വര്‍ഷം : 2004
സ്ഥലം:തെക്കന്‍ കേരളത്തിലെ ഒരു പോലീസ് സ്റ്റേഷന്‍
ഒരു ചെറിയ അപകടത്തെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലായിപ്പോയ എന്റെ ബൈക്ക് എടുക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയതാണ് ഞാനും എന്റെ 2 സുഹൃത്തുക്കളും. നിയമപാലകരുടെ ‘ആത്മാര്‍ത്ഥത‘ കൊണ്ട് ബൈക്ക് തിരിച്ച് കിട്ടാന്‍ 5 ദിവസം എടുത്തു എന്നുള്ളതാണ് സന്തോഷകരമായ കാര്യം. ഈ 5 ദിവസവും രാവിലെ 9 മണിയോടെ ഞങ്ങള്‍ സ്റ്റേഷനിലെത്തും സന്ധ്യാസമയമാകുമ്പോള്‍ എന്റെ ബൈക്കിന്റെ താക്കോല്‍ കയ്യില്‍ വച്ചിരിക്കുന്ന ഏമാനെ കാണാന്‍ കഴിയാതെ നിരാശരായി മടങ്ങും ഇതായിരുന്നു അവസ്ഥ.
ആ ദിവസങ്ങളില്‍ ഒരു ദിവസം വൈകുന്നേരം സ്റ്റേഷനിലേക്ക് ഒരു നാടോടി സ്ത്രീയെ കൊണ്ട് വന്നു. കയ്യില്‍ ഒരു പിഞ്ചു കുഞ്ഞും ഉണ്ട് . ബസ്സില്‍ ആരുടെയോ മാല പൊട്ടിക്കാന്‍ ശ്രമിച്ചതാണ്. ബസ്സിലുണ്ടായിരുന്ന ‘പരോപകാര കമ്മിറ്റിക്കാര്‍‘ മുഴുവന്‍ കൈ വച്ചതിന്റെ ലക്ഷണം ആ സ്ത്രീയുടെ വായില്‍ നിന്നും ശരീരത്തുനിന്നും ഒലിച്ചിറങ്ങുന്ന രക്തത്തില്‍ നിന്നും ഞങ്ങള്‍ വായിച്ചെടുത്തു.
സ്റ്റേഷനില്‍ എത്തിയപാടെ അവര്‍ നില്‍ക്കാന്‍ പോലും ശേഷിയില്ലാതെ ഒരു മൂലയ്ക്ക് ഇരുന്നു. കുഞ്ഞ് അടുത്തിരുന്ന് അലറികരയുന്നു. അവശയായ ആ സ്ത്രീ കുറച്ച് വെള്ളം തരുമോ എന്ന് അവിടെ നിന്ന വനിതാ കോണ്‍സ്റ്റബിളിനോട് ചോദിക്കുന്നത് കേട്ടു. പോലീസ് വേഷം ദേഹത്തുകയറിയിട്ടും മനുഷ്യത്ത്വം കൈമോശം വന്നിട്ടില്ലാത്തത് കൊണ്ടാകാം, അവര്‍ ഒരു കുപ്പിയില്‍ കുറച്ച് വെള്ളമെടുത്ത് അവര്‍ക്ക് നല്‍കി.
ഈ സമയം “അവള്‍ക്ക് വെള്ളം കൊടുക്കരുത് “ എന്നലറി അകത്തും നിന്നും സിവില്‍ ഡ്രസ്സില്‍ പാഞ്ഞെത്തിയ ഒരു ഏമാന്‍ ബൂട്ടിട്ട കാലുകൊണ്ട്, താഴെ ഇരുന്ന ആ സ്ത്രീയുടേ മാറിടത്തിനും തോള്‍ഭാഗത്തിനുമിടയില്‍ കാല്‍ വലിച്ച് ഒരു ചവിട്ട്. ആ ദൃശ്യത്തിന്റെ ഭീകരതയില്‍ കസേരയില്‍ ഇരുന്ന ഞാനും സുഹൃത്തുക്കളും ഒരുപോലെ എഴുനേറ്റുപോയി. തരിച്ച് നില്‍ക്കുന്ന ഞങ്ങളുടെ മുഖഭാവം കണ്ടാകാം ആ ഏമാന്‍ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.” നിങ്ങള്‍ പേടിക്കേണ്ട. ഇവള്‍ക്കൊക്കെ ഇത് കിട്ടേണ്ടതാ. എത്ര പാവങ്ങളുടെ കാശാണ് ഇവളുമാര്‍...”. ആ വാക്കുകള്‍ കേട്ട് ഒരു നിമിഷം ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോയി ഞങ്ങള്‍. കാശെന്ന ചിന്ത പോലുമില്ലാതെ ‘നീതി നിര്‍വ്വഹണം‘ നടത്തുന്ന ഈ ‘മാടപ്രാവുകള്‍‘ തന്നെ ഇതു പറയുമ്പോള്‍ വേശ്യയുടെ ചാരിത്യപ്രസംഗം പോലെ മഹത്തരമായി അത്.
