"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Friday, September 5, 2008

ഞങ്ങളുടെ സമയത്തിനുമില്ലേ വില?


രംഗം: ഒന്ന്
എറണാകുളത്തിന്റെ ഹൃദയ ഭാഗത്തുകൂടി കടന്ന് പോകുന്ന ദേശീയ പാത. സിഗ്നല്‍ ലൈറ്റുകള്‍ തകരാറിലായ ഒരു വൈകുന്നേരം കുടുങ്ങിക്കിടക്കുന്ന അനേകം വാഹനങ്ങളിലൊന്നില്‍ ഞാനുമിരുന്നു അക്ഷമയോടെ. തൊട്ടു മുന്‍പില്‍ സൈറണ്‍ മുഴക്കിക്കൊണ്ട് ഒരു ആംബുലന്‍സുമുണ്ട്. പക്ഷെ കുരുങ്ങിക്കിടക്കുന്ന വാഹനങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപെടാനാണ്. ആ ആംബുലന്‍സിനുള്ളിലെ മുഖങ്ങളില്‍ ഞാന്‍ കണ്ടത് അക്ഷമയേക്കാള്‍ ഉപരി നിരാശയും സങ്കടവുമായിരുന്നു. പക്ഷെ എല്ലാ ട്രാഫിക് നിയമങ്ങളെയും കാറ്റില്‍ പറത്തി എതിര്‍ ദിശയിലേക്കുള്ള വാഹനങ്ങള്‍ പോകുന്ന പാതയിലൂടെ ഒരു മന്ത്രിപുംഗവനും അദ്ദേഹത്തിന്റെ സേവകപ്പടയും തങ്ങളെ കടന്ന് ശരവേഗത്തില്‍ പാഞ്ഞു പോയപ്പോള്‍ ആ മുഖങ്ങളിലെ സങ്കടങ്ങള്‍ അമര്‍ഷത്തിനു വഴി മാറി. ഹെല്‍മറ്റ് വയ്ക്കാത്തവന്റെ മുകളില്‍ പോലും ചാടി വീണ് പോക്കറ്റില്‍ തപ്പുന്ന പോലീസേമാന്മാർ സല്യൂട്ട് നല്‍കി മന്ത്രിയെ യാത്രയാക്കി. മന്ത്രിയുടെ സമയം വിലപിടിച്ചതാണല്ലൊ. സാധാരണക്കാരന്റെ ജീവനേക്കാള്‍ വിലപിടിച്ചതാണ് ഈ നാട്ടില്‍ മന്ത്രിയുടെ അല്ലെങ്കില്‍ രാഷ്ട്രീയക്കാരന്റെ സമയം. ആ അംബുലന്‍സിലുണ്ടായിരുന്ന രോഗി ജീവിതത്തിലേക്ക് തിരികെ എത്തി കാണുമോ? അതോ വിലപ്പെട്ട സമയം തെരുവില്‍ കുടുങ്ങിയതിന്റെ ഫലമായി മരണത്തിനു കീഴടങ്ങിക്കാണുമോ? മരിച്ചെങ്കില്‍ തന്നെ ആര്‍ക്കാണ് ഇവിടെ ചേതം?

