"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Friday, October 3, 2008

ക്ഷേത്രങ്ങള്‍ വ്യവസായശാലകളാകുമ്പോള്‍...


പരിശുദ്ധി കാത്തു സൂക്ഷിക്കപ്പെടേണ്ട ക്ഷേത്രങ്ങള്‍ വെറും വ്യവസായ ശാലകളായി അധ:പ്പതിക്കുന്ന ചിത്രമാണ് ഇപ്പോള്‍ നമുക്ക് മുന്‍പിലുള്ളത്. കേരളത്തിലെ ഏറ്റവും വരുമാനമുള്ള രണ്ടു വ്യവസായങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍ നമുക്ക് കണ്ണുമടച്ച് ഉത്തരം നല്‍കാം. ഒന്ന് “ഭക്തി വ്യവസായവും” രണ്ട് “വിദ്യാഭ്യാസ വ്യവസായവും”. മുടക്കുമുതല്‍ കൂടി കണക്കിലെടുക്കുമ്പോള്‍ വിദ്യാഭ്യാസം എന്നത് ഭക്തി വ്യവസായത്തിന്റെ നാലയലത്ത് വരില്ല എന്നത് വേറെ കാര്യം.


തൊഴുതതിന് ശേഷം പ്രസാദം കിട്ടണമെങ്കില്‍ പോലും കയ്യില്‍ കുറഞ്ഞത് പത്തുരൂപയുടെ നോട്ടെങ്കിലും കരുതേണ്ട ഗതികേടിലാണ് ഭക്തര്‍. ഭക്തന്റെ കയ്യില്‍ തനിക്കു തരാന്‍ കാശ് എടുത്ത് പിടിച്ചിട്ടുണ്ട് എന്നറിഞ്ഞാല്‍ പൂജാരി ഉടന്‍ കര്‍ത്തവ്യ നിരതനാകും. പിന്നെ “കാശുള്ള” ഭക്തന് ഇലയില്‍ ചന്ദനവും കുങ്കുമവും പൂജാപുഷ്പവുമൊക്കെ വച്ച് പ്രസാദം കിട്ടും. കാശില്ലാതെ പ്രസാദം വാങ്ങാന്‍ നിന്നാല്‍ ഇളിഭ്യരാകും എന്നുള്ള കാര്യത്തില്‍ സംശയം വേണ്ട എന്നു ചുരുക്കം. കാശില്ലാത്തവര്‍ക്ക് പുറത്ത് ചന്ദനം വച്ചിട്ടൂണ്ടാകും. അതില്‍ നിന്ന് തോണ്ടിയിടാം. അതും അവരുടെ ഒരു ‘ഔദാര്യം’ . ഇത്തരം പല സംഭവങ്ങള്‍ക്കും പല ക്ഷേത്രങ്ങളിലും ദൃക്‌സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് എനിക്ക്.


ഇപ്പോള്‍ പല വലിയ ക്ഷേത്രങ്ങളിലും കിട്ടുന്ന ചന്ദനത്തിന്റെ കാര്യം ബഹുരസമാണ്. ഒരുപാട് ഭക്തര്‍ ദിനം പ്രതി ദര്‍ശനം നടത്തുന്ന അല്ലെങ്കില്‍ ഒരുപാട് ചന്ദനം വേണ്ടി വരുന്ന പല ക്ഷേത്രങ്ങളിലും, ആവശ്യമായ ചന്ദനം അരച്ചെടുക്കുന്ന പഴയ സമ്പ്രദായങ്ങളൊക്കെ മാറിപ്പോയതായാണ് അറിവ്. ഇപ്പോള്‍ ഒരുതരം ആസിഡ് ഉപയോഗിച്ചാണത്രെ ചന്ദനം അരക്കുന്നത് (ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പടെ പല ക്ഷേത്രങ്ങളും ഇതിന് ഒരു അപവാദമാണന്ന് തീര്‍ച്ച. അവിടങ്ങളിലൊക്കെ ഇപ്പോഴും ചന്ദനതടി അരച്ചെടുക്കുന്ന പഴയ രീതി തന്നെ പിന്തുടരുന്നു). അതാകുമ്പോള്‍ ഈ പ്രവൃത്തിക്ക് വേണ്ടി വരുന്ന മനുഷ്യ ശേഷി വളരെ കുറവ്. നെറ്റിയില്‍ ഇടുമ്പോള്‍ വല്ലാതെ തണുപ്പനുഭവപ്പെടുന്ന ഈ ചന്ദനം കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഇത് സ്ഥിരമായി ഇടുന്ന ഭക്തന്റെ നെറ്റിയില്‍ പൊള്ളലിന്റെ കറുത്ത പാട് വീഴ്ത്തും എന്നുള്ള കാര്യം ഉറപ്പ്. പക്ഷെ നമ്മള്‍ ഭക്തര്‍ ഇതൊന്നും കാര്യമാക്കില്ല. കാരണം നമ്മുടെ അമ്പലം...നമ്മുടെ ദൈവം...നമ്മുടെ നെറ്റി...പിന്നെ ആര്‍ക്കാണ് ചേതം.


