"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Friday, October 3, 2008

ക്ഷേത്രങ്ങള്‍ വ്യവസായശാലകളാകുമ്പോള്‍...


പരിശുദ്ധി കാത്തു സൂക്ഷിക്കപ്പെടേണ്ട ക്ഷേത്രങ്ങള്‍ വെറും വ്യവസായ ശാലകളായി അധ:പ്പതിക്കുന്ന ചിത്രമാണ് ഇപ്പോള്‍ നമുക്ക് മുന്‍പിലുള്ളത്. കേരളത്തിലെ ഏറ്റവും വരുമാനമുള്ള രണ്ടു വ്യവസായങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍ നമുക്ക് കണ്ണുമടച്ച് ഉത്തരം നല്‍കാം. ഒന്ന് “ഭക്തി വ്യവസായവും” രണ്ട് “വിദ്യാഭ്യാസ വ്യവസായവും”. മുടക്കുമുതല്‍ കൂടി കണക്കിലെടുക്കുമ്പോള്‍ വിദ്യാഭ്യാസം എന്നത് ഭക്തി വ്യവസായത്തിന്റെ നാലയലത്ത് വരില്ല എന്നത് വേറെ കാര്യം.


തൊഴുതതിന് ശേഷം പ്രസാദം കിട്ടണമെങ്കില്‍ പോലും കയ്യില്‍ കുറഞ്ഞത് പത്തുരൂപയുടെ നോട്ടെങ്കിലും കരുതേണ്ട ഗതികേടിലാണ് ഭക്തര്‍. ഭക്തന്റെ കയ്യില്‍ തനിക്കു തരാന്‍ കാശ് എടുത്ത് പിടിച്ചിട്ടുണ്ട് എന്നറിഞ്ഞാല്‍ പൂജാരി ഉടന്‍ കര്‍ത്തവ്യ നിരതനാകും. പിന്നെ “കാശുള്ള” ഭക്തന് ഇലയില്‍ ചന്ദനവും കുങ്കുമവും പൂജാപുഷ്പവുമൊക്കെ വച്ച് പ്രസാദം കിട്ടും. കാശില്ലാതെ പ്രസാദം വാങ്ങാന്‍ നിന്നാല്‍ ഇളിഭ്യരാകും എന്നുള്ള കാര്യത്തില്‍ സംശയം വേണ്ട എന്നു ചുരുക്കം. കാശില്ലാത്തവര്‍ക്ക് പുറത്ത് ചന്ദനം വച്ചിട്ടൂണ്ടാകും. അതില്‍ നിന്ന് തോണ്ടിയിടാം. അതും അവരുടെ ഒരു ‘ഔദാര്യം’ . ഇത്തരം പല സംഭവങ്ങള്‍ക്കും പല ക്ഷേത്രങ്ങളിലും ദൃക്‌സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് എനിക്ക്.


ഇപ്പോള്‍ പല വലിയ ക്ഷേത്രങ്ങളിലും കിട്ടുന്ന ചന്ദനത്തിന്റെ കാര്യം ബഹുരസമാണ്. ഒരുപാട് ഭക്തര്‍ ദിനം പ്രതി ദര്‍ശനം നടത്തുന്ന അല്ലെങ്കില്‍ ഒരുപാട് ചന്ദനം വേണ്ടി വരുന്ന പല ക്ഷേത്രങ്ങളിലും, ആവശ്യമായ ചന്ദനം അരച്ചെടുക്കുന്ന പഴയ സമ്പ്രദായങ്ങളൊക്കെ മാറിപ്പോയതായാണ് അറിവ്. ഇപ്പോള്‍ ഒരുതരം ആസിഡ് ഉപയോഗിച്ചാണത്രെ ചന്ദനം അരക്കുന്നത് (ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പടെ പല ക്ഷേത്രങ്ങളും ഇതിന് ഒരു അപവാദമാണന്ന് തീര്‍ച്ച. അവിടങ്ങളിലൊക്കെ ഇപ്പോഴും ചന്ദനതടി അരച്ചെടുക്കുന്ന പഴയ രീതി തന്നെ പിന്തുടരുന്നു). അതാകുമ്പോള്‍ ഈ പ്രവൃത്തിക്ക് വേണ്ടി വരുന്ന മനുഷ്യ ശേഷി വളരെ കുറവ്. നെറ്റിയില്‍ ഇടുമ്പോള്‍ വല്ലാതെ തണുപ്പനുഭവപ്പെടുന്ന ഈ ചന്ദനം കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഇത് സ്ഥിരമായി ഇടുന്ന ഭക്തന്റെ നെറ്റിയില്‍ പൊള്ളലിന്റെ കറുത്ത പാട് വീഴ്ത്തും എന്നുള്ള കാര്യം ഉറപ്പ്. പക്ഷെ നമ്മള്‍ ഭക്തര്‍ ഇതൊന്നും കാര്യമാക്കില്ല. കാരണം നമ്മുടെ അമ്പലം...നമ്മുടെ ദൈവം...നമ്മുടെ നെറ്റി...പിന്നെ ആര്‍ക്കാണ് ചേതം.