രംഗം : രണ്ട്
തിരുവനന്തപുരം റയില്‍വേ സ്റ്റേഷന്‍. യാത്രക്കാരെ ഇറക്കിയ ശേഷം മുന്‍പോട്ടെടുത്ത ഓട്ടോറിക്ഷ പെട്ടെന്ന് ഓഫായി. അറുപതിനോടടുത്ത പ്രായമുള്ള ഒരാളാണ് ഓട്ടോ ഓടിക്കുന്നത്. വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ അയാള്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ഈ അവസരത്തിലാണ് മറ്റൊരു മന്ത്രി സാറിന്റെ വരവ്. ചീറിപാഞ്ഞെത്തിയ മന്ത്രിസാറിന്റെ പൈലറ്റ് വാഹനത്തില്‍ നിന്നും രണ്ട് വശത്തുകൂടെയും തല വെളിയിലിട്ട് ഏമാന്‍മാര്‍ ഭരണിപ്പാട്ടിനെ തോല്‍പ്പിക്കുന്ന രീതിയില്‍ തെറിയഭിഷേകം തുടങ്ങി. വിറച്ച് പോയ ആ പാവം പുറത്തിറങ്ങി ഓട്ടോ മുന്‍പിലേക്ക് തള്ളി നീക്കി. അപ്പോഴും ‘പൂരപ്പാട്ട്’ പൈലറ്റ് വാഹനത്തിന്റെ ഹോണിനേക്കാള്‍ ഉച്ചത്തില്‍ മുഴങ്ങുകയായിരുന്നു. ഇതൊന്നും, ഒറ്റയക്കമുള്ള നമ്പര്‍ പതിപ്പിച്ച കാറില്‍ ഏസിയുടെ ശീതളിമ നുകര്‍ന്ന് കൊണ്ടിരുന്ന മന്ത്രി അറിയുന്നുണ്ടായിരുന്നില്ല. അല്ലെങ്കില്‍ അങ്ങനെ നടിച്ചു. നാട്യമാണല്ലോ രാഷ്ട്രീയക്കാരന്റെ മുഖമുദ്ര. ഇവിടെ തീര്‍ന്നില്ല. വിളറിയ മുഖവുമായി ഓട്ടോ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച് കൊണ്ടിരുന്ന ആ ഡ്രൈവറുടെ അടുത്തേക്ക് എത്തിയ, സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഏമാന്‍മാര്‍ വീണ്ടും അസഭ്യവര്‍ഷം തുടങ്ങി. നിസ്സഹായതയോടെ തരിച്ചു നിന്ന ആ പാവത്തിനെ പ്രായം പോലും നോക്കാതെ അവര്‍ തെറിവിളിച്ചു. സംഭവം കണ്ട് ചുറ്റുംകൂടിയ ജനകൂട്ടത്തെ ഭയന്നാകാം, കൈവച്ചില്ല. പക്ഷെ അയാളെ അവര്‍ തല്ലിയിരുന്നെങ്കിലും അവിടെ ഒരു പ്രതികരണവും ഉണ്ടാകുമായിരുന്നില്ല. എന്ത് അനീതിയും അക്രമവും ചുറ്റുംകൂടിനിന്ന് കാണാന്‍ മാത്രം താല്പര്യമുള്ളവരാണ് നമ്മള്‍ മലയാളികള്‍. ആരാന്‍റമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ശേലാണ് എന്ന ശൈലി ഏറ്റവും യോജിക്കുന്നത് മലയാളിക്ക് മാത്രമാണ്.

രംഗം :മൂന്ന്
തിരുവനന്തപുരം നഗരം. ഓഫീസില്‍ നിന്നും ഇറങ്ങി റയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ ബസ്സില്‍ കയറിയതാണ് ഞാന്‍. ആകെ നാലു കിലോമീറ്ററാണ് റയില്‍വേ സ്റ്റേഷനിലേക്കുള്ളത്. ഒരു മണിക്കൂര്‍ കൊണ്ട് ഒരു കിലോമീറ്റര്‍ പോലും താണ്ടിയിട്ടില്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. നഗരത്തില്‍ ഏതൊ രാഷ്ട്രീയ പാര്‍ട്ടിയുടെ ജാഥ നടക്കുന്നത്രെ. അതിനാല്‍ തന്നെ എല്ലാ റോഡും നിശ്ചലമായിരിക്കുന്നു. ഈ ഒരു സംഭവം ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരത്ത് പുതുമയല്ല. ഏതു ഈക്കില്‍ പാര്‍ട്ടിയും കൊടിയും പിടിച്ച് തെരുവിലേക്കിറങ്ങിയാല്‍ സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടാറുള്ള ഈ നഗരം സ്തംഭിക്കാറുണ്ട്.

