"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Wednesday, September 26, 2012

അഴുക്കു ചാലിലേക്കൊരു ചാനൽ

ചിലരുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ ആദ്യം കൈകാട്ടി വിളിക്കും. പിന്നെ കൂകി വിളിക്കും എന്നിട്ടും ശ്രദ്ധിച്ചില്ലെങ്കിൽ തുണി പൊക്കി കാണിക്കും. എങ്ങനെയെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുക എന്നതാണ് ലക്ഷ്യം. അത്തരം ഒരു ഞരമ്പ് രോഗിയുടെ അവസ്ഥയിലാണ് മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ്...

നനഞ്ഞ പടക്കമായി മാറിയ കോമഡി സ്റ്റാർസും, ആറാമത്തെ സീസണിലും ശരിയാകാത്ത രഞ്ജിനിയുടെ മലയാളവും ദേവിയും ചാത്തനും പൈങ്കിളികളുമെല്ലാം കൂടി മലയാളി പ്രേക്ഷകനെ വെറുപ്പിച്ചു പണ്ടാര മടക്കി മറ്റു ചാനലുകളിലേക്ക് ഓടിച്ചു വിട്ട ഈ അവസ്ഥയിൽ ഏഷ്യാനെറ്റ് വേറെ എന്തു ചെയ്യാൻ....

ശ്രീകണ്ഠൻ നായർ പടിയിറങ്ങി മനോരമയിലേക്ക് കുടിയേറിയപ്പോൾ ജീവനറ്റത് ‘നമ്മൾ തമ്മിൽ‘ എന്ന ഒരു നല്ല പരിപാടിക്കും ഒരു പരിധി വരെയെങ്കിലും ഏഷ്യാനെറ്റ് എന്ന ചാനലിനും കൂടിയായിരുന്നു. ‘നമ്മൾ തമ്മിൽ‘ അവതരണം ജഗദീഷിനെ ഏൽപ്പിച്ചതിന്റെ ഫലം അനുഭവിച്ചത് ചാനലിനേക്കാൾ അധികം പ്രേക്ഷകരാണ്. അതിഥികളെയും കാണികളെയും നോക്കുകുത്തികളാക്കി, തന്റെ പരിമിതമായ രാഷ്ട്രീയ ബോധത്തെ ഇറക്കി വയ്ക്കാനുള്ള ഒരു വേദിയായി ജഗദീഷ് ‘നമ്മൾ തമ്മിൽ‘ ഉപയോഗിച്ചപ്പോൾ അപഹാസ്യമായത് ആ പരിപാടിയും ചാനലും തന്നെയായിരുന്നു. അങ്ങനെ ജഗദീഷ് ഒന്നു മനസ്സു വച്ചപ്പോൾ സമകാലിക വിഷയങ്ങൾ യാഥാർത്ഥ്യബോധത്തോടെ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഒരു നല്ല പരിപാടി മൂന്നാം കിട രാഷ്ട്രീയചർച്ചകൾ പോലെ ‘അശ്ലീല‘മായി. ശ്രീകണ്ഠൻ നായരുടെ വില പ്രേക്ഷകൻ അറിഞ്ഞു.

പക്ഷേ ‘കമ്പനിയുടെ കളികൾ പ്രേക്ഷകർ കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ....‘ തങ്ങളുടെ ബിസിനസ്സ് ഹെഡ് ആയി മറ്റൊരു മടയിൽ നിന്നു ചാടിച്ച ഒരു പുലിക്കുട്ടിയെ തന്നെ അവർ കൊണ്ട് വന്നു. ജോൺ ബ്രിട്ടാസ്. വിപ്ലവം വഴിയിലുപേക്ഷിച്ച് മർഡോക്കിന്റെ കൈപിടിച്ചെത്തിയ ബ്രിട്ടാസിന് ‘ബിസിനസ്സ് ‘ ഹെഡ് എന്ന പദവിയിൽ കവിഞ്ഞ ഒന്നും കമ്പനിക്ക് കൊടുക്കാനും ഉണ്ടായിരുന്നില്ല. കുലംകുത്തി എന്ന വാക്ക് അന്നു കണ്ടുപിടിച്ചിട്ടില്ലാത്തതിനാലും അഥവാ ഉണ്ടെങ്കിൽ തന്നെ അങ്ങനെ വിളിക്കേണ്ടവരുടെ മൌനസമ്മതം ഉള്ളതുകൊണ്ടും മറ്റൊരു ടി.പി.യായി ബ്രിട്ടാസ് മാറിയില്ല എന്നത് ചരിത്രം.

