"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Thursday, November 19, 2009

ലവ് ജിഹാദ് എന്ന “വില്ലന്‍“


ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഹിന്ദു-കൃസ്ത്യന്‍ സമുദായത്തില്‍ പെട്ട പ്രായപൂര്‍ത്തിയായതോ അല്ലെങ്കില്‍ സമീപ ഭാവിയില്‍ പ്രായപൂര്‍ത്തിയാകാന്‍ പോകുന്നതോ ആയ പെണ്‍ മക്കള്‍ ഉള്ള മാതാപിതാക്കള്‍ ആരും കുറച്ച് നാളായി ഉറങ്ങുന്നതേ ഇല്ലത്രേ. ഈ പാവങ്ങളുടെ ഉറക്കം കളയുന്ന ‘വില്ലന്‍‘ മറ്റാരുമല്ല. “ലവ് ജിഹാദ്“. ഇവനാണ് ലവന്‍. ‘റോമിയോ ജിഹാദ്‘ എന്ന ഒരു വിളിപ്പേര് കൂടി ഉണ്ടത്രെ ഇവന്. ഏതായാലും ഇതോട് കൂടി മതപരിവര്‍ത്തനത്തിന്റെ പേരിലുള്ള തമ്മില്‍തല്ലിന് വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്.


ജിഹാദ്‘ എന്ന പദവുമായി വിക്കിയപീഡിയയില്‍ കയറിയപ്പോള്‍ കിട്ടിയത് ഇങ്ങനെയാണ്. “ഇസ്ലാമിൽ ജിഹാദ് എന്ന പദത്തിന്‌ ഒന്നിലേറെ അര്‍ത്ഥങ്ങളുണ്ട്. സമാധാനവും നന്മനിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം, അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരെയുള്ള സമരം, വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രതിരോധ യുദ്ധം എന്നിവയെല്ലാം ജിഹാദിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍പ്പെടുന്നു.“


പക്ഷേ ജിഹാദ് എന്ന പദം ഇപ്പോള്‍ നമ്മള്‍ കൂടുതല്‍ കേള്‍ക്കുന്നത് സ്ഫോടനങ്ങളുടെയും തീവ്രവാദ അക്രമങ്ങളുടെയുമൊക്കെ പുറകിലുള്ള മുദ്രാവാക്യമായിട്ടാണ്. ചില ദുഷ്ടജന്മങ്ങളുടെ വഴിപിഴച്ച പോക്കിന്റെ പേരില്‍ ഇവിടെ ക്രൂശിക്കപ്പെടുന്നത് ഒരു സമുദായം മുഴുവനും ആണ്. ഇതാ ഇപ്പോള്‍ “ലവ് ജിഹാദ്“ എന്ന പേരിലും ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത് അത്തരം ഒരു ആരോപണമാണോ എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.


“ലവ്ജിഹാദ്” എന്ന അദൃശ്യമായ സംഭവം സത്യമോ മിഥ്യയോ ആയിക്കൊള്ളട്ടെ. ആശ്ചര്യപ്പെടുത്തുന്നത് മറ്റു ചിലതാണ്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുകയാണ് ലവ് ജിഹാദിന്റെ ഉദ്ദേശമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. അപ്പോള്‍ ഉയര്‍ന്ന് വരുന്ന ഒരു സംശയമുണ്ട്. ആരുടെയെങ്കിലും ആജ്ഞകള്‍ക്കനുസരിച്ച് മാറുന്നതാണോ മതപരമായ വിശ്വാസങ്ങള്‍?ആരെങ്കിലും പറയുന്നത് കേട്ട് എപ്പോള്‍ വേണമെങ്കിലും മാറ്റിമറിക്കാവുന്ന ലോലമായ മതവിശ്വാസം മാത്രം ഉള്ളവരാണോ ഇവിടുത്തെ ഹിന്ദു-കൃസ്ത്യന്‍ പെണ്‍കൊടിമാര്‍? അങ്ങനെ എങ്കില്‍ അത് ഹിന്ദുമതത്തിന്റെയും കൃസ്ത്യന്‍ മതത്തിന്റെയും പോരായ്മയാണെന്ന് സമ്മതിച്ച് കൊടുക്കേണ്ടി വരും


