"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Monday, February 11, 2008

എങ്കിലും എന്റെ പാട്ടുകാരാ...ഒരു ഗായകന് അവശ്യം വേണ്ട ഗുണഗണങ്ങള്‍ എന്തൊക്കെയാണ്? നല്ല ശബ്ദം, സ്വര ശുദ്ധി, സംഗീതത്തിലുള്ള അവഗാഹം, കഴിവ്... എന്നൊക്കെയാണോ നിങ്ങള്‍ പറഞ്ഞു വരുന്നത്. തെറ്റി സുഹൃത്തേ തെറ്റി. ഇതൊക്കെയായിരുന്നു ഒരു നല്ല ഗായകനെ അളക്കാനുള്ള മാനദണ്ഡം. കുറച്ചു കാലം മുന്‍പ് വരെ. പക്ഷെ ഇപ്പോള്‍ അത്തരം കാര്യങ്ങളൊക്കെ പറഞ്ഞാല്‍ ഞങ്ങള്‍ക്ക് നിങ്ങളെ പുച്ഛികേണ്ടി വരും. കാലം മാറിയതൊന്നും അറിയുന്നില്ലേ?


ഇപ്പോള്‍ ഒരു ഗായകനില്‍ നിന്നും മലയാളി എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പറയാം. സുഹൃത്ത് സംഗീത കാര്യത്തില്‍ യഥാസ്ഥിതികന്‍ ആണെങ്കില്‍ അടുത്തുള്ള തൂണില്‍ ഒന്നു പിടിച്ചോളൂ. ഹൃദയ വേദന ഏത് നിമിഷവും വരാമല്ലോ.മനുഷ്യന്റെ കാര്യമല്ലേ സുഹൃത്തേ.......ഒന്നാമതായി ഒരു ഗായകന് വേണ്ടത് മെയ് വഴക്കമാണ്. കളരിയോ, ഏതെങ്കിലും അഭ്യാസ മുറയോ പഠിച്ചതാണ് എങ്കില്‍ വളരെ നല്ലത്. ഒരു ഗായകന്‍ ഒരു സ്ഥലത്തു തന്നെ നിന്നു പാടുന്ന സമ്പ്രദായം ഒക്കെ പഴയതായി. പാടാന്‍ നില്ക്കുന്ന വേദി പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് പുതിയ രീതി. വേദി ഉപയോഗിക്കുക എന്ന് പറഞ്ഞാല്‍ ഒരു അധ്വാനമാണ്. പാടുന്നതോടൊപ്പം തന്നെ തലകുത്തി മറിയുക, ഒറ്റക്കാലില്‍ നില്‍ക്കുക, കയ്യിലിരിക്കുന്ന മൈക്ക് എറിഞ്ഞു കളിക്കുക, സദസ്സിനെ നോക്കി കൊഞ്ഞനം കുത്തുക എന്നതൊക്കെ ഈ അധ്വാനത്തില്‍ ഉള്‍പ്പെടും. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ അഴിഞ്ഞാടുക. എന്നാലെ ഗായകനാണെന്ന് മലയാളിക്ക് തോന്നൂ.


അഭിനയ പാടവമാണ് അത്യാവശ്യമായ മറ്റൊരു ഗുണം. ഗാനമേളകളിലാണ് ഇതിന്റെ ആവശ്യകത കുടുതലായി വരുക. സീഡിയില്‍ നിന്നു കേള്‍ക്കുന്ന പാട്ടിനനുസരിച്ച് ചുണ്ട് ചലിപ്പിക്കുന്ന ഗായകന്‍ അഭിനയ കൊടുമുടിയിലേക്കാണ് കയറിപ്പോകുന്നത്. പക്കമേളക്കാര്‍ സഹനടന്മാരുടെ വേഷം ഭംഗിയായി കൈകാര്യം ചെയ്തോളും. ഞങ്ങള്‍ സദസ്സ്യര്‍ ആ ഗാനലഹരിയില്‍ ആനന്ദ നൃത്തം ചവിട്ടും. മൊത്തത്തില്‍ ജഗപൊക. ഞങ്ങള്‍ക്ക് ഇതൊക്കെ മതി മാഷേ....


