"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Monday, January 9, 2012

നാടകമേ ഉലകം !!!


കോലാഹലങ്ങളും വാഗ്വാദങ്ങളും ആക്രോശങ്ങളും എല്ലാം കെട്ടടങ്ങി. അണിയറയിൽ രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞവർ അവരുടെ ലക്ഷ്യങ്ങൾ നേടി പലവഴിക്ക് പിരിഞ്ഞുപോയി. അവസാനം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ മനസ്സിലെ ആശങ്കകളും, രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മനസ്സിൽ ഉരുണ്ടു കൂടിയ പരസ്പര വിദ്വേഷത്തിന്റെ കാർമേഘവും മാത്രം ബാക്കിയായി. തീരുമാനം ഉണ്ടാക്കാൻ പത്തു ദിവസത്തെ അന്ത്യശാസനം കൊടുത്തവരും സർക്കാർ ഡാം പണിഞ്ഞില്ലെങ്കിൽ ഞങ്ങൾ കയറി അങ്ങ് പണിയും എന്നൊക്കെ വലിയ വായിൽ വിളിച്ചു പറഞ്ഞു മനുഷ്യ മതിലും നിരാഹാരവും ഒക്കെ നടത്തിവന്ന രാഷ്ട്രീയ നടന്മാരൊക്കെ പത്തി വലിച്ച് മാളത്തിൽ തന്നെ കിടപ്പാണ്. അതും അവരുടെ ഒരു ‘രാഷ്ട്രീയ’ തന്ത്രം.!!!


മുല്ലപ്പെരിയാർ സമരസമിതി പുതിയ ഡാം പണിയണമെന്ന് ആവശ്യപ്പെട്ട് സമരം തുടങ്ങിയത് ഇന്നൊ ഇന്നലെയോ അല്ല. 2006 മുതൽ ഈ അവശ്യം ഉന്നയിച്ച് അവർ സമരരംഗത്തുണ്ട്. സമാധാന പൂർണ്ണമായ സമരമാർഗ്ഗമായിരുന്നു അവരുടേതെന്ന് എടുത്തുപറയേണ്ടതുണ്ട്. എങ്കിൽ മാത്രമേ ആ മാതൃകാ സമരത്തെ ‘രാഷ്ട്രീയ വ്യാപാരി‘കൾ ഇന്ന് ഏത് നിലക്ക് എത്തിച്ചു എന്ന് വിലയിരുത്തുവാൻ സാധിക്കൂ.