ബ്രിട്ടാസ് ഏഷ്യാനെറ്റിൽ എത്തി ഉടൻ തന്നെ ‘തമ്മൾ തമ്മിൽ‘ സാരഥ്യം ഏറ്റെടുത്തു. വാദമുഖങ്ങളാൽ വീറും വാശിയും തീർക്കുന്ന അന്തരീക്ഷത്തിൽ പോലും നിയന്ത്രണം കൈവിടാതെ സ്വതസിദ്ധമായ നയ ചാതുര്യവും ഹാസ്യവും കൊണ്ട് വിഷയത്തെയും സംഭാഷകരെയും നിയന്ത്രിച്ചിരുന്ന ശ്രീകണ്ഠൻ നായരുടെ സ്ഥാനത്ത്, ബഹളമയമായ വാദപ്രതിവാദങ്ങളെ ആക്രോശം കൊണ്ടും ക്ഷണിക്കപ്പെട്ട അതിഥിയെന്നോ കാണിയെന്നൊ ഉള്ള പരിഗണന പോലും നൽകാതെയുള്ള അവഹേളനം കൊണ്ടും ഒരു കുട്ടി സഖാവിനെ പോലെ രംഗം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ബ്രിട്ടാസിന്റെ ചിത്രം അത്ര സുഖകരമായ ഒരു കാഴ്ചയല്ല പ്രേക്ഷകന്‌ പകർന്നു നൽകുന്നതെന്ന് നിശ്ചയം.

ഈ കഴിഞ്ഞ രണ്ടാഴ്ചയിലായി സംപ്രേക്ഷണം ചെയ്ത “നമ്മൾ തമ്മിൽ“ അത്തരത്തിൽ തന്നെ ഉള്ള ഒന്നായിരുന്നു. സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനായിരുന്നു ബ്രിട്ടാസിന്റെ ഇരമൃഗം. “ന്യൂ ജനറേഷൻ ‘ വ്യക്താക്കൾ ചമഞ്ഞെത്തിയ കുമാരീകുമാരന്മാരുടെയും കലാമൂല്യ സിനിമയുടെ വ്യക്താക്കൾ എന്നു പറഞ്ഞിറങ്ങിയ കൂതറ “വിശാരദന്മാ”രുടെയും മുൻപിലേക്ക്, സ്വന്തം കാശിന് തനിക്ക് തോന്നിയപോലെ ഒരു ചലച്ചിത്രം ഉണ്ടാക്കി എന്ന ‘ കൊടും അപരാധം’ചെയ്ത ഒരു മനുഷ്യനെ കടിച്ചു വലിക്കാൻ ഇട്ടുകൊടുത്ത് മാറി നിന്ന ബ്രിട്ടാസ് എല്ലാവർക്കും തെറിവിളിക്കാൻ അവസരം കിട്ടുന്നുണ്ടോ എന്നുറപ്പാക്കുന്നതിലൂടെ തന്റെ ‘മാദ്ധ്യമ ധർമ്മം’ ഭംഗിയായി നിറവേറ്റി.

സന്തോഷ് പണ്ഡിറ്റിനെ വച്ച് പ്രേക്ഷകശ്രദ്ധ ആകർഷിക്കാൻ ബ്രിട്ടാസ് നടത്തിയ പൊറാട്ടു നാടകത്തിനിട്ട “മാറ്റങ്ങൾക്കും മാറ്റം” ;എന്നുള്ള പേരിൽ തന്നെയുണ്ടായിരുന്നു ഈ പരിപാടി അവതരിപ്പിക്കാൻ ബ്രിട്ടാസ് നേരിടുന്ന വിഷയദാരിദ്ര്യം. കൃഷ്ണനും രാധയും റിലീസ് ചെയ്ത് ഏകദേശം ഒരു വർഷം കഴിയാറാകുന്നു. സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനും അദ്ദേഹത്തിന്റെ ചലച്ചിത്ര സൃഷ്ടി ഉയർത്തിയ വിവാദവുമെല്ലാം പഴകി ദ്രവിച്ച് അപ്രത്യക്ഷമായ ഈ വേളയിൽ അയാളെ വീണ്ടും ക്ഷണിച്ചിരുത്തി മറ്റുള്ളവരെകൊണ്ട് തെറിവിളിപ്പിച്ച് ചാനൽ റേറ്റിംഗ് കൂട്ടാനുള്ള ബ്രിട്ടാസിന്റെ ചിന്ത ഞാൻ ആദ്യം സൂചിപ്പിച്ച ‘തുണിപൊക്കൽ‘ തന്ത്രത്തിൽ നിന്നും പിറന്നതാണെന്ന് സംശയമില്ല.