സമയം പിന്നെയും കൊഴിഞ്ഞു വീണു. ഏകദേശം 7 മണിയായപ്പോള്‍ എസ്.ഐ എത്തി. ആരും കേസ് നല്‍കാത്തത് കൊണ്ടാകാം അവരെ പറഞ്ഞു വിട്ടേക്കാന്‍ എസ്.ഐ പറയുന്നത് കേട്ടു. അപ്പോഴേക്കും ആ സ്ത്രീയും കുഞ്ഞും തളര്‍ന്ന് മയങ്ങിയിരുന്നു. ഒരു ഏമാന്‍ ചൂരല്‍ പുറകില്‍ പിടിച്ച് അവരെ വിളിച്ചുണര്‍ത്തി പുറത്തേക്ക് നടത്തി. ആ കുഞ്ഞിനെയുമെടുത്തവര്‍ ഭീതിയോടെ നടന്നു. സ്റ്റേഷന് പുറത്തെത്തിയപ്പോള്‍ പുറകിലിരുന്ന ചൂരല്‍ പ്രത്യക്ഷമാക്കി,‘പൊയ്ക്കോടീ’ എന്ന് ഏമാന്‍ ആജ്ഞാപിച്ചു. ആ കുഞ്ഞിനെ മാറോട് ചേര്‍ത്ത് അവര്‍ ഓടാന്‍ തുടങ്ങിയതും ആ ‘മാന്യദേഹം‘ ചൂരല്‍ വീശിയടിച്ചതും ഒരുമിച്ചായിരുന്നു.പെട്ടെന്ന് അവര്‍ ദയനീയമായി കേണുകൊണ്ട് തിരിഞ്ഞപ്പോള്‍ ആ അടി വന്ന് കൊണ്ടത് അവര്‍ ചേര്‍ത്തു പിടിച്ചിരുന്ന ആ പിഞ്ചു കുഞ്ഞിന്റെ മുതുകത്തായിരുന്നു. കാഴ്ചക്കാരായ ഒരുപാട് പേര്‍ ഒരേസമയം “അയ്യോ” എന്ന് വിളിച്ച് പൊയ നിമിഷം.അന്നെന്റെ തൊണ്ടയില്‍ തടഞ്ഞ നിലവിളി വര്‍ഷങ്ങള്‍ക്ക് ശേഷം ഇതെഴുതുമ്പോഴും എന്നെ ശ്വാസം മുട്ടിക്കുന്നു.
അലറി കരയുന്ന ആ പിഞ്ചു കുഞ്ഞിനെയുമെടുത്ത് അവര്‍ ദേശീയ പാതയിലേക്ക് ഓടിയിറങ്ങി.നട്ടെല്ല് ആര്‍ക്കോ പണയം വച്ച് ഒന്നു പ്രതികരിക്കാന്‍ പോലും ശേഷിയും മനസ്സുമില്ലാത്ത കാഴ്ചക്കാരിലൊരാളായി ഞാനും നിന്നു. അന്ന് അവര്‍ ഭീതിയോടെ റോഡിലേക്ക് ഓടി ഇറങ്ങുമ്പോള്‍ ഏതെങ്കിലും വണ്ടിയുടെ മുന്‍പില്‍ പെട്ടിരുന്നെങ്കില്‍? മറ്റൊരു അജ്ഞാത ശവം കൂടി. അത്ര തന്നെ. കയ്യിലെ കാശിനും പ്രശസ്തിക്കും പദവിക്കും അടിസ്ഥാനത്തില്‍ ജീവന്റെയും ജീവിതങ്ങളുടെയും വില നിശ്ചയിക്കുന്ന ഈ കാലത്ത് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്?
