യഥാര്‍ത്ഥത്തിൽ വിപണിയിലാണ് ഇപ്പോള്‍ ഓണാഘോഷത്തിന്റെ പ്രതിഫലനം ഉണ്ടാകുന്നത്. ഓണത്തിന്റെ അര്‍ത്ഥവ്യാപ്തി മറന്നു എങ്കിലും ഓണക്കോടി മലയാളി മറന്നിട്ടില്ല. ഓണത്തിരക്കിന്റെ ആദ്യ നാളുകളില്‍, വിലക്കുറവ് എന്ന മായികതയില്‍ മയങ്ങി മലയാളി വാങ്ങിക്കൂട്ടുന്നതധികവും പഴങ്കോടിയാണ് എന്നതാണ് സത്യം. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങാനും, പുതിയവ വാങ്ങിക്കൂട്ടാനും ഏറ്റവും ലാഭകരമായ സമയം ഓണക്കാലമാണെന്നതില്‍ മലയാളിക്ക് എതിരഭിപ്രായമില്ല. ചുരുക്കം പറഞ്ഞാല്‍, കൂടിപ്പോയാല്‍ പത്തോ പന്ത്രണ്ടോ ദിവസത്തെ ഓണാഘോഷങ്ങള്‍ക്കിടയില്‍ വിപണി കൊയ്തെടുക്കുന്നത് കോടികളാണ്. വിപണിയുടെ ഉത്സവം മാത്രമായി ഒതുങ്ങുകയാണ് ഇന്നത്തെ ഓണം.
മദ്യപാനികളാണ് ഓണം ആഘോഷിക്കുന്ന മറ്റൊരു കൂട്ടര്‍. മദ്യപാന റിക്കോർഡുകൾ തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ട് കോടിക്കണക്കിന് രൂപയുടെ മദ്യമാണത്രെ ഒരോണ നാളില്‍ മലയാളി കുടിച്ച് തീർക്കുന്നത്. ചാലക്കുടിക്കാര്‍ , കരുനാഗപ്പള്ളിക്കാര്‍ എന്നിങ്ങനെ വെള്ളമടിയിലെ കേമന്‍മാരെയും പ്രഖ്യാപിച്ചിട്ടുണ്ട് ബിവറേജസ് കോര്‍പ്പറേഷന്‍. ഇതു മാത്രം പോരാ എന്നാണ് മാറുന്നമലയാളിയുടെ പക്ഷം. അടുത്ത വര്‍ഷം മുതല്‍ വെള്ളമടിച്ച് മികവ് കാണിക്കുന്നവര്‍ക്ക് ജില്ല, താലൂക്ക്, വില്ലേജ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തണം. മാവേലിയുടെ പേരില്‍ തന്നെ ആയാല്‍ അത്രയും നല്ലത്. നാട്ടുമ്പുറത്തെ ക്ലബുകള്‍ക്ക് ഓണാഘോഷത്തോടനുബന്ധിച്ചുള്ള വെള്ളംകുടി മത്സരം മാറ്റി പകരം വെള്ളമടി മത്സരം സംഘടിപ്പിക്കാം. ‘വാളു’ കൊണ്ട് പൂക്കളവുമിടാം. കരളിത്തിരി വാടിയാലെന്താ ... സര്‍ക്കാരും ഹാപ്പി മലയാളിയും ഹാപ്പി മാവേലിയും ഹാപ്പി.....
ഓണപ്പൂക്കളവും പുലികളിയുമൊക്കെ മലയാളി മനസ്സില്‍ നിന്ന് കുടിയൊഴിഞ്ഞിട്ട് കാലം കുറെ ആയി. കുറച്ച് നാള്‍ മുന്‍പ് വരെ നാട്ടുമ്പുറങ്ങളിലെങ്കിലും ഓണനാളുകളില്‍ പൂക്കളം കാണുവാന്‍ കഴിയുമായിരുന്നു. വായനശാലയുടെയും കലാസംഘങ്ങളുടെയുമൊക്കെ മുന്‍പില്‍ ഓണനാളുകളിലെ സജീവ സാന്നിധ്യമായിരുന്നു മികച്ച ഒരോണപൂക്കളം. എന്നാല്‍ നാട്ടുമ്പുറത്തുകാര്‍ നഗരവാസികളേക്കാള്‍ പരിഷ്കാരികളായതോട് കൂടി ആ കാഴ്ചയും പൂര്‍ണ്ണമായി നിലച്ചു. ഇപ്പോള്‍ ഓണക്കാലത്ത് പൂക്കളം കാണണമെങ്കില്‍ പൂക്കള മത്സരം നടക്കുന്ന സ്ഥലത്ത് പോകണം. അല്ലെങ്കില്‍ നാട്ടുമ്പുറത്ത് ചില സാംസ്കാരിക വേദിക്കാര്‍ ഇട്ടു വച്ചിട്ടുണ്ടാകും , ഉപ്പുപരലില്‍ കളര്‍ ചേര്‍ത്ത് നിര്‍മ്മിച്ച ഒന്നാന്തരം ഓണപൂക്കളം. അതിനെ പൂക്കളമെന്ന് വിളിക്കാമോ എന്ന സംശയത്തിന് സ്ഥാനമില്ല. കാരണം വലിയ തിരക്കുള്ളവരായി മാറിയ(അതോ നടിക്കുന്നതോ) നമ്മള്‍ മലയാളികളുടെ ഓണപൂക്കളം തന്നെയാണിത്.
