര്‍ നില അല്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്ന പേരില്‍ കേരളമെന്ന ഈ ചെറിയ ഭൂപ്രദേശത്തു അരങ്ങേറുന്ന കാടത്തത്തില്‍ രക്തസാക്ഷികള്‍ ആകേണ്ടി വന്ന ഹതഭാഗ്യരുടെ എണ്ണമാണ്. ഈ സ്കോര്‍ നില വര്‍ദ്ധിപ്പിക്കാന്‍ മനുഷ്യത്വമില്ലായ്മയുടെ ആള്‍ രൂപങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ ഇവിടെ സാധാരണ ജനങ്ങളുടെ അതായതു ഒരു പാര്‍ട്ടിയോടും പ്രത്യേക കൂറില്ലാത്ത ഭൂരിപക്ഷ മലയാളികളുടെ ഹൃദയ സ്പന്ദനം കൂടുന്നത് ഒരു രാഷ്ട്രീയക്കാരനും അറിയുന്നില്ല. അറിയേണ്ട കാര്യം അവര്‍ക്കില്ല എന്നതാണ് സത്യം.


എന്താണ് മലയാളിക്ക് പറ്റിയത് ? പണ്ടു നമ്മുടെ ഈ കേരളത്തെ പറ്റി നമുക്കു ഒരു വിശ്വസമുണ്ടായിരുന്നു. ഓരോ മലയാളിയും നമ്മുടെ ഈ കൊച്ചു കേരളത്തില്‍ സുരക്ഷിതരാണ് എന്ന് . എന്നാല്‍ ഇപ്പോള്‍ അത്തരം മിഥ്യാ ധാരണകള്‍ ഒന്നും ഒരു മലയാളിക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല. നമുക്കുവേണ്ടി നാം തിരഞ്ഞെടുത്തവര്‍ തന്നെ നമ്മുടെ ജീവന് വിലപറയുന്ന അവസ്ഥ. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വേലി തന്നെ വിളവ്‌ തിന്നുന്നു അത്ര തന്നെ...


രാഷ്ട്രത്തെ സേവിക്കലാണ് രാഷ്ട്രീയം എന്ന നിര്‍വ്വചനങ്ങള്‍ ഒക്കെ പഴകി ദ്രവിച്ചിരിക്കുന്നു. ഇപ്പോള്‍ മറ്റേതൊരു തൊഴിലും പോലെ ഒരു തൊഴില്‍ മാത്രമാണ് ഈ രാഷ്ട്രീയവും. സ്വന്തം കീശ വീര്‍പ്പിക്കാന്‍ ഉള്ള ഒരു മാര്‍ഗം മാത്രമാണിപ്പോള്‍ രാഷ്ട്രീയക്കാരന്റെ രാഷ്ട്ര സേവനം. നൂറു ശതമാനം സാക്ഷരത നേടിയെന്നു അഭിമാനിക്കുന്ന നമ്മള്‍ മലയാളികള്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഒരു കാര്യമുണ്ട്. ഇത്തരം രാഷ്ട്രീയക്കാര്‍ക്ക് നമ്മള്‍ സാധാരണ ജനങ്ങള്‍ വെറും വോട്ടു ബാങ്കുകള്‍ മാത്രമാണെന്നുള്ള സത്യം .