2011 നവംബറിൽ അണക്കെട്ട് പ്രദേശങ്ങളിലുണ്ടായ തുടർ ഭൂചലനങ്ങൾ ഉണ്ടാക്കിയ ആശങ്കകളാണ് പുതിയ ഡാം എന്ന ആവശ്യം ആളിക്കത്തിച്ചത് എന്നു പറയാം. റിക്ടർ സ്കെയിലിൽ ആറിന് മുകളിൽ രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാൽ മുല്ലപ്പെരിയാർ ഡാം അതിജീവിക്കില്ല (അത്രയും വലിയ ഒരു ഭൂചലനം ഉണ്ടായാൽ അതിനെ ഇടുക്കി ഡാം പോലും അതിജീവിച്ചേക്കില്ല എന്നത് വേറേ കാര്യം ) എന്ന റൂർക്കി ഐ ഐ റ്റിയിലെ വിദഗ്ദ്ധരുടെ പഠന റിപ്പോർട്ടും ആ അവശ്യത്തിന്‌ കരുത്തായി. ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഈ പ്രശ്നത്തിൽ മറ്റൊരു ശാശ്വതമായ പരിഹാരമില്ല എന്നതായിരുന്നു സത്യം. മുല്ലപ്പെരിയാർ ഡാമിന്റെ തകർച്ച ഇടുക്കി ഡാമിന്റെ തകർച്ചയ്ക്കും വഴിവച്ചേക്കാമെന്നും അതു വഴി മദ്ധ്യകേരളം മുഴുവൻ വെള്ളത്തിനടിയിലായേക്കാം എന്ന തിരിച്ചറിവ് ഭയത്തിന് ആക്കം കൂട്ടി. മുല്ലപ്പെരിയാർ സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾക്ക് പിറകിൽ കേരള ജനത രാഷ്ട്രീയ ഭേദമില്ലാതെ അണി ചേരുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. (അച്യുതാനന്ദനെ മുൻ നിർത്തി ജയിച്ചു കയറിയ പാർട്ടി അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കാതെ മാറ്റി നിർത്തി ജനവിധിയെ വെല്ലുവിളിക്കാൻ തുടങ്ങിയ ഒരു ഘട്ടത്തിൽ ഇതുപോലെ ഒരു ജനകീയ പ്രക്ഷോഭം ഉണ്ടായിരുന്നു.അന്ന് പാർട്ടിക്ക് നിക്ഷ്പക്ഷമായ ആ ജനകീയ മുന്നേറ്റത്തിനു മുൻപിൽ മുട്ടുമടക്കേണ്ടി വന്നു എന്നത് ചരിത്രം.). അനങ്ങാപ്പാറ നയം പിന്തുടരുന്ന പ്രധാന മന്ത്രിക്കും കേരളത്തിന്റെ ആശങ്കകൾ മനസ്സിലാക്കാത്ത കേരളത്തിന്റെ മുഖ്യമന്ത്രിക്കും പിടിവാശി കാട്ടുന്ന തമിഴ്നാട് തലൈവിക്കും ശക്തമായ താക്കീതുമായി കേരളം ഒരു മനസ്സായി. കേരളം തങ്ങളുടെ ആവശ്യം നേടിയെടുക്കും എന്നു തോന്നിയ നിമിഷം.....


കാര്യങ്ങൾ തങ്ങളുടെ കൈവിട്ട് പോകുന്നു എന്നു മനസ്സിലാക്കിയ രാഷ്ട്രീയക്കാർ കിടയോടെ ചപ്പാത്തിലേക്ക് വണ്ടി കയറി. വർഷങ്ങളായി നിലനിന്നിരുന്ന ഒരു അതിജീവന പ്രശ്നത്തിനു നേരെ കാതും കതകും കൊട്ടിയടച്ചവർ മുല്ലപ്പെരിയാർ പ്രശ്നം മുതലെടുത്ത് രാഷ്ട്രീയം കളിക്കാൻ ഇറങ്ങി. ഒരു ശക്തമായ ജനകീയ സമരത്തെ രാഷ്ട്രീയക്കോമരങ്ങൾ ഹൈജാക്ക് ചെയ്യുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ജനങ്ങളുടെ ആവശ്യത്തെ കരുവാക്കി പിന്നെ നാടക പരമ്പരകളുടെ അരങ്ങേറ്റമായിരുന്നു. അണക്കെട്ടിൽ കൊടി നാട്ടൽ, അതിക്രമിച്ചു കയറൽ, ചാലുവെട്ടൽ, റിലേ നിരാഹാരം, ആക്രോശം, അന്ത്യശാസനം തുടങ്ങി കോപ്രായങ്ങൾ ഒരുപാട് അരങ്ങേറി. ഈ കോപ്രായങ്ങളൊക്കെ തമിഴ്നാടിന്റെ വാദങ്ങൾക്ക് ശക്തി പകരുന്ന തെളിവുകളായി മാറി എന്നതായിരുന്നു സത്യം. അതേ നാണയത്തിൽ തമിഴ്നാടും തിരിച്ചടി തുടങ്ങിയതോടെ രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ മനസ്സിൽ കാലുഷ്യം ഉരുണ്ടുകൂടി.


