"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Monday, June 9, 2008

കണ്ണുണ്ടായാല്‍ പോരാ...


സന്തോഷ് മാധവന്‍, ഹിമവല്‍ ഭദ്രാനന്ദ, അമ്മതായ മഹാമായ....നിര നീളുകയാണ്. കാപട്യത്തിന്റെ മൂടുപടം അണിഞ്ഞു സന്യാസത്തെ വെറും കച്ചവടച്ചരക്കാക്കുന്ന കള്ളനാണയങ്ങള്‍ തിരിച്ചറിയപ്പെട്ടു തുടങ്ങി. എല്ലാവര്‍ക്കും എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാന്‍ കഴിയില്ല എന്ന ലോകതത്വം ഈ സംഭവത്തിലും അക്ഷരം പ്രതി ശരിയായി. നൂറു ശതമാനം സാക്ഷരത നേടിയ മലയാളിയുടെ ‘ അന്ധമായ‘ വിശ്വാസങ്ങള്‍ക്ക് വന്ന തിരിച്ചടികൂടി ആയി ഈ തിരിച്ചറിവ്.


എന്താണ് ഈ വ്യാജസന്യാസിമാരുടെ ‘ഉത്ഭവ‘ത്തിനുള്ള കാരണം? അതന്വേഷിക്കാന്‍ ഇറങ്ങിപുറപ്പെട്ടാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാകും നമുക്കു മനസ്സിലാകുക. മനസ്സമാധാനം എന്നതു മലയാളിയെ വിട്ടുപോയിക്കൊണ്ടിരിക്കുന്നു. പണവും പ്രശസ്തിയും മാത്രം മതി ഇപ്പോള്‍ മലയാളിക്ക്. അതിനുള്ള ഒരു പരക്കം പാച്ചിലില്‍ ആണു നമ്മള്‍. ഈ വ്യഗ്രതില്‍ നഷ്ടമാകുന്നത് നമ്മുടെ മനസ്സാണ്, സന്തോഷമാണ്. ഈ യാന്ത്രിക ജീവിതത്തില്‍ മനസ്സമാധാനം തിരികെ കിട്ടാനുള്ള ഒരു വിഫല ശ്രമം. അതെ. അതു മാത്രമാണ് ഈ കള്ള സ്വാമിമാരുടെ മുന്‍പില്‍ മലയാളിയെ കൊണ്ടെത്തിക്കുന്നത്. രൂപമില്ലാത്ത ഈശ്വരനെ ഭജിച്ചു സമയം കളയാന്‍ ആര്‍ക്കാണ് സമയം. ഇതാകുമ്പോള്‍ വിഷമവും ആവശ്യവും എല്ലാം നേരിട്ട് ബോധിപ്പിക്കാം. അനുഗ്രഹം ഉടനടി കിട്ടും. കുറച്ചു കാശു മുടക്കണമെന്നു മാത്രം. എല്ലാം ഇന്‍സ്റ്റന്‍റ് മിക്സ് ആയി കിട്ടുന്ന കാലമല്ലെ.


ഇപ്പൊള്‍ ഏറ്റവും ലാഭകരമായി നടത്താവുന്ന രണ്ട് കച്ചവടങ്ങളാണുള്ളത്. ഭക്തിയും വിദ്യാഭ്യാസവും. അതില്‍ വിദേശ നാണ്യവും കൂടി നേടിതരുന്ന വ്യവസായം ഭക്തി മാത്രമെ ഉള്ളു. ഭക്തിയുടെ പേരില്‍ ആകുമ്പൊള്‍ ആര്‍ക്കും എന്തു തോന്ന്യാസവും ആകാം എന്നായിരിക്കുന്നു കേരളത്തിലെ സ്ഥിതി. പെണ്‍ വാണിഭം നടത്താം, കള്ളു കച്ചവടമൊ മയക്കുമരുന്നു കച്ചവടമോ നടത്താം ആരെ വേണമെങ്കിലും കൊല്ലാം ആരും ചോദിക്കില്ല. കാരണം ഇതു കേരളമാണ്. ആശ്രമങ്ങളിലോ മഠങ്ങളിലോ ഒരു റെയ്ഡ്‌ നടത്താന്‍ പോലും ഭരണകൂടത്തിനും നീതിപാലകര്‍ക്കും മടിയാണ്. കാരണം പെട്ടെന്ന് വൃണപ്പെടുന്നതാണ് മലയാളിയുടെ മതവികാരം. കേരളം നിന്നു കത്തും ....ഇതാണ് സാക്ഷര കേരളം .