"രക്തസാക്ഷികള്‍ ". ഇവരാണ് ഓരോ പാര്‍ട്ടിയുടെയും തുറുപ്പ് ചീട്ട്‌. സ്വന്തം പാര്‍ട്ടിയുടെ ചുവടുറപ്പിക്കാനും വോട്ടര്‍മാര്‍ക്കിടയില്‍ സഹതാപ തരംഗം സൃഷ്ടിക്കാനും അതുവഴി അധികാരത്തിന്റെ ഇടനാഴികളില്‍ കയറിപ്പറ്റാനും പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ ദുർമേദസ്സുകള്‍ക്കും ഈ ഹതഭാഗ്യരെ കൂടിയേ കഴിയൂ. സ്വന്തം രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവര്‍ തന്നെ വേണമെന്നില്ല അവര്‍ക്ക്. ശത്രുവിന്റെ കൈ കൊണ്ടു ഏത് നിരപരാധി കൊല്ലപ്പെട്ടാലും സ്വന്തം പാര്‍ട്ടിയുടെ "രക്തസാക്ഷിയായി" ഏറ്റെടുത്തോളും അവര്‍‍. പക്ഷെ ഈ " രക്തസാക്ഷിക്ക്" അല്ലെങ്കില്‍ അയാളുടെ കുടുംബത്തിനു നഷ്ടപ്പെടുന്നത് തിരിച്ചുകൊടുക്കാന്‍ കഴിയുമോ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്?.


ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്കും വിലകൂടിയപ്പോള്‍ വിലയില്ലാത്തത് ഇപ്പോള്‍ മനുഷ്യ ജീവന് മാത്രമാണ്. ഇന്നലെ വരെ തോളില്‍ കയ്യിട്ടു നടന്ന, സൌഹൃദ സ്പര്‍ശം പകര്‍ന്ന്‌ തന്ന സ്വന്തം സുഹൃത്തിനെ, വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പേരില്‍ മരണത്തിലേക്ക്‌ കൈപിടിച്ചു നടത്താന്‍ മടിയില്ലാതായിരിക്കുന്നു മലയാളിക്ക്. ആശയങ്ങളോടുള്ള അസഹിഷ്ണുത തീര്‍ക്കാന്‍ വടിവാളിനെയും കഠാരയേയും കൂട്ട് പിടിക്കേണ്ട ഭ്രാന്തിന്‍ വക്കിലാണോ മലയാളിയുടെ മാനസികാവസ്ഥ?


ഇനി എങ്കിലും നിര്‍ത്തിക്കൂടെ ഈ ഒരു കാട്ടുനീതി? നമുക്കു നഷ്ടപ്പെടുന്നത് നമ്മുടെ സഹോദരന്മാരെയാണ്... സുഹൃത്തിനെയാണ്... ബന്ധുമിത്രാദികളെ ആണ്.... ഇതിലെല്ലാം ഉപരി പവിത്രമായ ബന്ധങ്ങളെയാണ്. തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ തിരിച്ചറിയാന്‍ നമുക്കു കഴിയണം. ഇല്ലെങ്കില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയുടെ വിലാപങ്ങള്‍ക്ക് നമ്മള്‍ എന്നെങ്കിലും കണക്കു പറയേണ്ടി വരും .അച്ഛന്‍ നഷ്ടപ്പെട്ട മക്കളുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ നമുക്കു ഉത്തരം മുട്ടും. മകനെ നഷ്ടപെട്ട മാതാപിതാക്കളുടെ കണ്ണീരിനു മുന്‍പില്‍ നമുക്കു തല കുനിക്കേണ്ടി വരും .. അതിനാല്‍ നമുക്കു മതിയാക്കാം. ഇല്ലങ്കില്‍ വളരെ താമസിച്ചുപോകും നമ്മള്‍ . ആശയങ്ങളിലെ വ്യത്യസ്തത നമ്മുടെ സിരകളിലോടുന്ന രക്ത വര്‍ണത്തിനോ ഗന്ധത്തിനോ ഇല്ല എന്ന തിരിച്ചറിവ് മാത്രം മതി ഈ പേക്കൂത്തിന് വിരാമമിടാന്‍...

Monday, February 11, 2008

എങ്കിലും എന്റെ പാട്ടുകാരാ...



