"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Tuesday, November 6, 2007

ഏകാന്തതയുടെ സഹയാത്രികര്‍


മാറുകയാണ്‌ നമ്മള്‍ കേരളീയര്‍. നമ്മുടെ ചിന്തകളും വാക്കുകളും ഒക്കെ മാറുകയാണ്. ഒന്നിനെ പറ്റിയും ആലോചിച്ചു വ്യാകുലപ്പെടാനോ പുനര്‍ചിന്തനം നടത്താനോ ഒന്നും നമുക്കു സമയമില്ലാതായിരിക്കുന്നു. എന്തിനൊക്കെയോ വേണ്ടി ഉള്ള പരക്കം പാച്ചിലില്‍ ആണ് നമ്മള്‍. ഈ വ്യഗ്രതയില്‍ ബന്ധങ്ങളുടെ വില പോലും നമ്മള്‍ മറക്കുന്നു. അല്ലെങ്കില്‍ ബോധപൂര്‍വം കണ്ടില്ലെന്നു നടിക്കുന്നു. നാട്യങ്ങള്‍ക്ക് മുന്‍പന്തിയില്‍ ആണല്ലോ ഞാന്‍ ഉള്‍പ്പെടുന്ന ഈ പുതു തലമുറ...


ഈ തലമുറയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഘടകം എന്താണെന്നു ചോദിച്ചാല്‍ "പരിഷ്കാര ഭ്രമം" ആണെന്നാകും ഉത്തരം. മുന്‍പ് വസ്ത്രങ്ങളിലും ആഡംബരങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഈ പരിഷ്കാര ഭ്രാന്ത് ഇപ്പോള്‍ മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. പോറ്റി വളര്‍ത്തിയ അച്ഛനെയും അമ്മയെയും അവരുടെ ജീവിതത്തിന്റെ സായന്തനങ്ങളില്‍ വൃദ്ധ സദനങ്ങളുടെ ഇടനാഴിയിലേക്ക് തള്ളുന്നതില്‍ വരെ എത്തി നില്‍ക്കുന്നു നമ്മുടെ നൂതന ചിന്ത. അഭിമാനിക്കാം....തീര്‍ച്ചയായും അഭിമാനിക്കാം..ഓരോ മലയാളിക്കും.


മുത്തശ്ശി കഥകള്‍ നറുനിലാവുതെളിച്ച ഒരുപാട് സന്ധ്യകളുണ്ടായിരുന്നു മുൻപ് മലയാളിക്ക്‌. വളര്‍ച്ചയുടെ ഓരോ പടവിലും അച്ഛനേക്കാളും അമ്മയെക്കാളും കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്ന നിറ സാന്നിധ്യവും വീട്ടിലെ മുതിര്‍ന്നവരായിരുന്നു.കുട്ടികളുടെ ഏതുപ്രശ്നങ്ങളും ഒരു സുഹൃത്തിനോടെന്നപോലെ അവരുടെ മുത്തച്ഛനോടും മുത്തശ്ശിയൊടും തുറന്നു പറയുവാൻ കഴിഞ്ഞിരുന്നു. കാരണം ഏതു പ്രശ്നങ്ങളെയും സമചിത്തതയൊടെ നേരിടാനുള്ള അനുഭവ സമ്പത്ത് അവര്‍ക്കുണ്ടായിരുന്നു.വിശ്വാസപൂര്‍‌വ്വം ആശ്രയിക്കാവുന്ന വഴിവിളക്കുകളായിരുന്നു അവര്‍.


പക്ഷെ ഇന്നത്തെ തലമുറക്കു എല്ലാം നഷ്ട്ടപ്പെട്ടിരിക്കുന്നു. ഇപ്പൊള്‍ അവരുടെ നാവുകള്‍ക്ക‌്‌ മുത്തശ്ശി വിളമ്പിയ ഭക്ഷണത്തിന്റെ സ്വാദ് അറിയില്ല. മുടിയിഴകള്‍ക്കു ആ തലോടലിന്റെ ഊഷ്മളതയും അറിയില്ല.ആ വാത്സല്യം അവര്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു.നഷ്ടപ്പെട്ടു എന്നു പറയുന്നതിനേക്കാള്‍ നിഷേധിച്ചു എന്നു പറയുന്നതല്ലേ ശരി?