എന്തുതന്നെയായാലും ഈ പരിപാടിയിൽ സന്തോഷ് പണ്ഡിറ്റ് ഒഴികെ ആരും മോശമാക്കിയില്ല.കുമാരീകുമാരന്മാരായ കാണികളും മറ്റ് അതിഥികളും എല്ലാം, പൊട്ടനെന്നും മന്ദബുദ്ധിയെന്നും ഭ്രാന്തനെന്നുമൊക്കെ അക്ഷേപിച്ചും കൊഞ്ഞനം കാട്ടിയുമൊക്കെ ഒരു മനുഷ്യനെ ചവച്ചുതുപ്പി സന്തോഷിനേക്കാൾ ഒരു പടിയെങ്കിലും മുകളിൽ ബുദ്ധി ലെവൽ കാത്തു സൂക്ഷിക്കുന്ന ബുദ്ധിരാക്ഷസന്മാരാണ് തങ്ങൾ എന്ന് മാലോകരുടെ മുൻപിൽ സ്ഥാപിക്കാനുള്ള എല്ലാ വിഫലശ്രമങ്ങളും നടത്തി. ഒറ്റപ്പെട്ട് വീണുകിടക്കുന്നവനെ വീണ്ടും വീണ്ടും ചവിട്ടുന്നവന്മാരോട് കാണികൾക്ക് തോന്നുന്നത് വീര പരിവേഷമല്ല പുച്ഛമാണെന്ന് അവിടെ നിരന്നിരുന്ന പുംഗന്മാർക്ക് ആര് പറഞ്ഞുകൊടുക്കുമോ എന്തോ? ഏതായാലും ചർച്ചയിൽ നിന്ന് ഒന്നു മനസ്സിലായി. ഗോവിന്ദച്ചാമിയേക്കാൾ കേരളത്തിലെ കുമാരിമാർ വെറുക്കുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. കാരണം ആ കുഞ്ഞുങ്ങളെ കെട്ടിച്ചയക്കാൻ തന്തമാർ വച്ചിരുന്ന കാശെടുത്താണല്ലോ പണ്ഡിറ്റ് പടം പിടിച്ചത്.....

പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ വേണ്ടത് മാദ്ധ്യമ ധർമ്മമല്ല ‘തറ‘പണികളാണ് എന്നത് ബ്രിട്ടാസിനെ ആരും പഠിപ്പിക്കേണ്ടതില്ല. ഫാരിസ് അബൂബക്കറിനെ അഭിമുഖം നടത്തി കൈരളിയിലും പ്രിഥ്വിരാജിനെയും അനന്യയെയും സന്തോഷ് പണ്ഡിറ്റിനെയും താറടിച്ച് ഏഷ്യാനെറ്റിലും ബ്രിട്ടാസ് തന്റെ ആ കഴിവ് പല പ്രാവശ്യം തെളിയിച്ചും കഴിഞ്ഞു. മഞ്ഞപ്പത്രക്കാരന്റേതിനേക്കാൾ അധ:പ്പതിച്ച, തൊലിയുരിയുന്ന നിലവാരമുള്ള ചോദ്യങ്ങൾ ചോദിച്ച് ബ്രിട്ടാസ് കത്തിക്കയറുമ്പോൾ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നവനോടോപ്പം തന്നെ പ്രേക്ഷകനും നാണിക്കും എന്നത് തീർച്ച.......