താനെന്ത് ചെയ്തു, മറ്റവനെന്തു ചെയ്തു, തന്റെ തമിഴ്നാട്ടിലെ നേതാവ് ഇങ്ങനെ ചെയ്തല്ലോ എന്നൊക്കെയുള്ള സ്ഥിരം രാഷ്ട്രീയ ചോദ്യങ്ങൾ പരസ്പരം ചോദിച്ച് കേരളത്തിലെ രാഷ്ട്രീയക്കാർ ചാനലുകളുടെ മുൻപിലും ജനങ്ങളുടെ മുൻപിലും ‘പ്രകടനങ്ങൾ‘ കാഴ്ച വച്ചപ്പോൾ തൊട്ടപ്പുറത്ത് തമിഴ്നാട്ടിൽ അവരുടെ വാദഗതികൾക്ക് ശക്തി പകരാൻ രാഷ്ട്രീയം മറന്ന് ഒന്നാകുന്ന തമിഴന്മാരെയാണ് കാണാൻ കഴിഞ്ഞത്. കേരളത്തിൽ നിന്ന് ജയിച്ച് കേന്ദ്രമന്ത്രിയായ ഒരു മാന്യൻ “ഞാൻ കേരളത്തിന്റെ മാത്രം മന്ത്രിയല്ല’ എന്ന് പറഞ്ഞ് കൈകഴുകിയപ്പോൾ തലതാഴ്ത്തി നിന്ന് കൈയ്യടിക്കേണ്ടി വന്ന പ്രബുദ്ധരായ നമുക്ക്, ജയിപ്പിച്ചു വിട്ട ജനങ്ങളോട് വാക്കിലൂടെയെങ്കിലും കൂറ് കാണിച്ച ചിദംബരം എന്ന തമിഴനെ തെറിവിളിക്കാൻ എന്താണ് അവകാശം എന്ന് ചിന്തിച്ചില്ല.


വൈക്കോയെയും, തമിഴ്നാട് എന്ന വികാരത്തിന്റെ ശക്തിയിൽ ഒറ്റക്കെട്ടായി നിന്ന തമിഴ്നാട്ടിലെ രാഷ്ട്രീയക്കാരെയും കൊന്നുകളയും തിന്നുകളയും എന്നൊക്കെ വീമ്പിളക്കിയ നമ്മൾ, ജയിപ്പിച്ച് കേന്ദ്രത്തിലോട്ട് വിട്ട അഞ്ച് ‘മാന്യന്മാർ‘ അവിടെ ഞാറ് നടാൻ വല്ലതും പോയതാണോ എന്നും ചിന്തിച്ചില്ല. കേരളം പോലെയല്ല, കേന്ദ്രത്തിൽ ഞങ്ങൾ ‘സേഫ്’ ആണ് എന്നൊക്കെ ഒളിവും മറയുമില്ലാതെ വിളിച്ചു പറയാൻ ഉളുപ്പില്ലാത്ത ക്യാബിനറ്റ് റാങ്കുള്ള ഈ മാന്യന്മാരോട് ഇനി നിങ്ങൾ കേരളത്തിൽ ഒരിക്കലും സേഫ് ആകാൻ പോകുന്നില്ല എന്ന് വിളിച്ചു പറയാൻ, രാഷ്ട്രീയ ചായ് വിന്റെ തിമിരം ബാധിക്കാത്ത ഒരു തലമുറയ്ക്കേ കഴിയൂ. പവാറിന്റെ കരണക്കുറ്റിക്ക് നൽകിയത് പോലെയുള്ള ഒരു ‘ആദരവ്’ ഈ മഹാന്മാരും അർഹിക്കുന്നു എന്നത് തീർച്ച.