പലപ്പോഴും വളരെയേറെ ‘സന്തോഷം’ പ്രദാനം ചെയ്തിരുന്ന മറ്റൊരു കാഴ്ചയാണ് ക്ഷേത്രങ്ങളിലെ വി.ഐ.പി തൊഴല്‍. ഗുരുവായൂര്‍ ക്ഷേത്രമാണ്, ഈ കാര്യത്തില്‍ ഭക്തരുടെ ക്ഷമയെ പരീക്ഷിക്കുന്ന പ്രധാന ക്ഷേത്രം. ദൂരദേശങ്ങളില്‍ നിന്ന് പോലും ഭക്തരെത്തി ഗുരുവായൂരപ്പനെ ഒരുനോക്കുകാണാന്‍ മണിക്കൂറുകളോളം ക്യൂനില്‍ക്കുന്നതിടയില്‍ കൂടിയാണ് വി.ഐ.പി തൊഴല്‍ എന്ന മഹത്തായ സംഗതി അരങ്ങേറുന്നത്. വി.ഐ പി ആകണമെന്നു തന്നെയില്ല ,‘പിടിപാടു‘ണ്ടെങ്കില്‍ ആര്‍ക്കും ക്യൂവൊന്നും നില്‍ക്കാതെ മറ്റൊരു പാതയില്‍ കൂടി ക്ഷേത്രത്തിന് അകത്ത് കടക്കാം. ദര്‍ശനം നടത്താം. അവര്‍ വിജയശ്രീലാളിതരായി മടക്കയാത്ര ആരംഭിക്കുമ്പോഴും മണിക്കൂറുകളായി ഒരു ദര്‍ശനത്തിന് കാത്തു നില്‍ക്കുന്ന ‘പിടിപാടി’ല്ലാത്ത സാധാരണ ഭക്തരുടെ കാലില്‍ കൂടി വേരിറങ്ങിയിട്ടുണ്ടാകും. ഗുരുവായൂരപ്പന് പ്രിയപ്പെട്ട(അതത്ര ഉറപ്പില്ല) രാഷ്ട്രീയാ ആചാര്യന്‍ ദര്‍ശനത്തിനെത്തിയാല്‍ പിന്നെ സാധാരണ ഭക്തന്റെ കാര്യം “ഗോവിന്ദ”. ആ സമയത്ത് ദേവസ്വം ജീവനക്കാരുടെ കൂടാതെ പോലീസ് ഏമാന്‍മാരുടെ കുതിരകയറ്റം കൂടി സഹിക്കേണ്ടി വരും ഭക്തജനവൃന്ദം.


ശാസ്താംകോട്ടയിലെ പുരാതനമായ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം പ്രസിദ്ധമാണ്. അവിടെ അട നിവേദ്യമാണ് ഭഗവാന്റെ ഇഷ്ട വഴിപാട്. രുചിയുടെ കാര്യത്തിലും അതിനു പകരം വയ്ക്കാന്‍ മറ്റൊന്ന് ഉണ്ടായിരുന്നില്ല. തേങ്ങയും ശര്‍ക്കരയുമൊക്കെ സമാസമം ചേര്‍ത്തിരുന്ന അതിന്റെ രുചി തന്നെയാകാം ഈ വഴിപാടിന് കൊട്ടാരക്കരയിലെ ഉണ്ണിയപ്പത്തോളം തന്നെ പ്രസിദ്ധി നേടിക്കൊടുത്തത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിലെ അട വഴിപാടിന്റെ ഇന്നത്തെ സ്ഥിതി കണ്ടാല്‍ കണ്ണ് തള്ളി പോകും. വെറും ഇലയാണൊ അതൊ അടയാണൊ എന്ന് തിരിച്ചറിയാന്‍ തന്നെ പ്രയാസം. തേങ്ങയോ ശര്‍ക്കരയോ ഒന്നും, അടയെന്ന് വിശേഷിപ്പിക്കുന്ന ആ സാധനത്തില്‍ കണികാണാന്‍ കിട്ടില്ല ഇപ്പോള്‍. ഇവിടെ കബളിപ്പിക്കപ്പെടുന്നത് ഈശ്വരനോ അതൊ ഭക്തരോ?


പളനി ഉള്‍പ്പടെയുള്ള പലക്ഷേത്രങ്ങളിലും കാശുകൊടുത്താല്‍ ഇഷ്ടദേവനെ അടുത്തുനിന്നു കാണാം. അതിനു ടിക്കറ്റ് നിരക്കും നിശ്ചയിച്ചിട്ടുണ്ട് ദൈവത്തിന്റെ ‘കുത്തകാവകാശികള്‍‘. പൂജാരിയോട് പറഞ്ഞാല്‍ പൂജിച്ച ചരട് കിട്ടും..അതിനും സ്പെഷ്യല്‍ നിരക്ക്...എല്ലാം കാശിന്റെ പുറത്തുള്ള കളികള്‍. ഇവിടെ പവിത്രമായ ക്ഷേത്രങ്ങള്‍ വെറും വ്യവസായ ശാലകള്‍ മാത്രമായി മാറുന്നു. നമുക്കു ലജ്ജിക്കാം. കാരണം ഹിന്ദുത്വം എന്നത് ഒരു സംസ്കാരമാണെന്ന് കരുതുന്നവരാണ് നമ്മള്‍ ഹിന്ദുക്കള്‍...


പലപ്പോഴും മനസ്സുമടുപ്പിച്ചിട്ടുണ്ട് ഇത്തരം കാഴ്ചകള്‍. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും മനസ്സില്‍ ചോദിച്ചുപോകാറുണ്ട്. ഇതൊക്കെ ആര്‍ക്ക് വേണ്ടി? സര്‍വ്വവ്യാപിയായ ഈശ്വരനു വേണ്ടിയോ? ഈശ്വരനെ പോലും വില്‍ക്കുകയല്ലേ ഇവര്‍? ഇവിടെ ഈശ്വരനെ വെറും കല്ലും തടിയും മാത്രമായി മാറ്റുന്നതാരാണ്? ഏതായാലും യുക്തിവാദികളല്ല എന്നുറപ്പ്.ദൈവത്തിന്റെ മുന്‍പില്‍ പോലും രണ്ട് തരത്തിലുള്ള ഭക്തന്‍മാര്‍. കാശുള്ളവനും.. കാശില്ലാത്തവനും.. ഇവയൊന്നും പലര്‍ക്കും ദഹിക്കില്ല എന്നറിയാം..ദഹിക്കാത്തവര്‍ അവഗണിക്കുക...ഈ ഭ്രാന്തന്‍ ജല്പനങ്ങളെ...