ഒരുപാട് ദുരന്തങ്ങള്‍ കേരളത്തില്‍ ഉണ്ടായി. ഇത്രയേറെ മനുഷ്യ ദൈവങ്ങള്‍ കേരളത്തിലുണ്ടായിട്ടും അതില്‍ ഒരു 'ദൈവ'ത്തിനുപോലും അതൊന്നും മുന്‍കൂട്ടി കാണാനായില്ല. എന്തൊരു വൈരുദ്ധ്യം!!! ഇവരുടെ ഒക്കെ അസ്തിത്വത്തെ ചോദ്യം ചെയ്‌താല്‍ ഈ കാപട്യക്കാരുടെ ഭക്ത ലക്ഷങ്ങള്‍ ഉയര്‍ത്തുന്ന ഒരു വാദമുണ്ട്. പണ്ടു കൃഷ്ണനെയും നബിയെയും യേശുവിനെയും തള്ളി പറഞ്ഞിട്ടുണ്ട് എന്ന്. 'ഭക്തിയുടെ' നിര്‍വൃതിയില്‍ അന്ധരാക്കപ്പെട്ട ആള്‍ ദൈവ ഭക്തരെ ....ഒന്നു ചോദിച്ചോട്ടെ. യേശുവും നബിയും കൃഷ്ണനുമൊക്കെ വിദ്യാഭ്യാസ കച്ചവടം നടത്താനും, പെണ്‍ വാണിഭം നടത്താനും ,ജനങ്ങളെ കബളിപ്പിക്കാനും ആണല്ലേ ഇവിടെ അവതാരമെടുത്തത്.....


സ്വന്തമായി ചാനലുകള്‍ വരെയുള്ള മനുഷ്യ ദൈവങ്ങള്‍ ഉണ്ടിവിടെ. അത്തരം ഒരു ചാനലില്‍ മനുഷ്യ ദൈവത്തിന്റെ ഒരരുളപ്പാട് കാണുകയുണ്ടായി. ഒരു ശരാശരി മലയാളി സ്ത്രീ പറയുന്ന വാക്കുകള്‍ ...ആ വാക്കുകള്‍ക്ക് ഏതൊക്കെ രീതിയില്‍ ചിന്തിച്ചാലും ഒരു പ്രത്യേകതയും നമുക്കു തോന്നില്ല. പക്ഷെ ഇനിയാണ് കളി മാറുന്നത് . വിദ്യാസമ്പന്നനും സുമുഖനുമായ പ്രഥമ ശിഷ്യന്‍ രംഗത്ത് എത്തുന്നു. ആള്‍ ദൈവത്തിന്റെ വാക്കുകള്‍ക്കു , നമ്മളോ ആ മനുഷ്യ ദൈവമോ പോലും ചിന്തിക്കാത്ത ആത്മീയ പരിവേഷം അദ്ദേഹം നല്കുന്നു. ഭക്ത ലക്ഷങ്ങള്‍ അതുകേട്ട് ഭക്തിയില്‍ ലയിക്കുന്നു. മനുഷ്യ ദൈവത്തിന്റെ വളര്‍ച്ചക്ക്‌ അത്യാവശ്യം, ബുദ്ധിമാനായ ശിഷ്യനാണെന്ന് വിളിച്ചോതുന്ന ദൃശ്യങ്ങള്‍...


കള്ള സ്വാമിമാരുടെ ഏറ്റവും വലിയ പ്രചാരകര്‍ സ്ത്രീജനങ്ങള്‍ ആണെന്നുള്ളതാണ് വിഷമകരമായ വസ്തുത. പൊങ്കാല എന്നത് ഒരു ഫാഷന്‍ ആണ് ഇപ്പോള്‍. ഏത് മനുഷ്യ ദൈവങ്ങളുടെയും വീട്ടുപടിക്കല്‍ പൊങ്കാലയിടാനും ഇല്ലാത്ത അത്ഭുത പ്രവൃത്തികള്‍ വാഴ്ത്തി നടക്കാനും സ്ത്രീജനങ്ങള്‍ തയാറായി നില്‍ക്കുമ്പോള്‍ ആര്‍ക്കു രക്ഷിക്കാന്‍ കഴിയും ഈ കേരളത്തെ?


ആത്മീയതയിലൂടെ ജീവിച്ച ഒരുപാട് മഹാത്മാക്കള്‍ നമുക്കുണ്ട് . ഇപ്പോഴും ഉണ്ട്. പക്ഷെ ഇപ്പോള്‍ അവര്‍ക്ക് പോലും സ്വൈര്യ ജീവിതം സാധ്യമല്ല . ആത്മീയതയെ ജീവാത്മാവായി കൊണ്ടു നടക്കുന്നവരെ പോലും നാം അടച്ചാക്ഷേപിക്കുകയാണ്. കല്ലെറിയുകയാണ്. അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന രീതിയിലുള്ള പ്രകടനങ്ങൾ നീതീകരിക്കാനാകുന്നതല്ല.


ഇവിടെ ഉണരേണ്ടത് ഭരണ കൂടവും നീതി പാലകരുമാണ്. കേന്ദ്ര മന്ത്രിമാരും സമൂഹത്തിലെ ഉന്നതരും കാലില്‍ വീഴാനും അനുഗ്രഹത്തിനും ആള്‍ദൈവങ്ങളുടെ മുന്‍പില്‍ കാത്തുനില്‍ക്കുമ്പോള്‍ നിയമത്തിനു കണ്ണും കേട്ടിയിരിക്കാനെ സാധിക്കു. ചെറിയ പരല്‍ മീനുകളോടൊപ്പം 'തിമിംഗലങ്ങളെയും ' ശക്തമായ തെളിവുകളോടെ വലയില്‍ വീഴ്ത്താന്‍ നമ്മുടെ നിയമത്തിനു കഴിയണം. അതോടൊപ്പം ആത്മീയതയെ ഉള്‍ക്കൊണ്ട് ജീവിതം നയിക്കുന്നവരെ തിരിച്ചറിയാനും നമുക്കു സാധിക്കണം. അപ്പോഴേ നമ്മള്‍ നേടിയെന്നവകാശപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥം പൂര്‍ണമാകൂ...