പലപ്പോഴും വളരെയേറെ ‘സന്തോഷം’ പ്രദാനം ചെയ്തിരുന്ന മറ്റൊരു കാഴ്ചയാണ് ക്ഷേത്രങ്ങളിലെ വി.ഐ.പി തൊഴല്‍. ഗുരുവായൂര്‍ ക്ഷേത്രമാണ്, ഈ കാര്യത്തില്‍ ഭക്തരുടെ ക്ഷമയെ പരീക്ഷിക്കുന്ന പ്രധാന ക്ഷേത്രം. ദൂരദേശങ്ങളില്‍ നിന്ന് പോലും ഭക്തരെത്തി ഗുരുവായൂരപ്പനെ ഒരുനോക്കുകാണാന്‍ മണിക്കൂറുകളോളം ക്യൂനില്‍ക്കുന്നതിടയില്‍ കൂടിയാണ് വി.ഐ.പി തൊഴല്‍ എന്ന മഹത്തായ സംഗതി അരങ്ങേറുന്നത്. വി.ഐ പി ആകണമെന്നു തന്നെയില്ല ,‘പിടിപാടു‘ണ്ടെങ്കില്‍ ആര്‍ക്കും ക്യൂവൊന്നും നില്‍ക്കാതെ മറ്റൊരു പാതയില്‍ കൂടി ക്ഷേത്രത്തിന് അകത്ത് കടക്കാം. ദര്‍ശനം നടത്താം. അവര്‍ വിജയശ്രീലാളിതരായി മടക്കയാത്ര ആരംഭിക്കുമ്പോഴും മണിക്കൂറുകളായി ഒരു ദര്‍ശനത്തിന് കാത്തു നില്‍ക്കുന്ന ‘പിടിപാടി’ല്ലാത്ത സാധാരണ ഭക്തരുടെ കാലില്‍ കൂടി വേരിറങ്ങിയിട്ടുണ്ടാകും. ഗുരുവായൂരപ്പന് പ്രിയപ്പെട്ട(അതത്ര ഉറപ്പില്ല) രാഷ്ട്രീയാ ആചാര്യന്‍ ദര്‍ശനത്തിനെത്തിയാല്‍ പിന്നെ സാധാരണ ഭക്തന്റെ കാര്യം “ഗോവിന്ദ”. ആ സമയത്ത് ദേവസ്വം ജീവനക്കാരുടെ കൂടാതെ പോലീസ് ഏമാന്‍മാരുടെ കുതിരകയറ്റം കൂടി സഹിക്കേണ്ടി വരും ഭക്തജനവൃന്ദം.


