"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Thursday, January 1, 2009

മധുമോഹനും മെഗാപരമ്പരയും


മധുമോഹന്‍ എന്നൊരാളെ മലയാളികള്‍ മറന്നൊ? മറക്കാന്‍ വഴിയില്ല. കാരണം അത്രമാത്രം മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിച്ച ഒരാള്‍ ഉണ്ടായിട്ടില്ല. മലയാളം മെഗാ കണ്ണീര്‍ സീരിയലുകളുടെ വിപ്ലവത്തിന്(അതോ ദുരന്തത്തിനോ?) തുടക്കം കുറച്ച ഈ വ്യക്തിയെ ചുരുങ്ങിയത് , സീരിയല്‍ സമയത്ത് ഭക്ഷണം പോയിട്ട് പച്ചവെള്ളം പോലും കിട്ടാതെ കുടലുണങ്ങിയ അനേകായിരം ഭര്‍ത്താക്കന്‍മാരെങ്കിലും മറക്കില്ല എന്നുറപ്പ്.


ദൂരദര്‍ശന്റെ നിലവാരം താഴേയ്ക്ക് പോയി ആ സ്ഥാനം സ്വകാര്യ ചാനലുകാര്‍ കയ്യടക്കിയപ്പോള്‍ ഇനിയെങ്കിലും സമയത്തിന് ഭക്ഷണം കിട്ടുമല്ലോ എന്നു കരുതി ഭര്‍ത്താക്കന്‍മാര്‍ ഒരുപാട് സന്തോഷിച്ചു. ദൂരദര്‍ശനിലെ ‘എല്ലാമെല്ലാമായ‘ മധുമോഹനെയും അദ്ദേഹത്തിന്റെ ‘കഴിവിനെയും’ സ്ത്രീജനങ്ങള്‍ ഒഴിച്ചുള്ള പ്രേക്ഷകരെ പോലെ തന്നെ തന്നെ സ്വകാര്യ ചാനലുകാര്‍ക്കും അത്രയങ്ങോട്ട് ബോധിച്ചില്ല. പക്ഷേ കടിച്ചതിനേക്കാള്‍ വലുതാണ് പൊത്തിലിരുന്നത് എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി സ്വകാര്യചാനലുകളില്‍ പുതിയ കണ്ണീര്‍ സീരിയലുകളും ‘കഴിവുറ്റ‘ മെഗാസീരിയല്‍ സം‌വിധായകരും ഉദയം ചെയ്തു.


ശ്യാംസുന്ദര്‍, ജ്ഞാനശീലന്‍, മാര്‍ട്ടിന്‍ ചാലിശ്ശേരി, നസീര്‍.........സ്ത്രീജന പ്രേക്ഷരുടെ പ്രിയങ്കരന്‍മാരായ സം‌വിധായകരുടെ നിര നീണ്ടു. മലയാളികളെ “ദ്രോഹിക്കുന്നതില്‍“ മധുമോഹന്‍ എത്രയോ ഭേദമായിരുന്നു എന്ന് ഇവരുടെ സൃഷ്ടികള്‍ നമ്മെ കാട്ടി തന്നു. ഒരു സമയത്ത് നാലു സീരിയലുകള്‍ വരെ സം‌വിധാനം ചെയ്തു വിട്ട സം‌വിധായക പ്രതിഭകളുമുണ്ടായിരുന്നു ഇവരുടെ കൂട്ടത്തില്‍. (ഇത്തരക്കാരുടെ ഇടയില്‍ കെ.കെ.രാജീവ്, വയലാര്‍ മാധവന്‍കുട്ടി, അന്‍വര്‍ തുടങ്ങിയ മിനിമം നിലവാരം എങ്കിലും തങ്ങളുടെ സൃഷ്ടികള്‍ക്ക് വച്ച് പുലര്‍ത്തുന്ന സം‌വിധായകരുമുണ്ടായിരുന്നു എന്ന് വിസ്മരിക്കുന്നില്ല. ) ഏത് സീരിയല്‍ കണ്ടും കണ്ണു നീരൊഴുക്കാന്‍ ഭൂരിപക്ഷ സ്ത്രീ പ്രേക്ഷകര്‍ സന്ധ്യകള്‍ക്ക് വേണ്ടി കാത്തിരുന്നു. ചുരുക്കം പറഞ്ഞാല്‍ ഭക്തിസാന്ദ്രമോ ആഹ്ലാദഭരിതമോ ആകേണ്ട സന്ധ്യകള്‍ ‘കണ്ണുനീര്‍‘ കടലായി. സീരിയല്‍ സമയത്ത് വീട്ടില്‍ വരുന്ന അതിഥികളുടെ പേരുകള്‍ ശത്രുപക്ഷത്തേക്ക് മാറ്റിയെഴുതപ്പെട്ടു. സീരിയല്‍ സമയത്ത് കറണ്ട് പോയാല്‍ കെ.എസ്.ഇ.ബി ക്കാരെ അച്ഛനെയും അമ്മയെയും കൂട്ടി തെറി വിളിക്കാന്‍ സീരിയല്‍ പ്രേമികള്‍ മത്സരിച്ചു. മൊത്തത്തില്‍ ജഗപൊക.