പ്രണയം നടിച്ച് കൊണ്ട്പോകുന്നു. ഇസ്ലാം മതവുമായി ബന്ധപ്പെട്ട ബുക്കുകള്‍ വായിക്കാന്‍ കൊടുക്കുന്നു, മതപ്രഭാഷണങ്ങള്‍ കേള്‍പ്പിക്കുന്നു, പെണ്‍കുട്ടിയുടെ മനസ്സും ശരീരവും വളരെ പെട്ടെന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു. എല്ലാം വളരെ ഫാസ്റ്റ്. ഈ കഥയുടെ പിന്നിലുള്ള ബുദ്ധി ആരുടേതായാലും അത് വല്ലാത്ത അതിബുദ്ധിയായിപ്പോയി. ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂവല്ലേ എന്ന് സംശയദൃഷ്ടിയോടെ ചോദിക്കുന്ന മലയാളികളുടെ മുന്‍പിലേക്ക് കുറച്ച് കൂടി വിശ്വാസ യോഗ്യമായ ഒരു കഥയായിരുന്നു ഈ ബുദ്ധിമാന്‍മാര്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. ലവ് ജിഹാദ് എന്ന പേരില്‍ ഭീതി പടര്‍ത്തി പ്രചരിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍, ഒന്നുകില്‍ മിശ്രവിവാഹവും അത് വഴി മതപരിവര്‍ത്തനവും തടയാനുള്ള ഏതോ അതി ബുദ്ധിമാന്മാരുടെ ഭാവന അല്ലെങ്കില്‍ ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനുള്ള കുടില തന്ത്രം എന്നിവയില്‍ ഒന്നായേ കാണാന്‍ കഴിയൂ.


മത പരിവര്‍ത്തനത്തിന്റെ പേരില്‍ ഇവിടെ പലപ്പോഴും ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടന്നിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ പലപ്പോഴും പ്രതി സ്ഥാനത്ത് നിര്‍ത്തപ്പെട്ടിട്ടുള്ളവരാണ് കൃസ്ത്യന്‍ മിഷനറിമാര്‍. എന്നാല്‍ ലവ് ജിഹാദിനെ എതിര്‍ക്കുന്നത് അവര്‍ കൂടിയാണ് എന്നതാണ് രസകരമായ വസ്തുത. ആശാന് അടുപ്പിലുമാകാം എന്നതാകും ഇതിനു പിന്നിലുള്ള ചേതോവികാരം.


കൃസ്ത്യന്‍ മിഷനറിമാര്‍ പണവും വീടും നല്‍കി പാവപ്പെട്ട ഹിന്ദുക്കളെ മതം മാറ്റുന്നു എന്നൊരാരോപണം ഇടയ്ക്കിടയ്ക്ക് കേള്‍ക്കാറുണ്ട്. പക്ഷെ വീടും പണവും കിട്ടിയാല്‍ ഹിന്ദുക്കള്‍ തങ്ങളുടെ വിശ്വാസങ്ങളെ പണയം വയ്ക്കുമോ ?എന്ന ചോദ്യം മാത്രം ആരും ചോദിച്ച് കാണാറില്ല. ഈ ചോദ്യത്തിന് ഒരുത്തരമേ ഉള്ളു പാവപ്പെട്ടവന് വിശപ്പിന്റെ ആളലാണ് പ്രധാനകാര്യം. അതിനു ശേഷമേ വിശ്വാസങ്ങള്‍ക്കും ആരാധനയ്ക്കുമൊക്കെ അവന്റെ മനസ്സില്‍ സ്ഥാനമുള്ളു. തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന സ്വന്തം സമുദായസംഘടനകളേയും ദൈവങ്ങളേയും മറന്ന് തനിക്ക് നേരെ സഹായ ഹസ്തം നീട്ടുന്നവരുടെ സമുദായത്തിലേക്കും ദൈവത്തിലേക്കും (പ്രേരണയാലോ അല്ലാതെയോ) ചേക്കേറുന്നവരെ എങ്ങനെ കുറ്റം പറയാന്‍ സാധിക്കും. ഇത്തരം ആളുകളെ മതപരിവര്‍ത്തനത്തില്‍ നിന്നും പിന്‍ തിരിപ്പിക്കാന്‍ വീണ് കിടക്കുന്ന അവര്‍ക്ക് ഒരു കൈത്താങ്ങായാല്‍ മാത്രം മതി. പക്ഷേ വെറുതേ ഇരുന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നതുപോലെയും മാദ്ധ്യമങ്ങളുടെ മുന്‍പില്‍ കുണ്ഠിതപ്പെടുന്നതുപോലെയും എളുപ്പമല്ലല്ലോ അത്. അതിനാലാകാം ഹിന്ദു സംഘടനകളും, ഇത്തരം സംഭവങ്ങളില്‍ നിന്ന് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതെല്ലാം ബോധപൂര്‍വ്വം മറക്കുന്നത്.