ഇപ്പോള്‍ ടിവിയിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു ക്ഷേത്രങ്ങളുടെ പരസ്യങ്ങള്‍. ഈ ക്ഷേത്രത്തില്‍ എത്തിയാല്‍ ഉണ്ടാകുന്ന ഗുണഫലങ്ങള്‍, പ്രധാന വഴിപാടുകള്‍, വിശിഷ്ട ദിനങ്ങള്‍.... പരസ്യം പൂര്‍ണ്ണമാണ്. ഇനി പറയൂ.. ഹിന്ദുമതത്തിന്റെ അപച്യുതിക്ക് ആരാണ് ഉത്തരവാദി? മുസല്‍മാനോ? അതൊ കൃസ്ത്യാനിയോ?

22 comments:

 1. ഇപ്പോള്‍ ടിവിയിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു ക്ഷേത്രങ്ങളുടെ പരസ്യങ്ങള്‍. ഈ ക്ഷേത്രത്തിലെത്തിയാലുണ്ടാകുന്ന ഗുണഫലങ്ങള്‍, പ്രധാന വഴിപാടുകള്‍, വിശിഷ്ട ദിനങ്ങള്‍....പരസ്യം പൂര്‍ണ്ണമാണ്. ഇനി പറയൂ..ഹിന്ദുമതത്തിന്‍റെ അപച്യുതിക്ക് ആരാണ് ഉത്തരവാദി. മുസല്‍മാനോ? അതൊ കൃസ്ത്യാനിയോ?

  ReplyDelete
 2. എല്ലാ ഭക്തരുടേയും ആവലാതിയാണു താങ്കൾ ഇവിടെ പറഞ്ഞതു! ഭഗവാൻ എല്ലാം അറിയുന്നവനാണു. കാശുകൊടുത്തു കാണേണ്ട ശക്തിയല്ല ദൈവത്തിന്റേതു. ആ ബിംബം കണ്ടില്ലങ്കിലും, നമ്മുടെ ഭക്തി കപടമല്ലങ്കിൽ ഏതു രൂപത്തിൽ വേണമെങ്കിലും ദൈവത്തെ അകക്കണ്ണാൽ എത്രയോ ചേതോഹരമായിട്ട് കാണാൻ പറ്റൂം! പക്ഷേ... ഭക്തി വേണം - ഭക്തിയുടെ ലഹരി വേണം!

  ക്ഷേത്രം വ്യാപാരശാലയാണു. എന്റെ ധാരണ ശരിയാണങ്കിൽ മുസ്ലിം പള്ളികൾ മാത്രമാണു ഇതിനപവാദം. അവിടെ “കട്ടുതിന്നാൻ” ഭണ്ഡാര പെട്ടിയോ പൂജാരി ആവാൻ കൈകൂലിയൊ, ഭഗവാനെ അടുത്തു തൊഴാൻ “മുകളിൽ പിടിപാടോ” ഒന്നും വേണ്ട!

  ഹൈന്ദവപുരണങ്ങളിൽ ഒരിടത്തും കൈക്കൂലികൊടുത്തു ക്ഷേത്രദർശനം നടത്തണമെന്നോ, ഇന്ന സ്ഥലത്തിരിക്കുന്ന ഇന്ന ഭഗവാനാണു ശരിയായ ഭഗവാനെന്നോ പറഞ്ഞിട്ടില്ല. ചില “സ്വാർത്ഥ താല്പാര്യക്കാരുടെ” ഉദരപൂർത്തിയാണു ഈ വിശ്വാസം വളരാൻ ഇടയാക്കിയതു!

  ക്ഷേത്രത്തിന്റെ പ്രശസ്തി കൂടുന്നതനുസരിച്ചു ഭഗവാന്റെ ശക്തി അല്ല തട്ടിപ്പിന്റെ ശക്തി ആണു കൂടുന്നതു

  ReplyDelete
 3. കൂട്ടത്തില്‍ നമ്മളെക്കൊണ്ട് വഴിപാടുകള്‍ നടത്തിക്കുവാനായി പുറകേ നടന്നു ശല്യപ്പെടുത്തുന്നവരും....