അങ്ങനെ കഥയോ തിരക്കഥയോ എന്തിന് സ്ഥിരമായ കഥാപാത്രം പോലുമില്ലാത്ത (അഭിനേതാവ് കാശ് കൂട്ടി ചോദിച്ചാല്‍ ആ കഥാപാത്രത്തിന്റെ ഫോട്ടോയില്‍ പിറ്റേന്ന് മാല ഉറപ്പ്) തട്ടിക്കൂട്ട് മെഗാസീരിയല്‍ സംഭവം വര്‍ഷങ്ങളും ആയിരക്കണക്കിന് എപ്പിസോഡുകളും പിന്നിട്ട് സ്ത്രീജനങ്ങളുടെ കണ്ണുനീരൂറ്റി. സ്വഭാവികമായ മടുപ്പ് ഉയരുന്നത് തിരിച്ചറിഞ്ഞ ചാനലുകാരും സീരിയല്‍ അണിയറ പ്രവര്‍ത്തകരും ട്രാക്ക് ഒന്ന് മാറ്റിപ്പിടിച്ചു. അങ്ങനെ കണ്ണീര്‍ സീരിയലുകള്‍ പ്രേത സീരിയലുകള്‍ക്ക് വഴിമാറി. പിന്നീട് എല്ലാ ചാനലുകളിലും പ്രേതങ്ങളുടെ ഒരു വിഹാരമായിരുന്നു. വെള്ള സാരിയും ചുണ്ണാമ്പും പൊട്ടിച്ചിരിയുമായി പ്രേതങ്ങള്‍ എല്ലാ ചാനലുകളിലും കറങ്ങി നടന്നു. അവസാനം പ്രേതങ്ങളെ പൂട്ടാന്‍ ‘കത്തനാര’ച്ചനു തന്നെ രംഗത്തിറങ്ങേണ്ടി വന്നു. ഒടുവില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞത് പോലെ ‘ഭീകര’രൂപികളായ പ്രേതങ്ങളെ കണ്ട് കൊച്ചു കുട്ടികള്‍ വരെ പൊട്ടിച്ചിരിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍.


ആയിടയ്ക്കാണ് നന്മ, മേന്മ എന്നൊക്കെ ഉദ്ഘോഷിച്ച് (നന്മയും മേന്മയുമൊക്കെ ഇപ്പോള്‍ ആ ചാനലിലുള്ള ഏത് പരിപാടിയില്‍ കാണാന്‍ കഴിയും എന്ന് മാത്രം ചോദിക്കരുത്) അമൃതാ ചാനലിന്റെ ഉദയം. ശ്രീകൃഷ്ണ ലീലാമൃതം എന്ന ഭക്തി സീരിയലുമായി മധുമോഹന്‍ അമൃതാചാനലില്‍ പൊങ്ങി. ആ സീരിയലിന്റെ പേരില്‍ മധുമോഹനോട് ഭഗവാന്‍ കൃഷ്ണന്‍ പോലും പൊറുക്കില്ല എന്നുറപ്പ്. ഓടി കളിക്കുന്ന ഉണ്ണികൃഷ്ണന്റെ സമീപത്ത് കണ്ട ക്രെയിനിന്റെ നിഴലും പാറപ്പുറത്ത് ധ്യാനത്തിലിരിക്കുന്ന ഋഷിയുടെ പുറകില്‍ കണ്ട ഇലക്ട്രിക് ലൈനുമൊക്കെ ഈ പരമ്പരയുടെ സാങ്കേതിക മേന്മയുടെ തെളിവായി.


