ഈ ചോദ്യം കേരളത്തില്‍ ചോദിക്കാന്‍ ഭയക്കണം. കാരണം ഇടത് -വലത് മതേതരന്മാര്‍ ചിലപ്പോള്‍ തല തന്നെ വെട്ടിക്കളയും. തല എന്നത് ഒരു അവിഭാജ്യ ഘടകമായി മാറുന്ന മലയാളി കരുതുന്നില്ല എന്നത് കൊണ്ട് തന്നെ ചോദ്യം ആവര്‍ത്തിക്കട്ടെ.. ആരാണ് ഇവിടെ മതേതരവാദി?
ഭാരതീയ ജനതാപാര്‍ട്ടി എന്ന പ്രസ്ഥാനം തികച്ചും ഹൈന്ദവ വര്‍ഗ്ഗീയ പ്രസ്ഥാനം തന്നെ. വോട്ട് കച്ചവടം നടത്താന്‍ യാതൊരു മടിയുമില്ലാത്ത ഈ ആദര്‍ശ വാദികള്‍ ഹൈന്ദവരുടെ മുഴുവന്‍ പ്രതിനിധി ചമഞ്ഞാണ് കേരളത്തില്‍ രാഷ്ട്രീയം കളിക്കുന്നത്. പക്ഷെ കേരളത്തിലെ വര്‍ഗ്ഗീയ പ്രസ്ഥാനം ഇപ്പോള്‍ ഭാരതീയ ജനതാപാര്‍ട്ടി മാത്രമാണ് എന്നു പറയുന്നിടത്താണ് ഏറ്റവും വലിയ തമാശ നമുക്ക് കാണാന്‍ കഴിയുന്നത്. മുസ്ലീം ലീഗ്, പീഡീപി, എന്‍.ഡി.എഫ് തുടങ്ങുന്ന പല പ്രസ്ഥാനങ്ങളുണ്ട് ഈ നാട്ടില്‍. അവരൊക്കെ വര്‍ഗ്ഗീയത പറയുന്നുണ്ട്, പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ അതിനൊന്നും ഒരു അപാകതയുമില്ല കാരണം അവര്‍ ചേര്‍ന്ന് നില്‍ക്കുന്നത് ഇവിടുത്തെ മതേതര കുപ്പായക്കാരോടൊപ്പമാണ്. അപ്പോള്‍ അവര്‍ക്ക് ഇവിടെ എന്തുമാകാം.
ഇലക്ഷന്‍ അടുത്തു കഴിഞ്ഞാല്‍ പിന്നെ ‘അവിശുദ്ധം‘ എന്ന ഒരു പദത്തിന് പ്രസക്തിയില്ല. എല്ലാം വിശുദ്ധമോ പരിശുദ്ധമോ ആണ്. പ്രത്യേകിച്ച് ഇടതന്മാര്‍ക്ക്. ആരുടെയും ഭൂതകാലം അവര്‍ക്ക് ഒരു പ്രശ്നമല്ല. എത്ര വലിയ കൊള്ളക്കാരനായാലും രാജ്യദ്രോഹിയായാലും വര്‍ഗ്ഗീയ വാദിയായാലും, പത്ത് വോട്ട് തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് നേടിക്കൊടുക്കാന്‍ കഴിവുള്ളവനാണെങ്കില്‍ അവന്റെ തോളത്ത് കയ്യിടാന്‍ ഇടതന് ഒരു മടിയുമില്ല. ഒരേ ഒരു ഡിമാന്‍റ് മാത്രമേ ഉള്ളു. കുറച്ച് പേരെ വിളിച്ച് കൂട്ടി പണ്ട് ചെയ്തു കൂട്ടിയ കൊള്ളരുതായ്മകളില്‍ എനിക്ക് മനസ്താപമുണ്ട് എന്നൊരു കാച്ച് കാച്ചണം. ആളു നന്നാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല ‘മനസ്താപം’ മാത്രം മതി.