  ReplyDelete
 4. എത്ര എളുപ്പം കുറ്റം പറയാൻ?
  ഹിന്ദുവിൻ ഈശ്വരാരാധന ഒരു വൈയക്തികകറ്മ്മമാണ്.അവൻ സമൂഹാരാധന എന്നതുഇല്ലായിരുന്നു. കൂട്ടംകൂടിയില്ലെങ്കിൽ ആക്ക്രമിക്കപ്പെടും എന്ന പശ്ചാ‍ാത്തലത്തിലാണു അവൻ കൂട്ടഭജന പോലും തുടങ്ങിയത്.
  ലോകത്തിലെ മറ്റെല്ലാ ‘ആക്റ്റിവിറ്റി’കളും എക്കണോമിക് സസ്റ്റൈനബിലിറ്റി യുടെ ഫ്രെയ്ം വറ്ക്കിലൂടെ കാണാൻ വിഷമമില്ലാത്തപ്പോൾ,ശാന്തിക്കാരനേയും അമ്പലവാസിയേയും ഊരാളനേയും എന്തേ അങ്ങനെ കാണാൻ വിഷമം?
  നിങ്ങളുടെ സാമ്പത്തികപ്രത്യയശാസ്ത്രക്കരൻ തിരഞ്ഞെടുക്കപ്പെട്ടു മന്ത്രിയായി നിയമിക്കുന്ന ദേവസ്വംബോറ്ഡിലെ പ്യൂണിനു ശംബളം 1600/-.രാവിലെ നാലുമണിക്കു കുളിച്ചെത്തേണ്ട ശാന്തിക്കാരനും കഴക്കക്കാരനും ശംപളം 900/- വഴിപാടിന്റെ കൂറ് ഉണ്ടെന്നാണു സങ്കൽ‌പ്പം.എന്നെങ്കിലും പണി മുടക്കാമോ? കമ്മൂണിസ്റ്റുകാരനല്ലാത്തതുകൊണ്ട് അതുവയ്യ.കൂടുംബത്തികാരെങ്കിലും മരിച്ചാൽ അശുദ്ധികാരണം ലീവെടുക്കണമെങ്കിൽ താന്തന്നെ പകരമൊരാളെ പെട്ടെന്നു കണ്ടെത്തണം. കോഴിക്കോട്ടെ തളി ക്ഷേത്ര്ത്തിൽ പകരം(മുട്ടു)ശാന്തിക്കാരനുള്ള പണം ലീവെടുക്കുന്നയാൾ കൊടുക്കണം.കുറഞ്ഞതു 200/- എങ്കിലും കൊടുത്താലേ ആരെങ്കിലും വരൂ. എന്താ കാരണം? അത്ത്രയും പണിയുണ്ട്. ഉദയാസ്തമനൻ ഉണ്ടെങ്കിൽ 1000 അപ്പം വാ‍റ്ക്കണം.അതു സന്ന്ധ്ഹ്യക്കു മുൻപു ഉണ്ടാക്കിക്കഴിയണമെങ്കിൽ രാവിലെ 10 മണിക്ക്കുതന്നെഅടുപ്പത്തിരിക്കണം. റവിലെ നാലുമണിക്കൌ അമ്പലത്തിലെത്തിയാൽ ഉച്ചപ്പൂജ കഴീഞ്ഞേ ഭക്ഷണം കഴിക്കൂ.കാരണം ഭകഷണം കഴിച്ചാൽ ശുദ്ധം മാറും.ഇതൊക്കെ കാലാകാലമായി ശീലിച്ചതുകൊണ്ട് നടക്കുന്നു, ഈശ്വരാനുഗ്രഹമുള്ളതുകൊണ്ട്. ഒരിത്തിരി കൈപ്പിഴവന്ന് പായസമോ അപ്പമോ കരിഞ്ഞാൽ എന്താവും സ്തിതി?മാനേജരുടെ നോട്ടീസിനു മറുപടി എന്തുകോടുത്താലും പിഴ ശമ്പളത്തിൽനിന്നു പിടിക്കും. ദൈവാധീനം കൊണ്ടല്ലേ കരിയാത്തത്? സ്സ്വാദു കുറയുന്നതേ, 1000 അപ്പത്തിലേക്കു വേണ്ടശറ്ക്കരയുടെയും നെയ്യിന്റേയും അളവു കുറച്ചിട്ടാണു. അതിനു മാനേജർ ഉത്തരം പറയും. ഏന്തെന്നോ? സാധനങ്ങളൂടെ വില കൂടുന്നു.കൂലി കൂടുന്നു. എല്ലാർക്കും ശംബളം വേണ്ടേ? പമ്ണ്ടു ക്ഷേത്രത്തിനു ബൂമിയുണ്ടായിരുന്നു.. അതൊക്കെ ഗവണ്മെന്റ് ഏറ്റെടുത്തില്ലേ?അതിനു എച് ആർ ആൻഡ് സീ ഈ കോമ്പെനസേഷൻ കൊടുത്തതു വാങ്ങിയില്ലേ എന്നാണെങ്കിൽ ശരിതന്നെ; ഏക്കരിനുആറേകാൽൽ ഉറുപീകവച്ചു കണക്കാക്കിയതീനുപലിശ എന്നമട്ട്ടിൽ ആണ്ടുതോറും വറ്ഷാശനം എന്നപേരിൽ ശരാശരി ഇപ്പോൾ 1250/ കിട്ടൂമ്.എന്താ അതു പോരേ?പക്ഷേ അതിനു വരവു ചെലവു കണക്കു കാണിക്കണം. അധികമുള്ളവരവിനു നികുതി കെട്ടണം.
  ഇതൊന്നുമാലോചിച്ചു തളിയിൽ മഹാദേവനെ പൂജിക്കുന്നയാൾ തല പുണ്ണാക്കാറില്ല. എന്നും രാ‍വിലെ ശിവനു ധാര കഴിക്കണം.യജുറ്വ്വേദത്തിലെ ശ്രീരുദ്രമന്ത്രമാണു ധാരകഴിക്കാൻ ജപിക്കേണ്ടതു.ഒരു ഉരു സ്വരിച്ചു ചൊല്ലാൻ ചുരുങ്ങിയതു 30മിനുട്ട്. എടുക്കും.ഉപനയിച്ചിരിക്കുമ്പോൾ ഗുരുനാഥൻ ഇതു പഠിപ്പിച്ചുതന്നതു ഒരു ‘ശിക്ഷ’യായാണു തോന്നിയതു.രാവിലെ തണുപ്പത്തു കുളിചു ചമത ഇട്ട ശേഷം ചൊല്ലാനിരിക്കും ഒമ്പതുമനിവരെ.സ്കൂളിലും പോകണ്ടേ? അതു കഴിഞ്ഞേ ജ്ജലപാനമുള്ളൂ, ഗുരുവിനും ശിഷ്യനും. ഇന്നതു ചൊല്ലുമ്പോളുള്ള മനസ്സുഖത്തിനു വിലമതിക്കാൻ വയ്യ.
  ഇതൊക്കെ ചെയ്യുന്നതിന്നിടക്കാണു തൊശ്ഴാൻ വരുന്നവറ്ക്കു പ്ര്സാദം കോടുക്കേണ്ടത്. ശ്രീകോവിലിനകത്തു കയറുന്നയാളും നിവെദ്യമുണ്ടാക്കുന്നയാളുമൊന്ന്നും മറ്റാരെയും തൊടരുതെന്നാണു നിയമം.ജാതിപ്രശ്നമല്ല.മറ്റു നമ്പൂതിരിയേയും തൊടാൻ പാടില്ല്.തൊടാ‍ാതെ പ്രസാദം കൊടുക്കുന്നതു മോശമാണെന്ന ദുഷ്പ്രച്രണം വന്നപ്പോഴാണു എല്ലവറ്ക്കും എടുക്കാൻ തക്കവണ്ണം പ്രസാദം വെച്ചതു.
  സി ഐ ടി യു യൂണിയ്യനിൽ ചേർന്നാലേ ശാന്തിക്കാരന്റെ ആവശ്യങ്ങൾ പരിഗണിക്ക്കൂ എന്നാണു മാനേജരും മന്ത്രിയുമെങ്കിൽ, ശാന്തിക്കാരൻ പറ്Rയും, എന്റെ ആവശ്യങ്ങൾ ഞാൻ ഈശ്വരനോടു പറയുമെന്നു.