എന്തൊക്കെയോ വെട്ടിപ്പിടിക്കാനൊ കീഴടക്കാനൊ ഉള്ള വ്യഗ്രത ഓരൊ മലയാളിയേയും വിഴുങ്ങി കഴിഞ്ഞിരിക്കുന്നു.ബന്ധങ്ങളുടെ വില തന്നെ നാം മറന്നു തുടങ്ങിയിരിക്കുന്നു.എന്തിനും ഏതിനും പാശ്ചാത്യരെ അനുകരിക്കാന്‍ ശ്രമിക്കുകയാണ് നാം . ഈ ഇല്ലാത്ത മേനി നടിക്കാന്‍ നമ്മെ ആരാണ്‌ പഠിപ്പിച്ച് തന്നത്‌? ഈ പൊങ്ങച്ചത്തിന്റെ പ്രതീകങ്ങളായി നമ്മുടെ ഈ കൊച്ചു കേരളത്തിലും വൃദ്ധമന്ദിരങ്ങള്‍ ഉയരുകയാണ്.


ഒരു ജന്മം മുഴുവനും സ്വന്തം മക്കള്‍ക്കുവേണ്ടി ഉരുകി തീര്‍ന്ന മാതാപിതാക്കള്‍ അവരുടെ ജീവിതസായാഹ്നത്തില്‍ മക്കള്‍ക്ക് ബാദ്ധ്യതയാകുന്നു.ഒരു ജീവിതകാലം മുഴുവന്‍ അവര്‍ നല്കിയ സ്നേഹത്തിന്റെ ഒരംശം പോലും തിരികെ നല്കാനൊ അവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍ പോലും സാധിച്ചുകൊടുക്കാനോ എന്താണ്‌ നമുക്കു കഴിയാത്തത് ? എന്തൊക്കെയോ കാല്ക്കീഴിലാക്കാന്‍ വെറികൊണ്ട് നടക്കുന്ന നമുക്ക് ഈ വൃദ്ധനൊമ്പരങ്ങള്‍ കാണാന്‍ എവിടെയാണ്‌ സമയം? മക്കള്‍ പണിതുയര്‍ത്തിയ രമ്യഹര്‍മ്മ്യങ്ങളുടെ കാവല്‍നായ്‌ക്കളായൊ, അല്ലെങ്കില്‍ സ്നേഹിച്ചു വളര്‍ത്തിയ മക്കളാല്‍ അനാഥാലയങ്ങളുടെയും വൃദ്ധമന്ദിരങ്ങളുടെയും ഏകാന്ത ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുകയോ ചെയ്യപ്പെട്ടിരിക്കുന്നു കേരളത്തിന്റെ നിര്‍ഭാഗ്യരായ മുതിര്‍ന്ന തലമുറ.


അവരുടെ സ്നേഹത്തിന്റെ ആഴവും അവരനുഭവിക്കുന്ന അവഗണനയുടെ വേദനയും മനസ്സിലാകണമെങ്കില്‍ നമുക്കും ആ അവസ്ഥ ഉണ്ടാകണം. ഉണ്ടാകും. കാരണം വിതയ്ക്കുന്നതേ നമ്മള്‍ കൊയ്യൂ. മാതാപിതാക്കളെ തുരുങ്കിലടച്ച മുഗള്‍ ചക്രവര്‍ത്തിമാരുടെ ചരിത്രവും നമ്മെ പഠിപ്പിക്കുന്നത്‌ ഇതൊക്കെ തന്നെയല്ലെ? നമ്മെ കണ്ടു പഠിക്കുന്ന തലമുറയില്‍ നിന്നും ഇതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പ്രതീക്ഷിക്കാനുള്ള എന്തു ധാർമ്മിക അവകാശമാണ് നമുക്കുള്ളത്‌? ഇല്ല. ഒന്നുമില്ല.


വിജയങ്ങള്‍ വെട്ടിപ്പിടിക്കുവാനുള്ള വ്യഗ്രതയില്‍ വൃദ്ധരായ മാതാപിതാക്കളെ ഒറ്റപ്പെടലിന്റെ വേദനയിലേക്കു തള്ളിവിടുന്നവര്‍ ഒന്നോർക്കുക... "വാര്‍ദ്ധക്യമാകുന്ന കരിമ്പടം ". കാലം അത്‌ നാളെ നിങ്ങളേയും പുതപ്പിക്കും.

13 comments:

 1. ചിന്തിക്കേണ്ട വിഷയം...

  ReplyDelete
 2. വിജയങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയില്‍ വൃദ്ധരായ മാതാപിതാക്കളെ ഒറ്റപ്പെടലിന്‍റെ വേദനയിലേക്കു തള്ളിവിടുന്നവര്‍ ഒന്നോക്കുക..."വാര്‍ദ്ധക്യമാകുന്ന കരിമ്പടം ". കാലം അത്‌ നിങ്ങളേയും പുതപ്പിക്കും..........