പക്ഷേ ഞാന്‍ കണ്ണിന്‍ മുന്‍പില്‍ കണ്ട ഈ സംഭവം പോലീസ് ഏമാന്‍മാരുടെ വെറും സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്ന് നമുക്കേവര്‍ക്കും അറിയാം. ഒരുത്തനെയും കൂടി അവര്‍ കാലപുരിക്കയച്ച വാര്‍ത്ത വന്നിട്ട് ദിവസങ്ങള്‍ അധികമായില്ല. ഉദയകുമാര്‍ എന്ന നിരപരാധിയെ പറഞ്ഞയച്ച അതേ വഴിയില്‍ അവര്‍ സമ്പത്തെന്ന ക്രിമിനലിനെയും പറഞ്ഞയച്ചു.
നാളെ ആര്‍ക്കും ഈ വിധിയുണ്ടാകാം.അടുത്ത ഇര ഞാനാകാം നീയാകാം ആരുമാകാം.വേലി തന്നെ വിളവു തിന്നുമ്പോള്‍ ഇവിടെ നിയമവും ഭരണകൂടവുമെല്ലാം കണ്ണും പൂട്ടി തലകുനിച്ച് നില്‍ക്കുന്നു. ശാസ്ത്രവും ലോകവും ഒരുപാട് പുരോഗമിച്ച ഈ കാലത്തും പൊതുജനങ്ങള്‍(രാഷ്ട്രീയക്കാരല്ല) ‘മരണത്തെ‘ എന്ന പോലെ പോലീസിനെ ഭയക്കുന്നു. രാഷ്ട്രീയക്കാരുടെയും കാശുകാരന്റെയും ചട്ടുകങ്ങളായി മാറ്റപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് നമ്മുടെ പോലീസ് സേനയുടെ അന്തസ്സും ജനങ്ങള്‍ അവരിലര്‍പ്പിച്ച വിശ്വാസവുമാണ്. ജനമൈത്രി പോലീസ് എന്ന് പേരുമാറ്റിയത് കൊണ്ടോ മാതൃക പോലീസ് സ്റ്റേഷന്‍ എന്ന് ബോര്‍ഡു തൂക്കിയത് കൊണ്ടോ പൊലീസ് വിഭാഗം ശുദ്ധീകരിക്കപ്പെടും എന്ന് ആഭ്യന്തര മന്ത്രിയോ മുഖ്യമന്ത്രിയോ ധരിച്ചു വച്ചിരിക്കുന്നോ എന്തോ?
പ്രായം പോലും പരിഗണിക്കാതെ ഇവര്‍ നടത്തുന്ന ലോക്കപ്പ് മര്‍ദ്ദനങ്ങളുടെ കഥ പുറത്ത് വരുമ്പോള്‍, ഈ പോലീസുകാരും ഒരു അച്ഛനും മകനും സഹോദരനുമൊക്കെ തന്നെയല്ലേ എന്ന് അത്ഭുതം കൂറാനേ നമുക്ക് കഴിയൂ. കണ്മുന്‍പില്‍ കാണുന്നവരെ എല്ലാം ക്രിമിനലായി മാത്രമേ കാണാന്‍ കഴിയുന്നുള്ളു എന്നതാകുമോ നമ്മുടെ പോലീസ് സേനയിലെ ചിലരുടെ എങ്കിലും പ്രശ്നം. റിട്ടയര്‍മെന്റിന് ശേഷം ഒരു അദ്ധ്യാപകനും ഒരു പോലീസുകാരനും സമൂഹം നല്‍കുന്ന വില താരതമ്യം ചെയ്താല്‍ മാത്രം മതിയാകും ഇവര്‍ക്ക് കാലം കൊടുക്കുന്ന തിരിച്ചടി മനസ്സിലാക്കുവാന്‍.
നിരപരാധിയായ ഉദയകുമാറിനെ ഉരുട്ടികൊന്നവര്‍ ഇന്നും മാന്യന്മാരെ പോലെ സമൂഹത്തില്‍ ജീവിക്കുന്നു. ഇന്ന് ആ കേസിന്റെ അവസ്ഥ ദയനീയമായി തുടരുകയാണ്. സാക്ഷികള്‍ തുടരെ തുടരെ കൂറുമാറുന്നു. തെളിവുകളെ മാത്രം ആശ്രയിക്കുന്ന കോടതിക്ക് മുന്‍പില്‍ അവര്‍ നിരപരാധികളായി മാറിയേക്കാം. പക്ഷേ ഒരു തെറ്റും ചെയ്യാത്ത മകനെ നഷ്ടപ്പെട്ട വേദനയില്‍ ഉള്ളുരുകി കരയുന്ന ആ അമ്മയുടെ കണ്ണീരിന്റെയും പ്രാര്‍ത്ഥനകളുടെയും ശക്തിക്ക് മുമ്പിൽ നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല.ഇനി എത്ര ജന്മമെടുത്താലും....