നാലു വോട്ട് കൂടുതല്‍ കിട്ടാന്‍ വേണ്ടി സ്വന്തം തലയും കൊണ്ട് പോകുന്നത് പുലിക്കൂട്ടിലേക്കാണെന്ന് കാരണവന്മാരും അത്മാര്‍ത്ഥ സ്നേഹിതരുമൊക്കെ ഉപദേശിച്ചു നോക്കി. ഉപദേശത്തിന് ഉടന്‍ ഫലവുമുണ്ടായി. ഇതുവരെ മാങ്ങാപറിക്കാനും ഗോലികളിക്കാനും ഒരുമിച്ചുണ്ടായിരുന്ന സ്നേഹിതന്മാരുടെ ഉള്ള കസേരയും കൂടി പിടിച്ച് വാങ്ങി അവരെ വള്ളിച്ചൂരലിനടിച്ച് പുറത്തിറക്കി. അവരിപ്പോള്‍ ‘ബലികുടീരങ്ങളേ......” എന്നുറക്കെ പാടി തെരുവിലലയുന്നു. പാവങ്ങള്‍........
‘കോണ്‍ഗ്രസ്സില്‍ നടക്കുമായിരിക്കും പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടക്കില്ല‘, ഒരു വ്യക്തിയുടെ ആധിപത്യവും അയാളുടെ കളിപ്പാവയായി ഒരു പ്രസ്ഥാനം മാറുന്നതിനെ കുറിച്ചുമൊക്കെ സാധാരണ ജനങ്ങളുടെ ധാരണ ഇതായിരുന്നു ഈ അടുത്ത കാലം വരെ. എന്നാല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരുപാട് മാറിപോയിരിക്കുന്നു. ചില വ്യക്തികളുടെ സ്വകാര്യസ്വത്തായി അധ:പ്പതിച്ചിരിക്കുന്നു ഈ പ്രസ്ഥാനം. ഇതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി, പ്രത്യയ ശാസ്ത്രങ്ങളെയും ധാര്‍മ്മികതയെയും ഒക്കെ കാറ്റില്‍ പറത്തി പത്ത് വോട്ടിനു വേണ്ടി വര്‍ഗ്ഗീയവാദികളുടെ (മനസ്സുമാറി നന്നായ പ്രത്യേക ഇനം) തോളില്‍ കയ്യിട്ടപ്പോള്‍ , ഈ പ്രസ്ഥാനത്തിനുവേണ്ടി സര്‍വ്വവും സമര്‍പ്പിച്ച ഒരുപാട് കറകളഞ്ഞ കമ്മ്യൂണിസ്റ്റുകളുടെ മുഖത്തെ ചിരി വാടിയത് ചിലപ്പോള്‍ ‘അടക്കി വാഴുന്ന‘ സഖാവ് ശ്രദ്ധിച്ചു കാണില്ല. പക്ഷെ, ഈ കൂട്ട് കെട്ട് എന്തിനു വേണ്ടി എന്നതിനു നേതാവ് നല്‍കിയ ഉത്തരമാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ. വര്‍ഗ്ഗീയതയെ തുടച്ച് നീക്കാന്‍...... ഇന്ത്യയില്‍ മതേതരത്വം സ്ഥാപിക്കാനാണത്രെ ഈ കൂട്ട് കെട്ട് . പൊട്ടിച്ചിരിക്കുകയല്ലാതെ എന്താ ചെയ്യുക. മതേതരത്വം, വര്‍ഗ്ഗീയത എന്നിവയുടെ അര്‍ത്ഥവ്യാപ്തി മാറിപോയോ എന്നൊരു സംശയം.
കിട്ടാത്ത മുന്തിരി പുളിച്ച കുറുക്കന്റെ അവസ്ഥയിലാണ് കോണ്‍ഗ്രസ്സുകാര്‍. അവര്‍ ‘മനസ്സുമാറിയ‘ വര്‍ഗ്ഗീയവാദിയെ കൂട്ടു പിടിച്ച കമ്മ്യൂണിസ്റ്റുകാരെ തെറിവിളിച്ച് നടക്കുകയാണ്. അവര്‍ക്ക് പറയാമല്ലോ. കാരണം എന്നും മതേതരത്വത്തിന്റെ കാവലാളുകളായിരുന്നല്ലോ കോണ്‍ഗ്രസ്സുകാര്‍ !! . ഇതൊക്കെ കാണുമ്പോള്‍ ചിലപ്പോള്‍ കാറിതുപ്പിപ്പോകും മലയാളികള്‍. കാരണം കോണ്‍ഗ്രസ്സുകാരന്‍, തീവ്രവാദിയെന്നും വര്‍ഗ്ഗീയവാദിയെന്നും ഇപ്പോള്‍ ആക്ഷേപിക്കുന്ന ഇതേ വ്യക്തിയെ കെട്ടിപ്പിടിച്ച് വോട്ട് തെണ്ടിയ കോണ്‍ഗ്രസ്സുകാരെ മലയാളികള്‍ മറക്കില്ല. അന്നില്ലാത്ത തിരിച്ചറിവ് ഇന്നെവിടുന്ന് കിട്ടി. അതോ ആശാന് അടുപ്പിലും ആകാം എന്നാണോ?
