
അതെ. ചവറ്റുകുട്ട തന്നെ. അങ്ങനെ അല്ല എന്ന് ഉറപ്പോടെ പറയാന്‍ കഴിയുമോ മലയാളിക്ക്? കഴിയില്ല. കാരണം നമ്മള്‍ പിന്തുടരുന്ന രീതി അതാണ്. വിദേശികളുടെ സംസ്കാരത്തെ അന്ധമായി അനുകരിക്കാനുള്ള ശ്രമം. ഇതു നമ്മെ എവിടെ കൊണ്ടു എത്തിക്കും എന്നുള്ളത് കാത്തിരുന്നു കാണാന്‍ മാത്രമെ കഴിയു.
മഹത്തായ ഒരു പൈതൃകത്തിന് അവകാശികള്‍ ആണ് നമ്മള്‍. കൈമുതലായതിനെ എന്നും പുച്ഛിച്ചു തള്ളി മാത്രം ശീലിച്ച നമുക്ക് ഈ തണലിന്റെ ശീതളിമ അനുഭവിക്കാനുള്ള ഭാഗ്യമില്ല. നമുക്കിഷ്ടം സായിപ്പ് ചവച്ചു തുപ്പിയ പാശ്ചാത്യ സംസ്കാരത്തോടാണ് . ഇതൊക്കെ പറയുമ്പോള്‍ ഇതു മലയാളിയുടെ മാത്രമല്ലല്ലോ ഇന്ത്യക്കാരുടെ മുഴുവന്‍ സ്വഭാവമല്ലേ എന്ന ചോദ്യമുയര്‍ന്നേക്കാം. ഈ ചോദ്യത്തിന് മൌനം പാലിച്ചു നമുക്കു മലയാളികളെയും കേരളത്തെയും കുറിച്ചു മാത്രം സംസാരിക്കാം. കാരണം. നമ്മുടെ ഈ കൊച്ചു നാട് നന്നായിട്ടുപോരെ ഒരു രാജ്യം നന്നാവാന്‍..
വാലന്റൈൻസ് ഡേ, മദേഴ്സ് ഡേ, ഫ്രണ്ട്സ് ഡേ , ഇങ്ങനെ ഉള്ള "ഡേ" കളിലാണ് ഇപ്പോള്‍ മലയാളിയുടെ ജീവിതം. ഈ "ഡേ" കളൊക്കെ മലയാളി ആഘോഷിച്ചു തുടങ്ങിയിരിക്കുന്നു. സായിപ്പ് തുടങ്ങി വച്ചു അവര്‍ തന്നെ ഉപേക്ഷിച്ചു തുടങ്ങിയ ഈ "ഡേ" ആഘോഷങ്ങള്‍ തപ്പിപിടിച്ചെടുത്ത് കൊണ്ടാടാന്‍ മലയാളികള്‍ കാണിക്കുന്ന ഈ വ്യഗ്രത നമ്മുടെ തനതായ ഓണം ആഘോഷിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. പച്ച പരിഷ്കാരികള്‍ എന്ന് സ്വയം വിശ്വസിച്ചു അഹങ്കരിച്ചു നടക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് എന്ത് ഓണം? .. ഏത് ഓണം?...
തങ്ങളുടെ ജീവിതത്തില്‍ ഒരു ഘടകമേ അല്ലാത്ത സ്വന്തം മാതാവിനെ ഓര്‍ക്കാന്‍ ഒരു ദിവസം. ഇതായിരുന്നു മദേഴ്സ് ഡേക്ക് പുറകിലുള്ള സായിപ്പിന്റെ ആശയം. അമ്മയോടുള്ള സ്നേഹം ഒരു ആശംസയിലൂടെയോ അല്ലെങ്കില്‍ ഒരു റോസാ പുഷ്പത്തിലുടെയോ പ്രകടിപ്പിക്കാം എന്ന് കരുതുന്ന സായിപ്പിനു അമ്മയുടെ മുലപ്പാലിന്റെ മാധുര്യം അറിയില്ല. അത് അവരുടെ സംസ്കാരം അവരുടെ ജീവിത രീതി. പക്ഷെ സ്വന്തം അമ്മയെ ദൈവമായി കരുതുന്ന പാരമ്പര്യത്തിനു ഉടമകളായ നമ്മള്‍ ഈ പോങ്ങച്ചങ്ങളുടെയും പ്രകടനങ്ങളുടെയും പുറകെ പോകുന്നതെന്തിനാണ്? ആലോചിക്കണം. ആലോചിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇതുപോലെ തന്നെ നമ്മള്‍ എഴുതി തള്ളിയ ഒന്നാണ് നമ്മുടെ പാരമ്പര്യ സ്വത്തായ "ആയുര്‍വേദം" . പാശ്ചാത്യര്‍ പോലും ഇരു കയ്യും നീട്ടി ഈ ചികിത്സ രീതിയെ സ്വീകരിക്കുമ്പോള്‍ അത് വെറും മേനി നടിക്കല്‍ അല്ല. "തിരിച്ചറിവാണ്" എന്ന് നമുക്കു മാത്രം എന്താണ് മനസ്സിലാകാത്തത് ? അതോ ഇംഗ്ലീഷ് മരുന്നുകള്‍ക്കേ തങ്ങളുടെ രോഗങ്ങള്‍ക്ക് ശാന്തി തരാന്‍ കഴിയൂ എന്ന് ചിന്തിച്ചു തുടങ്ങിയോ മലയാളിയും?
