"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Monday, May 5, 2008

മലയാളിക്ക് ഒരു ആഘോഷം കൂടി


അങ്ങനെ മലയാളിക്ക് ഒരു ആഘോഷം കൂടി കിട്ടി. ബന്ധുക്കള്‍ എല്ലാവരുമായി ഒത്തുകൂടാനും സന്തോഷം പങ്കിടാനും സുഹ്രുത്തുക്കളോടൊപ്പം രണ്ട് സ്മാള്‍ അടിക്കാനും ഒരു ആഘോഷദിനം കൂടി. അത് ഏതു ദിനം എന്നു ആലോചിച്ചു തല പുകയ്ക്കില്ല ഒരു മലയാളിയും. കാരണം “ഹര്‍ത്താല്‍“ എന്ന ഈ സുവര്‍ണ ആഘോഷ ദിനത്തെ നെഞ്ചിലേറ്റി കഴിഞ്ഞു ഓരോ മലയാളിയും. ഓണവും വിഷുവും ഒക്കെ ആഘോഷിക്കാന്‍ മലയാളി മറന്നു തുടങ്ങിയെങ്കിലും ഹര്‍ത്താലാഘോഷത്തെ തള്ളിക്കളയാന്‍ ഒരു മലയാളിക്കും കഴിയില്ല. അഥവാ ഈ പരിപാടി നടത്തുന്നവര്‍ അതിനു സമ്മതിക്കില്ല. വിവരമറിയും!!!


പതിറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ ഓരൊ ഇന്ത്യക്കാരനും ഹര്‍ത്താല്‍ എന്ന വാക്കു പരിചിതമാണ്. കാരണം ഇന്ത്യക്കാരെ അടിമകളായി വച്ചിരുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ നമ്മുടെ മഹാത്മാവാണ് ഈ സമരമുറയെ വിജയകരമായി പ്രയോഗിച്ചത്. ആരെയും ഉപദ്രവിക്കാതെ ആരുടെയും സ്വകാര്യ ജീവിതത്തില്‍ കൈകടത്താതെ തികച്ചും സമാധാന പരമായ ഒരു സമര മാര്‍ഗ്ഗം. ഇതായിരുന്നു നമ്മുടെ രാഷ്ട്ര പിതാവ് വിഭാവനം ചെയ്ത “ഹര്‍ത്താല്‍“. അങ്ങനെ ഒരുപാട് യാതനകള്‍ക്കൊടുവില്‍ ഇന്ത്യ സ്വതന്ത്രയായി. പക്ഷെ നമ്മള്‍ ഹര്‍ത്താലിനെ ഉപേക്ഷിച്ചില്ല. ആവശ്യത്തിനും അനാവശ്യത്തിനും രാഷ്ട്രീയക്കാര്‍ അതെടുത്ത് ഉപയോഗിച്ചു. എന്നാല്‍ നാളുകള്‍ പിന്നിട്ടപ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് ഒരു സംശയം. ഹര്‍ത്താലിനു മൂര്‍ച്ച കുറഞ്ഞൊ എന്ന്. അങ്ങനെ ഒരുപാട് പരീക്ഷണ നിരീക്ഷണ ഫലമായി ഹര്‍ത്താലിന്റെ പുതിയ പതിപ്പെത്തി.”ബന്ദ്”.