ലവ് ജിഹാദ് പ്രശ്നത്തില്‍ ഇസ്ലാം മത പണ്ഡിതന്മാരും പക്വപൂര്‍ണ്ണമായ ഒരു നിലപാടല്ല എടുത്തത് എന്നാണ് എന്റെ അഭിപ്രായം. ലവ് ജിഹാദ് പോലെ ഒരു പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അത് തടയണം എന്ന ഒരു പ്രസ്താവന മാത്രം മതിയായിരുന്നു ലവ് ജിഹാദ് അല്ലെങ്കില്‍ റോമിയോ ജിഹാദ് പോലെയുള്ള ആരോപണങ്ങളുടെ മുന, തൊടുക്കും മുന്‍പേ ഒടിക്കാന്‍. പക്ഷെ അപക്വമായ പ്രതികരണങ്ങള്‍ പ്രശ്നത്തെ സങ്കീര്‍ണ്ണവും ഭീതിജനകവുമാക്കി. ലവ് ജിഹാദ് ആരോപണത്തിന്റെ പിന്നിലെ സത്യം എന്ത് തന്നെയായാലും നിക്ഷ്പക്ഷമായ അന്വേഷണത്തിലൂടെ അത് പുറത്ത് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം മതസൌഹാര്‍ദ്ദ മനസ്സുകളില്‍ ഉണ്ടാക്കപ്പെടുന്ന ഒരു ചെറിയ വിള്ളല്‍ പോലും ആത്മഹത്യാപരമായേക്കാം.


വാല്‍ക്കഷണം: വേറൊരാള്‍ നിര്‍ബന്ധിച്ചാല്‍ സ്വന്തം അഛനെയും അമ്മയെയും മാറ്റിപ്പറയാത്ത കാലത്തോളം നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന വാക്കിന് പ്രസക്തിയില്ല എന്നാണ് എന്റെ അഭിപ്രായം‍. കാരണം അങ്ങനെ മാറ്റാന്‍ കഴിയുന്നതല്ല മലയാളിയുടെ ചിന്തകളും അടിയുറച്ച മതവിശ്വാസങ്ങളും എന്ന് ഞാന്‍ വിശ്വസിക്കുന്നു.എന്ത് തന്നെ നേടാനായാലും സ്വന്തം മതവിശ്വാസങ്ങള്‍ ഉപേക്ഷിച്ച് മറ്റൊന്ന് തേടി പോകുന്നവരെ കുറിച്ച് കുണ്ഠിതപ്പെടേണ്ട ഒരു കാര്യവും ഉണ്ടെന്നും തോന്നുന്നില്ല. ഏത് മതത്തിലും വിശ്വസിക്കുവാനുമുള്ള അവകാശം ഭരണഘടന അവന് നല്‍കിയിട്ടുണ്ട്. അക്കരെ പച്ച സ്വപ്നം കണ്ട് പോകുന്നവര്‍ക്ക് അത് കിട്ടുന്നെങ്കില്‍ കിട്ടട്ടെ. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ തെറിക്കട്ടെ എന്നു വയ്ക്കണം. അല്ല പിന്നെ.....