  ReplyDelete
 5. ഒരു പഴേ പാട്ട് ഓര്‍മ്മ വരുന്നു
  മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
  മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
  മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി...

  ** ഇന്നത്തെ സ്ഥിതി ആയി!!
  ‘മാറുന്ന മലയാളി’ക്ക് ഇത്തിരി ആടംഭരം കൂടി
  നാലാളെ കാണിച്ച് എന്ന വിചാരത്തിന്റെ ഭാഗമല്ലേ ഇതെല്ലാം ?
  ഭഗവാന്‍ നമ്മുടെ പൂജാമുറിയിലും കൊവിലിലും അമ്പലത്തിലും ക്ഷേത്രത്തിലും ഒന്നു തന്നെ അല്ലേ? തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്നു വിശ്വസിക്കാം ...ദൈവത്തെ വിറ്റ് കാശാക്കാന്‍ നിന്നു കൊടുക്കണൊ?

  ReplyDelete
 6. അതെ...ഗീത ചേച്ചി പറഞ്ഞതു പോലെ...ഇഷ്ടമില്ലെന്കിലും,കുറേപ്പേര്‍ വഴിപ്പാടുകള്‍ കഴിപ്പിക്കുന്നതിനു നിര്‍ബന്ധിച്ചു പുറകെ കൂടുന്നത് കണ്ടിട്ടുണ്ട്.

  ReplyDelete
 7. മാറുന്ന മലയാളീ‍,

  ഇതേ വിഷയത്തെ പറ്റി ഒരു പോസ്റ്റിടണമെന്ന് ചിന്തിച്ചിരിക്കേയാണ് ഈ പോശ്റ്റ് കണ്ടത്,അഭിനന്ദനങ്ങള്‍...എങ്കിലും ഒന്ന് രണ്ട് കാര്യങ്ങള്‍ പറാഞ്ഞോട്ടെ...

  എന്തിലുമേതിലും കച്ചവടക്കണ്ണുള്ള ചിലരും കഴുകങ്കണ്ണിനു പേരുകേട്ട ദേവസ്വം ബോര്‍ഡും (പ്രൈവറ്റ് ക്ഷേത്രണളില്‍ വിഐപി ദര്‍ശനമുള്ളതായി അറിവില്ല)ആണ് ഇത്തരം അപചയത്തിന്റെ മൂലകാരണം...ദേവസ്വം ബോര്‍ഡില്‍ കൈക്കൂല്ഇ നല്‍കി വരുന്ന ശാന്തിപ്പണിക്കാര്‍ (ശാന്തിക്കാരല്ല)ക്ക് കൊറ്റുത്ത കാശ് മുതലാക്കണ്ടേ? ശാസ്താംകോട്ടയിലെ കാര്യം എറ്റൂക്കുകയാണെങ്കില്‍ 7000 കൈക്കൂലി നല്‍കി വന്ന കീഴ്ശാന്തിയാണ് ആ അടയുടെ ഉത്തരവാദ്യെന്നാണ് ജീവ്നക്കാര്‍ പറേണത്

  പിന്നെ ശാന്തിക്കാരുടെ കാര്യം ശരി, എന്നാല്‍ അനോണി പറഞ്ഞ കാര്യത്തിലും സത്യങ്ങളില്ലേ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു.അത് മുഴുവനും അംഗീകരിക്കുന്നില്ല, എന്നാല്‍ അങ്ങനെ ഉള്ളവരാണ് ഇന്നും ഭ്ബൂരിപക്ഷം...പണത്തിനായി കൈക്കൂലി കൊടുത്ത് ശാന്തിപ്പണി നേറ്റുന്നവര്‍ കൈക്കൂലി വാങ്ങിയില്ലെങ്കിലല്ലേ അതിശയമുള്ളൂ!!!

  പിന്നെ എനിക്ക് ഏറ്റവും വെറുപ്പുള്ള ഒന്നാണ് ക്ഷേത്രങ്ങളുടെ പരസ്യം-അതിനെ പറ്റി മാത്രം ഒരു പോസ്റ്റിടണമെന്നഭ്യര്‍ത്ഥിക്കുന്നു....ചില നാലാംകിട കച്ചവട സ്ഥാപനങ്ങളെ പോലെ...ഇതിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് ഹിന്ദു മതത്തിന്റെ നാശമായിരിക്കും!

