"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Monday, December 1, 2008

മാദ്ധ്യമങ്ങള്‍ ആര്‍ക്ക് വേണ്ടി ??


നമുക്കിപ്പോള്‍ വാര്‍ത്തകള്‍ അറിയാന്‍ ഒരു വിഷമവുമില്ല. കാരണം വാര്‍ത്തകള്‍ ചൂടോടെ നമ്മളിലേക്കെത്തിക്കാന്‍ കൈവിരലില്‍ എണ്ണാവുന്നതിലുമധികം മലയാളം ദിനപ്പത്രങ്ങളുണ്ട് നമുക്ക്. അതും പോരാ എങ്കില്‍ കൈവിരല്‍ തുമ്പില്‍ ലൈവ് വാര്‍ത്തകളും വിശേഷങ്ങളുമായി നിരന്നു നില്‍ക്കുന്ന നിരവധി മലയാളം വാര്‍ത്താ ചാനലുകളുമുണ്ട്. വാര്‍ത്തകള്‍ക്ക് വേണ്ടി കാതോര്‍ക്കുന്ന മലയാളിക്ക് ‘ആനന്ദലബ്ധിക്ക്‘ ഇനി എന്തുവേണം?

കാശ് കൊടുത്ത് പത്രം വാങ്ങി വായിക്കുകയും, വാര്‍ത്തകള്‍ കാണാനും വിശകലനങ്ങള്‍ കേള്‍ക്കാനും വാര്‍ത്താചാനലുകളുടെ മുന്‍പില്‍ കുത്തിയിരിക്കുകയും ചെയ്യുന്ന നമ്മള്‍ വിഡ്ഡികളാക്കപ്പെടുകയല്ലേ? ഇപ്പോള്‍ എല്ലാ മാദ്ധ്യമങ്ങള്‍ക്കും അവരുടേതായ ഒരു പക്ഷം ഉണ്ട്. അതെന്തായാലും പൊതുജനമെന്ന ദരിദ്രവാസികളുടെ പക്ഷമല്ല എന്ന് നൂറു ശതമാനം ഉറപ്പ്. തങ്ങള്‍ നിക്ഷ്പക്ഷരാണ് എന്ന് ഏതെങ്കിലും മാദ്ധ്യമം പറയുന്നുവെങ്കില്‍ നമുക്ക് ഉറപ്പിക്കാം. അത് അവരുടേ സര്‍ക്കുലേഷനോ വ്യൂവര്‍ഷിപ്പോ കൂട്ടാനുള്ള വെറും പരസ്യവാചകം മാത്രം.

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, അവരുടെ വാദഗതികളും അവരുടെ ദിശയില്‍ കൂടി “മാത്രം” കാണുന്ന വാര്‍ത്തകളും വിളമ്പാന്‍, സ്വന്തമായി പത്രങ്ങളും ചാനലുകളും തുടങ്ങിയിട്ടിട്ടുണ്ട്. മറ്റു പ്രസ്ഥാനങ്ങളെ കുറ്റം പറയാനും രാഷ്ട്രീയ എതിരാളികളെ കരി വാരി തേക്കാനും മാത്രം ഉള്ള പരസ്യപ്പലകകളാണവ. ഞങ്ങളുടെ പത്രം ഞങ്ങളുടെ ചാനല്‍ ഞങ്ങള്‍ക്ക് തോന്നുന്നത് എഴുതും പറയും. ഇതാണ് അവരുടെ ലൈന്‍. പക്ഷെ വാര്‍ത്തയിലെ ശരിയും തെറ്റും നോക്കാതെ പ്രസ്ഥാനങ്ങളുടെ നിലപാടുകള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന ഇത്തരം മാദ്ധ്യമങ്ങള്‍ മുഖ്യധാരയില്‍ തന്നെ നിലനില്‍ക്കുന്നത് ചിലപ്പോള്‍ മലയാളിയുടെ ‘രാഷ്ട്രീയ പ്രബുദ്ധത‘കൊണ്ടാകാം.

രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഉണ്ടാകുമ്പോള്‍ തങ്ങളുടെ അനുഭാവിക്ക് വെട്ടേറ്റ വാര്‍ത്ത മുന്‍പേജില്‍ വലിയ പ്രാധാന്യത്തോടേ പ്രസിദ്ധീകരിക്കുമ്പോള്‍ അതേ സംഘട്ടനത്തില്‍ എതിര്‍ സംഘടനയിലെ രണ്ട് പേര്‍ മരിച്ചു എന്ന വാര്‍ത്ത അവഗണിക്കുകയോ അല്ലെങ്കില്‍ ഉള്‍പേജിലെ ചെറിയ കോളത്തില്‍ ഒതുക്കുകയോ ചെയ്യുക എന്നതാണ് ഇത്തരം പത്രങ്ങളുടെ മാദ്ധ്യമ ‘ധര്‍മ്മം’. ഇത്തരം വാര്‍ത്ത വളച്ചൊടിക്കലും കെട്ടിചമയ്ക്കലുമൊക്കെ ദേശാഭിമാനി, ജന്‍മഭൂമി, വീക്ഷണം തുടങ്ങിയ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്വന്തം മുഖപ്പത്രങ്ങള്‍ക്ക് ഭൂഷണമായിരിക്കാം. കാരണം അത്തരം മാദ്ധ്യമങ്ങളുടെ ‘കര്‍ത്തവ്യം‘ തന്നെ അതാണല്ലോ...

പിന്നെയുള്ളത് മനോരമ , മാതൃഭൂമി തുടങ്ങിയ ‘മാദ്ധ്യമ ഭീമന്‍‘മാരാണ്. അങ്ങനെ ഒരു വിശേഷണം അവര്‍ക്ക് ആരും ചാര്‍ത്തി കൊടുത്തതല്ല. അവര്‍ അത് സ്വയം എടുത്തണിഞ്ഞതാണ്.സമുദായ ആചാര്യന്‍മാരെയും രാഷ്ട്രീയ നേതാക്കളെയും സമൂഹത്തിലെ ഉന്നതരെയും സമയാസമയം ‘സുഖിപ്പിക്കാന്‍‘ അറിയാം എന്നതാണ് ഈ ‘ഭീമന്‍‘മാരുടെ പത്രപ്രവര്‍ത്തന ‘ധര്‍മ്മ‘ത്തിന്റെ പ്രധാന സവിശേഷത. വലിയ തിരുമേനി സ്ഥാനമേറ്റാലും , കാലം ചെയ്താലും സമുദായാചാര്യന്‍ മാര്‍ക്ക് 89 തികഞ്ഞാലും തങ്ങള്‍ക്ക് പ്രിയമുള്ള രാഷ്ട്രീയ നേതാക്കളുടെ കുട്ടിക്ക് ഉണ്ണി പിറക്കുമ്പോഴുമെല്ലാം പ്രകീര്‍ത്തിച്ച് മുഖപ്രസംഗമെഴുതിയും പ്രത്യേക സപ്ലിമെന്റുകളിറക്കിയുമൊക്കെ അവര്‍ തങ്ങളുടെ ‘സുഖിപ്പിക്കല്‍‘ പ്രക്രിയ വെടിപ്പായി നിര്‍വ്വഹിക്കുന്നു.

സപ്ലിമെന്‍റ് ഇറക്കാന്‍ വേണ്ട ചിലവിനെ സംബന്ധിച്ച് ഈ ‘ഭീമന്‍‘മാര്‍ക്ക് വേവലാതിയില്ല. കാരണം സിനിമാ താരങ്ങള്‍ക്ക് ജന്‍മദിനാശംസ നേരാനും സ്വന്തം പിച്ചില്‍ കളിച്ചു ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശംസ നേരാനുമൊക്കെ 100 രൂപ നീട്ടിപ്പിടിച്ച് ക്യൂ നില്‍ക്കാന്‍ അത്താഴപ്പട്ടിണിക്കാരനായ മലയാളി പോലും മത്സരിക്കുമ്പോള്‍ അവര്‍ക്ക് എന്ത് വേവലാതി‍.

ചില സമയത്ത് ഈ ‘ഭീമന്‍‘മാര്‍ തങ്ങള്‍ പറയുന്നതാണ് സത്യം എന്നങ്ങ് സ്ഥാപിച്ചു കളയും.അഭയാ കേസിലെ പ്രതികളുടെ അറസ്റ്റ് നടന്ന ദിവസം മനോരമാ ന്യൂസ് ചാനലില്‍ അങ്ങനെ ഒരു അഭ്യാസം കാണാന്‍ കഴിഞ്ഞു. അറസ്റ്റ് ദുരൂഹമാണെന്ന് സ്ഥാപിക്കാനുള്ള ചാനലിന്റെയും ഷാനി പ്രഭാകരന്റെയും പരിശ്രമം അത്രക്ക് ദയനീയമായിരുന്നു എന്ന് പറയാതെ വയ്യ. കൊല്ലത്ത് കന്യാസ്ത്രീ ആത്മഹത്യ ചെയ്ത്, സഭ പ്രതിക്കൂട്ടില്‍ വന്ന ഘട്ടത്തിലും മനോരമയുടെ ഈ ‘പ്രതിബദ്ധത’ ഉണര്‍ന്നിരുന്നു. സംഭവത്തിന്റെ അടുത്ത ദിവസങ്ങളില്‍ മറ്റു മാദ്ധ്യമങ്ങളില്‍ ഈ സംഭവം നിറഞ്ഞ് നിന്നപ്പോള്‍ മനോരമ പത്രത്തില്‍ ഇതിനേപറ്റി ഒരു വാര്‍ത്ത വായിക്കാന്‍ ഭൂത കണ്ണാടി വച്ച് തിരയേണ്ടി വന്നു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിക്കിടമില്ല.