കല്പക വൃക്ഷത്താല്‍ അനുഗ്രഹീതമായ നമ്മുടെ ഈ കൊച്ചു കേരളത്തിലെ പുതിയ തലമുറയുടെ ദാഹശമനി "കോള"യാണ്. വിഷാംശം കലര്‍ന്നതാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് നമ്മള്‍ ഇതു വാങ്ങി ഉപയോഗിക്കുന്നതും. അതെന്തിന് വേണ്ടിയാണെന്നു മാത്രം ചോദിക്കരുത്. കാരണം ശരീരത്തിനു ഗുണപ്രദമായ കരിക്കിന്‍ വെള്ളമോ പ്രകൃതി കനിഞ്ഞു നല്കിയ ഏതെങ്കിലും പാനീയമോ ആണ് നമുക്ക് കുടുതല്‍ ഇഷ്ടമെന്ന് പറഞ്ഞു പോയാല്‍ എന്താകും നമ്മുടെ "സ്റ്റാറ്റസ്" . അതുകൊണ്ട് ശരീരത്തിനു എന്ത് ദോഷം ചെയ്താലും കോള തന്നെയാണ് നമുക്കു ഇഷ്ടം. ഇങ്ങനെ കുത്തകമുതലാളിമാര്‍ക്ക് വിടുപണി ചെയ്യുന്ന നമ്മള്‍ കേര കര്‍ഷകരായ നമ്മുടെ സഹോദരന്മാരെ ആത്മഹത്യയുടെ കയറിന്‍ മുനമ്പിലെക്ക് ആണ് പറഞ്ഞു വിടുന്നതെന്ന് മറക്കാതിരിക്കുക. ഈ മുഷിഞ്ഞു നാറിയ പ്രകടനങ്ങളിലൂടെ നമ്മള്‍ അടിയറവയ്ക്കുന്നത് നമ്മുടെ അഭിമാനമാണ്. കല്പാന്ത കാലം മുന്‍പ് മുതല്‍ക്കേ നമ്മുടെ ശക്തിയും ഊര്‍ജവുമായ നമ്മുടെ അഭിമാനം. ഈ ഊര്‍ജ്ജത്തിനു മുന്‍പിലാണ് വിദേശിയര്‍ക്ക് പലപ്പോഴും മുട്ടു മടക്കേണ്ടി വന്നതെന്ന് ചിന്തിക്കാത്തത് എന്താണ് നമ്മള്‍? വിദേശിയരുടെ ശക്തിയുടെയും കാര്യശേഷിയുടേയും മുന്‍പില്‍ ഒന്നുമല്ലാത്ത നമ്മള്‍ അവരുടെ മുന്‍പില്‍ തലയുയര്‍ത്തി പിടിച്ചു ഞെളിഞ്ഞു നില്ക്കുന്നത് ഈ പൈതൃകത്തിനും സംസ്കാരത്തിനും മുകളിലാണെന്നു മറക്കരുത് നമ്മള്‍. മറന്നാല്‍ അവിടെ തുടങ്ങുകയായി നമ്മുടെ അധ:പ്പതനം.