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. മാറ്റം നല്ലതിലേക്കായാല്‍ മതി...

  ReplyDelete
 5. “ ഇന്നത്തെ തലമുറക്കു എല്ലാം നഷ്ട്ടപ്പെട്ടിരിക്കുന്നു. ഇപ്പൊള്‍ അവരുടെ നാവുകള്‍ക്ക‌്‌ മുത്തശ്ശി വിളമ്പിയ ഭക്ഷണത്തിന്‍റെ സ്വാദ് അറിയില്ല. മുടിയിഴകള്‍ക്കു ആ തലൊടലിന്‍റെ ഊഷ്മളതയും അറിയില്ല.ആ വല്‍സല്യം അവര്‍ക്കു എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു.”

  ശരിയാണ്. നല്ല പോസ്റ്റ്, നല്ല ചിന്തകള്‍

  ReplyDelete
 6. എത്രയോ പ്രയോജനകരമായ മാറ്റങ്ങള്‍ കേരളീയര്‍ക്ക് ആവശ്യമുണ്ട് ...പക്ഷെ അതൊന്നും ആരും ചിന്തിക്കുന്നതെയില്ല ..ഫാസ്റ്റ് ആയ ട്രന്‍സ്പോര്‍തിംഗ് സൌകര്യം പോലുമില്ലാത്ത നാടാണ് നമ്മുടെത് ..ഈ മുന്നൂറു കിലോ മീറ്റര്‍ തണ്ടാന്‍ ഒരു ദിവസ്സം പാഴാക്കുന്ന അതി ബുദ്ധിമാന്മാര്‍ ..

  ReplyDelete
 7. പ്രിയ സുഹൃത്തേ,

  താങ്കളുടെ ലേഖനം വായിച്ചു. ചെയ്യുന്നത് തിരുത്താന്‍ കഴിയാത്ത തെറ്റാണെന്ന് അറിഞ്ഞു കൊണ്ട്‌ തെറ്റു ചെയ്യുന്നവരാണ് നമ്മില്‍ പലരും. അതു കൊണ്ടു തന്നെ കാലം കണക്കു ചോദിക്കുകയും ചെയ്യും. വിശിഷ്യ, വൃദ്ധരായ മാതാപിതാക്കളെ എന്തു പരിഷ്കാരത്തിന്‍റെ പേരിലായാലും തങ്ങളുടെ സ്വൈര്യ ജീവിതത്തിന്‍റെ നാലതിരുകളില്‍ നിന്നും പുറത്താക്കുമ്പോള്‍ പലരും സൌകര്യപൂര്‍വം മറക്കുകയോ, ചിന്തിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു കാര്യമുണ്ട്‌. ഒരു വലിയ സംസ്കാരമാണ് അവര്‍ പടിയിറക്കി വിടുന്നത്. വാമൊഴിയായി പകര്‍ന്നു ലഭിക്കേണ്ട ഒരു പിടി നന്മകള്‍, പാരമ്പര്യം തുടങ്ങി അളവില്ലാത്ത അറിവിന്‍റെ നിധി കൂടിയാണ് അവര്‍. വെറുതെ ഒരു സ്റ്റൈലിനു വേണ്ടി മാതാപിതാക്കളെ വീട്ടില്‍ നിന്നൊഴിവാക്കുന്ന മക്കള്‍ മുതല്‍, മക്കളുടെ പ്രവൃത്തികള്‍ കണ്ട്‌ മനം മടുത്ത് സ്വയം ഇറങ്ങിപ്പോകുന്ന മാതാപിതാക്കള്‍ വരെയുണ്ട്‌ നമ്മുടെ നാട്ടില്‍. രണ്ടിനുമാവാതെ സ്വയം നീറി നീറി ജീവിക്കുന്ന വൃദ്ധരും എണ്ണത്തില്‍ കുറവല്ല. ഇവിടെ മറ്റൊന്നുള്ളത്, വൃദ്ധ സദനത്തില്‍ കഴിയുന്നവരോടോ, മക്കളുടെയും മരുമക്കളുടെയും പീഡനം സഹിച്ചു ജീവിക്കുന്നവരോടോ അവരുടെ മക്കളുടെ കുറ്റം പറഞ്ഞു നോക്കൂ... ല്ലാ ന്യായവും നിരത്തി സ്വന്തം മക്കളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരായിരിക്കും അവരില്‍ തൊണ്ണൂറ്റിയൊന്‍പതു ശതമാനവും. ഈ സഹനവും, സ്നേഹവും ലോകത്ത് മറ്റൊരിടത്തും പകരം എന്തു തന്നെ കൊടുത്താലും നേടാന്‍ കഴിയില്ല. പലരും ഈ സത്യം മനസ്സിലാക്കി വരുമ്പൊഴേക്കും അവരും ഏതെങ്കിലും വൃദ്ധസദനത്തില്‍ എത്തിയിരിക്കും.