പിന്നെ ശബ്ദം. ഇവിടെ കുറച്ചു പേരുണ്ട്. യേശുദാസ്, ജയചന്ദ്രന്‍ എന്നൊക്കെ പേരുള്ള കുറച്ചുപേര്‍. പാട്ടുകാരാണ് എന്നാണ് അവരുടെ ഒക്കെ വിചാരം. വെറുതെ. ഒന്നിനും പാടാന്‍ അറിയില്ല. ശബ്ദമോ... കേള്‍ക്കുന്നത് തന്നെ അറപ്പാണ് ഞങ്ങള്‍ക്ക്. ഞങ്ങള്‍ക്ക് ഗിഫ്റ്റ് ആയി ഇപ്പോള്‍ ഒരുപാട് ഗായകരുണ്ട്. അവരുടെ ശബ്ദത്തിനു തന്നെ കൊടുക്കണം കാശ്. അവര്‍ പാടുമ്പോള്‍ ഉണ്ടാകുന്ന നിര്‍വൃതി. അത് പറഞ്ഞാല്‍ മനസ്സിലാകുമോ ഈ പഴയ പാട്ടിന്റെ ആള്‍ക്കാര്‍ക്ക്. എരുമയുടെ ശബ്ദത്തില്‍ ഒന്നു പാടികാണിക്കട്ടെ ഈ യേശുദാസും ജയച്ചന്ദ്രനുമൊക്കെ. അപ്പോള്‍ സമ്മതിക്കാം ഞങ്ങള്‍.


പിന്നെ ഞങ്ങളുടെ ഗാനരചയിതാക്കളുടെ കാര്യം. വയലാര്‍, പി. ഭാസ്ക്കരന്‍ തുടങ്ങിയ കുറച്ചു പേരുണ്ടായിരുന്നു ഇവിടെ. ഞങ്ങളുടെ ഇപ്പോഴുള്ള രചയിതാക്കളുടെ വാലേല്‍ കെട്ടാന്‍ കൊള്ളുമോ അവരെ. ഒരു "ചക്രവര്‍ത്തിനീ". ഇതാണോ രചന?. എന്നാല്‍ ഞങ്ങളുടെ ചേട്ടന്‍മാരുടെ വരികള്‍ ശ്രദ്ധിക്കൂ. "അലസാ കോലുസാ പെണ്ണ് ...അവളിലെനിക്കൊരു കണ്ണ് ", എന്തൊരു കാവ്യഭംഗി!!! വേറൊന്ന് കൂടി കേട്ടോ "പിടിയാന പിടിയാനാ അവള്‍ മദയാന മദയാന" . ഇതാണ് രചന ...."എസ്കോട്ടെല്ലോ ബിപിഎല്ലൊ ഞാന്‍ നിന്റെ മൊബൈല്‍ ആയെങ്കില്‍" എന്ന് കാവ്യത്മകമായി എഴുതാന്‍ കഴിയുമോ ഈ വയലാറിനും ഭാസ്കരനും. ഇത്തിരി പുളിക്കും.


ഈ കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കുടുതല്‍ പഴി കേള്‍ക്കുന്നവരാണ് ഞങ്ങളുടെ പുതിയ സംഗീത സംവിധായകര്‍. അവര്‍ ഏത് സംഗീതം കൊടുത്താലും പഴയ പാട്ടിന്റെ മോഷണമാണത്രേ. പറയുന്നവര്‍ക്ക് പറഞ്ഞാല്‍ മതി. സംഗീതം എന്ന് പറയുന്നതു അനന്ത സാഗരമാണ്. ഒരേ രാഗത്തില്‍ ചിട്ടപ്പെടുത്തുമ്പോള്‍ ചിലപ്പോള്‍ വേറെയൊരു പാട്ടിന്റെ ട്യൂണ്‍ ഒക്കെ വന്നെന്നിരിക്കും. പഴയ മണ്ടന്‍ സംഗീത സംവിധായകര്‍ ചെയ്യുന്നപോലെ വരികള്‍ എഴുതിയിട്ട് ട്യൂണ്‍ ഇടാന്‍ ഒന്നും ഞങ്ങളുടെ പുതിയ സംഗീത സംവിധായകന്‍മാര്‍ക്ക് സമയവുമില്ല. താല്‍പര്യവുമില്ല.


പഴയ ഗാനങ്ങള്‍ക്കാണ് മധുരം കുടുതല്‍ എന്ന് പറയുന്ന നിങ്ങളോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളുടെ നിലവാരത്തിലേക്ക് ഉയരുക. അല്ലെങ്കില്‍ വാ പൂട്ടി മിണ്ടാതിരിക്കുക. ഞങ്ങളെ കൊണ്ടു ഇതൊക്കെയേ പറ്റു . വേണമെങ്കില്‍ കേട്ടാല്‍ മതി.......