ഇത്തരം മൂടുപടങ്ങള്‍ക്ക് പുറകില്‍ വ്യവസായ സാമ്രാജ്യം കേട്ടിപ്പടുക്കുന്ന ഒരു ശൃംഖല ഉണ്ടെന്ന കാര്യം മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നമ്മള്‍ നേടിയ വിദ്യാഭ്യാസം കൊണ്ടു എന്താണ് പ്രയോജനം? നമ്മളില്‍ അടിമത്ത സംസ്കാരം കുത്തി നിറച്ചു അതിന്റെ പങ്കു പറ്റി തടിച്ചു വീര്‍ക്കുന്ന ഈ വര്‍ഗ്ഗത്തെ തിരിച്ചറിയാന്‍ കഴിയാത്ത(അല്ലെങ്കില്‍ അങ്ങനെ നടിക്കുന്ന ) ഈ സാക്ഷര കേരളം ഇനിയെന്നാണ് അതിനുള്ള ആര്‍ജ്ജവം നേടിയെടുക്കുക?
സമയം വൈകിയിട്ടില്ല. അമ്മയെ ദൈവമായും നാടിനെ പെറ്റമ്മയായും ആരാധിക്കുന്ന നമുക്കു ആരുടെയും ഉച്ചിഷ്ഠം ആവശ്യമില്ല. ഇല്ലായ്മകളിലും അഭിമാനം പണയം വയ്ക്കാത്ത സിംഹത്തിന് ഉള്ള ധർമ്മം മതി നമുക്ക്. കഴുതപ്പുലിയുടെ ജന്മം നമുക്ക് വേണ്ട. സായിപ്പിന്റെ കൈകളിലേക്ക് തന്നെയാണ് നമ്മുടെ നാടിന്റെ പോക്കെന്നു തിരിച്ചറിയുക. ഈ വൈകിയ വേളയിലെങ്കിലും...
സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുക എന്നു കേട്ടിട്ടില്ലേ?
ReplyDeleteits a good one............
ReplyDelete-signed-
ReplyDeleteഅനൊനീ,നന്ദി.........
ReplyDeleteഇങ്ങനെ ഒരു ചോദ്യം ഓരോ മലയളിയുടെയും ഉള്ളില്‍ തോന്നിയിരുന്നെങ്കില്‍ ? നല്ല പോസ്റ്റ്.
ReplyDeleteഉവ്വ.., സായിപ്പ്മാര്‍ കണ്ടുപിടിച്ച, വൈദ്യുതി ഉപയോഗിച്ച്, അവരുടെ അടുത്ത് നിന്ന് തന്നെ വന്ന കമ്പ്യൂട്ടര്‍ ഉപയോഗിച്ച്, അവരുടെ തന്നെ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നമ്മുടെ “മഹത്തായ”
ReplyDeleteപാരമ്പര്യത്തെ പുകഴ്ത്തി ഇങനെ തന്നെ എഴുതണം മലയാളി.
എന്താ അനോണീ നമ്മുടെ ‘മഹത്തായ പാരമ്പര്യത്തെക്കുറിച്ച്‘ പറയുമ്പോള്‍ ഒരു പുച്ഛം. കണ്ണുള്ളപ്പോള്‍ അതിന്‍റെ വില അറിയില്ല എന്ന് കേട്ടിട്ടില്ലേ...നാം നഷ്ടപ്പെടുത്തുന്ന നമ്മുടെ പൈതൃകങ്ങളുടെ വില അനോണിയും മനസ്സിലാക്കും ഇന്നല്ലെങ്കില്‍ നാളെ..പക്ഷെ അപ്പോഴെക്കും ഒരുപാട് താമസിച്ച് പോകുമോ എന്ന ഭയം മാത്രം ബാക്കി....
ReplyDeleteനല്ല പോസ്റ്റ്..ചിന്തിപ്പിക്കുന്ന പല ആശയങ്ങളും വായിക്കാന്‍ കഴിഞ്ഞു ..
ReplyDeleteതങ്ങളുടെ സംസ്കാരത്തിന്റെ നന്മയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ പുച്ഛം. സായിപ്പിന്റേത് മഹത്തരം.ഒരുപക്ഷെ പൈത്രുകത്തിന്റെ (അതൊ പിത്രുത്വത്തിന്റെയൊ)അഭാവമായിരിക്കാം
ReplyDeleteസായിപിന്‍റെ കൊട്ടയാണൊ നമ്മടെ കൊട്ട, സായ്പിന്‍റെ ചവറാണോ നമ്മടെ..അല്ല, ശ്ശോ..സായ്പിന്‍റെ ചവറാണോ സായ്പിന്‍റെ കൊട്ടയാണോ..ശെ പിന്നേം തെറ്റി.... ശ് ശ് ശൊ തേണ്ട് ഒരു സായ്പ് വരുന്നു, മിണ്ടല്ലെ..
