"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Wednesday, September 26, 2012

അഴുക്കു ചാലിലേക്കൊരു ചാനൽ

ചിലരുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ ആദ്യം കൈകാട്ടി വിളിക്കും. പിന്നെ കൂകി വിളിക്കും എന്നിട്ടും ശ്രദ്ധിച്ചില്ലെങ്കിൽ തുണി പൊക്കി കാണിക്കും. എങ്ങനെയെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുക എന്നതാണ് ലക്ഷ്യം. അത്തരം ഒരു ഞരമ്പ് രോഗിയുടെ അവസ്ഥയിലാണ് മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ്...

നനഞ്ഞ പടക്കമായി മാറിയ കോമഡി സ്റ്റാർസും, ആറാമത്തെ സീസണിലും ശരിയാകാത്ത രഞ്ജിനിയുടെ മലയാളവും ദേവിയും ചാത്തനും പൈങ്കിളികളുമെല്ലാം കൂടി മലയാളി പ്രേക്ഷകനെ വെറുപ്പിച്ചു പണ്ടാര മടക്കി മറ്റു ചാനലുകളിലേക്ക് ഓടിച്ചു വിട്ട ഈ അവസ്ഥയിൽ ഏഷ്യാനെറ്റ് വേറെ എന്തു ചെയ്യാൻ....

ശ്രീകണ്ഠൻ നായർ പടിയിറങ്ങി മനോരമയിലേക്ക് കുടിയേറിയപ്പോൾ ജീവനറ്റത് ‘നമ്മൾ തമ്മിൽ‘ എന്ന ഒരു നല്ല പരിപാടിക്കും ഒരു പരിധി വരെയെങ്കിലും ഏഷ്യാനെറ്റ് എന്ന ചാനലിനും കൂടിയായിരുന്നു. ‘നമ്മൾ തമ്മിൽ‘ അവതരണം ജഗദീഷിനെ ഏൽപ്പിച്ചതിന്റെ ഫലം അനുഭവിച്ചത് ചാനലിനേക്കാൾ അധികം പ്രേക്ഷകരാണ്. അതിഥികളെയും കാണികളെയും നോക്കുകുത്തികളാക്കി, തന്റെ പരിമിതമായ രാഷ്ട്രീയ ബോധത്തെ ഇറക്കി വയ്ക്കാനുള്ള ഒരു വേദിയായി ജഗദീഷ് ‘നമ്മൾ തമ്മിൽ‘ ഉപയോഗിച്ചപ്പോൾ അപഹാസ്യമായത് ആ പരിപാടിയും ചാനലും തന്നെയായിരുന്നു. അങ്ങനെ ജഗദീഷ് ഒന്നു മനസ്സു വച്ചപ്പോൾ സമകാലിക വിഷയങ്ങൾ യാഥാർത്ഥ്യബോധത്തോടെ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഒരു നല്ല പരിപാടി മൂന്നാം കിട രാഷ്ട്രീയചർച്ചകൾ പോലെ ‘അശ്ലീല‘മായി. ശ്രീകണ്ഠൻ നായരുടെ വില പ്രേക്ഷകൻ അറിഞ്ഞു.

പക്ഷേ ‘കമ്പനിയുടെ കളികൾ പ്രേക്ഷകർ കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ....‘ തങ്ങളുടെ ബിസിനസ്സ് ഹെഡ് ആയി മറ്റൊരു മടയിൽ നിന്നു ചാടിച്ച ഒരു പുലിക്കുട്ടിയെ തന്നെ അവർ കൊണ്ട് വന്നു. ജോൺ ബ്രിട്ടാസ്. വിപ്ലവം വഴിയിലുപേക്ഷിച്ച് മർഡോക്കിന്റെ കൈപിടിച്ചെത്തിയ ബ്രിട്ടാസിന് ‘ബിസിനസ്സ് ‘ ഹെഡ് എന്ന പദവിയിൽ കവിഞ്ഞ ഒന്നും കമ്പനിക്ക് കൊടുക്കാനും ഉണ്ടായിരുന്നില്ല. കുലംകുത്തി എന്ന വാക്ക് അന്നു കണ്ടുപിടിച്ചിട്ടില്ലാത്തതിനാലും അഥവാ ഉണ്ടെങ്കിൽ തന്നെ അങ്ങനെ വിളിക്കേണ്ടവരുടെ മൌനസമ്മതം ഉള്ളതുകൊണ്ടും മറ്റൊരു ടി.പി.യായി ബ്രിട്ടാസ് മാറിയില്ല എന്നത് ചരിത്രം.