ഒരു ഗായകന് അവശ്യം വേണ്ട ഗുണഗണങ്ങള്‍ എന്തൊക്കെയാണ്? നല്ല ശബ്ദം, സ്വര ശുദ്ധി, സംഗീതത്തിലുള്ള അവഗാഹം, കഴിവ്... എന്നൊക്കെയാണോ നിങ്ങള്‍ പറഞ്ഞു വരുന്നത്. തെറ്റി സുഹൃത്തേ തെറ്റി. ഇതൊക്കെയായിരുന്നു ഒരു നല്ല ഗായകനെ അളക്കാനുള്ള മാനദണ്ഡം. കുറച്ചു കാലം മുന്‍പ് വരെ. പക്ഷെ ഇപ്പോള്‍ അത്തരം കാര്യങ്ങളൊക്കെ പറഞ്ഞാല്‍ ഞങ്ങള്‍ക്ക് നിങ്ങളെ പുച്ഛികേണ്ടി വരും. കാലം മാറിയതൊന്നും അറിയുന്നില്ലേ?


ഇപ്പോള്‍ ഒരു ഗായകനില്‍ നിന്നും മലയാളി എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പറയാം. സുഹൃത്ത് സംഗീത കാര്യത്തില്‍ യഥാസ്ഥിതികന്‍ ആണെങ്കില്‍ അടുത്തുള്ള തൂണില്‍ ഒന്നു പിടിച്ചോളൂ. ഹൃദയ വേദന ഏത് നിമിഷവും വരാമല്ലോ.മനുഷ്യന്റെ കാര്യമല്ലേ സുഹൃത്തേ.......



ഒന്നാമതായി ഒരു ഗായകന് വേണ്ടത് മെയ് വഴക്കമാണ്. കളരിയോ, ഏതെങ്കിലും അഭ്യാസ മുറയോ പഠിച്ചതാണ് എങ്കില്‍ വളരെ നല്ലത്. ഒരു ഗായകന്‍ ഒരു സ്ഥലത്തു തന്നെ നിന്നു പാടുന്ന സമ്പ്രദായം ഒക്കെ പഴയതായി. പാടാന്‍ നില്ക്കുന്ന വേദി പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് പുതിയ രീതി. വേദി ഉപയോഗിക്കുക എന്ന് പറഞ്ഞാല്‍ ഒരു അധ്വാനമാണ്. പാടുന്നതോടൊപ്പം തന്നെ തലകുത്തി മറിയുക, ഒറ്റക്കാലില്‍ നില്‍ക്കുക, കയ്യിലിരിക്കുന്ന മൈക്ക് എറിഞ്ഞു കളിക്കുക, സദസ്സിനെ നോക്കി കൊഞ്ഞനം കുത്തുക എന്നതൊക്കെ ഈ അധ്വാനത്തില്‍ ഉള്‍പ്പെടും. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ അഴിഞ്ഞാടുക. എന്നാലെ ഗായകനാണെന്ന് മലയാളിക്ക് തോന്നൂ.


അഭിനയ പാടവമാണ് അത്യാവശ്യമായ മറ്റൊരു ഗുണം. ഗാനമേളകളിലാണ് ഇതിന്റെ ആവശ്യകത കുടുതലായി വരുക. സീഡിയില്‍ നിന്നു കേള്‍ക്കുന്ന പാട്ടിനനുസരിച്ച് ചുണ്ട് ചലിപ്പിക്കുന്ന ഗായകന്‍ അഭിനയ കൊടുമുടിയിലേക്കാണ് കയറിപ്പോകുന്നത്. പക്കമേളക്കാര്‍ സഹനടന്മാരുടെ വേഷം ഭംഗിയായി കൈകാര്യം ചെയ്തോളും. ഞങ്ങള്‍ സദസ്സ്യര്‍ ആ ഗാനലഹരിയില്‍ ആനന്ദ നൃത്തം ചവിട്ടും. മൊത്തത്തില്‍ ജഗപൊക. ഞങ്ങള്‍ക്ക് ഇതൊക്കെ മതി മാഷേ....