  ReplyDelete
 8. സത്യങ്ങൾ...അമ്പലങ്ങൾ വ്യവസായശാലകളാകുന്നത് വിശ്വാസികളുടെ പ്രശ്നം മാത്രമല്ല.ക്ഷേത്രം നമ്മുടെ സംസ്കാരവുമായി,കലാ‍രൂപങ്ങളുമായി എല്ലാം ബന്ധപ്പെട്ടുകിടക്കുന്നു.അതിനാൽത്തന്നെ,ക്ഷേത്രത്തിന്റെ വിപണിവൽക്കരണം മുഴുവൻ മലയാളികളുടെയും പ്രശ്നവുമാണ്.വേലിതന്നെ വിളവുതിന്നുന്ന നാട്ടിൽ ആരോടു പറയാൻ? അന്യമതക്കാരെ കയറ്റാതിരിക്കാൻ ബോർഡുവെക്കുന്നവരാണല്ലോ കേരളീയ ക്ഷേത്രഭരണത്തിലുള്ളത്.ആ വിഷയത്തിൽ എന്റെ ബ്ലോഗിൽ ചർച്ച നടക്കുന്നുണ്ട്,സ്വാഗതം
  ആസിഡുകൂട്ടി ചന്ദനമരക്കുന്നത് പുതിയ അറിവ്..നന്ദി.

  ReplyDelete
 9. | മാളൂ |എല്ലായിടത്തും ദൈവം ഉണ്ട് എന്നു സമ്മതിക്കുമ്പോള്‍ തന്നെ ആരാധനാലയങ്ങള്‍ ഒരു വിശ്വാസിക്ക് പകര്‍ന്ന് നല്‍കുന്നത് പകരം വയ്ക്കാനില്ലാത്ത ഒരുതരം ഊര്‍ജ്ജമാണ്...ഉന്മേഷമാണ്..(ഇത്തരം ഒരു സംഭവം ഇല്ല എന്നു വാദിക്കാം)അതാണ് ഇവിടെ നശിപ്പിക്കപ്പെടുന്നത്..

  ReplyDelete
 10. |anonymous| “അനോനി: ദേവസ്വംബോറ്ഡിലെ പ്യൂണിനു ശംബളം 1600/-.രാവിലെ നാലുമണിക്കു കുളിച്ചെത്തേണ്ട ശാന്തിക്കാരനും കഴക്കക്കാരനും ശംപളം 900/-“

  ഇതായിരിക്കും അല്ലേ ക്ഷേത്രങ്ങളുടെ ഇന്നത്തെ അവസ്ഥയ്ക്ക് മൊത്തം കാരണം അല്ലേ? പണി ചെയ്യാന്‍ വയ്യ എങ്കില്‍ പിന്നെ ഇവര്‍ക്കൊക്കെ കുറഞ്ഞ ശമ്പളത്തിന്‍റെ ഈ പണി അങ്ങ് വേണ്ടെന്ന് വച്ചുകൂടെ. ഭൂമി കിളക്കാന്‍ പോകാമല്ലോ.275 രൂപയും ആഹാരവുമാണ് ഞങ്ങളുടെ നാട്ടിലെ ഈ പണിക്കുള്ള ദിവസക്കൂലി. എന്നിട്ടും ആളെ കിട്ടാനില്ല..അവനവന്‍റെ കര്‍ത്തവ്യങ്ങള്‍ മറന്നിട്ട് മുട്ടാപ്പോക്ക് വാദങ്ങള്‍ നിരത്തുന്നു.

  പിന്നെ ശുദ്ധിയുടെയും വൃത്തിയുടെയും കാര്യം. അതിനേക്കുറിച്ച് കൂടുതല്‍ പറയാതിരിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു. എന്‍റെ ഒരു ബ്രാഹ്മണ സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു ...പുതിയ തലമുറയില്‍ പെട്ട ശാന്തിപ്പണി ചെയ്യുന്ന 50 ശതമാനത്തില്‍ കൂടുതല്‍ ആളുകളും മാംസം ഭക്ഷിക്കുന്നവരാണത്രെ. നല്ല ഒരു ശതമാനം മദ്യം ഉള്‍പ്പടെ ഉള്ള ലഹരികളും. ഇതൊരു അടച്ചാക്ഷേപമല്ല എന്നു പറഞ്ഞ് കൊള്ളട്ടെ...വൃത്തിയും ശുദ്ധിയും കാത്തു സൂക്ഷിക്കുന്നവരുടെ ഇടയില്‍ കള്ള നാണയങ്ങള്‍ പെരുകുന്നു എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളു. എന്‍റെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ മദ്യപിച്ച് ശ്രീകോവിലില്‍ പൂജക്ക് കയറി, ചന്ദനം കൊടുത്തിട്ട് ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ ചുരണ്ടിയ യുവാവായ ശാന്തിയെ അവസാനം നാട്ടുകാര്‍ക്ക് കൈകാര്യം ചെയ്യെണ്ടീ വന്നു.

  “അനോനി: സാധനങ്ങളൂടെ വില കൂടുന്നു.കൂലി കൂടുന്നു. എല്ലാർക്കും ശംബളം വേണ്ടേ? “

  നടവരവ് എന്നൊരു സംഭവം ഉണ്ട്....അത് അനോനിക്കറിയില്ലെ.....ഈ മാറിയ ലോകത്ത് ആളുകളില്‍ കാശും ഭക്തിയും കൂടുകയാണ്.... അത് നടവരവില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ല എന്നൊന്നും പറഞ്ഞേക്കല്ലേ അനോനീ.....പിന്നെ ഇപ്പോഴത്തെ പുതിയ കച്ചവടതന്ത്രം മറന്നൊ? പൊങ്കാല...

