
എന്താണ് മലയാളിക്ക് പറ്റിയത് ? പണ്ടു നമ്മുടെ ഈ കേരളത്തെ പറ്റി നമുക്കു ഒരു വിശ്വസമുണ്ടായിരുന്നു. ഓരോ മലയാളിയും നമ്മുടെ ഈ കൊച്ചു കേരളത്തില്‍ സുരക്ഷിതരാണ് എന്ന് . എന്നാല്‍ ഇപ്പോള്‍ അത്തരം മിഥ്യാ ധാരണകള്‍ ഒന്നും ഒരു മലയാളിക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല. നമുക്കുവേണ്ടി നാം തിരഞ്ഞെടുത്തവര്‍ തന്നെ നമ്മുടെ ജീവന് വിലപറയുന്ന അവസ്ഥ. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വേലി തന്നെ വിളവ് തിന്നുന്നു അത്ര തന്നെ...
രാഷ്ട്രത്തെ സേവിക്കലാണ് രാഷ്ട്രീയം എന്ന നിര്‍വ്വചനങ്ങള്‍ ഒക്കെ പഴകി ദ്രവിച്ചിരിക്കുന്നു. ഇപ്പോള്‍ മറ്റേതൊരു തൊഴിലും പോലെ ഒരു തൊഴില്‍ മാത്രമാണ് ഈ രാഷ്ട്രീയവും. സ്വന്തം കീശ വീര്‍പ്പിക്കാന്‍ ഉള്ള ഒരു മാര്‍ഗം മാത്രമാണിപ്പോള്‍ രാഷ്ട്രീയക്കാരന്റെ രാഷ്ട്ര സേവനം. നൂറു ശതമാനം സാക്ഷരത നേടിയെന്നു അഭിമാനിക്കുന്ന നമ്മള് മലയാളികള്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഒരു കാര്യമുണ്ട്. ഇത്തരം രാഷ്ട്രീയക്കാര്‍ക്ക് നമ്മള് സാധാരണ ജനങ്ങള്‍ വെറും വോട്ടു ബാങ്കുകള്‍ മാത്രമാണെന്നുള്ള സത്യം .
"രക്തസാക്ഷികള്‍ ". ഇവരാണ് ഓരോ പാര്‍ട്ടിയുടെയും തുറുപ്പ് ചീട്ട്. സ്വന്തം പാര്‍ട്ടിയുടെ ചുവടുറപ്പിക്കാനും വോട്ടര്‍മാര്‍ക്കിടയില്‍ സഹതാപ തരംഗം സൃഷ്ടിക്കാനും അതുവഴി അധികാരത്തിന്റെ ഇടനാഴികളില്‍ കയറിപ്പറ്റാനും പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ ദുർമേദസ്സുകള്‍ക്കും ഈ ഹതഭാഗ്യരെ കൂടിയേ കഴിയൂ. സ്വന്തം രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവര്‍ തന്നെ വേണമെന്നില്ല അവര്‍ക്ക്. ശത്രുവിന്റെ കൈ കൊണ്ടു ഏത് നിരപരാധി കൊല്ലപ്പെട്ടാലും സ്വന്തം പാര്‍ട്ടിയുടെ "രക്തസാക്ഷിയായി" ഏറ്റെടുത്തോളും അവര്‍. പക്ഷെ ഈ " രക്തസാക്ഷിക്ക്" അല്ലെങ്കില്‍ അയാളുടെ കുടുംബത്തിനു നഷ്ടപ്പെടുന്നത് തിരിച്ചുകൊടുക്കാന്‍ കഴിയുമോ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്?.
ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്കും വിലകൂടിയപ്പോള്‍ വിലയില്ലാത്തത് ഇപ്പോള്‍ മനുഷ്യ ജീവന് മാത്രമാണ്. ഇന്നലെ വരെ തോളില്‍ കയ്യിട്ടു നടന്ന, സൌഹൃദ സ്പര്‍ശം പകര്‍ന്ന് തന്ന സ്വന്തം സുഹൃത്തിനെ, വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പേരില്‍ മരണത്തിലേക്ക് കൈപിടിച്ചു നടത്താന്‍ മടിയില്ലാതായിരിക്കുന്നു മലയാളിക്ക്. ആശയങ്ങളോടുള്ള അസഹിഷ്ണുത തീര്‍ക്കാന്‍ വടിവാളിനെയും കഠാരയേയും കൂട്ട് പിടിക്കേണ്ട ഭ്രാന്തിന് വക്കിലാണോ മലയാളിയുടെ മാനസികാവസ്ഥ?
ഇനി എങ്കിലും നിര്‍ത്തിക്കൂടെ ഈ ഒരു കാട്ടുനീതി? നമുക്കു നഷ്ടപ്പെടുന്നത് നമ്മുടെ സഹോദരന്മാരെയാണ്... സുഹൃത്തിനെയാണ്... ബന്ധുമിത്രാദികളെ ആണ്.... ഇതിലെല്ലാം ഉപരി പവിത്രമായ ബന്ധങ്ങളെയാണ്. തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ തിരിച്ചറിയാന്‍ നമുക്കു കഴിയണം. ഇല്ലെങ്കില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയുടെ വിലാപങ്ങള്‍ക്ക് നമ്മള് എന്നെങ്കിലും കണക്കു പറയേണ്ടി വരും .അച്ഛന് നഷ്ടപ്പെട്ട മക്കളുടെ ചോദ്യങ്ങള്‍ക്ക് മുന്പില് നമുക്കു ഉത്തരം മുട്ടും. മകനെ നഷ്ടപെട്ട മാതാപിതാക്കളുടെ കണ്ണീരിനു മുന്പില് നമുക്കു തല കുനിക്കേണ്ടി വരും .. അതിനാല്‍ നമുക്കു മതിയാക്കാം. ഇല്ലങ്കില്‍ വളരെ താമസിച്ചുപോകും നമ്മള് . ആശയങ്ങളിലെ വ്യത്യസ്തത നമ്മുടെ സിരകളിലോടുന്ന രക്ത വര്‍ണത്തിനോ ഗന്ധത്തിനോ ഇല്ല എന്ന തിരിച്ചറിവ് മാത്രം മതി ഈ പേക്കൂത്തിന് വിരാമമിടാന്‍...