മലയാളിയുടെ തിരുവോണം ഇപ്പോള്‍ ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുന്‍പിലാണ്. തിരുവോണസദ്യ ഉണ്ണുമ്പോള്‍ പോലും ടീവിയില്‍ നിന്നും കണ്ണെടുക്കാന്‍ മലയാളി തയ്യാറല്ല. മലയാളം ചാനലുകാര്‍ എല്ലാം കൂടി ഓണം ആഘോഷിക്കാന്‍ ഇറങ്ങിയപ്പോള്‍ ഓണ നാളുകളില്‍ പോലും മലയാളി ആശങ്കയിലാണ്. ഏത് ചാനലിലെ ഏത് പരിപാടി കാണും.
പാചകം ചെയ്തു പോലും ന്യൂക്ലിയര്‍ ഫാമിലിയിലെ മലയാളി മങ്കമാരുടെ ദേഹം അനങ്ങരുത് എന്ന് കരുതിയാകും എല്ലാ കറിക്കൂട്ടുകളും റെഡിമെയ്ഡായി നമ്മുടെ വിപണിയില്‍ ലഭ്യമാണ്. സാമ്പാറും അച്ചാറും തുടങ്ങി പായസം വരെ റഡിമെയ്ഡാണിപ്പോള്‍. ഈ മിക്സിനൊക്കെ അമ്മമാരുണ്ടാക്കി തന്ന ഓണസദ്യയുടെ സ്വാദ് ഉണ്ടോ എന്ന് ചോദിച്ചാല്‍ പുതു തലമുറയിലെ മലയാളിമങ്കമാര്‍ തിരിച്ച് മൊഴിയും. പഴയ കാലമൊന്നുമല്ല ഇപ്പോള്‍. സദ്യ ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്ന സമയമുണ്ടാരുന്നെങ്കില്‍ ടീവിയില്‍ ഒരോണപ്പരിപാടി കൂടി കണ്ടേനെ എന്ന്....
ഹോട്ടലില്‍ നിന്ന് ഓണസദ്യ ഉണ്ണുന്ന പുതിയ പ്രവണതയും മലയാളികള്‍ക്കിടയില്‍ വര്‍ദ്ധിക്കുകയാണ്. 100 മുതല്‍ 1000 രൂപയ്ക്ക് വരെ ഓണസദ്യ ഒരുക്കി ഹോട്ടലുകാര്‍ കാത്തുനില്‍ക്കുമ്പോള്‍ വെറുതെ ഓണസദ്യ ഒരുക്കാന്‍ എന്തിന് കഷ്ടപ്പെടണം എന്നതാകാം ഇതിനു പുറകിലുള്ള മനോവികാരം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഓണം അതിന്റെ എല്ലാ നന്മകളോടും കൂടി മനസ്സില്‍ കൊണ്ട് നടക്കുന്നവരുണ്ട്. അത് പ്രവാസികളാണ്. സ്വന്തം നാടും വീടും വിട്ട് മറ്റു രാജ്യങ്ങളില്‍ കഴിയുന്ന അവരുടെ മനസ്സിലെ ആ പച്ചപ്പാണ് ഓണം. ഓണദിനങ്ങളില്‍ ഓണ്‍ ലൈന്‍ കമ്മ്യൂണിറ്റികളിലും ബ്ലോഗിലുമൊക്കെ നിറഞ്ഞു നിന്ന പ്രവാസികളുടെ ഓണസ്മൃതികള്‍, ഉറ്റവരോടൊപ്പം ആഘോഷിക്കാന്‍ കഴിയാതെ നഷ്ടപ്പെട്ട് പോകുന്ന ഒരു ഓണത്തിന്റെ മാധുര്യം വരച്ചിടുന്നു. അല്ലെങ്കിലും നമ്മള്‍ മലയാളികള്‍ ഇങ്ങനെയാണ്. കണ്ണുള്ളപ്പോള്‍ അതിന്റെ വില മനസ്സിലാക്കില്ല.
കൂട്ടിചേര്‍ക്കല്‍: കാണം വിറ്റും ഓണം ഉണ്ണണം എന്ന് പഴമക്കാര്‍ പറയാറുണ്ട്. ഓണത്തേക്കാള്‍ സുഭിക്ഷമായി ദിനവും ജീവിക്കുന്ന പുതു തലമുറയ്ക്ക് ഈ ചൊല്ല് അന്യമായതില്‍ അതിശയപ്പെടാനില്ല.