
ഈ ചോദ്യത്തിന് എനിക്ക് ഉത്തരം വേണം. അനേക വര്‍ഷങ്ങളായി എനിക്കു മുന്നില്‍ ഒരു സമസ്യയായി നില്ക്കുന്ന ചോദ്യമാണിത്. പലരോടും ചോദിച്ചു. വ്യക്തമായ മറുപടിയില്ല. ആര്‍ക്കും. അതിനാല്‍ തന്നെ ഈ ചോദ്യം ഞാന്‍ സമ്പൂര്‍ണ സാക്ഷരത നേടിയ അല്ലെങ്കില്‍ അങ്ങനെ അവകാശപ്പെടുന്ന ഈ മലയാള നാടിന്റെ മനസാക്ഷിക്ക് കൈമാറുന്നു. ഉത്തരം നല്‍കിയേ തീരൂ. കാരണം അവഗണിക്കപ്പെടുന്നവന് അതിനുള്ള കാരണമെങ്കിലും അറിയാനുള്ള അവകാശമുണ്ട്.
ഈ ‘സമത്വ സുന്ദര’ ഭാരത നാട്ടില്‍ സവര്‍ണര്‍ എന്ന് മുദ്രകുത്തി ഭ്രഷ്ട് കല്‍പ്പിച്ച ഒരു ചട്ടക്കൂടില്‍ ജനിച്ചുപോയി എന്നതാണൊ ഞങ്ങള്‍ ചെയ്ത കുറ്റം? ഈ ചോദ്യം സമുദായ സംവരണത്തിന്റെ ഗുണഫലം അനുഭവിക്കുന്ന എന്റെ ഒരു സുഹൃത്തിനോട് ചോദിച്ചപ്പോള്‍ മറുപടി ഞെട്ടിക്കുന്നതായിരുന്നു. നിങ്ങളുടെ ഒക്കെ ‘സവര്‍ണ’ പിതാമഹന്മാര് ചെയ്തുകൂട്ടിയ പാപത്തിന്റെ പ്രതിഫലം ആണത്രെ ഇപ്പോഴത്തെ തലമുറ അനുഭവിക്കുന്ന ഈ അവഗണന. ഒരു നിമിഷം ഞാന്‍ ചിന്തിച്ച് പോയി . ഏതു നൂറ്റാണ്ടിലാണ് നമ്മള്? ഒന്നു ചോദിച്ച് കൊള്ളട്ടെ... ഈ ജനാധിപത്യ ‘മതേതര’ ഭാരതത്തില്‍ ജീവിക്കാനുള്ള മൌലിക അവകാശം പോലുമില്ലേ ഞങ്ങള്‍ക്ക് ?
സമ്പത്ത്, വിദ്യാഭ്യാസം, കല തുടങ്ങിയവയൊക്കെ സവര്‍ണര്‍ക്ക് മാത്രം വിധിക്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഒരുപാട് കാലം മുന്‍പ് വരെ . ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം പിന്തുടര്ന്നിരുന്ന ബ്രിട്ടീഷുകാര്‍ അതിനെ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ കാലം മാറി .അനേക മഹാത്മാക്കളുടെ ശ്രമഫലമായി ഇന്ത്യ സ്വതന്ത്രയായി. ഇവിടെ ഒരു ജനാധിപത്യ സംവിധാനവും നിലവില്‍ വന്നു. പല തട്ടുകളായി വേര്‍തിരിക്കപ്പെട്ട ഇന്ത്യന്‍ ജനതയെ സമത്വത്തിലേക്ക് കൊണ്ട് വരുക എന്ന ചിന്തയില്‍ നിന്നാണ് സാമുദായിക സംവരണം എന്ന ആശയത്തിന്റെ പിറവി. സമത്വം എന്ന ലക്ഷ്യം നേടുമ്പോള്‍ ഈ നിയമം കാലോചിതമായി പരിഷ്കരിക്കപ്പെടും എന്നും കരുതിക്കാണും പാവം ആ രാഷ്ട്രതന്ത്രജ്ഞര്‍. പക്ഷേ ഇന്നും നമ്മള് അതെ സംവരണ നയം തന്നെ അന്ധമായി പിന്തുടരുന്നു.
ഒരു നേരത്തെ ആഹാരത്തിനു വക ഉണ്ടാകാന്‍ നെട്ടോട്ടമോടുന്ന 'സവര്‍ണര്‍' ഒരുപാടുണ്ട് ഈ നാട്ടില്‍ . എത്ര നല്ല രീതിയില്‍ പഠിച്ചു വന്നാലും ഭൂരിപക്ഷ സമുദായത്തില്‍ പെട്ട അംഗമാണെങ്കില്‍ , ആ ഒരൊറ്റ കാരണം കൊണ്ട് അവന് പുറന്തള്ളപ്പെടുന്നു. സമുദായ സംവരണത്തിന്റെ പേരില്‍ തനിക്ക് കിട്ടേണ്ട ജോലിയും സ്വപ്നങ്ങളും ജീവിതവും എല്ലാം തട്ടി മാറ്റപ്പെടുന്നത് നിസഹായതയോടെ നോക്കി നില്ക്കാന് മാത്രം വിധിക്കപ്പെട്ടവരായി കഴിഞ്ഞു ഇപ്പോള്‍ ഭൂരിപക്ഷ സമുദായം. ഇതെന്തു ന്യായം? ഇതെന്തു നീതി ? ഇവിടെ മനുഷ്യാവകാശങ്ങള്‍ പോലും സംവരണ വിഭാഗങ്ങള്‍ക്ക് മാത്രമെ ഉള്ളുവോ ?