  “അനോനി:എന്നും രാ‍വിലെ ശിവനു ധാര കഴിക്കണം.യജുറ്വ്വേദത്തിലെ ശ്രീരുദ്രമന്ത്രമാണു ധാരകഴിക്കാൻ ജപിക്കേണ്ടതു.ഒരു ഉരു സ്വരിച്ചു ചൊല്ലാൻ ചുരുങ്ങിയതു 30മിനുട്ട്. എടുക്കും.“

  മന്ത്രങ്ങളെ പറ്റിയൊന്നും വലിയ പിടിപാടില്ല എനിക്ക് . എന്നാലും അനോനി ഒരു ബ്രാഹ്മണനാണെന്ന് തോന്നിയതിനാല്‍ ഒന്നു ചോദിച്ചോട്ടെ ... പണ്ടൊക്കെ ക്ഷേത്രങ്ങളില്‍ അര്‍ച്ചന നടത്താന്‍ കൊടുത്താല്‍ ശാന്തി ഉറക്കെ മന്ത്രങ്ങള്‍ ചൊല്ലിയായിരുന്നു അത് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉറക്കെ മന്ത്രങ്ങള്‍ ചൊല്ലുന്നത് കേള്‍ക്കുന്നത് തന്നെ വിരളമാണ്.. അര്‍ച്ചനയുടെ രശീതി എഴുതിയാല്‍ അത് നടത്താതെ അപ്പോള്‍ തന്നെ പ്രസാദം നല്‍കുന്ന ക്ഷേത്രങ്ങളുമുണ്ടിപ്പോള്‍....സമയക്കുറവുകൊണ്ടാകും അല്ലേ അനോനീ?

  “അനോനി: തൊടാ‍ാതെ പ്രസാദം കൊടുക്കുന്നതു മോശമാണെന്ന ദുഷ്പ്രച്രണം വന്നപ്പോഴാണു എല്ലവറ്ക്കും എടുക്കാൻ തക്കവണ്ണം പ്രസാദം വെച്ചതു.“

  അതു വളരെ നല്ല ഒരു തമാശ. അപ്പോള്‍ ഇന്ത്യന്‍ രൂപ നോട്ടൊരെണ്ണം ചുരുട്ടിപ്പിടിച്ച് നിന്നാല്‍ ഇലയില്‍ പൂവും ചന്ദനവും കുങ്കുമവുമൊക്കെ വച്ച് ‘തിരക്കുള്ള ‘ ശാന്തി ഉടന്‍ പ്രസാദം തരുന്നതൊ? മറന്നു...വിലയുള്ള സാധനമാണല്ലോ ഈ നോട്ടെന്ന് പറയുന്നത്

  |അഹങ്കാരി| ക്ഷേത്രം സ്വകാര്യമോ ദേവസ്വം ബോര്‍ഡോ എന്നതല്ല . വിശ്വാസികളുടെ അചാരങ്ങളും അനുഷ്ടാനങ്ങളുമൊക്കെ ആണ് പ്രധാനം..

  ReplyDelete
 11. |ഒരു “ദേശാഭിമാനി” |
  |ഗീതാഗീതികള്‍ |
  | smitha adharsh |
  |വികടശിരോമണി |

  പ്രതികരണത്തിന് നന്ദി...

  ReplyDelete
 12. ഹൈന്ദവമതങ്ങളില്‍ മാത്രമല്ല, എല്ല മതങ്ങളുടെയും നടത്തിപ്പുകാര്‍ ഭക്തി വിറ്റു കാശാക്കുന്നു..അതിനു കാരണക്കാര്‍ ഈ പറയുന്ന നമ്മളൊക്കെതന്നെയല്ലേ.. ദൈവത്തിനു കൈക്കൂലി കൊടുത്ത് അനുഗ്രഹംവാങ്ങാമെന്ന വെറൂതെ വ്യാമോഹിക്കുന്ന നമ്മള്‍..ഒരു പാട്ട് ഓര്‍മ്മ വരുന്നു..ഈശ്വരനെ തേടി ഞാന്‍ നടന്നു,
  കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞ്.
  അവിടെയുമില്ലിവിടെയു
  മില്ലീശ്വരന്‍, വിജനമായ ഭൂവിലുമില്ലീശ്വരന്‍.

  അവസാനമെന്നിലേക്കു ഞാന്‍ തിരിഞ്ഞു
  അവിടെയാണ് ഈശ്വരന്റെ വാസം,
  ഹൃദയമാണീശ്വരന്റെ ഗേഹം..

  ഉള്ളീന്റെയുള്ളില്‍ കുടികൊള്ളൂന്ന ഈശ്വരചൈതന്യത്തെ തിരിച്ചറിയാതെ ഓടുകയാണ് എല്ലാരും ക്ഷേത്രങ്ങളുടെയും പള്ളീകള്‍ഊടെയും പേരും പ്രശസ്തിയും തേടി..

  ReplyDelete
 13. ഇതിലപ്പോ അത്ഭുതപ്പെടാനൊന്നുമില്ല. പല എയിഡഡ് വിദ്യാലയങ്ങളിലും മതപഠനം നടത്തുന്നത് എത്രയോ കാലമായി തുടരുന്നു.. ഭക്തി വ്യവസായമാക്കാനുള്ള ചവിട്ടു പടി ആയിരുന്നു അത്.
  ആ വ്യവസായം ഇല്ലാതായാലോ എന്ന പേടിയല്ലേ പാഠപുസ്തകവിവാദം വരെ ഉണ്ടാക്കിയത്...