പിന്നെ ശബ്ദം. ഇവിടെ കുറച്ചു പേരുണ്ട്. യേശുദാസ്, ജയചന്ദ്രന്‍ എന്നൊക്കെ പേരുള്ള കുറച്ചുപേര്‍. പാട്ടുകാരാണ് എന്നാണ് അവരുടെ ഒക്കെ വിചാരം. വെറുതെ. ഒന്നിനും പാടാന്‍ അറിയില്ല. ശബ്ദമോ... കേള്‍ക്കുന്നത് തന്നെ അറപ്പാണ് ഞങ്ങള്‍ക്ക്. ഞങ്ങള്‍ക്ക് ഗിഫ്റ്റ് ആയി ഇപ്പോള്‍ ഒരുപാട് ഗായകരുണ്ട്. അവരുടെ ശബ്ദത്തിനു തന്നെ കൊടുക്കണം കാശ്. അവര്‍ പാടുമ്പോള്‍ ഉണ്ടാകുന്ന നിര്‍വൃതി. അത് പറഞ്ഞാല്‍ മനസ്സിലാകുമോ ഈ പഴയ പാട്ടിന്റെ ആള്‍ക്കാര്‍ക്ക്. എരുമയുടെ ശബ്ദത്തില്‍ ഒന്നു പാടികാണിക്കട്ടെ ഈ യേശുദാസും ജയച്ചന്ദ്രനുമൊക്കെ. അപ്പോള്‍ സമ്മതിക്കാം ഞങ്ങള്‍.


പിന്നെ ഞങ്ങളുടെ ഗാനരചയിതാക്കളുടെ കാര്യം. വയലാര്‍, പി. ഭാസ്ക്കരന്‍ തുടങ്ങിയ കുറച്ചു പേരുണ്ടായിരുന്നു ഇവിടെ. ഞങ്ങളുടെ ഇപ്പോഴുള്ള രചയിതാക്കളുടെ വാലേല്‍ കെട്ടാന്‍ കൊള്ളുമോ അവരെ. ഒരു "ചക്രവര്‍ത്തിനീ". ഇതാണോ രചന?. എന്നാല്‍ ഞങ്ങളുടെ ചേട്ടന്‍മാരുടെ വരികള്‍ ശ്രദ്ധിക്കൂ. "അലസാ കോലുസാ പെണ്ണ് ...അവളിലെനിക്കൊരു കണ്ണ് ", എന്തൊരു കാവ്യഭംഗി!!! വേറൊന്ന് കൂടി കേട്ടോ "പിടിയാന പിടിയാനാ അവള്‍ മദയാന മദയാന" . ഇതാണ് രചന ...."എസ്കോട്ടെല്ലോ ബിപിഎല്ലൊ ഞാന്‍ നിന്റെ മൊബൈല്‍ ആയെങ്കില്‍" എന്ന് കാവ്യത്മകമായി എഴുതാന്‍ കഴിയുമോ ഈ വയലാറിനും ഭാസ്കരനും. ഇത്തിരി പുളിക്കും.


ഈ കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കുടുതല്‍ പഴി കേള്‍ക്കുന്നവരാണ് ഞങ്ങളുടെ പുതിയ സംഗീത സംവിധായകര്‍. അവര്‍ ഏത് സംഗീതം കൊടുത്താലും പഴയ പാട്ടിന്റെ മോഷണമാണത്രേ. പറയുന്നവര്‍ക്ക് പറഞ്ഞാല്‍ മതി. സംഗീതം എന്ന് പറയുന്നതു അനന്ത സാഗരമാണ്. ഒരേ രാഗത്തില്‍ ചിട്ടപ്പെടുത്തുമ്പോള്‍ ചിലപ്പോള്‍ വേറെയൊരു പാട്ടിന്റെ ട്യൂണ്‍ ഒക്കെ വന്നെന്നിരിക്കും. പഴയ മണ്ടന്‍ സംഗീത സംവിധായകര്‍ ചെയ്യുന്നപോലെ വരികള്‍ എഴുതിയിട്ട് ട്യൂണ്‍ ഇടാന്‍ ഒന്നും ഞങ്ങളുടെ പുതിയ സംഗീത സംവിധായകന്‍മാര്‍ക്ക് സമയവുമില്ല. താല്‍പര്യവുമില്ല.