17 comments:

  1. ഒരുപാട് ദുരന്തങ്ങള്‍ കേരളത്തില്‍ ഉണ്ടായി. ഇത്രയേറെ മനുഷ്യ ദൈവങ്ങള്‍ കേരളത്തിലുണ്ടായിട്ടും അതില്‍ ഒരു 'ദൈവ'ത്തിനുപോലും അതൊന്നും മുന്‍കൂട്ടി കാണാനായില്ല. എന്തൊരു വൈരുദ്ധ്യം!!!

    ReplyDelete
  2. താങ്കളുടെ പരാമര്‍ശങ്ങള്‍ ഒരു പരിധി വരെ അംഗീകരിക്കുന്നു.

    എന്നാല്‍ മനുഷ്യദൈവങ്ങളെ വള്ര്ത്റ്റ്tഹുന്നതില്‍ നാം കാര്യമായ പ്pഅങ്കു വഹിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കണാം..

    നമ്മിലെത്ര പേര്‍ ഗീതയും ഖ്ഹുറാ‍ാനും ബൈബിളും മറ്റും വായിക്കുകയും അതിലെ കാര്യങ്ങള്‍ മനസ്സിലാക്കന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്?
    ഒരു വഴിപാടു പോലെ വായിച്ച് മടക്കി വയ്ക്ക്കയല്ലാതെ???
    ഇതൊക്കെ അന്ധവിശ്വാസമെന്ന കപടതത്വശാസ്ത്hഅത്തിന്റെ തോളിലേറി ഭൌതികസ്സുക്kഹങ്ങളുടേ മൂ‍ഢസ്വര്‍ഗ്ഗത്hതിലേക്കു പറന്നപ്പോള്‍ നമൂക്ക് കൈമോശം വന്നത് നമ്മ്mഉടേ കുടുംബബന്ധാങ്ങളും സംസ്കാരവും പൈതൃകവുമായിരുന്നു....മന്‍ഃസമാധാനമായിരുന്നു...

    താങ്കള്‍ പറഞ്ഞതു പോലെ ഇന്ന് മനസമാധാനമില്ലാത്തതാണ്‍ന് ഇവര്‍ വര്‍ദ്ധിക്കാന്‍ കാരണന്മ്...അതിന്‍ തല്ലിപൊളിക്കലല്ല പരിഹാരം...ജനങ്ങള്‍ക്ക് ഉദ്ബോധനം നല്‍കല്‍ മാത്രമാ‍ാണ്...തaല്ലിപ്പൊളിക്കാല്‍ അവര്‍ക്ക് ഒരു സഹതാപവോട്ട് നേടിക്കൊടുക്കയേ ഉള്ളൂ...
    ഇല്ലാത്ത്തൊന്നിനെ സൃഷ്ടിക്കുന്നത് മായയാണെന്ന് ഗീ‍ീതയില്‍ ഭഗവാന്‍ പറഞ്ജ്ഞ്നിരിക്കുന്നു....അത് അറിയാവുന്നവര്‍ ആരും ആകാ‍ാശത്തുനിന്നും ഭസ്മമെടുക്കുന്ന ദിവ്യനെ വിശ്വസിക്കയില്ല...

    അതിനാല്‍ മന്ത്രിമാരല്ല,നിയമവുമല്ല (അവ ആദ്യം അവയ്ക്കിടയിലെ വിഷത്തെ നീക്കട്ടെ,അല്ലാതെ സ്വാമിയെ പിടിച്ചു എന്നതാണ്‍ ഭരണനേട്ട്tഅം എന്നഭിമാനിക്കാതെ) മറിച്ച് ഈ വിഷയത്തില്‍ അവഗാഹമുള്ളാ ആത്മീയപണ്ഡിതന്മാര്‍ ജനങ്ങളെ മനസ്സിലാക്കിക്കണം,ആള്‍ദൈവമെന്ന കണ്‍സപ്റ്റ് നമുക്കില്ല എന്ന്....

    ReplyDelete
  3. >അഹങ്കാരി,

    അക്രമം ഒന്നിനും പരിഹാരമല്ല എന്നാണ് ഞാനും പറഞ്ഞത്.ഡിവൈഎഫ്ഐ ഇപ്പോള്‍ ആത്മീയ വാദങ്ങള്‍ക്ക് നേരെ നടത്തുന്ന ഈ അക്രമം രാജാവ് നഗ്നനാണെന്നുള്ള തിരിച്ചറിവിന്‍റെ നാണക്കേട് മറക്കാനാണെന്ന് പകല്‍ പോലെ വ്യക്തവുമാണ്.

    പക്ഷെ അഹങ്കാരി പറയൂന്നപോലെ എല്ലാ ജനങ്ങളും ബൈബിളും ഖുറാനും, ഗീതയും വായിച്ചു ഉദ്ബുദ്ധരാകണം എന്നത് ഈ കാലത്ത് നടക്കുന്ന കാര്യമാണൊ? വെറിളി പിടിച്ചോടുന്ന മലയാളിക്ക് ഇതിനൊക്കെ എവിടാ സമയം?