അനന്യയുമായും പ്രതിശ്രുത വരനുമായും നടത്തിയ അഭിമുഖത്തേക്കുറിച്ച് എടുത്തു പറയേണ്ടതുണ്ട്. സദാചാര പോലീസ് കളിയെ എതിർത്തും മനുഷ്യാവകാശത്തിനു വേണ്ടിയും ഒക്കെ റിപ്പോർട്ടുകൾ പടച്ചു വിടുന്ന ഏഷ്യാനെറ്റിന്റെ പ്രധാന കണ്ട്രാക്കിലൊരാളായ ബ്രിട്ടാസ് ആ അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ കേട്ട് ഒരു വിധം മനക്കട്ടിയില്ലാത്ത സദാചാരപോലീസുകാരൊക്കെ അന്നുതന്നെ തൂങ്ങിച്ചത്തുകാണും എന്നുറപ്പ്. അത്രക്ക് ‘മനോഹര‘മായിരുന്നു ബ്രിട്ടാസിന്റെ പ്രകടനം. ആഞ്ജനേയനെ പോലൊരു മണകുണാഞ്ജനെ കെട്ടാൻ അനന്യക്ക് എങ്ങനെ തോന്നി? ഇന്നലെ മറ്റവളെ ചതിച്ച ഇവൻ നാളെ അനന്യയെയും ചതിക്കില്ലേ? എറണാകുളത്ത് ഫ്ലാറ്റ് എടുത്ത് താമസിക്കുന്നത് ആഞ്ജനേയനുമായുള്ള സമാഗമം എളുപ്പമാക്കാനല്ലേ എന്ന മട്ടിലുള്ള ചോദ്യങ്ങൾ ഉളുപ്പില്ലാതെ ചോദിച്ച് ബ്രിട്ടാസ് പ്രിഥ്വിരാജിന്റെ അഭിമുഖത്തിലെന്നപോലെ സൈബർ ഗുണ്ടകളുടെ ഏജന്റായി. ഇതൊക്കെ ചോദിക്കാൻ താനാരാ? എന്ന് ആർക്കും തിരിച്ചു ചോദിക്കാൻ തോന്നുന്ന നല്ല ഒന്നാന്തരം ചോദ്യങ്ങൾ. പക്ഷേ ആഞ്ജനേയൻ ഒന്നും പ്രതികരിച്ചില്ല. എല്ലാവർക്കും ബ്രിട്ടാസിനെപ്പോലെ തരം താഴാൻ കഴിയാത്തത് കൊണ്ടാകാം.

സന്തോഷ് പണ്ഡിറ്റിനെ ക്ഷണിച്ചിരുത്തി കരക്കാരെ കൊണ്ട് തെറിവിളിപ്പിക്കുന്ന ബ്രിട്ടാസ് മാദ്ധ്യമലോകത്തെ സന്തോഷ് പണ്ഡിറ്റ് ആയി മാറുകയാണ്. തെറ്റിദ്ധരിക്കേണ്ട. പത്മരാജനും ഭരതനും സിനിമയെടുത്ത നാട്ടിൽ സന്തോഷ് പണ്ഡിറ്റിനും സിനിമ എടുത്തുകൂടെ എന്ന് പറയുന്നത് പോലെ ജോണി ലൂക്കോസും വേണുവും നികേഷ് കുമാറുമൊക്കെ അഭിമുഖം നടത്തുമ്പോൾ എന്താ ബ്രിട്ടാസിനും നടത്തിക്കൂടെ?

കൂട്ടിചേർക്കൽ: ക്രൈമിനും ഫയറിനും കിന്നാരത്തുമ്പികൾക്കും മായാമോഹിനിക്കുമെല്ലാം ശ്രദ്ധ ആകർഷിക്കാൻ കഴിയുന്നുണ്ടെങ്കിൽ ഈ നാട്ടിൽ ഏഷ്യാനെറ്റിനും പേടിക്കേണ്ട കാര്യമില്ല എന്ന് നിശ്ചയം........

Monday, January 9, 2012

നാടകമേ ഉലകം !!!


കോലാഹലങ്ങളും വാഗ്വാദങ്ങളും ആക്രോശങ്ങളും എല്ലാം കെട്ടടങ്ങി. അണിയറയിൽ രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞവർ അവരുടെ ലക്ഷ്യങ്ങൾ നേടി പലവഴിക്ക് പിരിഞ്ഞുപോയി. അവസാനം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ മനസ്സിലെ ആശങ്കകളും, രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മനസ്സിൽ ഉരുണ്ടു കൂടിയ പരസ്പര വിദ്വേഷത്തിന്റെ കാർമേഘവും മാത്രം ബാക്കിയായി. തീരുമാനം ഉണ്ടാക്കാൻ പത്തു ദിവസത്തെ അന്ത്യശാസനം കൊടുത്തവരും സർക്കാർ ഡാം പണിഞ്ഞില്ലെങ്കിൽ ഞങ്ങൾ കയറി അങ്ങ് പണിയും എന്നൊക്കെ വലിയ വായിൽ വിളിച്ചു പറഞ്ഞു മനുഷ്യ മതിലും നിരാഹാരവും ഒക്കെ നടത്തിവന്ന രാഷ്ട്രീയ നടന്മാരൊക്കെ പത്തി വലിച്ച് മാളത്തിൽ തന്നെ കിടപ്പാണ്. അതും അവരുടെ ഒരു ‘രാഷ്ട്രീയ’ തന്ത്രം.!!!