എന്തായാലും അതിനു ശേഷമുണ്ടായ ഭക്തിസീരിയലുകളുടെ കുത്തൊഴുക്ക് ഇപ്പോഴും നിലച്ചിട്ടില്ല. ശബരിമല സീസണില്‍ ഏഷ്യാനെറ്റില്‍ ആരംഭിച്ച ‘സ്വാമി അയ്യപ്പന്‍‘ തുടക്കത്തില്‍ അല്പം നിലവാരം പുലര്‍ത്തി.പക്ഷെ തിരകഥാകൃത്ത് എഴുതി ചേര്‍ത്ത പല കഥകളും കഥാ സന്ദര്‍ഭങ്ങളും കണ്ട് ശബരിമല അയ്യപ്പന്‍ ഞെട്ടിയിട്ടുണ്ടാകുമെന്ന് ഉറപ്പ്. അയ്യപ്പനായി അഭിനയിക്കാന്‍ വന്ന പയ്യന്‍ ഇപ്പോള്‍ ശാന്തിമഠം ബില്‍ഡേഴ്സിന്റെ പരസ്യമോഡലാണ്. അയ്യപ്പന്റെ വേഷത്തില്‍ തന്നെ അനുഗ്രഹിച്ച് നിന്നുകൊണ്ടാണ് ഈ ഫ്ലാറ്റ് ബുക്ക് ചെയ്യൂ എന്നദ്ദേഹം ആവശ്യപ്പെടുന്നത്. ഏതായാലും ശബരിമലയില്‍ പുലിയില്ല എന്ന് ഉറപ്പായി.


സ്വാമി അയ്യപ്പന് പ്രേക്ഷകര്‍ കൂടുന്നതറിഞ്ഞാല്‍ സൂര്യ ടിവിക്കാര്‍ വെറുതെയിരിക്കുമോ. അവരും തുടങ്ങി ആ സമയത്ത് തന്നെ ഒന്ന്. ‘സ്വാമി അയ്യപ്പനും വാവരും’. ഹിന്ദു, മുസ്ലീം സീരിയല്‍ പ്രേക്ഷകരെ ഒരുമിച്ച് ആകര്‍ഷിക്കാന്‍ ഇതിലും മികച്ച എന്ത് വഴിയാണുള്ളത്. ഈ പരമ്പരയിലെ അയ്യപ്പനെ കണ്ടാല്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘പെറ്റ തള്ള സഹിക്കില്ല’ എന്നത് യാഥാർത്ഥ്യം. ഇവരെ ഒന്നും കുറ്റം പറയേണ്ട കാര്യമില്ല. കാരണം അയ്യപ്പനെ വിറ്റ് ദേവസ്വം ബോര്‍ഡ്, ഭരണാധികാരികള്‍, മേല്‍ശാന്തി, തന്ത്രി തുടങ്ങി ആരെല്ലാം കാശുണ്ടാക്കുന്നു. എങ്കില്‍ പിന്നെ സീരിയല്‍കാരുമുണ്ടാകട്ടെ പത്ത് കാശ്.


ഏതായാലും, വീണ്ടും വന്ന സ്വാമി അയ്യപ്പന്‍ , ഗുരുവായൂരപ്പന്‍, വിശുദ്ധ അല്ഫോന്‍സാമ്മ, ദേവീ മാഹാത്മ്യം , വേളാങ്കണ്ണി മാതാവ് തുടങ്ങിയവ പല ചാനലുകളിലായി ഇപ്പോഴും ചുറ്റിത്തിരിയുന്നു. പല ഭക്തി സീരിയലുകളിലും ബലാത്സംഗ സീനുകള്‍ വരെ കുത്തി കയറ്റി തുടങ്ങി. ഇതിനിടക്ക് നമ്മെ പൊട്ടിച്ചിരിപ്പിക്കാനും ഭക്തി സീരിയലുകാര്‍ ശ്രദ്ധിക്കാറുണ്ട്...“ദേ ‘ദേവീ മാഹാത്മ്യം‘ പരമ്പര തുടങ്ങാന്‍ പോകുന്നു പ്രേക്ഷകര്‍ നിങ്ങളുടെ സ്വീകരണ മുറികളില്‍ മകം തൊഴുത് നില്‍ക്കുവിന്‍“ എന്നൊക്കെ കേട്ടാല്‍ ഏത് കഠിന ഹൃദയനാണ് പൊട്ടിച്ചിരിച്ച് പോകാത്തത്. ഇതൊക്കെ കണ്ട് നമ്മുടെ ഉള്ള ഭക്തി കൂടി പോകരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.


വാല്‍ക്കഷണം: മലയാള ടെലിവിഷന്‍ പ്രേക്ഷകരെ ഞെട്ടിക്കാനുള്ള പുതിയ എന്തോ പദ്ധതിയുടെ പണിപ്പുരയിലാണത്രെ മധുമോഹന്‍. വളരെ നല്ലത്. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്നതാ നല്ലത്.