പഴയ ഗാനങ്ങള്‍ക്കാണ് മധുരം കുടുതല്‍ എന്ന് പറയുന്ന നിങ്ങളോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളുടെ നിലവാരത്തിലേക്ക് ഉയരുക. അല്ലെങ്കില്‍ വാ പൂട്ടി മിണ്ടാതിരിക്കുക. ഞങ്ങളെ കൊണ്ടു ഇതൊക്കെയേ പറ്റു . വേണമെങ്കില്‍ കേട്ടാല്‍ മതി.......


വാല്‍ക്കഷണം: ദൈവം കരുണ ഉള്ളവനാണ്. വയലാറിനെയും ദേവരാജന്‍ മാഷിനെയും രവീന്ദ്രന്‍ മാഷിനെയുമൊക്കെ അദ്ദേഹം നേരത്തെ അങ്ങ് വിളിച്ചല്ലോ. അല്ലെങ്കില്‍ അവരുടെ സ്ഥിതി............

Sunday, January 20, 2008

പീഡനക്കാരെ ഇതിലേ...ഇതിലേ...


സ്ത്രീപീഡനം !! സ്ത്രീപീഡനം !! കുറച്ചു നാള്‍ മുന്‍പ് വരെ മലയാളിയെ ഞെട്ടിച്ചിരുന്ന ഒരു വാക്കായിരുന്നു ഇത്. പ്രായപൂര്‍ത്തിയായ പെണ്മക്കളെ പറ്റി വേവലാതി പൂണ്ടിരുന്ന അച്ഛനമ്മമാരുടെ മനസ്സില്‍ തീ കൊരിയിട്ട വാക്ക്. എല്ലാ പത്രങ്ങളും ഒരുപോലെ ആഘോഷിച്ച വാക്ക്.എന്നാല്‍ ഇപ്പോള്‍ കാലം മാറിപ്പോയി. ഇപ്പോള്‍ ഈ വാക്ക് കേട്ട്‌ ഒരു മലയാളിയും ഞെട്ടുന്നില്ല. ജോലി കഴിഞ്ഞു മടങ്ങുന്ന സര്‍ക്കാര്‍ ജോലിക്കാരെ മാത്രം ലക്‍ഷ്യം വച്ച് പുറത്തിറങ്ങുന്ന സായാഹ്നപത്രം എന്ന ഓമനപ്പേരുള്ള "മഞ്ഞ"പ്പത്രങ്ങളിലെ ഇക്കിളിപ്പെടുത്തുന്ന വാര്‍ത്തകളില്‍ ഒന്നായി ഇതും മാറിയിരിക്കുന്നു. ഇത്തരം വാര്‍ത്തയോട് നിസംഗമായി പ്രതികരിക്കാന്‍ ശീലിച്ചു മലയാളി. സ്ത്രീപീഡനം എന്നുള്ളത് നമ്മുടെ നാട്ടില്‍ മാത്രം ഉള്ള ഒരു "പ്രതിഭാസം" ഒന്നുമല്ലെങ്കിലും ഈ കുറ്റകൃത്യത്തിന്റെ തോത് നമ്മുടെ നാട്ടില്‍ കൂടുതലാണെന്നു സമ്മതിക്കാതെ തരമില്ല. നമ്മുടെ നാട്ടില്‍ കാമവെറിയന്മാരുടെ എണ്ണം കുടി വരുന്നു എന്ന് പരിതപിക്കുമ്പോഴും ഒന്നു ചോദിച്ചോട്ടെ? ഈ അവസ്ഥയ്ക്ക് അറിഞ്ഞോ അറിയാതെയോ നമ്മളും പങ്കാളികളല്ലേ? ആണെങ്കിലും നമ്മള്‍ സമ്മതിച്ചു കൊടുക്കില്ല. കാരണം നൂറു ശതമാനം സാക്ഷരത നേടിയ മലയാളിക്ക് ഒരു കൂട്ടികൊടുപ്പുകാരനു സമാനമായ മനഃശാസ്ത്രം ആണുള്ളതെന്ന് സമ്മതിച്ചു കൊടുത്താല്‍ എന്താകും നമ്മുടെ "പകല്‍ മാന്യത"യുടെ സ്ഥിതി.