മുല്ലപ്പെരിയാർ സമരസമിതി പുതിയ ഡാം പണിയണമെന്ന് ആവശ്യപ്പെട്ട് സമരം തുടങ്ങിയത് ഇന്നൊ ഇന്നലെയോ അല്ല. 2006 മുതൽ ഈ അവശ്യം ഉന്നയിച്ച് അവർ സമരരംഗത്തുണ്ട്. സമാധാന പൂർണ്ണമായ സമരമാർഗ്ഗമായിരുന്നു അവരുടേതെന്ന് എടുത്തുപറയേണ്ടതുണ്ട്. എങ്കിൽ മാത്രമേ ആ മാതൃകാ സമരത്തെ ‘രാഷ്ട്രീയ വ്യാപാരി‘കൾ ഇന്ന് ഏത് നിലക്ക് എത്തിച്ചു എന്ന് വിലയിരുത്തുവാൻ സാധിക്കൂ.


2011 നവംബറിൽ അണക്കെട്ട് പ്രദേശങ്ങളിലുണ്ടായ തുടർ ഭൂചലനങ്ങൾ ഉണ്ടാക്കിയ ആശങ്കകളാണ് പുതിയ ഡാം എന്ന ആവശ്യം ആളിക്കത്തിച്ചത് എന്നു പറയാം. റിക്ടർ സ്കെയിലിൽ ആറിന് മുകളിൽ രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാൽ മുല്ലപ്പെരിയാർ ഡാം അതിജീവിക്കില്ല (അത്രയും വലിയ ഒരു ഭൂചലനം ഉണ്ടായാൽ അതിനെ ഇടുക്കി ഡാം പോലും അതിജീവിച്ചേക്കില്ല എന്നത് വേറേ കാര്യം ) എന്ന റൂർക്കി ഐ ഐ റ്റിയിലെ വിദഗ്ദ്ധരുടെ പഠന റിപ്പോർട്ടും ആ അവശ്യത്തിന്‌ കരുത്തായി. ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഈ പ്രശ്നത്തിൽ മറ്റൊരു ശാശ്വതമായ പരിഹാരമില്ല എന്നതായിരുന്നു സത്യം. മുല്ലപ്പെരിയാർ ഡാമിന്റെ തകർച്ച ഇടുക്കി ഡാമിന്റെ തകർച്ചയ്ക്കും വഴിവച്ചേക്കാമെന്നും അതു വഴി മദ്ധ്യകേരളം മുഴുവൻ വെള്ളത്തിനടിയിലായേക്കാം എന്ന തിരിച്ചറിവ് ഭയത്തിന് ആക്കം കൂട്ടി. മുല്ലപ്പെരിയാർ സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾക്ക് പിറകിൽ കേരള ജനത രാഷ്ട്രീയ ഭേദമില്ലാതെ അണി ചേരുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. (അച്യുതാനന്ദനെ മുൻ നിർത്തി ജയിച്ചു കയറിയ പാർട്ടി അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കാതെ മാറ്റി നിർത്തി ജനവിധിയെ വെല്ലുവിളിക്കാൻ തുടങ്ങിയ ഒരു ഘട്ടത്തിൽ ഇതുപോലെ ഒരു ജനകീയ പ്രക്ഷോഭം ഉണ്ടായിരുന്നു.അന്ന് പാർട്ടിക്ക് നിക്ഷ്പക്ഷമായ ആ ജനകീയ മുന്നേറ്റത്തിനു മുൻപിൽ മുട്ടുമടക്കേണ്ടി വന്നു എന്നത് ചരിത്രം.). അനങ്ങാപ്പാറ നയം പിന്തുടരുന്ന പ്രധാന മന്ത്രിക്കും കേരളത്തിന്റെ ആശങ്കകൾ മനസ്സിലാക്കാത്ത കേരളത്തിന്റെ മുഖ്യമന്ത്രിക്കും പിടിവാശി കാട്ടുന്ന തമിഴ്നാട് തലൈവിക്കും ശക്തമായ താക്കീതുമായി കേരളം ഒരു മനസ്സായി. കേരളം തങ്ങളുടെ ആവശ്യം നേടിയെടുക്കും എന്നു തോന്നിയ നിമിഷം.....