    പിന്നെ ആത്മീയാചാര്യാന്മാര്‍ യഥാര്‍ത്തമായത് എന്താണ് എന്നു പറഞ്ഞു കൊടുക്കാന്‍ ഇറങ്ങിതിരിച്ചാല്‍ എത്ര പേര്‍ അവരുടെ വാക്കൂകള്‍ക്ക് വിലകൊടുക്കും അഹങ്കാരീ..അന്തരീക്ഷത്തില്‍ നിന്നു ഭസ്മമെടുക്കുന്നവനും മാലയെടുക്കുന്നവനും പറയുന്ന വാക്കുകള്‍ക്കെ ഭൂരിപക്ഷ മലയാളിയുടെ മനസ്സില്‍ സ്ഥാനമുള്ളു.യഥാര്‍ഥ ആത്മീയാചാര്യന്‍ പടിക്കു പുറത്താണ് എന്നു ചുരുക്കം.


    അതാണ് ഞാന്‍ പറഞ്ഞത് ഇവിടെ വല്ലതും ചെയ്യാന്‍ കഴീയുമെങ്കില്‍ അതു ഭരണകൂടത്തിനും ന്നീതിപാലകര്‍ക്കും ആണെന്ന്.മടിയില്‍ കനമില്ലാത്തവന് ഒന്നിനെയും ഭയക്കേണ്ടതീല്ല അഹങ്കാരീ...

    >കൈതമുള്ള്,

    നന്ദി..........

    >ശ്രീ,

    നന്ദി...........

    ReplyDelete
  4. മലയാളീ, താങ്കളുടെ വ്യഥ ഞാനും മനസ്സിലാക്കുന്നു. പക്ഷെ പൗരാണികമായതിനെ എല്ലാറ്റിനെയും കാറ്റില്‍ പറത്തിയാലേ ഭൗതികാചാര്യന്മാര്‍ക്ക്‌ മനുഷ്യമനസ്സില്‍ സമാധാനം വിരിയിക്കാന്‍ കഴിയൂ എന്ന രീതിയിലുള്ള പ്രകടനങ്ങളും പ്രചരണങ്ങളും മാത്രം മനസ്സിലാവുന്നില്ല. ആത്മീയതയ്ക്ക്‌ മനസ്സമാധാനം നല്‍കാന്‍ കഴിയുമെങ്കില്‍ അതിനെ നിഷേധിക്കാതിരിക്കാനുള്ള മനസ്സാന്നിദ്ധ്യം ഉണ്ടാവണം. പിന്നെ ദൈവം എന്ന സങ്കല്‍പ്പത്തില്‍ മനസ്സര്‍പ്പിക്കാന്‍ കാശ്‌ ഭണ്ഡാരത്തിലിടുകയോ, കപട ദിവ്യന്മാരുടെ അനുഗ്രഹത്തിനുവേണ്ടി കാത്തുനില്‍ക്കുകയോ ഒന്നു ചെയ്യേണ്ടതില്ല. ആത്മീയതയെയും മതാന്ധതയെയും കണ്ണടച്ച്‌ വിശ്വസിക്കുന്നതും അതുപോലത്തന്നെ അതിനെ തരംതാണ തരത്തില്‍ വിമര്‍ശിക്കുന്നതും നോക്കിക്കണുകയായിരുന്നു. ഇതിനിടയില്‍ ഗീതയും ഖുറാനും കുറച്ച്‌ ബൈബിളും വായിച്ചു. ഒരു ഹൈന്ദവന്‍ എന്നതുകൊണ്ട്‌ സ്വന്തം മതത്തിലെ അന്ധവിശ്വാസങ്ങളെ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. അതിന്റെ ഫലമായി, ഈ കപട ആസാമിമാരെ അറസ്റ്റു ചെയ്തതിനു ശേഷം ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി. ഭഗവത്‌ ഗീത മനസ്സിരുത്തി വായിച്ചാല്‍ ഒരു അന്ധവിശ്വാസത്തിനും നമ്മെ കീഴടക്കാന്‍ കഴിയില്ലെന്നും, വിഭൂതി തുടങ്ങിയ ഒരു അത്ഭുതവും നമ്മളില്‍ ഭ്രമം ഉണ്ടാക്കുകയില്ലെന്നുമുള്ള അറിവ്‌ ഉണ്ടാകും. ആര്‍ക്കും പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ. പക്ഷെ ഗീത കത്തിച്ചാലേ വൈരുദ്ധ്യാത്മകഭൗതിക അവസരവാദം വിജയിക്കുകയുള്ളൂ എന്നു വിശ്വസിക്കുന്നവര്‍ ചിലപ്പോള്‍ സമ്മതിച്ചില്ലെന്നുവരും. ഭഗവത്‌ ഗീതയിലൂടെ എന്നെ സ്വാധീനിച്ച യുക്തിപരമായ ആത്മീയ ചിന്തകള്‍ എന്റെ ബ്ലോഗിലൂടെ പകര്‍ത്തിവെയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ട്‌. അതിലൂടെ കുറച്ചു പേരുടെയെങ്കിലും അന്ധവിശ്വാസം ഇല്ലാതാക്കാന്‍ സാധിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. (കമന്റ്‌ നീണ്ടുപോയി, ക്ഷമിക്കുക.)