ശാസ്താംകോട്ടയിലെ പുരാതനമായ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം പ്രസിദ്ധമാണ്. അവിടെ അട നിവേദ്യമാണ് ഭഗവാന്റെ ഇഷ്ട വഴിപാട്. രുചിയുടെ കാര്യത്തിലും അതിനു പകരം വയ്ക്കാന്‍ മറ്റൊന്ന് ഉണ്ടായിരുന്നില്ല. തേങ്ങയും ശര്‍ക്കരയുമൊക്കെ സമാസമം ചേര്‍ത്തിരുന്ന അതിന്റെ രുചി തന്നെയാകാം ഈ വഴിപാടിന് കൊട്ടാരക്കരയിലെ ഉണ്ണിയപ്പത്തോളം തന്നെ പ്രസിദ്ധി നേടിക്കൊടുത്തത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിലെ അട വഴിപാടിന്റെ ഇന്നത്തെ സ്ഥിതി കണ്ടാല്‍ കണ്ണ് തള്ളി പോകും. വെറും ഇലയാണൊ അതൊ അടയാണൊ എന്ന് തിരിച്ചറിയാന്‍ തന്നെ പ്രയാസം. തേങ്ങയോ ശര്‍ക്കരയോ ഒന്നും, അടയെന്ന് വിശേഷിപ്പിക്കുന്ന ആ സാധനത്തില്‍ കണികാണാന്‍ കിട്ടില്ല ഇപ്പോള്‍. ഇവിടെ കബളിപ്പിക്കപ്പെടുന്നത് ഈശ്വരനോ അതൊ ഭക്തരോ?


പളനി ഉള്‍പ്പടെയുള്ള പലക്ഷേത്രങ്ങളിലും കാശുകൊടുത്താല്‍ ഇഷ്ടദേവനെ അടുത്തുനിന്നു കാണാം. അതിനു ടിക്കറ്റ് നിരക്കും നിശ്ചയിച്ചിട്ടുണ്ട് ദൈവത്തിന്റെ ‘കുത്തകാവകാശികള്‍‘. പൂജാരിയോട് പറഞ്ഞാല്‍ പൂജിച്ച ചരട് കിട്ടും..അതിനും സ്പെഷ്യല്‍ നിരക്ക്...എല്ലാം കാശിന്റെ പുറത്തുള്ള കളികള്‍. ഇവിടെ പവിത്രമായ ക്ഷേത്രങ്ങള്‍ വെറും വ്യവസായ ശാലകള്‍ മാത്രമായി മാറുന്നു. നമുക്കു ലജ്ജിക്കാം. കാരണം ഹിന്ദുത്വം എന്നത് ഒരു സംസ്കാരമാണെന്ന് കരുതുന്നവരാണ് നമ്മള്‍ ഹിന്ദുക്കള്‍...


പലപ്പോഴും മനസ്സുമടുപ്പിച്ചിട്ടുണ്ട് ഇത്തരം കാഴ്ചകള്‍. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും മനസ്സില്‍ ചോദിച്ചുപോകാറുണ്ട്. ഇതൊക്കെ ആര്‍ക്ക് വേണ്ടി? സര്‍വ്വവ്യാപിയായ ഈശ്വരനു വേണ്ടിയോ? ഈശ്വരനെ പോലും വില്‍ക്കുകയല്ലേ ഇവര്‍? ഇവിടെ ഈശ്വരനെ വെറും കല്ലും തടിയും മാത്രമായി മാറ്റുന്നതാരാണ്? ഏതായാലും യുക്തിവാദികളല്ല എന്നുറപ്പ്.ദൈവത്തിന്റെ മുന്‍പില്‍ പോലും രണ്ട് തരത്തിലുള്ള ഭക്തന്‍മാര്‍. കാശുള്ളവനും.. കാശില്ലാത്തവനും.. ഇവയൊന്നും പലര്‍ക്കും ദഹിക്കില്ല എന്നറിയാം..ദഹിക്കാത്തവര്‍ അവഗണിക്കുക...ഈ ഭ്രാന്തന്‍ ജല്പനങ്ങളെ...


ഇപ്പോള്‍ ടിവിയിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു ക്ഷേത്രങ്ങളുടെ പരസ്യങ്ങള്‍. ഈ ക്ഷേത്രത്തില്‍ എത്തിയാല്‍ ഉണ്ടാകുന്ന ഗുണഫലങ്ങള്‍, പ്രധാന വഴിപാടുകള്‍, വിശിഷ്ട ദിനങ്ങള്‍.... പരസ്യം പൂര്‍ണ്ണമാണ്. ഇനി പറയൂ.. ഹിന്ദുമതത്തിന്റെ അപച്യുതിക്ക് ആരാണ് ഉത്തരവാദി? മുസല്‍മാനോ? അതൊ കൃസ്ത്യാനിയോ?