കാര്യങ്ങൾ തങ്ങളുടെ കൈവിട്ട് പോകുന്നു എന്നു മനസ്സിലാക്കിയ രാഷ്ട്രീയക്കാർ കിടയോടെ ചപ്പാത്തിലേക്ക് വണ്ടി കയറി. വർഷങ്ങളായി നിലനിന്നിരുന്ന ഒരു അതിജീവന പ്രശ്നത്തിനു നേരെ കാതും കതകും കൊട്ടിയടച്ചവർ മുല്ലപ്പെരിയാർ പ്രശ്നം മുതലെടുത്ത് രാഷ്ട്രീയം കളിക്കാൻ ഇറങ്ങി. ഒരു ശക്തമായ ജനകീയ സമരത്തെ രാഷ്ട്രീയക്കോമരങ്ങൾ ഹൈജാക്ക് ചെയ്യുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ജനങ്ങളുടെ ആവശ്യത്തെ കരുവാക്കി പിന്നെ നാടക പരമ്പരകളുടെ അരങ്ങേറ്റമായിരുന്നു. അണക്കെട്ടിൽ കൊടി നാട്ടൽ, അതിക്രമിച്ചു കയറൽ, ചാലുവെട്ടൽ, റിലേ നിരാഹാരം, ആക്രോശം, അന്ത്യശാസനം തുടങ്ങി കോപ്രായങ്ങൾ ഒരുപാട് അരങ്ങേറി. ഈ കോപ്രായങ്ങളൊക്കെ തമിഴ്നാടിന്റെ വാദങ്ങൾക്ക് ശക്തി പകരുന്ന തെളിവുകളായി മാറി എന്നതായിരുന്നു സത്യം. അതേ നാണയത്തിൽ തമിഴ്നാടും തിരിച്ചടി തുടങ്ങിയതോടെ രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ മനസ്സിൽ കാലുഷ്യം ഉരുണ്ടുകൂടി.


താനെന്ത് ചെയ്തു, മറ്റവനെന്തു ചെയ്തു, തന്റെ തമിഴ്നാട്ടിലെ നേതാവ് ഇങ്ങനെ ചെയ്തല്ലോ എന്നൊക്കെയുള്ള സ്ഥിരം രാഷ്ട്രീയ ചോദ്യങ്ങൾ പരസ്പരം ചോദിച്ച് കേരളത്തിലെ രാഷ്ട്രീയക്കാർ ചാനലുകളുടെ മുൻപിലും ജനങ്ങളുടെ മുൻപിലും ‘പ്രകടനങ്ങൾ‘ കാഴ്ച വച്ചപ്പോൾ തൊട്ടപ്പുറത്ത് തമിഴ്നാട്ടിൽ അവരുടെ വാദഗതികൾക്ക് ശക്തി പകരാൻ രാഷ്ട്രീയം മറന്ന് ഒന്നാകുന്ന തമിഴന്മാരെയാണ് കാണാൻ കഴിഞ്ഞത്. കേരളത്തിൽ നിന്ന് ജയിച്ച് കേന്ദ്രമന്ത്രിയായ ഒരു മാന്യൻ “ഞാൻ കേരളത്തിന്റെ മാത്രം മന്ത്രിയല്ല’ എന്ന് പറഞ്ഞ് കൈകഴുകിയപ്പോൾ തലതാഴ്ത്തി നിന്ന് കൈയ്യടിക്കേണ്ടി വന്ന പ്രബുദ്ധരായ നമുക്ക്, ജയിപ്പിച്ചു വിട്ട ജനങ്ങളോട് വാക്കിലൂടെയെങ്കിലും കൂറ് കാണിച്ച ചിദംബരം എന്ന തമിഴനെ തെറിവിളിക്കാൻ എന്താണ് അവകാശം എന്ന് ചിന്തിച്ചില്ല.


വൈക്കോയെയും, തമിഴ്നാട് എന്ന വികാരത്തിന്റെ ശക്തിയിൽ ഒറ്റക്കെട്ടായി നിന്ന തമിഴ്നാട്ടിലെ രാഷ്ട്രീയക്കാരെയും കൊന്നുകളയും തിന്നുകളയും എന്നൊക്കെ വീമ്പിളക്കിയ നമ്മൾ, ജയിപ്പിച്ച് കേന്ദ്രത്തിലോട്ട് വിട്ട അഞ്ച് ‘മാന്യന്മാർ‘ അവിടെ ഞാറ് നടാൻ വല്ലതും പോയതാണോ എന്നും ചിന്തിച്ചില്ല. കേരളം പോലെയല്ല, കേന്ദ്രത്തിൽ ഞങ്ങൾ ‘സേഫ്’ ആണ് എന്നൊക്കെ ഒളിവും മറയുമില്ലാതെ വിളിച്ചു പറയാൻ ഉളുപ്പില്ലാത്ത ക്യാബിനറ്റ് റാങ്കുള്ള ഈ മാന്യന്മാരോട് ഇനി നിങ്ങൾ കേരളത്തിൽ ഒരിക്കലും സേഫ് ആകാൻ പോകുന്നില്ല എന്ന് വിളിച്ചു പറയാൻ, രാഷ്ട്രീയ ചായ് വിന്റെ തിമിരം ബാധിക്കാത്ത ഒരു തലമുറയ്ക്കേ കഴിയൂ. പവാറിന്റെ കരണക്കുറ്റിക്ക് നൽകിയത് പോലെയുള്ള ഒരു ‘ആദരവ്’ ഈ മഹാന്മാരും അർഹിക്കുന്നു എന്നത് തീർച്ച.