ഇവിടെയെല്ലാം വലയുന്നത്, അധികാരത്തിന്റെ മധുരം നുണഞ്ഞ് സേവകന്‍മാരുടെ അകമ്പടിയോട് കൂടി സ്റ്റേറ്റ് കാറില്‍ പാഞ്ഞ് നടക്കുന്ന മന്ത്രിമാരല്ല, എന്തിനും തയ്യാറായി നടക്കുന്ന രാഷ്ട്രീയക്കാരുമല്ല. മറിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന പൊതുജനമാണ്. ഈ രാജ്യത്ത് ഉണ്ണാനും ഉറങ്ങാനും എന്തിന് യാത്ര ചെയ്യാന്‍ പോലും നികുതി കെട്ടുന്ന പാവം പൊതുജനം. ഇവര്‍ക്കൊക്കെ ജാഥ നടത്താനും സമ്മേളനം നടത്താനുമൊക്കെ ഏതെങ്കിലും മൈതാനമൊ ഒഴിഞ്ഞ പ്രദേശങ്ങളൊ തിരഞ്ഞെടുത്തുകൂടെ? എന്തിനു വേണ്ടിയാണ് അത്യാവശ്യകാര്യങ്ങള്‍ക്ക് പോകുന്ന പാവപ്പെട്ടവന്റെ വഴി തടയുന്നത്. മനുഷ്യാവകാശങ്ങള്‍ ഏറ്റവും അധികം സംരക്ഷിക്കപ്പെടുന്ന ഒരു രാജ്യമാണ് നമ്മുടേത് എന്നാണ് വയ്പ്പ്. എന്നാല്‍ മുകളില്‍ പറഞ്ഞ രീതിയിലുള്ള ചില കാഴ്ചകള്‍ കാണുമ്പോള്‍ ഈ ധാരണകളൊക്കെ തിരുത്തുവാനുള്ള സമയമായോ എന്നൊരു സംശയം. സഞ്ചാര സ്വാതന്ത്ര്യം എന്നത് ഏതൊരു പൌരന്റെയും അവകാശമാണ്. എന്നാല്‍ അതു പോലും തടയപ്പെടുകയാണ് നമ്മുടെ നാട്ടില്‍.

പണിമുടക്കുകളും ഹര്‍ത്താലുകളും തീരാ ശാപമായി മാറിയ ഈ നാട്ടില്‍ ഇപ്പോള്‍ വഴിനടക്കുന്നതിനു പോലും പലരെയും പേടിക്കേണ്ട അവസ്ഥയിലാണ് പൊതു ജനങ്ങള്‍. പണിമുടക്കില്‍ കുടുങ്ങി സ്വന്തം മകന്റെ മൃതശരീരം പോലും കാണാനാകാതെ ഇരുന്ന ആ അമ്മയുടെ കണ്ണുനീരിന്റെ നനവ് നമ്മുടെ ഉള്ളില്‍ നിന്ന് ഇനിയും വിട്ടകന്നിട്ടില്ല. രാഷ്ട്രീയ സംഘടനകളും ഈ സംഘടനകളുടെ കൊടി കയ്യിലേക്കു കിട്ടിയാല്‍ പിന്നെ ഇവിടെ എന്തു തോന്ന്യാസവും കാട്ടികൂട്ടാം എന്ന് കരുതുന്ന രാഷ്ട്രീയക്കാരുമാണ് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ആനയെ മാത്രമല്ല ആനപിണ്ഡത്തെയും പേടിക്കേണ്ട അവസ്ഥ.

നമുക്ക് വേണ്ടി നമ്മള്‍ തന്നെ വോട്ട് നല്‍കി തിരഞ്ഞെടുത്തവര്‍ നമ്മുടെ മുകളില്‍ കുതിര കയറുമ്പോള്‍ എവിടെയാണ് നമുക്ക് നീതി ലഭിക്കുക. കോടതിയുടെ വാക്കുകള്‍ക്ക് പോലും ചെവികൊടുക്കാന്‍ മനസ്സില്ലാത്തവരുടെ കൂട്ടമായി മാറിയിരിക്കുന്നു ഇപ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതിനൊന്നും എതിരെ ‘പ്രബുദ്ധരായ‘ കേരള ജനതയുടെ ശബ്ദം ഒരിക്കലും ഉയരില്ല എന്നും അവര്‍ക്ക് ഉറപ്പാണ്.