വാല്‍ക്കഷണം: ദൈവം കരുണ ഉള്ളവനാണ്. വയലാറിനെയും ദേവരാജന്‍ മാഷിനെയും രവീന്ദ്രന്‍ മാഷിനെയുമൊക്കെ അദ്ദേഹം നേരത്തെ അങ്ങ് വിളിച്ചല്ലോ. അല്ലെങ്കില്‍ അവരുടെ സ്ഥിതി............

9 comments:

 1. ഇഷ്ടായി. ശരിയ്ക്കും..

  ReplyDelete
 2. ഒന്നുകൂടിയുണ്ട്,
  ‘ആര്‍ക്കുവേണം മലയാളം പാട്ടു?(പാടാന്‍ ഭയങ്കരപാടാ-അതാരോടും മിണ്ടണ്ട)
  തമിഴും ഹിന്ദിയും പാടിയാലെ മോഡേണ്‍ ആവുള്ളുവെന്ന് ഈ പഴഞ്ചമാര്‍ക്കറിയുമൊ?
  പിന്നെ ചാനലുകള്‍ക്കും,അവരുടെ സ്റ്റേജ്പരിപാടികള്‍ക്കും അതാണ്‍ പഥ്യം.
  അന്യഭാഷാഗാനങ്ങള്‍ മാത്രം മലയാളനാട്ടില്‍ മുഴങ്ങട്ടെ-മലയാളി വിശാലഹൃദയനാണെന്നു ലോകം പറയട്ടെ.’

  ReplyDelete
 3. “പഴയ ഗാനങ്ങള്‍ക്കാണ് മധുരം കുടുതല്‍ എന്ന് പറയുന്ന നിങ്ങളോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളുടെ നിലവാരത്തിലേക്ക് ഉയരുക.അല്ലെങ്കില്‍ വാ പൂട്ടി മിണ്ടാതിരിക്കുക. ഞങ്ങളെ കൊണ്ടു ഇതൊക്കെയേ പറ്റു . വേണമെങ്കില്‍ കേട്ടാല്‍ മതി.......“

  :)

  ReplyDelete
 4. ഉഗ്രന്‍ അത്യുഗ്രന്‍ :)

  ReplyDelete
 5. ഹഹ.. കൊള്ളാം.


  (മലയാളം ചാനലുകളില്‍ തമിഴ്, ഹിന്ദി പാട്ടുകള്‍ അടിച്ചുപൊളിക്കുമ്പോള്‍, ഏതെങ്കിലും ഒരു അന്യഭാഷാ ചാനലുകളില്‍ മലയാളം പാട്ട് കേള്‍ക്കാന്‍ സാധീക്കുമോ? ഹും.. ച്ചിരി പുളിക്കും!!)

  ReplyDelete
 6. ദൈവം കരുണ ഉള്ളവനാണ്. വയലാറിനെയും ദേവരാജന്‍ മാഷിനെയും രവീന്ദ്രന്‍ മാഷിനെയുമൊക്കെ അദ്ദേഹം നേരത്തെ അങ്ങ് വിളിച്ചല്ലോ. അല്ലെങ്കില്‍ അവരുടെ സ്ഥിതി............

  ReplyDelete
 7. > പോറാടത്ത് > പരിത്രാണം > ശിവകുമാര്‍ >പ്രയാസി:നന്ദി ...

  > ഭുമിപുത്രി : തിരിച്ചറിവുകളുടെ ഒരു നല്ല നാളെയെ പ്രതീക്ഷിക്കാം നമുക്കു .......


  >കൃഷ്‌: സത്യം. പാട്ടു മാത്രമല്ല മലയാളത്തിന്‍റെ തന്നെ അവസ്ഥ ഇതല്ലേ സുഹൃത്തേ .........

  ReplyDelete

ഒരു ‘മാറുന്ന‘ മലയാളി തന്നെയല്ലേ നിങ്ങളും? അതിനാല്‍ തന്നെ തുറന്നു പറയൂ നിങ്ങളുടെ അഭിപ്രായങ്ങള്‍...അത് യോജിപ്പുകളാണെങ്കിലും വിമര്‍ശനമാണെങ്കിലും.