മാധ്യമങ്ങളും വെറുതെയിരുന്നില്ല. ഒപ്പുശേഖരണവും ഗ്രാഫിക്സ് ഗിമ്മിക്കുകളുമായി അവരും ഇറങ്ങി. ആശങ്കയുടെ മുൾമുനയിൽ ഉറക്കം നഷ്ടപ്പെട്ട മുല്ലപ്പെരിയാർ പ്രദേശങ്ങളിലെ ജനങ്ങളുടെ മനസ്സിൽ മണിക്കൂറിടവിട്ട് തീകോരിയിടുക എന്ന ‘സത്’കർമ്മം മാധ്യമങ്ങൾ സാധിച്ചെടുത്തു. മരണങ്ങളുടെ എണ്ണക്കണക്കിൽ പോലും മത്സരം കൊണ്ട് നടക്കുന്ന മാദ്ധ്യമ കഴുകന്മാർക്ക് ഇതൊന്നും ഒരു പുത്തരിയല്ലല്ലോ. ദുരന്തം വിറ്റ് കാശാക്കി ഹോളിവുഡ് സിനിമ പിടിക്കാനിറങ്ങിയവരും ഓണത്തിനിടക്ക് പുട്ടുകച്ചവടം നടത്തി.


ഇതിനിടയിൽ, കേരള സർക്കാരിന്റെ സ്വന്തം അഡ്വക്കേറ്റ് ജനറൽ, മുല്ലപ്പെരിയാർ ഡാം തകർന്നാലും കേരളത്തിന് ഒന്നും സംഭവിക്കില്ല എന്ന് കോടതിയിൽ ബോധിപ്പിച്ചതോടെ ലക്ഷക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തെ തകർത്ത രാഷ്ട്രീയച്ചതിയുടേ ചിത്രം ഏകദേശം പൂർത്തിയായി. സർക്കാരിന്റെ നിലപാട് വിശദീകരിക്കാൻ സർക്കാർ നിയോഗിച്ച എജി, കോടതിയുടെ മുൻപിൽ സ്വന്തം നിലപാട് വിശദീകരിച്ചു എന്ന രീതിയിൽ സർക്കാർ കൈകഴുകി. കേരളത്തിലെ ഉത്തരവാദിത്വപ്പെട്ട ഒരുദ്യോഗസ്ഥൻ ഗുരുതരമായ ഒരു പ്രശ്നത്തിൽ ഇത്രയും അനാസ്ഥ കാണിച്ചിട്ടും അദ്ദേഹം ഇപ്പോഴും തൽ സ്ഥാനത്ത് തുടരണമെങ്കിൽ ഇതെന്താ മുഖ്യമന്ത്രി സാറേ കേരളം വെള്ളരിക്കാപ്പട്ടണമാണോ? എന്നും നമ്മളാരും ചോദിച്ചില്ല. കാരണം ഇതൊക്കെ രാഷ്ട്രീയ നാടകങ്ങളാണെന്ന് മനസ്സിലാക്കാൻ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടതില്ലല്ലോ...


കേരളത്തിലെ രാഷ്ട്രീയക്കാർക്ക് തങ്ങൾ പതിച്ച് നൽകിയ സ്വത്തിന്റെ കണക്ക് വെളിവാക്കും എന്നുപറഞ്ഞ് ജയലളിത ഇറങ്ങി തിരിച്ചതോട് കൂടി ആക്രോശവും അന്ത്യശാസനവും ആഹ്വാനവുമൊക്കെ മടക്കി കോണകത്തിൽ തിരുകി , സമരപ്പന്തലിൽ നിന്ന് രാഷ്ട്രീയക്കാർ അപ്രത്യക്ഷരായി. അതിനുള്ള കാരണവും അവർ തന്നെ കണ്ടെത്തി. എല്ലാം ശരിയാക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു പറഞ്ഞത്രേ. അങ്ങനെ ഒരുറപ്പും പ്രധാനമന്ത്രി നൽകിയതായി ഒരു പത്രത്തിലും കണ്ടില്ലെങ്കിലും ആ വാദവും നമ്മൾ വിശ്വസിച്ചു. വെറുതെ അങ്ങ് വിശ്വസിക്കുക. അതേ നമുക്ക് ചെയ്യാനുള്ളു.