നിങ്ങളെയൊക്കെ ഈ നാട് കട്ടുമുടിക്കുവാനും മറ്റുള്ളവന്‍മാര്‍ക്ക് തീറെഴുതി കൊടുക്കാനും വേണ്ടി അധികാരത്തിന്റെ പച്ചപ്പിലേക്ക് തിരഞ്ഞെടുത്ത് വിടാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് ഞങ്ങള്‍ പൊതുജനങ്ങള്‍ എന്ന കഴുതകള്‍. എങ്കിലും ഒന്നു ചോദിച്ചോട്ടെ സാറന്‍മാരെ.... ഞങ്ങളുടെ സമയത്തിനുമില്ലേ വില?

13 comments:

  1. നിങ്ങളെയൊക്കെ ഈ നാട് കട്ടുമുടിക്കുവാനും മറ്റുള്ളവന്‍മാര്‍ക്ക് തീറെഴുതി കൊടുക്കാനും വേണ്ടി അധികാരത്തിന്‍റെ പച്ചപ്പിലേക്ക് തിരഞ്ഞെടുത്ത് വിടാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് ഞങ്ങള്‍ പൊതുജനങ്ങള്‍ എന്ന കഴുതകള്‍. എങ്കിലും ഒന്നു ചോദിച്ചോട്ടെ സാറന്‍മാരെ.... ഞങ്ങളുടെ സമയത്തിനുമില്ലേ വില?

    ReplyDelete
  2. മന്ത്രിപുംഗവന്മാര്‍ എന്ന ദൈവങ്ങളെ തൊഴുതോളൂ മലയാളീ.

    ഇപ്പറഞ്ഞതിനൊക്കെ പ്രായശ്ചിത്തവും ചെയ്യേണ്ടിവരും. ഇല്ലേല്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടായേക്കാം..

    ReplyDelete
  3. ശരി തന്നെ , ഇവനെയൊക്കെ, ഒന്നിനും കൊള്ളാത്ത , സ്വന്തം കാര്യം മാത്രം നോക്കുന്ന ഇവന്മാരെ തിരഞ്ഞെടുക്കുന്ന നമ്മള്‍ തന്നെ ആണ് കുറ്റക്കാര്‍. മലയാളി ഏതായാലും പാര്‍ടി നോക്കിയേ വോട്ടു ചെയ്യൂ എന്നിവന്മാര്കറിയാം. സ്വഭാവ ശുദ്ധി , മാങ്ങാത്തൊലി!!. ആര്കുവേണം ഇതൊക്കെ. പൊതുജനസേവകനെന്നു പേരു, സേവിക്കുന്നത് അവനവന്റെ ഭാര്യയേയും കുഞ്ഞുങ്ങളെയും. ക്രിമിനല്സിനെ തിരഞ്ഞെടുക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്തേ പറ്റൂ. നമ്മള്‍ കുറച്ചു പേര്‍ പ്രതിഷേധിച്ചു വോട്ടു ചെയ്യാതിരുന്നാല്‍ മാത്രം പോരാ

    ReplyDelete
  4. പൊതു ജനം എന്ന കഴുത എന്ന പ്രയോഗം ഇവിടെ അര്‍ഥവത്താകുന്നു.എല്ലാ അഞ്ചു കൊല്ലം കൂടുമ്പോഴും പോളിംഗ് ബൂത്തില്‍ പോയി വിരലില്‍ മഷിയുമായി വരുന്ന വില്ലന്മാരാണ് പൊതുജനം.നമ്മള്‍ വെറും വോട്ടുകുത്തികളും രാഷ്ട്രീയക്കാര്‍ വെറും വോട്ടു തെണ്ടികളും ആയിമാറുന്നു.

    ഓടോ .