ReplyDeleteചിന്തോദീപകമായ പോസ്റ്റ്.... അഭിനന്ദനങ്ങൾ...
ReplyDeleteനമുക്ക് വളരെ നല്ല ഒരു സംസ്ക്കാരം ഉണ്ടായിരുന്നു.ലോകത്തിലെ തന്നെ അതി പുരാതനവും മഹത്തരവുമായ ഒന്ന്. അനേകം ശാസ്ത്രങ്ങളും,മതങ്ങളും,തത്വ ചിന്തങ്ങളും ഇവിടെ ഉടലെടുത്തിട്ടുണ്ട്. ലോകം അതൊക്കെ അഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇന്നത്തെ ഇന്ത്യയിലെ സ്ഥിതി വിശേഷങ്ങൾ വീക്ഷിക്കുന്ന ഒരാൾക്ക് നമുക്ക് ഒരു സംസ്ക്കാരം ഉണ്ടായിരുന്നോ എന്ന് തന്നെ സംശയം തോന്നാം.
ആയുർവ്വേദം യതൊരു ദോഷവുമില്ലാത്ത ചികിൽസാചര്യ ആണ്. എന്നിട്ട് നിസ്സാരകര്യത്തിനു പോലും എന്തിന് അലോപതിക്ക് പുറകെ പോകുന്നു ? അലോപതിയെ പാടെ തഴയണം എന്നല്ല.
സംഭാരവും,ഇളനീരും അതിവിശിഷ്ടവും ഏതൊരാൾക്കും സേവിക്കാവുന്നതുമാണ്. എന്നിട്ടും ദോഷകരമായ കോളകൾ നമ്മുടെ മാർക്കറ്റ് കീഴടക്കുന്നു.
സസ്യാഹാരമാണ് നമ്മുടെ പൈതൃകം. ഇന്ന് കേരളത്തിലെ ഭൂരിഭാഗവും മാസഭുക്കുക്കൾ അല്ലേ.
അതുപോലെ തന്നെ എല്ലാ മതസ്ഥരേയും സംസ്ക്കാരത്തേയും അഗീകരിക്കുന്ന ഒരു സംസ്ക്കാരമായിരുന്നു നമ്മുടേതെ. ഇന്ന് അഹിംശാസിത്താന്തങ്ങൾ കുഴിച്ച് മൂടിയിട്ട് ലഹളകൾ മാത്രമല്ലേ ഉള്ളൂ...
മൊബയിൽ ഫോണും, ഇന്റർനെറ്റും ഉപയോഗിക്കരുതെന്നല്ല. ഉപകരിക്കുന്നതെന്തും സ്വീകരിക്കതന്നെ വേണം. അന്തമായ അധുനിവൽക്കരണത്തിന്റേയും അനുകരണത്തിന്റേയും പേരിൽ നമ്മടെ നന്മകൾ ബലികഴിക്കരുത് എന്നുമാത്രം...
|കാന്താരിക്കുട്ടി| ഈ ചോദ്യങ്ങള്‍ നാടിനെ സ്നേഹിക്കുന്ന എല്ലാ മലയാളികളിലും ഉണ്ട് എന്നാണ് എന്‍റെ അഭിപ്രായം.പക്ഷെ ഒഴുക്കിനൊത്ത് നീന്താന്‍ ശ്രമിക്കുന്നത് കൊണ്ടാകാം, പ്രതികരണങ്ങള്‍ ഉണ്ടാകാറില്ല
ReplyDelete|smitha adharsh| നന്ദി......
|agraharathile kazhutha|നോ കമന്‍റ്സ്...ഈ ഭാഷ തീരെ വശമില്ല. അതുകൊണ്ട് മാത്രം.