    ReplyDelete
  5. മാറുന്ന മലയാളീ,

    വെറിളി പിടിച്ചോടുന്ന മലയാളിക്ക് ഇതിനൊക്കെ എവിടാ സമയം?---അതു തന്നെ അല്ലേ നമ്മുടെ പ്രശ്നം? ഭൌ‍തികതയുടെ പിന്ന്നാലെയുള്ളാ പരക്കം പാചിലില്‍ നമുക്കു നഷ്ടമാകുന്നത് നമ്മുടെ ജീവിതമാണേന്ന് നാം മറക്കുന്നു...

    അന്തരീക്ഷത്തില്‍ നിന്നു ഭസ്മമെടുക്കുന്നവനും മാലയെടുക്കുന്നവനും പറയുന്ന വാക്കുകള്‍ക്കെ ഭൂരിപക്ഷ മലയാളിയുടെ മനസ്സില്‍ സ്ഥാനമുള്ളു-പ്രമാണത്തേക്കാള്‍ വലിയ പ്രാമാണികരീല്ല..പ്രമാണങ്ങളായ മതഗ്രന്ഥങ്ങള്‍ വായിച്ച്ചിട്ടുള്ളവര്‍ക്ക് ഈ കള്ളസ്വാമിമാരെ തിരിച്ചറിയാന്‍ കഴിയും...അല്ലാ‍ാതെ സ്മാമിമാര്‍ കള്ളന്മാരാണേ എന്നു പറര്യുന്നത് തൂണിനെ കെട്ടിപ്പിടിച്ചിട്ട് ഈ തൂണെന്നെ വിടുന്നില്ലേ...ഈ തൂണിനെതിരെ നിയമനിര്‍മാണം നടത്തണേ എന്നു പറയുന്നതു പോലെയാണ്...

    പിന്നെ ആത്മീയതയാണോ പെണ്‍പീഢനവും മറ്റും നടക്കാനുള്ള കാരണം???റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കഏസുകളില്‍ എത്ര ശതമാനമാണ് ആത്മീയതയുടേ മറവുകളുള്ളവ???

    രാഷ്ട്രീയക്കാര്‍ കാ‍ാട്ടുന്ന പോക്രിത്തരങ്ങള്‍ കാണുന്നില്ലേ???രാഷ്ട്രീയക്കാര്‍ക്കെതിരെ നിയമനിര്‍മാണം നടത്താന്‍ പറയാത്തതെന്തേ???

    സ്വന്തം പാര്‍ട്ടിയിലെ ഒരു ഊപ്പ നേതീവിനെതിരെ എന്തെങ്കീലും പറഞ്ഞാല്‍ അവരെ എഈ ഭൂമിയില്‍ നിന്നേ ഇല്ലാതാക്കാന്‍ ഇറങ്ങിത്തിരിക്കുന്നവാരെ കുറിച്ചെന്തേ മ്മറന്നൂ????

    നിയമങ്ങള്‍ കൊണ്ട് ഇതിനെ ഒന്നും ചെയ്യാന്‍ പറ്റില്ല തന്നെ...ആദ്യം ജനങ്ങള്‍ തങ്ങളുടെ തെറ്റ്- സ്വന്തം സംസ്കാരത്തെയും പൈതൃകത്തേയും തള്ളിപ്പറഞ്ഞത്- മനസ്സിലാക്കുകയും തിരുത്തുകയും വേണം.
    ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട നൂറായിരം പ്രശ്നങ്ങള്‍-ജനങ്ങളുടേ ജീവനേയും ജീവിതത്തേയും നേരിട്ടു ബാധിക്കുന്നവ- കിടന്നിട്ട് അവയിലൊന്നു പോലും ശരിയാക്കാനാകാത്തവരാഇനി ഇത്...നിയമനിര്‍മാണം നടത്തിയ ദേവസ്വം ബോര്‍ഡിന്റെ ഗതി കാണുന്നുണ്ടല്ലോ???ചരിത്രത്തിലാദ്യമായി ശബരിമല മണ്ഡലകാലം താരുമാറായി...ഇനി ഇതും???

    ഇവിടേഎന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് ജനങ്ങള്‍ക്കുമാത്രമാണ്...സ്വയം മാറുക...ആള്‍ദൈവങ്ങ്നളിലല്ല,മറിച്ച് ഈശ്വരനെമനസ്സിലാക്കാന്‍ ശ്രമിക്കുകാ--അല്ലാതെ ഭൌതികമായി പോലുംവിജയിക്കാ‍ാത്ത നിയമപാലകരെ ഇനി ആത്മീയതയിലേക്കു വലിച്ചിഴയ്ക്കാതെ...

    ReplyDelete
  6. >പാര്‍ത്ഥന്‍,

    ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അതിന്‍റെ അര്‍ഥ വ്യാപ്തിയില്‍ തന്നെയാണൊ പാര്‍ത്ഥന്‍ മനസ്സിലാക്കിയത് എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്.