പണം, അധികാരം എന്നിവയ്ക്കുവേണ്ടി ഏതറ്റം വരെ താഴാനും മടിയില്ലാത്ത നേതാക്കന്മാരാല്‍ സമൃദ്ധമാണ് കോണ്‍ഗ്രസ്സ്. അണികളേക്കാള്‍ നേതാക്കന്മാരുള്ള ഏക പ്രസ്ഥാനവും ചിലപ്പോള്‍ കോണ്‍ഗ്രസ് ആയിരിക്കും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനങ്ങള്‍ വെറുക്കുന്ന അവസരങ്ങളിലെല്ലാം ഇവിടെ കോണ്‍ഗ്രസ് വിജയിച്ചിട്ടുണ്ട്. അത് ചെകുത്താനെക്കാള്‍ നല്ലത് കുട്ടിച്ചാത്തനാണെന്ന് ജനങ്ങള്‍ കരുതുന്നത് കൊണ്ടാണെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രം മനസ്സിലാകില്ല.
മതേതര വാദത്തിന്റെ ആട്ടിന്‍ തോലിട്ട ഇടതനും വലതനും, സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് പോലും മതേതര ചിന്താഗതിയില്‍ തന്നെ. ലറ്റീന്‍ കത്തോലിക്കര്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് അതേ സമുദായത്തിലെ വ്യക്തിയെയും മുസ്ലീം വോട്ടുകള്‍ കൂടുതല്‍ വീഴുന്നിടത്ത് മുസ്ലീമിനെ തന്നെയും സ്ഥാനാര്‍ത്ഥിയാക്കുന്നിടത്ത് തന്നെ ബോദ്ധ്യമാകുന്നു ഇവരുടെ മതേതര ചിന്ത. പത്ത് വോട്ടിനോയി അരമനകളിലും സമുദായ നേതാക്കന്മാരുടെ അന്തപ്പുരങ്ങളിലും കയറിയിറങ്ങും, വേണ്ടി വന്നാല്‍ കാലു നക്കും പക്ഷെ ഒരു ലജ്ജയുമില്ലാതെ അവര്‍ പിന്നെയും ആവര്‍ത്തിക്കും തങ്ങള്‍ മാത്രമാണ് വര്‍ഗ്ഗീയത തൊട്ടു തീണ്ടാത്ത പ്രസ്ഥാനങ്ങളെന്ന്.....
പേരില്‍ തന്നെ വര്‍ഗ്ഗീയത ഉള്ള പാര്‍ട്ടിയെ ഘടക കക്ഷിയായി കൊണ്ട് നടക്കുന്ന കോണ്‍ഗ്രസ്സിനും, ‘മനസ്സുമാറിയ‘ വര്‍ഗ്ഗീയവാദിയെ ചുമക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും മതേതര പാര്‍ട്ടികള്‍ എന്ന് കൊട്ടി ഘോഷിക്കാന്‍ എന്തവകാശമാണുള്ളത്? ഒന്നുകില്‍ വര്‍ഗ്ഗീയപാര്‍ട്ടികളുടെ സഹവാസം അവസാനിപ്പിച്ച് വാക്കിലെ മതേതരത്വം പ്രവൃത്തിയിലും കൊണ്ടു വരിക. അല്ലെങ്കില്‍ മതേതരത്വത്തെ കുറിച്ച് കൂടുതല്‍ വാചാലരാകാതിരിക്കുക. ഈ രാഷ്ടീയ നാടകങ്ങള്‍ മനസ്സിലാക്കാനുള്ള വിവരവും വിദ്യാഭ്യാസവുമൊക്കെ ആയിപ്പോയി മലയാളിക്ക്.....