  ആശംസകള്‍

  ReplyDelete
 8. വലിയൊരു കൂട്ട് കുടുംബ വ്യവസ്ഥിതിയില്‍ ജനിച്ച് വളര്‍ന്ന എനിക്ക് അതിലെ പോരായ്മകളും .. ഗുണവശങ്ങളും നന്നായി അറിയാം, ഈ വിഷയത്തിലെ നഗറ്റീവായ ഒരു സമീപനമായി കാണാതെ വസ്തുതാപരമായ രീതിയില്‍ ചിന്തിക്കണമെന്ന് ഞാന്‍ ആദ്യമേ പറയട്ടെ, മാറുന്ന കാലഘട്ടമനുസരിച്ച് മാറാത്ത മനസ്സുമായി നീങ്ങുന്ന രക്ഷിതാക്ക്കളാണ് പിടിവാശിയുടേയും , മറ്റും പേരില്‍ വൃദ്ധമന്ധിരങ്ങളില്‍ ചേക്കേറുന്നത്,സ്വന്തം മകനോടും മരുമകളോടും ശത്രുതാപരമായി കാണുകയും ചിന്തിയ്ക്കുകയും ചെയ്യുന്ന രക്തിതാക്കളും കുറവല്ല, ഇതിനിടയില്‍ താങ്കള്‍ പറഞ്ഞതും ശരിയാണ്. വൃദ്ധമന്ദിരങ്ങള്‍ മക്കല്‍ മാത്രമല്ല ഉണ്ടാക്കുന്നത് മാതാപിതാക്കളും സ്വയം സൃഷ്ടിയ്ക്കുന്നുണ്ടന്ന് മനസ്സിലാക്കുക

  ReplyDelete
 9. | ജയകൃഷ്ണന്‍ കാവാലം| ജയകൃഷ്ണന്‍ പറഞ്ഞത് ഒരു വസ്തുതയാണ്.പടിയിറങ്ങിപ്പോകുന്ന ഈ സംസ്കാരത്തിന്‍റെ അഭാവം നമ്മുടെ ഇന്നത്തെ നിത്യ ജീവിതത്തില്‍ പ്രകടവുമാണല്ലോ...

  |വിചാരം|ഈ അഭിപ്രായത്തോട് എനിക്കും എതിര്‍പ്പില്ല.കാരണം അങ്ങനെ പഴി മുഴുവന്‍ മക്കളുടെ മുകളിലേക്ക് ചാരി വൃദ്ധമന്ദിരങ്ങള്‍ തിരഞ്ഞ് പിടിക്കുന്ന മാതാപിതാക്കളുമുണ്ട്. അതു കണ്ടില്ലെന്നു നടിക്കുന്നില്ല. പക്ഷെ ഇങ്ങനെ ഉള്ളവര്‍ എണ്ണത്തില്‍ വളരെ കുറവാണ് എന്നാണ് എന്‍റെ വിശ്വാസം.

  അഭിപ്രായത്തിനു നന്ദി........

  ReplyDelete
 10. | വഴിപോക്കന്‍ | ശ്രീ | the man to walk with | ജയകൃഷ്ണന്‍ കാവാലം | വിചാരം |

  അഭിപ്രായത്തിനു നന്ദി........

  ReplyDelete
 11. valre saryanu suhruthe thankalude blogil parayunna kariyangalilnoorinu noorum sariyanu

  ReplyDelete
 12. | keralafelix | നന്ദി..........

  ReplyDelete
 13. നല്ലത് ...പറയാതിരിക്കാന്‍ ആവുന്നില്ല.

  ReplyDelete

ഒരു ‘മാറുന്ന‘ മലയാളി തന്നെയല്ലേ നിങ്ങളും? അതിനാല്‍ തന്നെ തുറന്നു പറയൂ നിങ്ങളുടെ അഭിപ്രായങ്ങള്‍...അത് യോജിപ്പുകളാണെങ്കിലും വിമര്‍ശനമാണെങ്കിലും.