    “പൗരാണികമായതിനെ എല്ലാറ്റിനെയും കാറ്റില്‍ പറത്തിയാലേ ഭൗതികാചാര്യന്മാര്‍ക്ക്‌ മനുഷ്യമനസ്സില്‍ സമാധാനം വിരിയിക്കാന്‍ കഴിയൂ എന്ന രീതിയിലുള്ള പ്രകടനങ്ങളും പ്രചരണങ്ങളും.....”ഇങ്ങനെ ഞാന്‍ എവിടെയാണ് പറഞ്ഞത്.അല്ലെങ്കില്‍ എന്‍റെ ഏത് വരികളില്‍ നിന്നാണ് പാര്‍ത്ഥന്‍ അതു വായിച്ചെടുത്തത്?

    >അഹങ്കാരി,

    അഹങ്കാരിയുടെ ചോദ്യങ്ങള്‍ പ്രസക്തം തന്നെ. എങ്കിലും ചില സംശയങ്ങള്‍

    1.“പ്രമാണത്തേക്കാള്‍ വലിയ പ്രാമാണികരീല്ല..പ്രമാണങ്ങളായ മതഗ്രന്ഥങ്ങള്‍ വായിച്ച്ചിട്ടുള്ളവര്‍ക്ക് ഈ കള്ളസ്വാമിമാരെ തിരിച്ചറിയാന്‍ കഴിയും...“ സമ്മതിച്ചു. പക്ഷെ ഒരു ജനത മുഴുവന്‍ മത ഗ്രന്ഥങ്ങള്‍ വായിച്ച് ഉദ്ബുദ്ധരാകും എന്നത് പ്രതീക്ഷയ്ക്കു പോലും വകയുള്ള കാര്യമാണൊ അഹങ്കാരീ. അങ്ങനെ ഒരു പ്രതീക്ഷ വച്ചു പുലര്‍ത്തിയാല്‍ തന്നെ ഉദ്ബുദ്ധരായ ഒരു ജനത വരുന്നതു വരെ ഇത്തരം കാപട്യക്കാര്‍ നമ്മുടെ വിശ്വാസങ്ങളെ ചൂഷണം ചെയ്തൊട്ടെ എന്നാണൊ?

    2. ദിനം പ്രതി പല പല പെണ്‍ വാണിഭ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാടാണ് നമ്മുടേത്. പക്ഷെ ആത്മീയതയുടെ മറവില്‍ നടക്കുന്ന ഈ കച്ചവടത്തെ അത്ര ലാഘവത്തോടെയാണൊ അഹങ്കാരി നോക്കിക്കാണുന്നത്. അത്മീയതയിലൂടെ ജീവിതം നയിക്കുന്ന ഒരുപാട് മഹത് ജന്മങ്ങളുടെ മുഖത്താണ് ഈ കള്ളനാണയങ്ങള്‍ കരിവാരി തേക്കുന്നത് എന്നു മറക്കരുത്. അത്തരം മഹാത്മാക്കള്‍ക്ക് കാവലാളായി നില്‍ക്കേണ്ട അഹങ്കാരിയെപ്പൊലെ ചിന്തിക്കുന്നവരുടെ ഇത്തരം ബാലിശ വാദങ്ങള്‍ അതിശയം തന്നെ.

    3. ഭരണകൂടം എന്നു ഞാന്‍ പറഞ്ഞവാക്കിനു രാഷ്ട്രീയ സംഘടന എന്ന അര്‍ഥമല്ല ഉള്ളത്. രാഷ്ട്രീയ സംഘടനകള്‍ക്ക് സ്ഥാപിത താല്പര്യങ്ങള്‍ ഉണ്ടാകാം. ഇതു ഒരു സമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണ്. ചിന്തകള്‍ക്ക് സങ്കുചിത മനോഭാവം നല്‍കാതിരിക്കൂ

    ReplyDelete
  7. മലയാളീ, (എന്നോടുള്ള ചോദ്യത്തെക്കുറിച്ച്‌) ഞാന്‍ പറഞ്ഞകാര്യം താങ്കളുടെ പോസ്റ്റില്‍ ഇല്ല. നമ്മുടെ ചുറ്റും നടക്കുന്നത്‌ അതാണ്‌. കഴിഞ്ഞ തലമുറയില്‍നിന്ന് ഞാന്‍ അനുഭവിച്ചതും. ഇപ്പോള്‍ അന്ധമായ ഭൗതീകതയില്‍ നിന്നും അല്‍പം ആത്മീയതയിലേയ്ക്കുള്ള തിരിച്ചുപോക്ക്‌ ചിലര്‍ക്ക്‌ സഹിക്കുന്നില്ല എന്നത്‌ കള്ളസ്വാമിമാരുടെ അറസ്റ്റിന്റെ കൂടെയുണ്ടായ യുവാക്കളുടെ പ്രകടനത്തില്‍ നിന്നും കണ്ടതാണ്‌. ആത്മീയതയും അന്ധമാവരുത്‌. അങ്ങിനെ ആയത്‌ അതിന്റെ സത്യം മനസ്സിലാക്കാതെ ഭൗതികസുഖങ്ങളുടെ പിന്നാലെ പായുന്നതുകൊണ്ടാണ്‌. കൂടാതെ - താങ്കളുടെ തന്നെ താഴെ കൊടുക്കുന്ന കമന്റില്‍ എന്റെ ആ അഭിപ്രായ ഉണ്ടാകാനുള്ള കാരണം ഉണ്ടായിരുന്നു.