ബ്രിട്ടാസ് ഏഷ്യാനെറ്റിൽ എത്തി ഉടൻ തന്നെ ‘തമ്മൾ തമ്മിൽ‘ സാരഥ്യം ഏറ്റെടുത്തു. വാദമുഖങ്ങളാൽ വീറും വാശിയും തീർക്കുന്ന അന്തരീക്ഷത്തിൽ പോലും നിയന്ത്രണം കൈവിടാതെ സ്വതസിദ്ധമായ നയ ചാതുര്യവും ഹാസ്യവും കൊണ്ട് വിഷയത്തെയും സംഭാഷകരെയും നിയന്ത്രിച്ചിരുന്ന ശ്രീകണ്ഠൻ നായരുടെ സ്ഥാനത്ത്, ബഹളമയമായ വാദപ്രതിവാദങ്ങളെ ആക്രോശം കൊണ്ടും ക്ഷണിക്കപ്പെട്ട അതിഥിയെന്നോ കാണിയെന്നൊ ഉള്ള പരിഗണന പോലും നൽകാതെയുള്ള അവഹേളനം കൊണ്ടും ഒരു കുട്ടി സഖാവിനെ പോലെ രംഗം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ബ്രിട്ടാസിന്റെ ചിത്രം അത്ര സുഖകരമായ ഒരു കാഴ്ചയല്ല പ്രേക്ഷകന്‌ പകർന്നു നൽകുന്നതെന്ന് നിശ്ചയം.

ഈ കഴിഞ്ഞ രണ്ടാഴ്ചയിലായി സംപ്രേക്ഷണം ചെയ്ത “നമ്മൾ തമ്മിൽ“ അത്തരത്തിൽ തന്നെ ഉള്ള ഒന്നായിരുന്നു. സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനായിരുന്നു ബ്രിട്ടാസിന്റെ ഇരമൃഗം. “ന്യൂ ജനറേഷൻ ‘ വ്യക്താക്കൾ ചമഞ്ഞെത്തിയ കുമാരീകുമാരന്മാരുടെയും കലാമൂല്യ സിനിമയുടെ വ്യക്താക്കൾ എന്നു പറഞ്ഞിറങ്ങിയ കൂതറ “വിശാരദന്മാ”രുടെയും മുൻപിലേക്ക്, സ്വന്തം കാശിന് തനിക്ക് തോന്നിയപോലെ ഒരു ചലച്ചിത്രം ഉണ്ടാക്കി എന്ന ‘ കൊടും അപരാധം’ചെയ്ത ഒരു മനുഷ്യനെ കടിച്ചു വലിക്കാൻ ഇട്ടുകൊടുത്ത് മാറി നിന്ന ബ്രിട്ടാസ് എല്ലാവർക്കും തെറിവിളിക്കാൻ അവസരം കിട്ടുന്നുണ്ടോ എന്നുറപ്പാക്കുന്നതിലൂടെ തന്റെ ‘മാദ്ധ്യമ ധർമ്മം’ ഭംഗിയായി നിറവേറ്റി.

സന്തോഷ് പണ്ഡിറ്റിനെ വച്ച് പ്രേക്ഷകശ്രദ്ധ ആകർഷിക്കാൻ ബ്രിട്ടാസ് നടത്തിയ പൊറാട്ടു നാടകത്തിനിട്ട “മാറ്റങ്ങൾക്കും മാറ്റം” ;എന്നുള്ള പേരിൽ തന്നെയുണ്ടായിരുന്നു ഈ പരിപാടി അവതരിപ്പിക്കാൻ ബ്രിട്ടാസ് നേരിടുന്ന വിഷയദാരിദ്ര്യം. കൃഷ്ണനും രാധയും റിലീസ് ചെയ്ത് ഏകദേശം ഒരു വർഷം കഴിയാറാകുന്നു. സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനും അദ്ദേഹത്തിന്റെ ചലച്ചിത്ര സൃഷ്ടി ഉയർത്തിയ വിവാദവുമെല്ലാം പഴകി ദ്രവിച്ച് അപ്രത്യക്ഷമായ ഈ വേളയിൽ അയാളെ വീണ്ടും ക്ഷണിച്ചിരുത്തി മറ്റുള്ളവരെകൊണ്ട് തെറിവിളിപ്പിച്ച് ചാനൽ റേറ്റിംഗ് കൂട്ടാനുള്ള ബ്രിട്ടാസിന്റെ ചിന്ത ഞാൻ ആദ്യം സൂചിപ്പിച്ച ‘തുണിപൊക്കൽ‘ തന്ത്രത്തിൽ നിന്നും പിറന്നതാണെന്ന് സംശയമില്ല.