അങ്ങനെ ബന്ദ് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. ബന്ദ് എന്നാല്‍ കുറഞ്ഞ കളിയൊന്നുമല്ല. ആര്‍ക്കും ഏതു നിമിഷവും ബന്ദ് പ്രഖ്യാപിക്കാം. പ്രഖ്യാപിക്കുന്നവര്‍ സമയ പരിധിയും നിശ്ചയിക്കും. ആ സമയ പരിധിക്കുള്ളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നവര്‍, ജോലിക്കു പ്രവേശിക്കുന്നവര്‍, വാഹനവുമായി നിരത്തില്‍ ഇറങ്ങുന്നവര്‍, തുടങ്ങി ബന്ദിനോട് നിസ്സഹകരിക്കുന്ന എല്ലാ മൂരാച്ചികളും അനുഭവിക്കും. ഇല്ലെങ്കില്‍ ഞങ്ങള്‍ അനുകൂലികള്‍ അനുഭവിപ്പിക്കും. അന്നത്തെ ദിവസം വാഹനം അടിച്ചു പൊളിച്ചാലൊ, കാറ്റൂരി വിട്ടാലൊ, എന്തിനധികം പുറത്തിറങ്ങുന്നവന്റെ തല തല്ലിപൊളിച്ചാല്‍ പോലും ആരും ചോദിക്കാന്‍ വരില്ല. കാരണം ഇതു ബന്ദ് നടത്തുന്നവന്റെ അവകാശമാണ്. പാല്‍ , പത്രം, വിവാഹം, മരണം എന്നിവയെ ഒക്കെ ഒഴിവാക്കി എന്നു നേതാവു പറയും. എന്നാല്‍ അതു വിശ്വസിച്ചു പുറത്തിറങ്ങുന്നതിനു മുന്‍പു ആശുപത്രിയില്‍ ഒരു റൂം പറഞ്ഞു വയ്ക്കുന്നത് നന്നായിരിക്കും.


ഒഴിഞ്ഞ നിരത്തുകളും സ്തംഭനാവസ്ഥയിലായ നാടുമാണ് ബന്ദിന്റെ വിജയപ്രതീകം. അതു കൊണ്ട് തങ്ങളുടെ പാര്‍ട്ടിയുടെ ശക്തിയളക്കാന്‍ പാര്‍ട്ടികള്‍ മാറി മാറി ജനങ്ങളുടെ ക്ഷമയെ പരീക്ഷിചുകൊണ്ടിരുന്ന അവസരത്തിലാണ് കോടതി ഒരു കടുംകൈ കാട്ടിയത്. ഇനി ബന്ദ് നടത്താന്‍ പാടില്ല എന്ന വിധി. ഈ വിധി കേട്ടു തളര്‍ന്നുപോയ രാഷ്ട്രീയക്കാരന്റെ വേദന കോടതിക്കറിയേണ്ടല്ലൊ. അങ്ങനെ പ്രതിസന്ധിയില്‍ തളരുന്നവരല്ല രാഷ്ട്രീയക്കാര്‍. അവര്‍ പഴയ ഹര്‍ത്താല്‍ പൊടി തട്ടിയെടുത്ത് ബന്ദിന്റെ ദിനചര്യകളെ അതിലേക്കു സന്നിവേശിപ്പിച്ചു ജനങ്ങള്‍ക്കു നല്‍കി. ഒരു കോടതിക്കും ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം ഇതു ഹര്‍ത്താലാണ്. മഹാത്മാവ് “വിഭാവനം“ ചെയ്ത ഹര്‍ത്താല്‍. രാഷ്ട്രീയക്കാരുടെ ഈ ആത്മാര്‍ഥതയില്‍ കണ്ണുകള്‍ നനയുന്നുണ്ടൊ? അതെ ഇതാണ് യഥാര്‍ത്ത രാഷ്ട്രസേവനം. ജനാധിപത്യം. ഒരുകൂട്ടം ജനങ്ങളുടെ ആധിപത്യം എന്നതായിരിക്കുന്നു ജനാധിപത്യത്തിന്റെ പുതിയ നിര്‍വ്വചനം.


നമ്മള്‍ മലയാളികള്‍ക്ക് ഈ ദിനം സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദിനമാണ്. നമുക്ക് പ്രിയപ്പെട്ടവരോടൊപ്പമിരുന്നു സദ്യയുണ്ടും, അച്ചടക്കത്തിന്റെ ഏറ്റവും വലിയ പാഠശാലയായ ബിവറേജ് ക്യൂവില്‍ നിന്നു “കഷ്ടപ്പെട്ടു“ വാങ്ങിയ കുപ്പിയുടെ കഴുത്തു പൊട്ടിച്ചും ചാനലുകള്‍ മാറ്റിമാറ്റി വച്ചും നമുക്കീദിനം ഗംഭീരമായി കൊണ്ടാടാം. കാരണം ഇതു സമീപ ഭാവിയില്‍ തന്നെ നമ്മുടെ ദേശീയോത്സവം ആയേക്കാം...