ഉത്സവങ്ങളെല്ലാം കൊടിയിറങ്ങി. പ്രതിഷ്ഠയും പോറ്റിയും മാത്രം ബാക്കിയായ അവസ്ഥയിലാണ് മുല്ലപ്പെരിയാർ അണക്കെട്ടും ബാധിതരായ ജനങ്ങളും. അവരുടെ ആശങ്കകൾക്കുമാത്രം അവസാനമില്ല. കുത്തിയൊലിച്ചു വരുന്ന ജലത്തിരകളെ അവർ പ്രതീക്ഷിക്കുന്നുണ്ടാകണം. അവർക്കൊഴിച്ച് മുല്ലപ്പെരിയാർ പ്രശ്നത്തിൽ എല്ലാവർക്കും ലാഭമേ ഉണ്ടായിട്ടുള്ളൂ എന്നതാണ് സത്യം. എങ്കിലും ഉന്നതതല ചർച്ചകളിലൂടെ തീർക്കേണ്ട ഈ പ്രശ്നത്തെ പൊതു ജനത്തിന്റെ മുൻപിലേക്ക് ഇട്ടുകൊടുത്ത് അവരെ തമ്മിൽ തല്ലിച്ച രാഷ്ട്രീയ ബുദ്ധിയെ നമിക്കാതെ തരമില്ല. ഓരോ പഠന റിപ്പോർട്ടും ജനമദ്ധ്യത്തിലേക്ക് എടുത്തിട്ട് അവരെ ഭയചകിതരാക്കാൻ വെമ്പൽ പൂണ്ട മനസ്സുകൾക്കും നല്ല നമസ്കാരം.


‘പവനായി ശവമായി’ എന്നുപറഞ്ഞത് പോലെ എല്ലാം കെട്ടടങ്ങിക്കഴിഞ്ഞു. പുതിയ ഡാമിന് അനുമതി തരാൻ തമിഴന്മാർക്ക് തോന്നട്ടെ എന്ന് നമുക്ക് മുട്ടിപ്പായി പ്രാർത്ഥിക്കാം. കൂടെ, ഇടുക്കി കൂടി കൊണ്ടുപോകാൻ അവന്മാർക്ക് തോന്നരുതേ എന്നും.


നമ്മൾ ഇതുകൊണ്ടൊന്നും തളരരുത്. വോട്ടെടുപ്പ് ഇനിയും വരും. സ്ഥാനാർത്ഥിയുടെ ആശയങ്ങളോ വ്യക്തിത്വമോ സംസ്കാരമോ ഒന്നും നമ്മുടെ വോട്ടിന് മാനദണ്ഡമാകരുത്. സ്ഥാനാർത്ഥിയുടെ ചിഹ്നം. അതുമാത്രമേ നമ്മൾ നോക്കാൻ പാടുള്ളൂ...പാർട്ടിക്കാരൻ വന്ന് പെറ്റ തള്ളയെ തല്ലിയാലും നാം പ്രതികരിക്കരുത്....കാരണം തള്ളയല്ല...നമുക്ക് പാർട്ടിയും രാഷ്ട്രീയവുമാണ് വലുത്. ഒരു കാര്യത്തിൽ മാത്രം സമാധാനമുണ്ട്. രാഷ്ട്രീയ പ്രബുദ്ധത മുട്ടി നിൽക്കുന്ന നമുക്ക് അർഹിക്കുന്നത് തന്നെ കിട്ടുന്നുണ്ട്......


വാൽക്കഷണം: ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു..അരാഷ്ട്രീയ വാദികളാണത്രേ നാടിന്റെ ശാപം അവനെയൊക്കെ വെടിവെച്ച് കൊല്ലണമത്രേ....കാര്യങ്ങൾ ഇങ്ങനെയൊക്കെ പോകുകയാണെങ്കിൽ അധികം താമസിയാതെ കേരളത്തിലെ അരാഷ്ട്രീയവാദികളെ തീർക്കാൻ തോക്കുകൾ പോരാതെ വരും.....പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരന്റെ മുൻപിൽ ഒഴിഞ്ഞു കിടക്കുന്ന കസേരകൾ ഒരു സൂചനയാണ്....