കസവു വേഷ്ടി ധരിച്ചു നെറ്റിയില്‍ ചന്ദനക്കുറിയും മുടിയില്‍ തുളസിക്കതിരും ചൂടിയ പെണ്‍കൊടി. രണ്ടു ദശാബ്ദം മുന്‍പ് വരെ മലയാളി മങ്കമാരെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ അങ്ങനെ ആയിരുന്നു. മലയാള സംസ്കൃതിയോടൊപ്പം തന്നെ പ്രശസ്തമായിരുന്നു ആ കുലീനതയും. ഇപ്പോള്‍ എല്ലാം മാറി. ഇപ്പോള്‍ സംസ്കാരവുമില്ല, കുലീനതയുമില്ല, മലയാളി മങ്കമാര്‍ക്ക് വസ്ത്രവും വേണ്ടാ എന്നതാണ് അവസ്ഥ. പരമാവധി തുണി കുറയ്ക്കുക എന്നതാണത്രേ ഇപ്പോഴത്തെ "ഫാഷന്‍".പഴയകാലം തിരിച്ചു വരും എന്ന് കവികള്‍ പാടുന്നത് വെറുതെയല്ല. നമ്മള്‍ പോവുകയാണ് ആ പഴയ ശിലായുഗത്തിലേക്ക്. "വിനാശകാലേ വിപരീത ബുദ്ധി" എന്ന് കരുതി സമാധാനിക്കാം നമുക്ക്.


ഇത്തരം "ഫാഷന്‍ " , പീഡനങ്ങള്‍ക്ക് ഒരു കാരണമാണെന്ന് സമ്മതിക്കാന്‍ മലയാളിക്ക്‌ ബുദ്ധിമുട്ടാണ് എങ്കിലും സത്യം അതാണ്. മറയ്ക്കേണ്ടത്‌ മറച്ചു തന്നെ പിടിക്കണം എന്ന പഴയ ചിന്തകള്‍ക്ക് ഇന്നത്തെ മനസ്സില്‍ സ്ഥാനമില്ല. എങ്കിലും കുട്ടി ഉടുപ്പിടുന്ന സഹോദരീ ഒന്നു പറഞ്ഞോട്ടെ..... ഇത്തരം വസ്ത്രം ധരിച്ചു ആദ്യം നിങ്ങള്‍ നിങ്ങളുടെ സഹോദരന്റെയും അച്ഛന്റെയും അമ്മയുടെയും മുന്‍പിലേക്ക്‌ ചെല്ലു. അവരുടെ മുന്‍പില്‍ നിങ്ങള്‍ക്ക് ലജ്ജിക്കാതെ നില്‍ക്കാന്‍ കഴിയുമോ? നിങ്ങള്‍ ഇത്തരം വസ്ത്രം ധരിക്കുമ്പോള്‍ ഈ ഇറുകിയ വസ്ത്രങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ ശ്വാസംമുട്ടൽ അനുഭവിക്കുന്നത്‌ കാണുന്നവരാണ്‌. ഒന്നു മനസിലാക്കുക. മലയാളിയുടെ മനസ് ഇപ്പോഴും പഴകിയതാണ്. ഉന്നത തലത്തില്‍ ചിന്തിക്കുന്നു എന്നുള്ളതെല്ലാം മറ്റുള്ളവരുടെ മുന്‍പില്‍ കൊട്ടിഘോഷിക്കാനുള്ള പുറംമോടി മാത്രമാണ്‌. കേരളത്തിന് പുറത്തു ജോലിചെയ്യുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് താല്പര്യമില്ല എന്ന സര്‍വ്വേ ഫലം തന്നെ ഈ നാട്യങ്ങള്‍ക്ക് തെളിവാണ്.