|jayan|ഈ പുച്ഛം അടിയറവെന്ന ദുര്‍ഗ്ഗതിയിലേക്ക് എത്തിക്കാതിരീക്കട്ടെ എന്നുമാത്രം ആശിക്കാം
|PIN|നന്ദി.... ഇവിടെ വന്നതിനും, നാടിനെ ഓര്‍ത്ത് വേവലാതിപ്പേടുന്ന ഈ സുദീര്‍ഘമായ അഭിപ്രായത്തിനും
സായിപ്പിന്റെ ചീത്തശീലങ്ങള്‍ മാത്രമെ നാം സ്വീകരിച്ചിട്ടുള്ളൂ.. 35 ഡിഗ്രിയില്‍ ടൈയും കെട്ടി സ്കൂളില്‍ പൊകെണ്ടി വരുന്ന പാവം കുട്ടിസായിപ്പന്മാരെയും മദാമ്മകളെയും കണ്ടു കരച്ചില്‍ വരുന്നു.. Scandinavia യില്‍ British സായിപ്പിന്റെ ഇമ്മാതിരി പരിപാടികളൊന്നും ഇല്ല. Cricket മാത്രം കളിക്കാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ ജനതയെ നൊക്കൂ.. പക്ഷെ British സായിപ്പ് വിവരം ഉള്ളതുകൊണ്ടു ക്രിക്കറ്റിന്റെ കൂടെ മറ്റെല്ലാ സ്പോര്‍ട്സും ചെയ്യുന്നു.. നല്ല ലെഖനം മലയാളീ...
ReplyDelete-ധ്രുവക്കരടി.
സാംസ്ക്കാരിക പൈതൃകം മനസ്സിലാക്കാതെ വളരുന്ന തലമുറ
ReplyDeleteഅന്ധമായ ഭൌതികജീവിതത്തിന്റെ
നിരർത്തകതയെപ്പറ്റി മനസ്സിലാക്കിവരുമ്പോഴെയ്ക്കും
തിരിച്ചുകയറാനാവാത്തവിധം നീർചുഴിയിൽ പെട്ടുപോയിരിക്കും.
ഭാരതീയ ദർശനങ്ങളിൽ എവിടെയും ഭൌതിക സുഖങ്ങളെ തിരസ്കരിക്കണം
എന്നു പറയുന്നില്ല. ഒന്നിനും അടിമപ്പെടാതെ ജീവിക്കാനുള്ള കരുത്ത് ആർജിക്കാൻ
മാത്രം പറയുന്ന ഏത് സിദ്ധാന്തമാണ് ഇന്ന് നിലവിലുള്ളത്.
| Polarbear |
ReplyDelete| പാര്‍ത്ഥന്‍ |
വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി......
35 ഡിഗ്രി ചൂടിൽ ടൈയും കെട്ടി സ്കൂളില്‍ പൊകെണ്ടി വരുന്ന കുട്ടിസായിപ്പന്മാരെയും മദാമ്മകളെയും കണ്ടു സഹതാപം മാത്രം . സായിപ്പിന്റെ അടിമകളായിക്കഴിഞ്ഞവർക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും നായയുടെ വാലുപോലെയായത് ലജ്ജാകരം തന്നെ. സായിപ്പ് എന്തു പറഞ്ഞാലും `യാ യാ' പറഞ്ഞ് കൂടെ കൂടുന്നവരോടെ എന്ത് പറയാൻ !!!എനിക്ക് മുൻവിധികളുണ്ട്, ഈ നാടിനെ കുറിച്ച്. പക്ഷേ, മെറ്റ്കാഫോർസിൽ നിന്നും സായിപ്പ് ഉപേക്ഷിച്ചു പോയ ഗോൾഫും ബ്രിഡ്ജും ബില്ല്യാർഡ്സും തീൻമേശ മര്യാദകളും പഠിച്ചിറങ്ങിയാൽ എല്ലാം തികഞ്ഞു എന്നു തെറ്റിദ്ധരിക്കുന്നവർക്ക് കാലം മാപ്പ് നല്ക്കട്ടെ .സായിപ്പിന്‍റെ ഭാഷ പഠിച്ചതുകൊണ്ടോ അവന്‍റെ ശീലങ്ങള്‍ (നല്ലതും ചീത്തയും) ശീലിച്ചതുകൊണ്ടോ സായിപ്പാവില്ല . തവിട്ടു തൊലിയുള്ളവനെ സായിപ്പു കൂട്ടത്തില്‍ കൂട്ടുകയുമില്ല.ആംഗലേയ ഭാഷ പഠിക്കാന്‍ സ്വാഭാവികമായ ഒരിഷ്ടം ഉണ്ടാവണം. എങ്കില്‍ ഭാഷ നന്നായി പഠിക്കും; അല്ലാതെ ആംഗലേയ മാധ്യമത്തില്‍ പഠിച്ചതുകൊണ്ട് ഒരു 'തവിട്ടനും' സായിപ്പായി കണ്ടിട്ടില്ല.
ReplyDelete