എന്തുതന്നെയായാലും ഈ പരിപാടിയിൽ സന്തോഷ് പണ്ഡിറ്റ് ഒഴികെ ആരും മോശമാക്കിയില്ല.കുമാരീകുമാരന്മാരായ കാണികളും മറ്റ് അതിഥികളും എല്ലാം, പൊട്ടനെന്നും മന്ദബുദ്ധിയെന്നും ഭ്രാന്തനെന്നുമൊക്കെ അക്ഷേപിച്ചും കൊഞ്ഞനം കാട്ടിയുമൊക്കെ ഒരു മനുഷ്യനെ ചവച്ചുതുപ്പി സന്തോഷിനേക്കാൾ ഒരു പടിയെങ്കിലും മുകളിൽ ബുദ്ധി ലെവൽ കാത്തു സൂക്ഷിക്കുന്ന ബുദ്ധിരാക്ഷസന്മാരാണ് തങ്ങൾ എന്ന് മാലോകരുടെ മുൻപിൽ സ്ഥാപിക്കാനുള്ള എല്ലാ വിഫലശ്രമങ്ങളും നടത്തി. ഒറ്റപ്പെട്ട് വീണുകിടക്കുന്നവനെ വീണ്ടും വീണ്ടും ചവിട്ടുന്നവന്മാരോട് കാണികൾക്ക് തോന്നുന്നത് വീര പരിവേഷമല്ല പുച്ഛമാണെന്ന് അവിടെ നിരന്നിരുന്ന പുംഗന്മാർക്ക് ആര് പറഞ്ഞുകൊടുക്കുമോ എന്തോ? ഏതായാലും ചർച്ചയിൽ നിന്ന് ഒന്നു മനസ്സിലായി. ഗോവിന്ദച്ചാമിയേക്കാൾ കേരളത്തിലെ കുമാരിമാർ വെറുക്കുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. കാരണം ആ കുഞ്ഞുങ്ങളെ കെട്ടിച്ചയക്കാൻ തന്തമാർ വച്ചിരുന്ന കാശെടുത്താണല്ലോ പണ്ഡിറ്റ് പടം പിടിച്ചത്.....

പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ വേണ്ടത് മാദ്ധ്യമ ധർമ്മമല്ല ‘തറ‘പണികളാണ് എന്നത് ബ്രിട്ടാസിനെ ആരും പഠിപ്പിക്കേണ്ടതില്ല. ഫാരിസ് അബൂബക്കറിനെ അഭിമുഖം നടത്തി കൈരളിയിലും പ്രിഥ്വിരാജിനെയും അനന്യയെയും സന്തോഷ് പണ്ഡിറ്റിനെയും താറടിച്ച് ഏഷ്യാനെറ്റിലും ബ്രിട്ടാസ് തന്റെ ആ കഴിവ് പല പ്രാവശ്യം തെളിയിച്ചും കഴിഞ്ഞു. മഞ്ഞപ്പത്രക്കാരന്റേതിനേക്കാൾ അധ:പ്പതിച്ച, തൊലിയുരിയുന്ന നിലവാരമുള്ള ചോദ്യങ്ങൾ ചോദിച്ച് ബ്രിട്ടാസ് കത്തിക്കയറുമ്പോൾ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നവനോടോപ്പം തന്നെ പ്രേക്ഷകനും നാണിക്കും എന്നത് തീർച്ച.......