'ഭൂരിപക്ഷസമുദായം'. പക്ഷേ ഏത് രീതിയില്‍ ആണ് ഭൂരിപക്ഷം എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ട്. സവര്‍ണനായി പോയതിനാല്‍ ജോലി ലഭിക്കാതെ നിരാശരായി കഴിയുന്ന വിദ്യാ സമ്പന്നരുടെ ഭൂരിപക്ഷം!!! സ്വന്തം മക്കളെ പഠിപ്പിക്കാന്‍ വക തേടി കൊള്ള പലിശക്കാരന് മുന്പില് സ്വന്തം കൂരയുടെ ആധാരം പണയം വയ്ക്കേണ്ടി വരുന്ന നിരാലംബരുടെ ഭൂരിപക്ഷം !!! അതെ ഞങ്ങള്‍ സമ്മതിക്കുന്നു അത്തരത്തിൽ നോക്കിയാൽ ഞങ്ങള്‍ 'ഭൂരിപക്ഷ സമുദായം' തന്നെ.
രാഷ്ട്രീയക്കാര്‍ക്ക് സമുദായ സംവരണമാണ് തുറുപ്പ് ചീട്ട്. രാഷ്ട്രീയ താല്പര്യങ്ങള് സംരക്ഷിക്കാനും വോട്ടു ബാങ്ക് കാക്കാനും, സംഘടിത ശക്തികളുടെ എന്ത് വിലപേശലുകള്‍ക്കും വഴങ്ങിക്കൊടുക്കും അവര്‍ . ഭൂരിപക്ഷ സമുദായങ്ങളോട് ഇവിടെ ആര്‍ക്കും എന്തുമാകാം. കാരണം അവര്‍ സംഘടിതരല്ല . ഈ അനീതികളും അവഗണനകളും ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ അവന് ഇവിടെ വര്‍ഗീയ വാദിയാണ്. തീവ്രവാദിയാണ് . ന്യൂനപക്ഷ വിരുദ്ധനാണ്. എന്തിനധികം രാജ്യദ്രോഹി പട്ടം പോലും അവന് ചാര്‍ത്തി നൽകും ചിലര്‍ .
വിദ്യാഭ്യാസത്തിലും ശാസ്ത്രത്തിലുമൊക്കെ നാം ഇന്ത്യക്കാര്‍ ഒരുപാട് മുന്‍തൂക്കം നേടികഴിഞ്ഞു. നമുക്കിപ്പോള്‍ അവശ്യം സാമുദായിക സംവരണമല്ല. സാമ്പത്തിക സംവരണമാണ്. ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്നു ജീവിക്കുന്ന എല്ലാ സമുദായങ്ങളിലും ഉള്ള ലക്ഷക്കണക്കിനാളുകള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. അവരെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളാണ് ഈ കാലത്ത് ഉണ്ടാകേണ്ടത്. അല്ലെങ്കില്‍ അപരിഷ്കൃതമായ സാമുദായിക സംവരണം നമ്മെ വീണ്ടും അസമത്വത്തിലേക്കു നയിക്കും എന്നുള്ളതില്‍ സംശയം വേണ്ട.
ഈ രാജ്യത്ത് പ്രീണന രാഷ്ട്രീയവും വിലപേശല്‍ തന്ത്രങ്ങളും നിലനില്‍ക്കുന്നിടത്തോളം ഇവിടെ ഈ അപരിഷ്കൃത സമീപനത്തിന് ഒരു മാറ്റവും ഉണ്ടാകില്ല എന്നറിയാം. ആരുടെയും അവകാശങ്ങള്‍ പിടിച്ചു വാങ്ങാൻ ആഗ്രഹമില്ല ഞങ്ങള്‍ക്ക്. പക്ഷെ അര്‍ഹതപ്പെട്ടതെങ്കിലും ഞങ്ങളില്‍ നിന്ന് തട്ടിയകറ്റാതിരുന്നുകൂടെ? അതോ സവര്‍ണരുടെ ശവപ്പറമ്പാണ് ആത്യന്തിക ലക്ഷ്യം എന്ന തീരുമാനത്തിലാണോ ഈ സമത്വ സുന്ദര ജനാധിപത്യ രാഷ്ട്രത്തിന്റെ പോക്ക്.
ഒരു പ്രയോജനവും ഇല്ലെങ്കിലും ആ ചോദ്യം ഞാന്‍ ഒന്നുകൂടി ചോദിച്ചു കൊള്ളട്ടെ ... എന്താണ് ഞങ്ങള്‍ ചെയ്ത തെറ്റ്?