വാല്‍ക്കഷണം: അധികം താമസം കൂടാതെ തന്നെ നമുക്ക് ചാനലുകളില്‍ നിന്നു കേള്‍ക്കാന്‍ കഴിയും ഈ വാക്കുകള്‍: ഹര്‍ത്താല്‍ ദിന ബ്ലോക് ബസ്റ്റര്‍ ചലച്ചിത്രം......... ഈ ഹര്‍ത്താല്‍ ദിനം .......ടിവിയോടൊപ്പം ആഘോഷിക്കൂ.

11 comments:

  1. Harthaal dina block-buster chalatchitram.... fine
    rajesh

    ReplyDelete
  2. ഓരോ ഹര്‍ത്താല്‍ ദിനവും അറ്റുപോകലിന്‍റെ നൊമ്പരവും കൂട്ടിയിണക്കലിന്‍റെ മധുരവും ചേര്‍ന്നൊരുക്കുന്ന ഗൃഹാതുര സ്മരണകളാണ്. വൈകിയാണെങ്കിലും എല്ലാവര്‍ക്കും എന്‍റെ ഹര്‍ത്താല്‍ ദിനാശംസകള്‍

    ReplyDelete
  3. >അനോനി,

    നന്ദീ.....രാജേഷ് അല്ല രജീഷ് ആണ് എന്ന തിരുത്തല്‍ മാത്രം

    >ഫസല്‍

    അടുത്തു തന്നെ സമാഗതമായേക്കാവുന്ന അടുത്ത ഹര്‍ത്താല്‍ ആഘോഷത്തിനു ഫസലിനു എന്‍റെ വക ആശംസകളും അറിയിക്കട്ടെ

    ReplyDelete
  4. പിന്നേ...ഇയ്യാള്‍ പറഞ്ഞാ ഉടനേ ഞങ്ങളെല്ലാരും ഹര്‍ത്താല്‍ ഉപേക്ഷിച്ച് രാഷ്ട്രപുരോഗതിക്കായി പണിയെടുക്കാന്‍ പോക്വല്ലേ...

    ഇയ്യാള്‍ ഏതു നൂറ്റാണ്ടിലാ???

    ഏതു ഹര്‍ത്താള്‍ ആണേലും ഐടി പാര്‍ക്കിനവധി ഇല്ലല്ലോ.???


    ആകെ കിട്ടുന്ന ഒരു അവധി ദിനം ( ഷന്തോഷിക്കാനുള്ള ദിനം ) എന്തിനാ മച്ചമ്പീ ഇല്ലാതാക്കുന്നേ????

    ഈ പോസ്റ്റിന് അഹങ്കാരിയുടെ വക ഒരു കൂവല്‍ ഇരിക്കട്ടെ..

    കൂ‍ൂ‍ൂ‍ൂ...കൂ...കൂ...

    ( ഇത് ഒരഹങ്കാരി സ്റ്റൈല്‍... )

    ReplyDelete
  5. വളരെ ശരിയാണ് മലയാളി പറഞ്ഞത്. ചില കുടുംബങ്ങളില്‍ ഹര്‍ത്താല്‍ ഒരാ‍ഘോഷം തന്നെയാണ്. അന്നു ജോലിക്കു പോണ്ട. വീട്ടുകാരുമൊത്ത് സൊറ പറഞ്ഞിരിക്കാന്‍ കിട്ടുന്ന നല്ല ഒരവസരം. സാധനങ്ങളൊക്കെ തലേന്നേ വാങ്ങിവക്കുകയാണെങ്കില്‍ ആ ബുദ്ധിമുട്ടും ഒഴിവായി ക്കിട്ടും. സത്യം പറഞ്ഞാല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കണം എന്ന ലക്ഷ്യം സാധിതമാകാതെയാണ് വരുന്നത്. ജനങ്ങള്‍ ഇന്ന് ഹര്‍ത്താലിനെ വീണുകിട്ടുന്ന ഒരു അവധി ദിനമായി ആഘോഷിക്കുന്നു.....

    ReplyDelete
  6. >അഹങ്കാരീ,

    സ്റ്റൈല്‍ ഇഷ്ടപ്പെട്ടു.രാഷ്ട്രപുരോഗതിക്കായി പണിയെടുക്കാന്‍ ഒന്നും പൊകേണ്ട.അവധി ദിനം അഘോഷിച്ചോളൂ.ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാതെ ഒരുപാടുപേര്‍ നമ്മുടെ നാട്ടില്‍ നരകിക്കുന്നു.അവന്മാര്‍ അവിടെ കിടന്നു വയര്‍ ഉണക്കട്ടെ.നമുക്കു ഹര്‍ത്താല്‍ കൊണ്ടാടാം.അഹങ്കാരിക്കു എന്‍റെ വക ഹര്‍ത്താല്‍ ആശംസകള്‍.

    >ഗീതാഗീതികള്‍

    അതെ വളരെ ശരിയാണ്. ഈ കഴിഞ്ഞ ഹര്‍ത്താലിനോടനുബന്ധിച്ചു ടിവിയില്‍ ഒരു റിപ്പോര്‍ട്ട് കാണുകയുണ്ടായി. മൂന്നു ദിവസം കൊണ്ടു നടക്കേണ്ട കച്ചവടമാണത്രെ ഹര്‍ത്താലിന്‍റെ തലേ ദിവസം നടക്കുന്നതു.കച്ചവടക്കാരനും ഉപഭോക്താവിനും തൊഴിലാളിക്കും മുതലാളിക്കും എല്ലാം സന്തോഷം.ഇതൂ നമ്മുടെ ദേശീയോത്സവം തന്നെ....

    ReplyDelete
  7. അധികം താമസം കൂടാതെ തന്നെ നമുക്ക് ചാനലുകളില്‍ നിന്നു കേള്‍ക്കാന്‍ കഴിയും ഈ വാക്കുകള്‍: ഹര്‍ത്താല്‍ ദിന ബ്ലോക് ബസ്റ്റര്‍ ചലച്ചിത്രം......... ഈ ഹര്‍ത്താല്‍ ദിനം .......ടിവിയോടൊപ്പം ആഘോഷിക്കൂ.

    ReplyDelete
  8. Good observation.

    Another Harthal is coming: Beware.

    Kerala is denied rain during this monsoon..... All the states, where the upa govt is ruling received better rainfalls this year. The shortage of rain in Kerala is due to the wrong policies of Central Govt and Nuclear Deal. Get ready to hear a harthal announcement on this issue.....

    Bye

    ReplyDelete
  9. പിന്‍ വാതിലിലൂടെയുള്ള ബന്ദ് എന്നതാവും കൂടുതല്‍ യോജിക്കുക.
    1,2കിലൊ കോഴി അല്ലെങ്കില്‍ പോത്തോ, പന്നിയൊ, ആടോ..
    പിന്നെ 1,2 കുപ്പി...
    3,4 പുതിയ സിനിമാ സിഡികള്‍..
    ഹര്‍ത്താല്‍ ദിനം കുശാല്‍...


    ഇതാണു ഇപ്പോഴത്തെ ഒരു രീതി...

    ReplyDelete
  10. Lord Krishna,
    Sambhavichathellam Nallathinu.
    Sambhavichu kondirikkunnathum Nallathinu.
    Sambhavikanirikkunnathum........

    ReplyDelete
  11. | Anony |
    | shan |
    | Abdul |

    അഭിപ്രായങ്ങൾക്ക് നന്ദി......

    ReplyDelete

ഒരു ‘മാറുന്ന‘ മലയാളി തന്നെയല്ലേ നിങ്ങളും? അതിനാല്‍ തന്നെ തുറന്നു പറയൂ നിങ്ങളുടെ അഭിപ്രായങ്ങള്‍...അത് യോജിപ്പുകളാണെങ്കിലും വിമര്‍ശനമാണെങ്കിലും.