അനന്യയുമായും പ്രതിശ്രുത വരനുമായും നടത്തിയ അഭിമുഖത്തേക്കുറിച്ച് എടുത്തു പറയേണ്ടതുണ്ട്. സദാചാര പോലീസ് കളിയെ എതിർത്തും മനുഷ്യാവകാശത്തിനു വേണ്ടിയും ഒക്കെ റിപ്പോർട്ടുകൾ പടച്ചു വിടുന്ന ഏഷ്യാനെറ്റിന്റെ പ്രധാന കണ്ട്രാക്കിലൊരാളായ ബ്രിട്ടാസ് ആ അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ കേട്ട് ഒരു വിധം മനക്കട്ടിയില്ലാത്ത സദാചാരപോലീസുകാരൊക്കെ അന്നുതന്നെ തൂങ്ങിച്ചത്തുകാണും എന്നുറപ്പ്. അത്രക്ക് ‘മനോഹര‘മായിരുന്നു ബ്രിട്ടാസിന്റെ പ്രകടനം. ആഞ്ജനേയനെ പോലൊരു മണകുണാഞ്ജനെ കെട്ടാൻ അനന്യക്ക് എങ്ങനെ തോന്നി? ഇന്നലെ മറ്റവളെ ചതിച്ച ഇവൻ നാളെ അനന്യയെയും ചതിക്കില്ലേ? എറണാകുളത്ത് ഫ്ലാറ്റ് എടുത്ത് താമസിക്കുന്നത് ആഞ്ജനേയനുമായുള്ള സമാഗമം എളുപ്പമാക്കാനല്ലേ എന്ന മട്ടിലുള്ള ചോദ്യങ്ങൾ ഉളുപ്പില്ലാതെ ചോദിച്ച് ബ്രിട്ടാസ് പ്രിഥ്വിരാജിന്റെ അഭിമുഖത്തിലെന്നപോലെ സൈബർ ഗുണ്ടകളുടെ ഏജന്റായി. ഇതൊക്കെ ചോദിക്കാൻ താനാരാ? എന്ന് ആർക്കും തിരിച്ചു ചോദിക്കാൻ തോന്നുന്ന നല്ല ഒന്നാന്തരം ചോദ്യങ്ങൾ. പക്ഷേ ആഞ്ജനേയൻ ഒന്നും പ്രതികരിച്ചില്ല. എല്ലാവർക്കും ബ്രിട്ടാസിനെപ്പോലെ തരം താഴാൻ കഴിയാത്തത് കൊണ്ടാകാം.

സന്തോഷ് പണ്ഡിറ്റിനെ ക്ഷണിച്ചിരുത്തി കരക്കാരെ കൊണ്ട് തെറിവിളിപ്പിക്കുന്ന ബ്രിട്ടാസ് മാദ്ധ്യമലോകത്തെ സന്തോഷ് പണ്ഡിറ്റ് ആയി മാറുകയാണ്. തെറ്റിദ്ധരിക്കേണ്ട. പത്മരാജനും ഭരതനും സിനിമയെടുത്ത നാട്ടിൽ സന്തോഷ് പണ്ഡിറ്റിനും സിനിമ എടുത്തുകൂടെ എന്ന് പറയുന്നത് പോലെ ജോണി ലൂക്കോസും വേണുവും നികേഷ് കുമാറുമൊക്കെ അഭിമുഖം നടത്തുമ്പോൾ എന്താ ബ്രിട്ടാസിനും നടത്തിക്കൂടെ?

കൂട്ടിചേർക്കൽ: ക്രൈമിനും ഫയറിനും കിന്നാരത്തുമ്പികൾക്കും മായാമോഹിനിക്കുമെല്ലാം ശ്രദ്ധ ആകർഷിക്കാൻ കഴിയുന്നുണ്ടെങ്കിൽ ഈ നാട്ടിൽ ഏഷ്യാനെറ്റിനും പേടിക്കേണ്ട കാര്യമില്ല എന്ന് നിശ്ചയം........

13 comments:

  1. ചിലരുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ ആദ്യം കൈകാട്ടി വിളിക്കും. പിന്നെ കൂകി വിളിക്കും എന്നിട്ടും ശ്രദ്ധിച്ചില്ലെങ്കിൽ തുണി പൊക്കി കാണിക്കും. എങ്ങനെയെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുക എന്നതാണ് ലക്ഷ്യം.