മാധ്യമങ്ങളും വെറുതെയിരുന്നില്ല. ഒപ്പുശേഖരണവും ഗ്രാഫിക്സ് ഗിമ്മിക്കുകളുമായി അവരും ഇറങ്ങി. ആശങ്കയുടെ മുൾമുനയിൽ ഉറക്കം നഷ്ടപ്പെട്ട മുല്ലപ്പെരിയാർ പ്രദേശങ്ങളിലെ ജനങ്ങളുടെ മനസ്സിൽ മണിക്കൂറിടവിട്ട് തീകോരിയിടുക എന്ന ‘സത്’കർമ്മം മാധ്യമങ്ങൾ സാധിച്ചെടുത്തു. മരണങ്ങളുടെ എണ്ണക്കണക്കിൽ പോലും മത്സരം കൊണ്ട് നടക്കുന്ന മാദ്ധ്യമ കഴുകന്മാർക്ക് ഇതൊന്നും ഒരു പുത്തരിയല്ലല്ലോ. ദുരന്തം വിറ്റ് കാശാക്കി ഹോളിവുഡ് സിനിമ പിടിക്കാനിറങ്ങിയവരും ഓണത്തിനിടക്ക് പുട്ടുകച്ചവടം നടത്തി.


ഇതിനിടയിൽ, കേരള സർക്കാരിന്റെ സ്വന്തം അഡ്വക്കേറ്റ് ജനറൽ, മുല്ലപ്പെരിയാർ ഡാം തകർന്നാലും കേരളത്തിന് ഒന്നും സംഭവിക്കില്ല എന്ന് കോടതിയിൽ ബോധിപ്പിച്ചതോടെ ലക്ഷക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തെ തകർത്ത രാഷ്ട്രീയച്ചതിയുടേ ചിത്രം ഏകദേശം പൂർത്തിയായി. സർക്കാരിന്റെ നിലപാട് വിശദീകരിക്കാൻ സർക്കാർ നിയോഗിച്ച എജി, കോടതിയുടെ മുൻപിൽ സ്വന്തം നിലപാട് വിശദീകരിച്ചു എന്ന രീതിയിൽ സർക്കാർ കൈകഴുകി. കേരളത്തിലെ ഉത്തരവാദിത്വപ്പെട്ട ഒരുദ്യോഗസ്ഥൻ ഗുരുതരമായ ഒരു പ്രശ്നത്തിൽ ഇത്രയും അനാസ്ഥ കാണിച്ചിട്ടും അദ്ദേഹം ഇപ്പോഴും തൽ സ്ഥാനത്ത് തുടരണമെങ്കിൽ ഇതെന്താ മുഖ്യമന്ത്രി സാറേ കേരളം വെള്ളരിക്കാപ്പട്ടണമാണോ? എന്നും നമ്മളാരും ചോദിച്ചില്ല. കാരണം ഇതൊക്കെ രാഷ്ട്രീയ നാടകങ്ങളാണെന്ന് മനസ്സിലാക്കാൻ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടതില്ലല്ലോ...


കേരളത്തിലെ രാഷ്ട്രീയക്കാർക്ക് തങ്ങൾ പതിച്ച് നൽകിയ സ്വത്തിന്റെ കണക്ക് വെളിവാക്കും എന്നുപറഞ്ഞ് ജയലളിത ഇറങ്ങി തിരിച്ചതോട് കൂടി ആക്രോശവും അന്ത്യശാസനവും ആഹ്വാനവുമൊക്കെ മടക്കി കോണകത്തിൽ തിരുകി , സമരപ്പന്തലിൽ നിന്ന് രാഷ്ട്രീയക്കാർ അപ്രത്യക്ഷരായി. അതിനുള്ള കാരണവും അവർ തന്നെ കണ്ടെത്തി. എല്ലാം ശരിയാക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു പറഞ്ഞത്രേ. അങ്ങനെ ഒരുറപ്പും പ്രധാനമന്ത്രി നൽകിയതായി ഒരു പത്രത്തിലും കണ്ടില്ലെങ്കിലും ആ വാദവും നമ്മൾ വിശ്വസിച്ചു. വെറുതെ അങ്ങ് വിശ്വസിക്കുക. അതേ നമുക്ക് ചെയ്യാനുള്ളു.