  ReplyDelete
 14. സംശയമെന്ത്?ഹിന്ദുമതത്തിന്റെ മൊത്തക്കച്ചവടക്കാരായി രംഗത്തു വന്നിരിക്കുന്ന അഭിനവപുരോഹിതവർഗം തന്നെയാണ് ഇതിനു പ്രധാന ഉത്തരവാദികൾ.അവരുടെ വാക്കുകൾ അപ്പടിവിഴുങ്ങുന്ന വിശ്വാസികളും.എന്റെ ബ്ലോഗിൽ അന്യമതക്കാരെ ക്ഷേത്രത്തിൽ കയറ്റുന്നതിനെക്കുറിച്ചുനടന്ന ചർച്ചയിൽ അങ്ങും വന്നതാണല്ലോ.ഇപ്പോഴും ആ സംവാദം തീർന്നിട്ടില്ല.

  ReplyDelete
 15. ഈ പണമെല്ലാം പാവങ്ങളെ പുനരധിവസിപ്പിക്കാനുപയോഗിച്ചിരുന്നെങ്കില്‍...

  ReplyDelete
 16. കാലം മാറുകയല്ലെ രാജെഷ്?
  ഒപ്പം കഥകളും!!

  ReplyDelete
 17. :) വലിയ വലിയ പള്ളികളില്‍ നിന്നു ഇപ്പൊ ദൈവം ഒളിച്ചോടുകയാണ്...ദൈവത്തിനെ ഒഴിച്ച് മറ്റെന്തും അവിടെ ഉണ്ടാകും..

  ReplyDelete
 18. ഈ ലേഖനം എന്റെ ഒരു പഴയ കവിതയെ ഓര്‍മിപ്പിച്ചു.ഇവിടെ കാണുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ ആ കവിത വായിക്കാം
  ദൈവവും മക്കളും

  ReplyDelete
 19. | മിഴി വിളക്ക്| ഇപ്പോള്‍ കാശ് തന്നെ ഈശ്വരന്‍

  |ടോട്ടോചാന്‍|മത പഠനം ഒരു മോശം കാര്യമാണെന്ന് എനിക്ക് അഭിപ്രായമില്ല. പക്ഷെ എല്ലാം നല്ലതിന് വേണ്ടി ആയിരിക്കണം എന്നു മാത്രം

  |വികടശിരോമണി| ആ പറഞ്ഞത് സത്യം. എല്ലാം ഉടച്ച് വാര്‍ക്കണം(നശിപ്പിക്കണം?) എന്ന് നിശ്ചയിച്ചുറപ്പിച്ച് ഒരുമ്പെട്ട് നടക്കുന്ന ഒരു കൂട്ടരാണ് എല്ലാ അപചയങ്ങള്‍ക്കും കാരണം. പക്ഷെ അത്തരക്കാര്‍ക്ക് മുസ്ലീം - കൃസ്ത്യന്‍ പള്ളികളിലും അവരുടെ വിശ്വാസങ്ങളിലും കടന്നു കയറാന്‍ ഇതുവരെ കഴിഞ്ഞില്ല എന്നതാണ് ഏക ആശ്വാസം

  |Kichu $ Chinnu | ക്ഷേത്രങ്ങളും ആചാരങ്ങളുമൊക്കെ ഏതെങ്കിലും വ്യക്തിയുടെയോ അല്ലെങ്കില്‍ വ്യക്തികളുടെയോ ധനാഗമനമാര്‍ഗ്ഗം മാത്രമായി മാറിയപ്പോഴാണല്ലൊ ഈ ഗതിയിലായത്. ആ സ്ഥിതിക്ക് പാവങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കല്‍ എന്നതൊന്നും ചിത്രത്തിലേ വരുന്ന കാര്യമല്ല.

  |ഗോപക്‌ യു ആര്‍|എല്ലാം മാറട്ടെ....നല്ലതെന്ന് നമ്മള്‍ കരുതിയിരുന്നതെല്ലാം

  |raadha|ഭക്തി വ്യവസായമായാല്‍ നമ്മളിതെല്ലാം കാണേണ്ടിവരും..:)

  |മുഹമ്മദ്‌ സഗീര്‍| നന്ദി..അഭിപ്രായത്തിനും ലിങ്കിലും....

  ReplyDelete
 20. എല്ലാ മനുഷ്യവികാരങ്ങൾക്കും വണിജ്യസാധ്യത ഉണ്ട്‌. ഭയം, സ്നേഹം, ക്രോധം, ഭക്തി എല്ലാത്തിനും. മനുഷ്യ പ്രശ്നങ്ങൾക്ക്‌ പരിഹാരമായി വരുന്നവരും അവർക്ക്‌ കാവൽക്കാരായി നിൽക്കുന്ന രാഷ്ട്രീയ-സാമൂഹിക ശക്തികൾ -അവർക്കും അതിൽ പങ്ക്‌ കിട്ടാറുണ്ട്‌. പക്ഷെ അതു കൊണ്ട്‌ കുഴപ്പം എന്തെന്നാൽ മനുഷ്യപ്രശ്നങ്ങൾ സങ്കീർണ്ണങ്ങളായി ബാക്കി നിൽക്കും.
  ശ്രീകുമാർ
  http://sreekumarb.wordpress.com/

  ReplyDelete

ഒരു ‘മാറുന്ന‘ മലയാളി തന്നെയല്ലേ നിങ്ങളും? അതിനാല്‍ തന്നെ തുറന്നു പറയൂ നിങ്ങളുടെ അഭിപ്രായങ്ങള്‍...അത് യോജിപ്പുകളാണെങ്കിലും വിമര്‍ശനമാണെങ്കിലും.