    ReplyDelete
  2. ചാനല്‍ ആയിരുന്നോ വിഷയം അതോ ബ്രിട്ടസോ.

    ReplyDelete
    Replies
    1. അതായാലും ഇതായാലും വിഷയത്തിന് പ്രാധാന്യം കുറയുന്നില്ലല്ലോ ...അല്ലേ:)

      Delete
  3. "നനഞ്ഞ പടക്കമായി മാറിയ കോമഡി സ്റ്റാർസും, ആറാമത്തെ സീസണിലും ശരിയാകാത്ത രഞ്ജിനിയുടെ മലയാളവും ദേവിയും ചാത്തനും പൈങ്കിളികളുമെല്ലാം കൂടി മലയാളി പ്രേക്ഷകനെ വെറുപ്പിച്ചു പണ്ടാര മടക്കി മറ്റു ചാനലുകളിലേക്ക് ഓടിച്ചു വിട്ട ഈ അവസ്ഥയിൽ ഏഷ്യാനെറ്റ് വേറെ എന്തു ചെയ്യാൻ...."

    ReplyDelete
    Replies
    1. നന്ദി....വായനയ്ക്ക്...

      Delete
  4. ബ്രിട്ടാസിനെക്കുറിച്ച് എഴുതിയത് ശരിയാണ്.അയാളെ പൃഥ്വിരാജ് വെള്ളം കുടിപ്പിച്ചത് മറക്കാന്‍ കഴിയില്ല.

    ReplyDelete
    Replies
    1. വരവിനും വായനയ്ക്കും നന്ദി....

      Delete
  5. നനഞ്ഞ പടക്കമായി മാറിയ കോമഡി സ്റ്റാർസും എന്നോഴികെ പറഞ്ഞതിനോട് എല്ലാം യോജിക്കുന്നു..മലയാളം ചാനെല്‍ ഹിസ്ടരിയിലെ എക്കാലത്തെയും മികച്ച കോമഡി പ്രോഗ്രാം ആണ് കോമഡി സ്റ്റാര്‍...,....മനോരമയിലെയും കൈരളിയിലെയും തറ കോമഡി ഷോകലുമായി തട്ടിച്ചു നോക്കിയാല്‍ കോമഡി സ്റ്റാര്‍ വളരെ നല്ല നിലവാരം പുലര്‍ത്തുന്നുണ്ട് !

    ReplyDelete
    Replies
    1. നനഞ്ഞ പടക്കമായി മാറിയതാണ്. തുടക്കത്തിലേ ആ പരിപാടി നനഞ്ഞ പടക്കം ആയിരുന്നു എന്ന് മാറുന്നമലയാളി ഉദ്ദേശിച്ചിട്ടില്ല. പക്ഷേ 16-‍ാം ഘട്ടം എന്നും 17-‍ാം ഘട്ടം എന്നൊക്കെ പറഞ്ഞ് വലിച്ചു നീട്ടി ആ പരിപാടിയെ ഇപ്പോൾ നിലവാരമില്ലാതാക്കി എന്നു സമ്മതിക്കാതെ തരമില്ല.......

      Delete
  6. Idea Star Singer ippozhum undo? Santhosham...
    Enthaayaalum John Britas ithu vaangichaal enthenkilum kadum kai cheyyum.. theercha :D

    ReplyDelete
  7. ഗംഭീരം, അല്ല കലക്കൻ ,അല്ല അല്ല ബഹു കേമം, ഛെ ഇതൊന്നും പോരാ...ഇങ്ങനായാലോ

    കിടിലോല്ക്കിടിലസ്യ കേമസ്യ ആർജവസ്യ കൈരളീ

    ReplyDelete
  8. ippol ezhuthum vayanayum prathikaranangalum onnum ille..enthenkilum oke ezhuthi postuu

    ReplyDelete

ഒരു ‘മാറുന്ന‘ മലയാളി തന്നെയല്ലേ നിങ്ങളും? അതിനാല്‍ തന്നെ തുറന്നു പറയൂ നിങ്ങളുടെ അഭിപ്രായങ്ങള്‍...അത് യോജിപ്പുകളാണെങ്കിലും വിമര്‍ശനമാണെങ്കിലും.