ഉത്സവങ്ങളെല്ലാം കൊടിയിറങ്ങി. പ്രതിഷ്ഠയും പോറ്റിയും മാത്രം ബാക്കിയായ അവസ്ഥയിലാണ് മുല്ലപ്പെരിയാർ അണക്കെട്ടും ബാധിതരായ ജനങ്ങളും. അവരുടെ ആശങ്കകൾക്കുമാത്രം അവസാനമില്ല. കുത്തിയൊലിച്ചു വരുന്ന ജലത്തിരകളെ അവർ പ്രതീക്ഷിക്കുന്നുണ്ടാകണം. അവർക്കൊഴിച്ച് മുല്ലപ്പെരിയാർ പ്രശ്നത്തിൽ എല്ലാവർക്കും ലാഭമേ ഉണ്ടായിട്ടുള്ളൂ എന്നതാണ് സത്യം. എങ്കിലും ഉന്നതതല ചർച്ചകളിലൂടെ തീർക്കേണ്ട ഈ പ്രശ്നത്തെ പൊതു ജനത്തിന്റെ മുൻപിലേക്ക് ഇട്ടുകൊടുത്ത് അവരെ തമ്മിൽ തല്ലിച്ച രാഷ്ട്രീയ ബുദ്ധിയെ നമിക്കാതെ തരമില്ല. ഓരോ പഠന റിപ്പോർട്ടും ജനമദ്ധ്യത്തിലേക്ക് എടുത്തിട്ട് അവരെ ഭയചകിതരാക്കാൻ വെമ്പൽ പൂണ്ട മനസ്സുകൾക്കും നല്ല നമസ്കാരം.


‘പവനായി ശവമായി’ എന്നുപറഞ്ഞത് പോലെ എല്ലാം കെട്ടടങ്ങിക്കഴിഞ്ഞു. പുതിയ ഡാമിന് അനുമതി തരാൻ തമിഴന്മാർക്ക് തോന്നട്ടെ എന്ന് നമുക്ക് മുട്ടിപ്പായി പ്രാർത്ഥിക്കാം. കൂടെ, ഇടുക്കി കൂടി കൊണ്ടുപോകാൻ അവന്മാർക്ക് തോന്നരുതേ എന്നും.


നമ്മൾ ഇതുകൊണ്ടൊന്നും തളരരുത്. വോട്ടെടുപ്പ് ഇനിയും വരും. സ്ഥാനാർത്ഥിയുടെ ആശയങ്ങളോ വ്യക്തിത്വമോ സംസ്കാരമോ ഒന്നും നമ്മുടെ വോട്ടിന് മാനദണ്ഡമാകരുത്. സ്ഥാനാർത്ഥിയുടെ ചിഹ്നം. അതുമാത്രമേ നമ്മൾ നോക്കാൻ പാടുള്ളൂ...പാർട്ടിക്കാരൻ വന്ന് പെറ്റ തള്ളയെ തല്ലിയാലും നാം പ്രതികരിക്കരുത്....കാരണം തള്ളയല്ല...നമുക്ക് പാർട്ടിയും രാഷ്ട്രീയവുമാണ് വലുത്. ഒരു കാര്യത്തിൽ മാത്രം സമാധാനമുണ്ട്. രാഷ്ട്രീയ പ്രബുദ്ധത മുട്ടി നിൽക്കുന്ന നമുക്ക് അർഹിക്കുന്നത് തന്നെ കിട്ടുന്നുണ്ട്......


വാൽക്കഷണം: ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു..അരാഷ്ട്രീയ വാദികളാണത്രേ നാടിന്റെ ശാപം അവനെയൊക്കെ വെടിവെച്ച് കൊല്ലണമത്രേ....കാര്യങ്ങൾ ഇങ്ങനെയൊക്കെ പോകുകയാണെങ്കിൽ അധികം താമസിയാതെ കേരളത്തിലെ അരാഷ്ട്രീയവാദികളെ തീർക്കാൻ തോക്കുകൾ പോരാതെ വരും.....പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരന്റെ മുൻപിൽ ഒഴിഞ്ഞു കിടക്കുന്ന കസേരകൾ ഒരു സൂചനയാണ്....