    അക്രമം ഒന്നിനും പരിഹാരമല്ല എന്നാണ് ഞാനും പറഞ്ഞത്.ഡിവൈഎഫ്ഐ ഇപ്പോള്‍ ആത്മീയ വാദങ്ങള്‍ക്ക് നേരെ നടത്തുന്ന ഈ അക്രമം രാജാവ് നഗ്നനാണെന്നുള്ള തിരിച്ചറിവിന്‍റെ നാണക്കേട് മറക്കാനാണെന്ന് പകല്‍ പോലെ വ്യക്തവുമാണ്.

    ReplyDelete
  8. >പാര്‍ത്ഥന്‍,

    കമന്‍റ് വായിച്ചു വന്നപ്പോള്‍ ഉണ്ടായ തെറ്റിധാരണ ആണ്. നന്ദി.........

    ReplyDelete
  9. ദയവായി സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ളോഗിലൂടൊന്ന് കയറണേ,
    അഭിപ്രായം അറിയിക്കണേ
    http://kayamkulamsuperfast.blogspot.com/

    ReplyDelete
  10. |അരുണ്‍ |നന്ദി.........

    ReplyDelete
  11. ഈയുള്ളവന്‍റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തികൊള്ളട്ടെ?

    ആത്മീയത എന്ന വാക്കുതന്നെ ഇപ്പോള്‍ തെറ്റിധരിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നുന്നു.

    ആത്മഹത്യ എന്നാല്‍ സ്വയം കൊല്ലുന്നത്. അപ്പോള്‍ ആത്മീയം എന്നാല്‍ തന്നെ സംബധിച്ചത്, അവനവനെ സംബധിച്ചത് എന്നര്‍ത്ഥം.

    അപ്പോള്‍ എന്നെ കുറിച്ചു മനസ്സിലാക്കാനുള്ള ഒരു വിഷയമാണല്ലോ ആത്മീയത. അല്ലാതെ ദൈവം എന്നതു രണ്ടാമത് ഒരു വസ്തു ആണ് എന്ന് സാധാരണ മനുഷ്യര്‍ വിശ്വസിക്കുന്നതിനെ സംബന്ധിച്ചതല്ല ആത്മീയത.

    അതുകൊണ്ട്, നാമെല്ലാവരും അവനവനെ മനസ്സിലാക്കന്‍ ശ്രമിക്കുക. ഞാന്‍ ആര് (Who am I) എന്ന് സ്വയം ചോദിക്കുക. ഞാന്‍ ഞാന്‍ ആയി മാത്രം ജീവിക്കാന്‍ ശ്രമിക്കുക. അതല്ലേ നല്ലത്?

    ശരിയും തെറ്റും എന്നും ഈ ലോകത്ത് ഉണ്ടാവും, അതും ആത്മീയതയുമായി ബന്ധിപ്പിക്കേണ്ട കാര്യമുണ്ടോ? എന്താ ദൈവം എന്നത് ലോകപോലീസ് ആണോ? :-)

    പണ്ടു ക്രിസ്തു പറഞ്ഞതുപോലെ, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. ആദ്യം സ്വയം നന്നാവാനും സ്വയം മനസ്സിലാക്കുവാനും നമുക്കു ശ്രമിക്കാം.

    മാറുന്ന മലയാളി പറയുന്നതുപോലെ, ലോകത്തിന്‍റെ / മനുഷ്യരുടെ ദുരന്തങ്ങള്‍ വരുമ്പോള്‍ അത് മുന്‍കൂട്ടി കണ്ടു ഒഴിവാക്കാനുള്ള നമ്മുടെ Emergency Response Team അല്ല ദൈവം! ഈ ദുരന്തങ്ങള്‍ ഉണ്ടാകുന്നതുതന്നെ എന്തുകൊണ്ട് എന്ന് ചിന്തിക്കൂ.

    ReplyDelete
  12. thonyasi sreeyude abhiprayamaanu sweekaaryam ennu thonnunnu.

    ReplyDelete
  13. തോന്ന്യാസി ശ്രീ, sreeNu Guy,

    നിങ്ങള്‍ എന്‍റെ പോസ്റ്റിന്‍റെ ഉദ്ദേശം ശരിയായി മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. ഞാന്‍ ഇതിലൂടേ പറയാന്‍ ഉദ്ദേശിച്ചത് ഒരിക്കലും ദൈവത്തെ കുറിച്ചോ ആത്മീയതയുടെ ശരിയായ അര്‍ത്ഥവ്യാപ്തിയെ കുറിച്ചോ അല്ല. മറിച്ച് അത്മീയത എന്ന വാക്കിന്‍റെ മറവില്‍ സാധുക്കളുടെ വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്ന കള്ള നാണയങ്ങളെ കുറിച്ചാണ്.അതായത് മനുഷ്യ ദൈവങ്ങള്‍ എന്ന ലേബലില്‍ ‘വിദ്യാസമ്പന്നരായ‘ മലയാളികളെ പറ്റിക്കുന്ന പെരുംകള്ളന്മാരെ കുറിച്ച്. പോസ്റ്റ് മുഴുവന്‍ വായിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാകാം ഈ തെറ്റിദ്ധാരണ.