എന്നാല്‍ തങ്ങള്‍ കാണുന്നതാണ് ലോകത്തിന്റെ യഥാര്‍ത്ഥ മുഖമെന്നു ധരിക്കുകയും അപക്വമായ മനസിലുള്ളത് നിഷ്കളങ്കമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന കൌമാര മനസ്സുകളെ നമുക്കു വെറുതെ വിടാം. എന്നാല്‍ ഇതിനൊക്കെ ഉത്തരവാദികളായ ചിലരുണ്ട്. മക്കളെ ശ്രദ്ധിക്കാന്‍ പോലും സമയമില്ലാതെ അവരെ തോന്ന്യാസങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്ന അച്ഛനമ്മമാരുടെ വേഷം കെട്ടിയ നികൃഷ്ട ജന്മങ്ങള്‍. പ്രശസ്തിയും പണവും കിട്ടുമെങ്കിൽ എന്ത് "വിട്ടു വീഴ്ച" ചെയ്യാനും മക്കളെ പ്രേരിപ്പിക്കുന്ന ഈ കൂട്ടരെ തിരണ്ടി വാലുകൊണ്ട് അടിച്ചാലും അത് അധികമാവില്ല. ഏതെങ്കിലും സിനിമ അല്ലെങ്കില്‍ സീരിയല്‍ ഷൂട്ടിങ് നടക്കുന്നിടത്തേക്ക് കടന്നു ചെന്നാല്‍ നിങ്ങള്‍ക്കും കാണാന്‍ കഴിയും ഈ കൂട്ടരെ. ഫാഷന്‍ എന്ന പേരില്‍ കോലം കെട്ടിച്ച മകളുടെ കയ്യും പിടിച്ചു ചുണ്ടില്‍ ചായവും വാരിപൂശി എന്തിനും തയ്യാറായി സംവിധായകനെ കാണാന്‍ നില്പുണ്ടാകും അവര്‍. അവര്‍ക്ക് തിരിച്ചു കിട്ടേണ്ടത് പ്രശസ്തിയും പണവും മാത്രമാണ്‌. പുതിയ പടത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് സ്വന്തം മകളുടെ അർദ്ധനഗ്ന ഫോട്ടൊ അയച്ചു കൊടുത്ത അമ്മയെ കുറിച്ച് ഒരു പ്രമുഖ സം‍വിധായകന്റെ വെളിപ്പെടുത്തൽ നമുക്കിതിനോട് കൂട്ടിവായിക്കാം. സ്വന്തം മക്കള്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണം വാങ്ങാന്‍ ഈ സമൂഹത്തിന്‍റെ മുന്‍പില്‍ മാനം വില്ക്കേണ്ടി വരുന്ന, വ്യഭിചാരികള്‍ എന്ന് വിളിച്ചു നമ്മള്‍ പരിഹസിക്കുന്നവര്‍ എത്രയോ ഭേദമാണ്‌ ഈ കൂട്ടരുടെ മുന്‍പില്‍. ഇത്തരം അമ്മമാര്‍ ഈ നാട്ടിലുള്ളിടത്തോളം പീഡനങ്ങള്‍ തുടര്‍ കഥകള്‍ ആയില്ലെങ്കിലെ അതിശയിക്കേണ്ട കാര്യമുള്ളൂ. സ്ത്രീപീഡനക്കാരെ.........." നിങ്ങള്‍ക്ക് സ്വസ്തി!!!