    ഇവിടെ ഇപ്പോള്‍ ആര് വന്നാലും ഇതൊക്കെതന്നെയാണ് അവസ്ഥ.ഗുജറാത്തിലാണെങ്കില്‍ സംഭവിച്ചത് ആയിരങ്ങളെ ചുട്ടുകൊന്നപ്പോഴും അവിടെയുള്ള മന്ത്രി പുംഗവന്‍ മാര്‍ ശീതീകരിച്ച മുറികളില്‍ ഇരുന്ന് ഉറങ്ങുകയല്ലായിരുന്നോ ? ഒറീസ്സയിലും ഇതൊക്കെ തന്ന്നെ അവസ്ഥ.

    ---വന്ദേമാതരം---

    ReplyDelete
  5. ഇതു പോലെ ഒരു പോസ്റ്റ്‌ ഇട്ടതിന്‌ വളരെ നന്ദി...

    നമ്മളെ സേവിക്കുന്നതിനു വേണ്ടീ നമ്മൾ തിരഞ്ഞെടുത്ത്‌, നമ്മുടെ പണം നൽകി നമ്മൾ പോറ്റുന്ന ആ മന്ത്രിമാർ നില മറന്ന് പ്രവർത്തിക്കുന്നതിന്‌ പ്രധാനകാരണക്കാർ പ്രതികരണശേഷിനഷ്ടപ്പെട്ട നമ്മൾ തന്നെ അല്ലേ???

    മന്ത്രിയുടെ സമയം അല്ല, ജനങ്ങളുടെ സമയമാണ്‌ വിലയേറിയത്‌. മന്ത്രി ജനത്തിന്‌ വേണ്ടീ ഉള്ള താണ്‌.

    ReplyDelete
  6. ഓണക്കാഴ്ച്ചയായ് കൂടി ഞാN ഈ പോസ്റ്റ്! അതിന്നാL നന്നായിരിക്കുന്നു.ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
    എല്ലാ ബൂലോകര്‍ക്കും,
    ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

    ReplyDelete
  7. താങ്കള്‍ പ്രകടിപ്പിച്ച അമര്‍ഷം എല്ലാവരുടെയും കൂടിയാണു! നന്ദി........നന്ദി!

    ReplyDelete
  8. താങ്കള്‍ പ്രകടിപ്പിച്ച അമര്‍ഷം എല്ലാവരുടെയും കൂടിയാണു! നന്ദി........നന്ദി!

    if you could mention the ministers name would be good.

    my salute to you.

    ReplyDelete
  9. പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി............

    ReplyDelete
  10. Kazhinja oru varshamayi Thiruvananthapurathe thamasakkarananu njan. Daivam angine oru pani thannu ennu parayam. 17 varshatholamayi keralathil ninnum sthalam vittittu. Ippol Naattil pokan aasa undengilum avide poyi manasamadhanathode jeevikkan pattathe aayirikkunnu. ennum harthalum, vazhi mudakkum, kolapaathakangalum pinne nalla vivaramulla kure raashttriyakkarum.

    2-3 thavana Chemo therappykkayi (wifente) pokan date fix cheythirikkunna divasam thanne harthal aayirunnu avide. Thanks to Kerala Police, avarude sahayam kondu athu mudangathe nadathan patti.

    The time is over when we the "donkeys" should respond. Not through ballets... but through bullets to these bastards...

    ReplyDelete
  11. Realy You are Greate.....
    Thanks alot Sir,......

    ReplyDelete
  12. മന്ത്രിയുടെ സമയം അല്ല, ജനങ്ങളുടെ സമയമാണ്‌ വിലയേറിയത്‌. മന്ത്രി ജനത്തിന്‌ വേണ്ടീ ഉള്ള താണ്‌.

    ReplyDelete
  13. | Anony |
    | Anvar |
    | Bijoy |
    അഭിപ്രായങ്ങൾക്ക് വളരെ നന്ദി.......

    ReplyDelete

ഒരു ‘മാറുന്ന‘ മലയാളി തന്നെയല്ലേ നിങ്ങളും? അതിനാല്‍ തന്നെ തുറന്നു പറയൂ നിങ്ങളുടെ അഭിപ്രായങ്ങള്‍...അത് യോജിപ്പുകളാണെങ്കിലും വിമര്‍ശനമാണെങ്കിലും.