    “തോന്ന്യാസി ശ്രീ:മാറുന്ന മലയാളി പറയുന്നതുപോലെ, ലോകത്തിന്‍റെ / മനുഷ്യരുടെ ദുരന്തങ്ങള്‍ വരുമ്പോള്‍ അത് മുന്‍കൂട്ടി കണ്ടു ഒഴിവാക്കാനുള്ള നമ്മുടെ Emergency Response Team അല്ല ദൈവം! “

    ദൈവം അതാണ് ഇതാണ് എന്നൊന്നും ഞാന്‍ എന്‍റെ പോസ്റ്റില്‍ ഒരിടത്തും പറഞ്ഞതായി ഓര്‍ക്കുന്നില്ല. വീണ്ടും വീണ്ടും വായിച്ച് നോക്കിയിട്ടും അങ്ങനെയൊരര്‍ത്ഥം എന്‍റെ വരികളില്‍ വന്നു ചേര്‍ന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാനും സാധിച്ചില്ല. മറിച്ച് ഞാന്‍ പറഞ്ഞത് മനുഷ്യ ദൈവങ്ങളെ കുറിച്ചാണ്. അനന്തതയില്‍ നിന്നും ഭസ്മവും ആപ്പിളും മാലയുമൊക്കെ എടുത്തും ഭക്തന്‍റെ ഭൂതവും ഭാവിയും പറഞ്ഞുമൊക്കെയാണ് ആള്‍ ദൈവങ്ങള്‍ ‘ഭക്തരെ‘ വിസ്മയിപ്പിക്കുന്നത് എന്നത് മറക്കരുത്. ഇത്രയുമൊക്കെ ‘ദിവ്യശക്തികളുള്ള‘ ആള്‍ദൈവങ്ങള്‍ക്ക് ദുരന്തങ്ങള്‍ മാത്രം മുന്കൂട്ടി കാണാന്‍ കഴിയുന്നില്ലല്ലോ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

    തെറ്റിദ്ധാരണ മാറി കാണും എന്നു കരുതുന്നു

    ReplyDelete
  14. പുതിയ ജീവിത രീതികൾക്കനുസ്സരിച്ച്‌ സമൂഹവും മാറാൻ തയ്യാറാകണം.
    സ്ത്രീകൾ സന്തോഷ്‌ മാധവന്റെ അല്ലെങ്കിൽ അതുപോലെ ഉള്ളവരുടെ ചുറ്റും കൂടി നിൽക്കുന്നുണ്ടെങ്കിൽ അതിനു തക്കതായ കാരണവും ഉണ്ട്‌. ലൈംഗികസുഖം അനുഭവിക്കണമെങ്കിൽ ഇത്തരം കാപട്യങ്ങൾ നടത്തിയാലെ ഇവിടെ പറ്റൂ എന്നു 'കപട' (എന്താണോ ഈ കപടം? സ്ത്രീ സ്പർശനം ഇല്ലാത്തവൻ സത്യ സന്യാസിയും, സ്ത്രീ സുഖം അനുഭവിച്ചിട്ടും ദൈവീകം പറയുന്നവൻ കപടനും ആക്കി, സ്ത്രീ എന്ന 'നീചജീവിയെ' ചുറ്റിപറ്റി ആത്മീയതയുടെ അളവുകോൽ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു കപട) സമൂഹത്തിൽ, അതേ നാണയത്തിലൂടെ മാത്രമെ സ്ത്രീസുഖം എന്ന അലംഘനീയവും സത്യവുമായ അനുഭവം ലഭിക്കാൻ പറ്റൂ എന്നു വന്നാൽ, അൽപം ബുദ്ധിയും സാമർഥ്യവും കൂടിയ സന്തോഷ്‌ മാധവനെ പോലുള്ളവർ സമൂഹത്തിൽ ഉണ്ടാവും. മാത്രമല്ല, ദൈവത്തിന്റെ പേരു പറയാതെ ലൈംഗിക സുഖം ലഭിക്കാൻ സാധ്യതയില്ലെന്നു ബോധ്യമായാൽ അത്തരം സുഖം അപ്രാപ്യമായ സ്ത്രീകൾ തങ്ങളും വികാരമുള്ള ജീവികൾ ആണെന്നു തെളിയിക്കാൻ അൽപം പ്രതികാരമായെങ്കിലും അത്തരക്കരുടെ അടുത്തേക്ക്‌ വന്നാൽ അതു സ്വാഭാവികം മാത്രം.

    ReplyDelete
  15. | sree | അഭിപ്രായത്തിന് നന്ദി.......

    ReplyDelete

ഒരു ‘മാറുന്ന‘ മലയാളി തന്നെയല്ലേ നിങ്ങളും? അതിനാല്‍ തന്നെ തുറന്നു പറയൂ നിങ്ങളുടെ അഭിപ്രായങ്ങള്‍...അത് യോജിപ്പുകളാണെങ്കിലും വിമര്‍ശനമാണെങ്കിലും.