സായാഹ്ന പത്രങ്ങളും നമുക്ക് കുറവല്ല. സായാഹ്ന പത്രങ്ങളിലെ പത്ര ലേഖകര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനും ‘കഴിവു‘ള്ളവരാണ്. അവര്‍ സൃഷ്ടിക്കുന്ന ചൂടന്‍ വാര്‍ത്തകള്‍ അതാത് സായാഹ്ന പത്രങ്ങളിലല്ലാതെ മറ്റെവിടെയും നമുക്ക് കാണാന്‍ കഴിയില്ല. അതാണ് അവരുടെ വൈദഗ്ദ്ധ്യം. എന്തിനധികം അതേ പത്രത്തില്‍ പോലും അടുത്ത ദിവസം ആ വാര്‍ത്തയെ പറ്റി ഒരു പരാമര്‍ശം പോലും ഉണ്ടാവുകയുമില്ല. അതെന്താ അങ്ങനെ? എന്നു നമുക്ക് ചോദിക്കാനും കഴിയില്ല. കാരണം കഥയില്‍ ചോദ്യമില്ല!!!

സായാഹ്നപത്രത്തെ കുറിച്ചുള്ള നിര്‍വ്വചനം നിസ്സാരമാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സര്‍ക്കാര്‍ ജോലിക്കാരെയും, യാത്രയില്‍ ബോറടിക്കുന്നവരെയും മാത്രം ലക്ഷ്യം വച്ച് പുറത്തിറങ്ങുന്ന അത്യാവശ്യം എരിവും പുളിയുമുള്ള മ(ഞ്ഞ)ലയാളം പത്രം.

ദുരന്തങ്ങളും അപകടങ്ങളുമൊക്കെ മാദ്ധ്യമങ്ങള്‍ ‘ആഘോഷിക്കുന്ന’ ഒരു ചിത്രമാണ് ഇപ്പോള്‍ നമുക്ക് മുന്‍പിലുള്ളത്. ദുരന്തത്തിന്റെ ഭീകര ദൃശ്യങ്ങള്‍ മുന്‍പേജില്‍ തന്നെ നല്‍കി പത്രക്കാര്‍ വായനക്കാരുടെയും ബീഭത്സ ചിത്രങ്ങള്‍ ലൈവ് ആയിക്കാണിച്ച് ചാനലുകള്‍ പ്രേക്ഷകരുടെയും ധൈര്യത്തെ അളക്കുകയാണ്. ദൃശ്യങ്ങള്‍ എത്രത്തോളം ഭീകരമാകുന്നൊ അത്രത്തോളം തങ്ങളുടെ ജനപ്രീതി കൂടുകയാണ് എന്ന് കണക്കുകൂട്ടുന്നുണ്ടാകും അവര്‍..

വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതായിരിക്കുന്നു മാധ്യമങ്ങളുടെ ശൈലി. മാദ്ധ്യമ ധര്‍മ്മം എന്നത് പത്രത്തിന്റെയും ചാനലിന്റെയും, മാനേജ്മെന്റിന്റെ താല്പര്യത്തിന് അനുസരിച്ച് തൂലിക ചലിപ്പിക്കാനും വായ്പ്പാട്ട് പാടാനുമുള്ള പുകമറയും. സ്വതന്ത്ര ചിന്താഗതിയുള്ള പത്ര പ്രവര്‍ത്തകര്‍ക്ക് നിലനില്‍പ്പില്ല എന്നതാകാം ഈ അപച്യുതിക്ക് കാരണം. എല്ലാ മാദ്ധ്യമങ്ങളും സ്വതന്ത്രമായും സത്യസന്ധമായും ചിന്തിക്കാനും എഴുതാനും പറയാനും തുടങ്ങുന്ന ഒരു കാലമുണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്തെങ്കിലും പ്രതീക്ഷിക്കുന്നതിന് നമുക്ക് പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ...