"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Monday, December 1, 2008

മാദ്ധ്യമങ്ങള്‍ ആര്‍ക്ക് വേണ്ടി ??


നമുക്കിപ്പോള്‍ വാര്‍ത്തകള്‍ അറിയാന്‍ ഒരു വിഷമവുമില്ല. കാരണം വാര്‍ത്തകള്‍ ചൂടോടെ നമ്മളിലേക്കെത്തിക്കാന്‍ കൈവിരലില്‍ എണ്ണാവുന്നതിലുമധികം മലയാളം ദിനപ്പത്രങ്ങളുണ്ട് നമുക്ക്. അതും പോരാ എങ്കില്‍ കൈവിരല്‍ തുമ്പില്‍ ലൈവ് വാര്‍ത്തകളും വിശേഷങ്ങളുമായി നിരന്നു നില്‍ക്കുന്ന നിരവധി മലയാളം വാര്‍ത്താ ചാനലുകളുമുണ്ട്. വാര്‍ത്തകള്‍ക്ക് വേണ്ടി കാതോര്‍ക്കുന്ന മലയാളിക്ക് ‘ആനന്ദലബ്ധിക്ക്‘ ഇനി എന്തുവേണം?

കാശ് കൊടുത്ത് പത്രം വാങ്ങി വായിക്കുകയും, വാര്‍ത്തകള്‍ കാണാനും വിശകലനങ്ങള്‍ കേള്‍ക്കാനും വാര്‍ത്താചാനലുകളുടെ മുന്‍പില്‍ കുത്തിയിരിക്കുകയും ചെയ്യുന്ന നമ്മള്‍ വിഡ്ഡികളാക്കപ്പെടുകയല്ലേ? ഇപ്പോള്‍ എല്ലാ മാദ്ധ്യമങ്ങള്‍ക്കും അവരുടേതായ ഒരു പക്ഷം ഉണ്ട്. അതെന്തായാലും പൊതുജനമെന്ന ദരിദ്രവാസികളുടെ പക്ഷമല്ല എന്ന് നൂറു ശതമാനം ഉറപ്പ്. തങ്ങള്‍ നിക്ഷ്പക്ഷരാണ് എന്ന് ഏതെങ്കിലും മാദ്ധ്യമം പറയുന്നുവെങ്കില്‍ നമുക്ക് ഉറപ്പിക്കാം. അത് അവരുടേ സര്‍ക്കുലേഷനോ വ്യൂവര്‍ഷിപ്പോ കൂട്ടാനുള്ള വെറും പരസ്യവാചകം മാത്രം.

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, അവരുടെ വാദഗതികളും അവരുടെ ദിശയില്‍ കൂടി “മാത്രം” കാണുന്ന വാര്‍ത്തകളും വിളമ്പാന്‍, സ്വന്തമായി പത്രങ്ങളും ചാനലുകളും തുടങ്ങിയിട്ടിട്ടുണ്ട്. മറ്റു പ്രസ്ഥാനങ്ങളെ കുറ്റം പറയാനും രാഷ്ട്രീയ എതിരാളികളെ കരി വാരി തേക്കാനും മാത്രം ഉള്ള പരസ്യപ്പലകകളാണവ. ഞങ്ങളുടെ പത്രം ഞങ്ങളുടെ ചാനല്‍ ഞങ്ങള്‍ക്ക് തോന്നുന്നത് എഴുതും പറയും. ഇതാണ് അവരുടെ ലൈന്‍. പക്ഷെ വാര്‍ത്തയിലെ ശരിയും തെറ്റും നോക്കാതെ പ്രസ്ഥാനങ്ങളുടെ നിലപാടുകള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന ഇത്തരം മാദ്ധ്യമങ്ങള്‍ മുഖ്യധാരയില്‍ തന്നെ നിലനില്‍ക്കുന്നത് ചിലപ്പോള്‍ മലയാളിയുടെ ‘രാഷ്ട്രീയ പ്രബുദ്ധത‘കൊണ്ടാകാം.

രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഉണ്ടാകുമ്പോള്‍ തങ്ങളുടെ അനുഭാവിക്ക് വെട്ടേറ്റ വാര്‍ത്ത മുന്‍പേജില്‍ വലിയ പ്രാധാന്യത്തോടേ പ്രസിദ്ധീകരിക്കുമ്പോള്‍ അതേ സംഘട്ടനത്തില്‍ എതിര്‍ സംഘടനയിലെ രണ്ട് പേര്‍ മരിച്ചു എന്ന വാര്‍ത്ത അവഗണിക്കുകയോ അല്ലെങ്കില്‍ ഉള്‍പേജിലെ ചെറിയ കോളത്തില്‍ ഒതുക്കുകയോ ചെയ്യുക എന്നതാണ് ഇത്തരം പത്രങ്ങളുടെ മാദ്ധ്യമ ‘ധര്‍മ്മം’. ഇത്തരം വാര്‍ത്ത വളച്ചൊടിക്കലും കെട്ടിചമയ്ക്കലുമൊക്കെ ദേശാഭിമാനി, ജന്‍മഭൂമി, വീക്ഷണം തുടങ്ങിയ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്വന്തം മുഖപ്പത്രങ്ങള്‍ക്ക് ഭൂഷണമായിരിക്കാം. കാരണം അത്തരം മാദ്ധ്യമങ്ങളുടെ ‘കര്‍ത്തവ്യം‘ തന്നെ അതാണല്ലോ...

പിന്നെയുള്ളത് മനോരമ , മാതൃഭൂമി തുടങ്ങിയ ‘മാദ്ധ്യമ ഭീമന്‍‘മാരാണ്. അങ്ങനെ ഒരു വിശേഷണം അവര്‍ക്ക് ആരും ചാര്‍ത്തി കൊടുത്തതല്ല. അവര്‍ അത് സ്വയം എടുത്തണിഞ്ഞതാണ്.സമുദായ ആചാര്യന്‍മാരെയും രാഷ്ട്രീയ നേതാക്കളെയും സമൂഹത്തിലെ ഉന്നതരെയും സമയാസമയം ‘സുഖിപ്പിക്കാന്‍‘ അറിയാം എന്നതാണ് ഈ ‘ഭീമന്‍‘മാരുടെ പത്രപ്രവര്‍ത്തന ‘ധര്‍മ്മ‘ത്തിന്റെ പ്രധാന സവിശേഷത. വലിയ തിരുമേനി സ്ഥാനമേറ്റാലും , കാലം ചെയ്താലും സമുദായാചാര്യന്‍ മാര്‍ക്ക് 89 തികഞ്ഞാലും തങ്ങള്‍ക്ക് പ്രിയമുള്ള രാഷ്ട്രീയ നേതാക്കളുടെ കുട്ടിക്ക് ഉണ്ണി പിറക്കുമ്പോഴുമെല്ലാം പ്രകീര്‍ത്തിച്ച് മുഖപ്രസംഗമെഴുതിയും പ്രത്യേക സപ്ലിമെന്റുകളിറക്കിയുമൊക്കെ അവര്‍ തങ്ങളുടെ ‘സുഖിപ്പിക്കല്‍‘ പ്രക്രിയ വെടിപ്പായി നിര്‍വ്വഹിക്കുന്നു.

സപ്ലിമെന്‍റ് ഇറക്കാന്‍ വേണ്ട ചിലവിനെ സംബന്ധിച്ച് ഈ ‘ഭീമന്‍‘മാര്‍ക്ക് വേവലാതിയില്ല. കാരണം സിനിമാ താരങ്ങള്‍ക്ക് ജന്‍മദിനാശംസ നേരാനും സ്വന്തം പിച്ചില്‍ കളിച്ചു ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശംസ നേരാനുമൊക്കെ 100 രൂപ നീട്ടിപ്പിടിച്ച് ക്യൂ നില്‍ക്കാന്‍ അത്താഴപ്പട്ടിണിക്കാരനായ മലയാളി പോലും മത്സരിക്കുമ്പോള്‍ അവര്‍ക്ക് എന്ത് വേവലാതി‍.

ചില സമയത്ത് ഈ ‘ഭീമന്‍‘മാര്‍ തങ്ങള്‍ പറയുന്നതാണ് സത്യം എന്നങ്ങ് സ്ഥാപിച്ചു കളയും.അഭയാ കേസിലെ പ്രതികളുടെ അറസ്റ്റ് നടന്ന ദിവസം മനോരമാ ന്യൂസ് ചാനലില്‍ അങ്ങനെ ഒരു അഭ്യാസം കാണാന്‍ കഴിഞ്ഞു. അറസ്റ്റ് ദുരൂഹമാണെന്ന് സ്ഥാപിക്കാനുള്ള ചാനലിന്റെയും ഷാനി പ്രഭാകരന്റെയും പരിശ്രമം അത്രക്ക് ദയനീയമായിരുന്നു എന്ന് പറയാതെ വയ്യ. കൊല്ലത്ത് കന്യാസ്ത്രീ ആത്മഹത്യ ചെയ്ത്, സഭ പ്രതിക്കൂട്ടില്‍ വന്ന ഘട്ടത്തിലും മനോരമയുടെ ഈ ‘പ്രതിബദ്ധത’ ഉണര്‍ന്നിരുന്നു. സംഭവത്തിന്റെ അടുത്ത ദിവസങ്ങളില്‍ മറ്റു മാദ്ധ്യമങ്ങളില്‍ ഈ സംഭവം നിറഞ്ഞ് നിന്നപ്പോള്‍ മനോരമ പത്രത്തില്‍ ഇതിനേപറ്റി ഒരു വാര്‍ത്ത വായിക്കാന്‍ ഭൂത കണ്ണാടി വച്ച് തിരയേണ്ടി വന്നു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിക്കിടമില്ല.

സായാഹ്ന പത്രങ്ങളും നമുക്ക് കുറവല്ല. സായാഹ്ന പത്രങ്ങളിലെ പത്ര ലേഖകര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനും ‘കഴിവു‘ള്ളവരാണ്. അവര്‍ സൃഷ്ടിക്കുന്ന ചൂടന്‍ വാര്‍ത്തകള്‍ അതാത് സായാഹ്ന പത്രങ്ങളിലല്ലാതെ മറ്റെവിടെയും നമുക്ക് കാണാന്‍ കഴിയില്ല. അതാണ് അവരുടെ വൈദഗ്ദ്ധ്യം. എന്തിനധികം അതേ പത്രത്തില്‍ പോലും അടുത്ത ദിവസം ആ വാര്‍ത്തയെ പറ്റി ഒരു പരാമര്‍ശം പോലും ഉണ്ടാവുകയുമില്ല. അതെന്താ അങ്ങനെ? എന്നു നമുക്ക് ചോദിക്കാനും കഴിയില്ല. കാരണം കഥയില്‍ ചോദ്യമില്ല!!!

സായാഹ്നപത്രത്തെ കുറിച്ചുള്ള നിര്‍വ്വചനം നിസ്സാരമാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സര്‍ക്കാര്‍ ജോലിക്കാരെയും, യാത്രയില്‍ ബോറടിക്കുന്നവരെയും മാത്രം ലക്ഷ്യം വച്ച് പുറത്തിറങ്ങുന്ന അത്യാവശ്യം എരിവും പുളിയുമുള്ള മ(ഞ്ഞ)ലയാളം പത്രം.

ദുരന്തങ്ങളും അപകടങ്ങളുമൊക്കെ മാദ്ധ്യമങ്ങള്‍ ‘ആഘോഷിക്കുന്ന’ ഒരു ചിത്രമാണ് ഇപ്പോള്‍ നമുക്ക് മുന്‍പിലുള്ളത്. ദുരന്തത്തിന്റെ ഭീകര ദൃശ്യങ്ങള്‍ മുന്‍പേജില്‍ തന്നെ നല്‍കി പത്രക്കാര്‍ വായനക്കാരുടെയും ബീഭത്സ ചിത്രങ്ങള്‍ ലൈവ് ആയിക്കാണിച്ച് ചാനലുകള്‍ പ്രേക്ഷകരുടെയും ധൈര്യത്തെ അളക്കുകയാണ്. ദൃശ്യങ്ങള്‍ എത്രത്തോളം ഭീകരമാകുന്നൊ അത്രത്തോളം തങ്ങളുടെ ജനപ്രീതി കൂടുകയാണ് എന്ന് കണക്കുകൂട്ടുന്നുണ്ടാകും അവര്‍..

വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതായിരിക്കുന്നു മാധ്യമങ്ങളുടെ ശൈലി. മാദ്ധ്യമ ധര്‍മ്മം എന്നത് പത്രത്തിന്റെയും ചാനലിന്റെയും, മാനേജ്മെന്റിന്റെ താല്പര്യത്തിന് അനുസരിച്ച് തൂലിക ചലിപ്പിക്കാനും വായ്പ്പാട്ട് പാടാനുമുള്ള പുകമറയും. സ്വതന്ത്ര ചിന്താഗതിയുള്ള പത്ര പ്രവര്‍ത്തകര്‍ക്ക് നിലനില്‍പ്പില്ല എന്നതാകാം ഈ അപച്യുതിക്ക് കാരണം. എല്ലാ മാദ്ധ്യമങ്ങളും സ്വതന്ത്രമായും സത്യസന്ധമായും ചിന്തിക്കാനും എഴുതാനും പറയാനും തുടങ്ങുന്ന ഒരു കാലമുണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്തെങ്കിലും പ്രതീക്ഷിക്കുന്നതിന് നമുക്ക് പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ...

43 comments:

  1. എല്ലാ മാദ്ധ്യമങ്ങളും സ്വതന്ത്രമായും സത്യസന്ധമായും ചിന്തിക്കാനും എഴുതാനും പറയാനും തുടങ്ങുന്ന ഒരു കാലമുണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്തെങ്കിലും പ്രതീക്ഷിക്കുന്നതിന് നമുക്ക് പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ...

    ReplyDelete
  2. പറഞ്ഞത് അക്ഷരം പ്രതി ശരി. സ്വാതന്ത്ര്യസമരകാലഘട്ടത്തിലും തുടര്‍ന്നിങ്ങോട്ടും പത്ര പ്രവര്‍ത്തനം എന്നത് ജനാധിപത്യസെറ്റപ്പിലെ ഒരു സുപ്രധാന ഘടകമായിരുന്നു. രാഷ്ട്രീയ സാമൂഹിക അവബോധം വളര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചു. റേഡിയോ , ടിവി, പത്രങ്ങള്‍ എല്ലാം. പക്ഷെ ഇന്ന് കാര്യങ്ങള്‍ മാറി മറയുന്നു. സെന്‍സേഷനലിസമാണ് പത്ര പ്രവര്‍ത്തനം എന്ന് ചിലര്‍ ധരിച്ചു വശായിരിക്കുന്നു. ബ്രേക്കിംഗ് ന്യൂഅസ് എന്ന് പറഞ്ഞ്വരുന്ന വാര്‍ത്തകള്‍ മണിക്കൂറുകള്‍ കഴിഞ്ഞാലും തിരശ്ശീ‍ലയില്‍ നിന്ന് മായില്ല. ചുരുക്കത്തില്‍ ഏറെ കച്ചവടവല്‍ക്കരിക്കപ്പെട്ടു എന്നതാണ് ഇന്ന് മാധ്യമ രംഗം നേരിടുന്ന വലിയ വെല്ലുവിളി. വ്യൂവര്‍ഷിപ്പും , റീഡര്‍ഷിപ്പും ഒക്കെ കൂട്ടാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ശുശ്കാന്തി എല്ലാം ബിസിനസ് താലപര്യങ്ങള്‍ ആയി മാറുകയാണ്. എങ്കിലും അതിലും അല്പം സ്വല്പം നീതി കാണിക്കുന്നവരൊക്കെയുണ്ട്. നല്ല പത്രപ്രവര്‍ത്ത്കരും ഉണ്ട്. എല്ലാം ശരിയാവുമെന്ന് പ്രതീക്ഷിക്കാം. മാധ്യമങ്ങള്‍ വെറും ന്യൂസ് പ്രൊഡൂസേര്‍സ് ആയി മാറുന്ന അവസ്ഥ പരിതാപകരം തന്നെയാണ്.

    ഈ പോസ്റ്റിന് നന്ദി.

    ReplyDelete
  3. മനോരമചാനൽ മനോരമപത്രത്തിനേക്കാൾ,
    പലകാര്യങ്ങളിലും നിഷപക്ഷത
    കാണിയ്ക്കാറുണ്ടെന്നാൺ എനിയ്ക്ക് തോന്നിയിട്ടുള്ളത്.
    അഭയക്കേസിൽ,ഞാൻ പ്രതീക്ഷിച്ചതിനെക്കാളും സത്യസന്ധത അവർ കാണിച്ചിരുന്നു.

    ReplyDelete
  4. sathyam parayaanum pracharippikkaanum vendi namukkum undallo orublog maadhyamam....!

    ReplyDelete
  5. ഭാരതം കത്തിയെരിയുമ്പോള്‍ അതിന്‍‌റ്റെ ഭീകരതക്കുമപ്പുറം അതിനെ എങ്ങനെ വ്യവസായകരമാക്കാം എന്നു ചിന്തിക്കുന്ന ചാനലുകള്‍, പട പടാ ഇടിക്കുന്ന മനസ്സുമായി കണ്ണിമ വെട്ടാതെ ആ വാര്‍ത്തയിലേക്കു നോക്കി ഇരിക്കുമ്പോള്‍ മിനിട്ടുകളോളം നീളുന്ന മനുഷ്യനെ കൊല്ലുന്ന പരസ്യവുമായ് എത്തുന്ന ചാനലുകള്‍. ഭീകരവാദികളോടേറ്റുമുട്ടി മരിച്ച ജവാന്മാരേക്കാള്‍ അകത്ത് ബന്ധിയാക്കപ്പെട്ട നമ്മുടെ സ്വന്തം ലോക്കല്‍ നേതാവിനെ പറ്റി അന്വേഷിക്കുന്ന നമ്മുടെ പത്രങ്ങള്‍.... പത്ര പരവര്‍ത്തന എന്നത് സ്വന്തം പോക്കറ്റ് വീര്‍പ്പിക്കനുള്ള ഒന്നായി മാറിയിരികുന്നു ഇപ്പോള്‍.

    നന്നായിട്ടുണ്ട്...

    ReplyDelete
  6. "എല്ലാ മാദ്ധ്യമങ്ങളും സ്വതന്ത്രമായും സത്യസന്ധമായും ചിന്തിക്കാനും എഴുതാനും പറയാനും തുടങ്ങുന്ന ഒരു കാലമുണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം."
    പ്രതീക്ഷിച്ചിട്ടു കാര്യമില്ല. അതിനല്ലല്ലോ അവര്‍ പത്രം തുടങ്ങുന്നതുതന്നെ. എന്തിനാണോ അവര്‍ പത്രം നടത്തുന്നത് അതവര്‍ നേടുന്നു. സര്‍ക്കാര്‍ പരസ്യം കിട്ടുന്ന പത്രങ്ങളും കിട്ടാത്ത പത്രങ്ങളും ധാരാളം. ഫുള്‍പേജ് ങാഫ് പേജ്, ക്വാര്‍ട്ടര്‍ ജേജ് എന്നിങ്ങനെ ധാരാളം പരസ്യങ്ങള്‍. മായാവതിയും കരുണാനിധിയും പോലും മലയാളത്തില്‍ പരസ്യം നല്‍കുന്നു. കാശിന്റെ ഒരു കളിയേ. പിന്നെ ഇവരിലൂടെ കിട്ടുന്ന വാര്‍ത്തകളും മറ്റും വായിച്ച് ബ്ലോഗുകളിലൂടെ കഴിവുള്ളവര്‍ പ്രതികരിക്കട്ടെ. അത്രയും ആശ്വാസം ആകും ഇന്റെര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക്.

    ReplyDelete
  7. പത്ര സ്വാതന്ത്ര്യം, നിഷ്പക്ഷത എന്നൊക്കെ പറയുന്നതിന് പത്ര മുതലാളിയുടെ സ്വാതന്ത്ര്യം,പത്ര മുതലാളിയുടെ നിഷ്പക്ഷത എന്നേ അര്‍ത്ഥമുള്ളൂ.
    അതിനപ്പുറം വലിയ പ്രതീക്ഷ പുലര്‍ത്തുന്ന നമ്മളല്ലേ മണ്ടന്മാര്‍
    -ദത്തന്‍

    ReplyDelete
  8. പത്ര പ്രവർത്തനത്തിലെ ആധുനിക പ്രവണതകളായി ഇന്ന് ലോകം കാണുന്നത്‌ ബ്രിട്ടനിലെ കാറപകടത്തിന്ന് കാരണമായിട്ടുള്ള"പപ്പരാസി"കളും ഇറാക്‌ അധിനിവേശത്തിലെ "എംബഡ്ഡഡ്ജേർണ്ണലിസ"ത്തെയുമാണ്.ഇതിനെ നവലോക ക്രമത്തിൽ ആ മണ്ഡലത്തിലുണ്ടായ ഗുണകരമായ വികാസമാണെന്ന് വിലയിരുത്തുന്നുണ്ട്‌.

    ReplyDelete
  9. പത്ര പ്രവർത്തനത്തിലെ ആധുനിക പ്രവണതകളായി ഇന്ന് ലോകം കാണുന്നത്‌ ബ്രിട്ടനിലെ കാറപകടത്തിന്ന് കാരണമായിട്ടുള്ള"പപ്പരാസി"കളും ഇറാക്‌ അധിനിവേശത്തിലെ "എംബഡ്ഡഡ്ജേർണ്ണലിസ"ത്തെയുമാണ്.ഇതിനെ നവലോക ക്രമത്തിൽ ആ മണ്ഡലത്തിലുണ്ടായ ഗുണകരമായ വികാസമാണെന്ന് വിലയിരുത്തുന്നുണ്ട്‌.

    ReplyDelete
  10. |Joker|
    |ഭൂമിപുത്രി|
    |My C..R..A..C..K.Words |
    |ഹരി.കെ. - മനസ്സ്|
    |കേരളഫാര്‍മര്‍|
    |dethan|
    |kadathanadan|

    പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.........

    ReplyDelete
  11. |abey e mathews |

    ഈ ലിങ്ക് ഉപകാരപ്രദമാകുമെന്ന് തോന്നുന്നു
    http://bloghelpline.blogspot.com\

    ReplyDelete
  12. ആദ്യമേ പറയട്ടേ ഞാന്‍ മാറുന്ന മലയാളിയല്ല, അങ്ങിനെയായിരുന്നെങ്കില്‍ മലയാളത്തില്‍ ഇതെഴുതുകയില്ല.

    മാദ്ധ്യമ മേഖല മത്സരാധിഷ്ടിതമായപ്പോള്‍ വന്ന വീഴ്ചയല്ലെ ഇത്. പണ്ടുകാലത്ത് ഒരു വാര്‍ത്ത വന്നാല്‍ അതിന്റെ സത്യസ്ഥിതിയറിയാന്‍ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ ലൈവായി കാണിക്കുകയും അതുകണ്ടുകൊണ്ടിരിക്കുന്ന നമ്മളെ വിഡ്ഡിയാന്മാരും ആക്കുകയും ചെയ്യുന്നു. എന്നിട്ടും ഈ വാര്‍ത്തകള്‍ കാണാനിരിക്കാത്ത ഒരു മലയാളിയും ഉണ്ടാകുമെന്നു തോന്നില്ല. അതിനു കാരണം മലയാളിയുടെ വായന ശീലമാണ് അല്ലെ? അപ്പോള്‍ നമുക്ക് വായനാ ശിലം ഉപേക്ഷിക്കാം ആഹ്വാനം ചെയ്യാം..!

    പോസ്റ്റിനോട് യോജിക്കുന്നു മാഷെ, വിശദമായ കാഴ്ചപ്പാടും വ്യക്തവും.

    ReplyDelete
  13. ഒരു ലിങ്ക് കൊടുക്കുന്നു, ദയവായി സഹകരിക്കുക.

    ReplyDelete
  14. |കുഞ്ഞന്‍|കുഞ്ഞന്‍ ഒരു മാറുന്ന മലയാളിയല്ല എന്നറിഞ്ഞതില്‍ സന്തോഷം.പക്ഷെ എന്തായാലും ഞാനുള്‍പ്പടെയുള്ള മാറുന്ന മലയാളികളുടെ ഒരു പ്രതിനിധി തന്നെയാണ് കുഞ്ഞനും. അങ്ങനെ അല്ല എന്ന് നിഷേധിക്കാന്‍ നോക്കേണ്ട. സമ്മതിക്കില്ല:)

    പ്രശ്നത്തിന്‍റെ കാരണവും അതിന്‍റെ പ്രതിവിധിയായി കണ്ടെത്തിയ വായനാശീലം ഉപേക്ഷിക്കാനുള്ള ആഹ്വാനത്തിനും 100 മാര്‍ക്ക്.:)

    നന്ദി....വായനയ്ക്കും അഭിപ്രായത്തിനും.......

    |ജ്യോതി| എനിക്കൊന്നും പുടികിട്ടിയില്ല...:)

    ReplyDelete
  15. മാറുന്ന മലയാളീ

    ഞാനും ഒരു മാറുന്ന മലയാളി തന്നെയാണ്, എന്നാല്‍ മനസുകൊണ്ട് ആ പഴയ മലയാണ്മയെ ഇഷ്ടപ്പെടുന്ന ഒരു പഴഞ്ചന്‍ മലയാളിയുമാണ് :)

    ഒരേ പോലെ പീസ്സയേയും പുട്ടിനേയും അതിനേക്കാള്‍ മലയാള സദ്യയേയും പഴങ്കഞ്ഞിയേയും ഇഷ്ടപ്പെടുന്ന ഒരു സാദാ മലയാളി.

    പിന്നെ പത്രത്തിന്റെ കാര്യം!

    മലയാളിയുടെ മാറാത്ത ഒരു ശീലമാണ് ഇന്നും കാലത്തെ ഉള്ള പത്രം വായന - അത് പാശ്ചാത്യനെ പോലെ ടോയ്ലറ്റിലിരീക്കുമ്പോ സുഖത്തിനല്ല, മറിച്ച് മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു.

    എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ എല്ലാം (ഒന്നൊഴിയാതെ) സ്ഥാപീതതാത്പര്യക്കാരുടെ കയ്യീലാണ്. പാര്‍ട്ടി മാധ്യമങ്ങളുടേയും മുഖപത്രങ്ങളുടേയും സ്ഥിതിയെപറ്റി പറഞ്ഞിട്ട് കാര്യമില്ല.

    എന്നാല്‍ മഹത്തായ , നിഷ്പക്ഷവും ധീരവുമായ ഒരു പാരമ്പര്യത്തെ മുറുകെ പിടിച്ചിരുന്ന പത്രങ്ങള്‍ പോലും ഇന്ന് രാഷ്ട്രീയ കക്ഷികളുടെ വായ്പ്പാട്ടുകള്‍ വിളമ്പാനുള്ള, ടൊയ്ലറ്റ് ടിഷ്യൂവിനേക്കാള്‍ വിലകുറഞ്ഞ കടലാസുകഷ്ണാങ്ങളായി മാറുന്നു!

    അമൃതാനന്ദമയിക്കും കെപി യോഹന്നാനും സ്വന്തമായി ചാനളുള്ള നാടാണ് കേരളം!
    (കണ്ണീര്‍ പരമ്പര അല്ലാതെ വല്ലതും കാണണമെങ്കില്‍ അമൃതയും കൈരളിയുമൊക്കെതന്നെ വേണാമെന്നത് വിസ്മരിക്കുന്നില്ല ,എന്നാഇവിടെ വാര്‍ത്തകള്‍ മാത്രം പ്രസ്താവ്യമായതിനാല്‍ അതിനെ പറ്റി പറയാം)

    ഇടക്കാ‍ലത്ത് ഒരാശ്രയമായിരുന്നു സ്വതന്ത്രമാധ്യമമായ ബ്ലോഗുകള്‍. എന്നാലവിടേയും രാഷ്ട്രീയപാര്‍ട്ടികളും (സിപീമ്മിന്റെ കമന്റിടല്‍ ആഹ്വാനം ഓര്‍ക്കുക) പ്ലാന്ന്ഡ് ആയ സംഘടനാപ്രച്ചാരണവും തെറ്റിദ്ധാരണയും വിദ്വേഷവും വളര്‍ത്തുന്ന പോശ്റ്റുകളും സ്വന്തം ആദര്‍ശം മാത്രം ശരിയെന്ന കടുമ്പിടുത്തവും തമ്മില്‍തല്ലും തെറിവിളിയും ഒക്കെയായി ആ മാധ്യമത്തേയും നശിപ്പിച്ച് കഴിഞ്ഞു (ഞാനും അവയുടെ ഒരു ഭാഗമാണെന്നത് വിസ്മരിക്കുന്നില്ല)

    ഇന്ന് നമുക്ക് മാധ്യമങ്ങള്‍ പറയുന്നത് വിശ്വസിക്കുകയേ തരമുള്ളൂ..ഒന്നിലധികം പത്രങ്ങളോ മാധ്യമങ്ങളോ സസൂക്ഷ്മം ശ്രദ്ദ്ധിക്കുക എന്നത് സാധാരണക്കാരനെ സംബന്ധിച്ചേടാത്തോളാം പ്രാവര്‍ത്തികമല്ല എന്നതിനാല്‍ അവന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും!

    ഇവിടെ നമുക്ക് ചെയ്യാനുള്ളത് , സുരക്ഷിതസ്ഥാനങ്ങളിലിരുന്നു കൊണ്ട് കിട്ടുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിവരക്കേട് വിളമ്പാനായി ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കാം...

    അല്ലെങ്കില്‍ നമുക്കും ഓരോ പത്രം തുടങ്ങാം :)

    ന്റെ ഒരു കമന്റേ? എന്തേലും മനസിലായാ ഞാന്‍ ഉദ്ദേശിച്ചതെന്തെന്ന്? ഇല്ല ...അതാണഹങ്കാരി!
    :)

    ഏതായാലും കൊള്ളാം ... നല്ല ശ്രമം. തുറന്ന് പറയാന്‍ തയ്യാറാ‍യ ഈ ശ്രമത്തിനു അഭിനന്ദനങ്ങള്‍!

    പത്രങ്ങളുടെ പര്‍പ്പസ്ഫുള്‍ ആയ തെറ്റിദ്ധരിപ്പിക്കലുളെ പറ്റി വിശദമായ ഒരു പോസ്റ്റ് - ഉദാഹരണസഹിതം-പ്രതീക്ഷിക്കാമോ?


    വാല്‍ക്കഷണം : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞ്ഞെടുപ്പിന്റെ ഫലത്തെ പറ്റി പറയാന്‍ മനോരമ നീക്കിവച്ചത് 8-ലധികം പേജുകള്‍ (6 പേജ് മുഴുവനായി!)

    മാധ്യമ സിന്‍ഡിക്കേറ്റെന്ന് പറയുന്നതില്‍ വല്ല ശരിയുമുണ്ടാകുമോ ആവോ!

    അല്ല പേരില്‍ തന്നെ ഇല്ലേ? മനസിന്റെ രമിപ്പിക്കുന്നത് -അതിപ്പോ മോഹന്‍ലാല്‍ പറയുമ്പോലെ “സത്യമാകണമെന്നില്ലല്ലോ? ഫാവന എഴുതിയും രമിപ്പിക്കാമല്ലോ? “ചാരക്കേസിലൂടെ രമിപ്പിച്ചില്ലേ കുറേ...

    ReplyDelete
  16. താങ്കൾ ഇവിടെ പറഞ്ഞകാര്യങ്ങളോടു മുഴുവനായും യോജിക്കുന്നു പ്രത്യേകിച്ച് സായാഹ്ന പത്രങ്ങളുടെ കാര്യത്തിൽ. വാർത്തകൾ പലതും അവയുടെ റിപ്പോർട്ടർ സൃഷ്‌ടിക്കുന്നവയാണെന്നതിൽ സംശയം വേണ്ട. ഇവിടെ പത്ര’ഭീമൻ’ മാരുടെ കാര്യം പറഞ്ഞതിൽ മാതൃഭൂമിയിൽ ഞാൻ കണ്ട ഒരു ഗുണം ചില തത്വങ്ങളിൽ അവർ ഉറച്ചുനിൽക്കുന്നു എന്നതാണ്. വീരേന്ദ്രകുമാറിനെ വാഴ്ത്തുന്നതിൽ അവർ ഒരു പിശുക്കും കാട്ടാറില്ലെങ്കിലും, കൊക്കോ കോളയുമായി അവർ പ്രഖ്യാപിച്ച യുദ്ധം ഇപ്പോളും തുടരുന്നുണ്ട്. കോളയുടെ പരസ്യങ്ങൾ ഇപ്പോളും മാതൃഭൂമി സ്വീകരിക്കാറില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒറ്റനമ്പർ ലോട്ടറിക്കെതിരെ വലിയ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും അവരുടെ പരസ്യവും ബോണ്ടും സ്വീകരിക്കുകയും ചയ്യുന്ന മനോരമ, ദേശാഭിമാനി എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ മാതൃഭൂമിയുടെത് ഒരു നല്ല കീഴ്‌വഴക്കം ആണെന്നുവേണം കരുതാൻ.

    ReplyDelete
  17. കൂടെ ചേര്‍ത്ത് വായിക്കുവാന്‍ എന്ന് എഴുതിയാല്‍ സ്പാം ആവുകയില്ലല്ലോ...

    ReplyDelete
  18. നല്ല കാഴ്ചപ്പാട്..യോജിക്കുന്നു..പറഞ്ഞ പല കാര്യങ്ങളോടും..
    പോസ്റ്റ് നന്നായി.

    ReplyDelete
  19. മാറുന്ന മലയാളി, താമസിച്ചാണ്‌ കണ്ടത്‌. നല്ല കാഴ്‌ചപ്പാട്‌. തിരുത്തപ്പെടില്ല എന്ന്‌ നൂറുശതമാനം ഉറപ്പുള്ള ഒരു കാര്യത്തിനാണ്‌ നമ്മള്‍ വായിട്ടലയ്‌ക്കുന്നത്‌. അതുപോട്ടെ,

    നല്ലപത്രപ്രവര്‍ത്തകരും ഉണ്ട്‌ എന്ന്‌ |ജോക്കര്‍| പറഞ്ഞതു വായിച്ചു. ഇല്ല സുഹൃത്തേ, മനസ്സിനകത്തു നന്മയുണ്ടായാലും, ജയചന്ദ്രന്റെയൊക്കെ പോലെ ന്യൂസ്‌ എഡിറ്ററെ ധിക്കരിച്ചുപോലും വാര്‍ത്ത കൊടുക്കാന്‍ സാധിക്കുന്ന ഒരു പത്രപ്രവര്‍ത്തകന്‍ ഇനിയൊരിക്കലും കാണാനാവില്ല.

    സാമൂഹ്യപ്രതിബദ്ധതയ്‌ക്കുമുന്നില്‍ ഇന്നത്ര വളരുന്ന പത്രപ്രവര്‍ത്തക തലമുറയ്‌ക്ക്‌ ബാങ്ക്‌ ബാലന്‍സ്‌ സ്ഥിരതയോടുള്ള പ്രതിബദ്ധത കൂടിയുണ്ട്‌.

    അങ്ങിനെ ധിക്കരിച്ചു വാര്‍ത്തയെഴുതി ജോലിപോയാല്‍ മറ്റൊരു ജോലി കിട്ടില്ലെന്ന പേടിയൊന്നും ഇന്നത്തെ തലമുറയ്‌ക്ക്‌ വേണ്ട. പക്ഷേ പുതുതായി കയറുന്ന പത്രസ്ഥാപനത്തിലും അതേ നടുമടക്കല്‍, കാലുതാങ്ങല്‍ തന്നെ കാണിക്കണം. അതിലും ഭേദം എന്തെങ്കിലും എഴുതി കിട്ടുന്നത്‌ പോക്കറ്റിലിട്ട്‌ ജീവിക്കുന്നതാണ്‌ നന്ന്‌ എന്നു കരുതുന്നവരാണ്‌ ഭൂരിപക്ഷവും.

    ReplyDelete
  20. ഇനിയും അങിനെ ഒരു മാദ്ധ്യമപ്രവര്‍ത്തനം ഉണ്ടാകുമെന്ന് കരുതാമോ ? അതിമോഹമല്ലേ അത് ? ആ മലയാള മനോരമക്കാര്യം,സഹതാപമേ ഉള്ളൂ.ഭാഗ്യം ഇവിടെ രാവിലെ ഈ പത്രങള്‍ കാണാന്‍ കഴിയാത്തത്.ഓണ്‍ലൈന്‍ “ചരമം’ മാത്രേ ഞാന്‍ നോക്കാറുള്ളൂ.നാട്ടില്‍ നിന്ന് അകലെ അല്ലെ എന്നോര്‍ത്ത്..പക്ഷെ ടി.വി മുറക്ക് കാണുകയും ദുഖിക്കാനും അരിശം പിടിക്കാനും നിരവധി കാര്യങള്‍ കണ്ടെത്തുകയും ചെയ്യുന്നു..ഈ മലയാളിക്ക് അങിനെ മാറാന്‍ കഴിയുന്നില്ല..

    ReplyDelete
  21. സമൂഹത്തില്‍ പൊതുവെ സംഭവിക്കുന്ന മൂല്യച്യുതികള്‍ മാധ്യമങ്ങളേയും ബാധിച്ചിരിക്കാം.
    ഇത്തരം പ്രതികരണങ്ങള്‍ ആവശ്യമാണു. എന്തെങ്കിലുമൊക്കെ എന്നെങ്കിലും നടന്നേക്കാം.

    ReplyDelete
  22. എല്ലായിടത്തും കാണുന്ന മൂല്യച്യുതി ഇവിടെയും അത്ര മാത്രം

    ReplyDelete
  23. 100 % ശരിയാണ്. മാധ്യമങ്ങള്‍ അവരുടെ ധര്‍മം എന്നേ മറന്നു കഴിഞ്ഞു . ലവന്മാരൊക്കെ ഇനി നന്നാവുമെന്നും തോന്നുന്നില്ല.

    ReplyDelete
  24. U did a very good job. I would like to appreciate u…..

    ReplyDelete
  25. |അഹങ്കാരി|
    |MANIKANDAN|
    |ഞാന്‍|
    |smitha adharsh|
    |വള്ളുവനാടന്‍|
    |Ann |
    |കുമാരന്‍|
    |പാവത്താന്‍|
    | ചേട്ടായി |
    |tourismmap|

    വായനയ്ക്കും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദി

    ReplyDelete
  26. മാറുന്ന മലയാളിയെപ്പോലെ മാറുന്ന മാദ്ധ്യമം,യോജിക്കുന്നു

    ഓഫ്

    എന്റെ ചേട്ടായി ഞാനും ഇവിടെ ജീവിച്ചുപൊക്കോട്ടെ

    എന്ന് മൂത്ത ചേട്ടായി

    ReplyDelete
  27. അയ്യോ ആ ചേട്ടായി അല്ലേ ....ഈ ചേട്ടായി.........ആകെ കണ്‍ഫ്യൂഷനായല്ലോ........

    ഏതായാലും രണ്ട് ചേട്ടായി മാര്‍ക്കും നന്ദി:)

    ReplyDelete
  28. എല്ലാ പത്രങ്ങളും വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ചാനലിന്റെ വചനങ്ങള്‍ (ഒരുപത്രത്തിന്റയും)ദൈവവചനമായി കാണാതെ കൂടുതല്‍ ചാനലുകള്‍ കാണുകയും വിലയിരുത്തുകയുമാണ് ഒരു 'മാറുന്ന മലയാളി'യ്ക്ക് ചെയ്യാന്‍ കഴിയുന്നത്.പക്ഷെ ടെററിസ്റ്റ് ആക്രമണവും കുഞ്ഞുങ്ങളുടെ മരണവുമൊക്കെ ഒരു ഇരുപത്തിനാലു മണിയ്ക്കൂര്‍ ആഘോഷമാക്കി നമ്മുടെ കുട്ടികളുടെ ഉറക്കം കെടുത്തുന്ന ചാനലുകള്‍ക്ക് ഒരു നിയന്ത്രണം വേണം എന്നു തോന്നിയിട്ടില്ലെ?.....
    വൈകിയിട്ടണെങ്കിലും ലിങ്ക് ഇതിന്റെ കൂടെ തന്നെ കൊടുക്കുന്നു
    http://marunadan-prayan.blogspot.com/atom.xml

    ReplyDelete
  29. താങ്കളൂടെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. കുറച്ചെങ്കിലും മാധ്യമ ധര്‍മം നിര്‍വഹിക്കുന്ന പത്രം ‘മാത്രുഭൂമി’ യാണെന്നാണെനിക്കു തോന്നുന്നത്...നദിയോടെ

    ReplyDelete
  30. “എല്ലാ മാദ്ധ്യമങ്ങളും സ്വതന്ത്രമായും സത്യസന്ധമായും ചിന്തിക്കാനും എഴുതാനും പറയാനും തുടങ്ങുന്ന ഒരു കാലമുണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്തെങ്കിലും പ്രതീക്ഷിക്കുന്നതിന് നമുക്ക് പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ...“

    സത്യസന്ധത എന്നതു തന്നെ ആപേക്ഷികമാണ്. ഇന്ന് സ്വതന്ത്രമായി ചിന്തിക്കുകയും അതെഴുതുകയും ചെയ്യുന്ന (അല്ലെങ്കില്‍ എഴുതാന്‍ പറ്റുന്ന) എത്ര മാധ്യമ പ്രവര്‍ത്തകരുണ്ട്?

    പ്രതീക്ഷിക്കുന്നതിന് പ്രത്യേകിച്ച് ചിലവൊന്നുമില്ല.

    ReplyDelete
  31. |Prayan|
    |ഹരീഷ് തൊടുപുഴ|
    |രാമചന്ദ്രന്‍ വെട്ടിക്കാട്ട്|

    അഭിപ്രായത്തിന് നന്ദി...............

    ReplyDelete
  32. പുകവലിക്കുന്നത്‌ ആരോഗ്യത്തിന്‌ ഹാനികരമാണെന്നു സിഗരറ്റ്‌ പാക്കറ്റുകളില്‍ മുന്നറിയിപ്പു നല്‍കുന്നത്‌ പോലെ ഇതിലെ വാര്‍ത്തകള്‍ വിശ്വസിക്കരുത്‌ എന്ന്‌ പത്രങ്ങളുടെ ഒന്നാംപേജില്‍ അച്ചടിച്ചുവിടേണ്ട ഗതികേടിലേക്കാണ്‌ നമ്മുടെ മാധ്യമങ്ങളുടെ പോക്കെന്ന്‌ ഇയ്യിടെ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അഭിപ്രായപ്പെടുകയുണ്ടായി. ശരിയാണ്‌. എന്നിരുന്നാലും അസത്യത്തിനെതിരേ നേരിന്റെയും അനീതിക്കെതിരേ ധര്‍മത്തിന്റെയും പക്ഷം പിടിക്കാന്‍ ശ്രമിക്കുന്ന ചില പത്രങ്ങളെങ്കിലും ഈ മാറുന്ന മലയാളിക്ക്‌ മുമ്പിലുണ്ടെന്ന സത്യം കാണാതെ പോവരുത്‌.

    ReplyDelete
  33. മലയാളി പറഞ്ഞതില്‍ ഒന്നു വാക്കു പോലും പതിരല്ല. എല്ലാം നഗ്നസത്യങ്ങള്‍ മാത്രം.
    ഈ അവസ്ഥയില്‍ നിന്ന് എന്നെങ്കിലും മോചനമുണ്ടാകുമോ?

    ReplyDelete
  34. |KPM Riyas|“അസത്യത്തിനെതിരേ നേരിന്റെയും അനീതിക്കെതിരേ ധര്‍മത്തിന്റെയും പക്ഷം പിടിക്കാന്‍ ശ്രമിക്കുന്ന ചില പത്രങ്ങളെങ്കിലും“

    ഇല്ല റിയാസേ അങ്ങനെ ഒരു പത്രവുമില്ല ഇപ്പോള്‍..പ്രത്യേകിച്ച് നമ്മുടെ മലയാളത്തില്‍......റിയാസിന് അത്തരത്തില്‍ ആദര്‍ശം കാത്തു സൂക്ഷിക്കുന്ന ഒരു മലയാളപത്രത്തിന്‍റെ പേര് പറയാമോ? കഴിയില്ല എന്നെനിക്കുറപ്പുണ്ട്.

    |ഗീത്| ഈ രീതിയിലാണ് മുന്നോട്ട് പോക്കെങ്കില്‍ ഇപ്പോഴുള്ള മാന്യത കൂടി ഈ രംഗത്തിന് നഷ്ടപ്പെടും

    ReplyDelete
  35. നന്നായിട്ടുണ്ട്...

    ReplyDelete
  36. nannayirikkunnu....
    maarukayanu ellam malayaliyum..malayalavum....chilappozhokke maatangal anivaaryamaavarund.."mattam prakrithi niyamamanu.."oru mattathinu adhika samayavum veenda.."things can change in a day" malayaliyum maaratte..aashamsakal...

    ReplyDelete
  37. ''തങ്ങള്‍ നിക്ഷ്പക്ഷരാണ് എന്ന് ഏതെങ്കിലും മാദ്ധ്യമം പറയുന്നുവെങ്കില്‍ നമുക്ക് ഉറപ്പിക്കാം. അത് അവരുടേ സര്‍ക്കുലേഷനോ വ്യൂവര്‍ഷിപ്പോ കൂട്ടാനുള്ള വെറും പരസ്യവാചകം മാത്രം.""


    നിഷ്പക്ഷം എന്നൊരു പക്ഷമുണ്ടോ മാഷേ?

    സത്യത്തിന്റെയും അസത്യത്തിന്റെയും പക്ഷമല്ലാതെ?
    നേരിന്റെയും നുണയുടെയും പക്ഷമല്ലാതെ?
    ധര്‍മത്തിന്റെയും അധര്‍മതിന്റെയും പക്ഷമല്ലാതെ?
    (ഒരു പത്രക്കാരന്‍)

    ReplyDelete
  38. ‌മുരളിക‌‌‌| അതെന്താ മാഷേ അങ്ങനെ ഒരു സംശയം......ഇനി ചിലപ്പോള്‍ നിക്ഷ്പക്ഷ ചിന്താഗതിയെ കുറിച്ച് മുരളിക ഉള്‍പ്പെടുന്ന ഇന്നത്തെ പത്രപ്രവര്‍ത്തകര്‍ക്ക് അറിയാത്തത് കൊണ്ടാണോ ഇങ്ങനെ ഒരു സംശയം.....:)

    ReplyDelete
  39. മാറുന്ന മലയാളീ,

    ആര്‍ത്ഥവും ആഴവുമുള്ള കുറിപ്പ്‌. കേരളം നശിക്കാന്‍ പോകുന്നത്‌ തീവ്രവാദം കൊണ്ടോ , പഞ്ഞംകൊണ്ടോ, എയ്ഡ്സ്‌ പോലുള്ള മാരക രോഗങ്ങള്‍ക്കൊണ്ടൊ അല്ല. അതുറപ്പാണ്‌. പകരം, സാംസ്ക്കാരിക തകര്‍ച്ചയിലൂടെ ആവും അത്‌. കേരളത്തിന്റെ ശക്തി സാംസ്ക്കാരിക അടിത്തറയായിരുന്നുവെങ്കില്‍ അതിന്റെ നാശവും അതുവഴിതന്നെ. ഈ നാശത്തിനു വഴിമരുന്നിടുന്നതോ പത്ര ലോകത്തിന്റെ അധപതനവും. താങ്കളുടെ എഴുത്തു വായിച്ചപ്പോള്‍ ആവേശം തോന്നി. ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ എന്നൊക്കെ ജനാധിപത്യത്തില്‍ വിളിക്കുന്ന പത്രങ്ങള്‍ ഇന്നിപ്പോള്‍ ക്രൈം ത്രില്ലറുകളും ഹാരിപോട്ടറുകള്‍ പോലെ ഫാന്റസികളുമാകുന്നു. വാര്‍ത്തകളൊക്കെ ലക്ഷ്യം വയ്ക്കുന്നതു, പുരോഗമനമല്ല, ദേശീയോത്ഗ്രഥനമല്ല, സാംസ്ക്കരിക വളര്‍ച്ചയല്ല. മറിച്ച്‌ വായാനാ സുഖം മാത്രമാണ്‌.ഈ നില തുടര്‍ന്നാല്‍ നാടു മുടിയാന്‍ അണു ബോംബുകള്‍ വേണ്ടി വരില്ല. ഇല്ല ഇനിയും മാറുന്നമലയാളിയെപോലുള്ളവര്‍ തൂലിക ചലിപ്പിക്കും അല്ലെ.? ആ തൂലികകള്‍ തീപ്പന്തങ്ങളാകടെ എന്നാശംസിക്കുന്നു

    ReplyDelete
  40. kollam. valare nannayittundu...
    subscription vardhipikkanum...
    pukazhthendavare pukazthanum..
    samayavum..aksharavum neekki vechathode...
    maadhyama sharmam.. marannupokunnavar...

    ReplyDelete
  41. ‌‌‌‌| അരങ്ങ് |
    | shaan |

    അഭിപ്രായങ്ങൾക്ക് നന്ദി........

    ReplyDelete

ഒരു ‘മാറുന്ന‘ മലയാളി തന്നെയല്ലേ നിങ്ങളും? അതിനാല്‍ തന്നെ തുറന്നു പറയൂ നിങ്ങളുടെ അഭിപ്രായങ്ങള്‍...അത് യോജിപ്പുകളാണെങ്കിലും വിമര്‍ശനമാണെങ്കിലും.