
പുരാണങ്ങളിലെങ്ങോ കേട്ട ഒരു വാചകമുണ്ട്.കലികാലത്ത് പണ്ഡിതന് പാമരനെ ചുമക്കും.അത് സത്യമായി. എല്ലാ പാമരന്മാരും, ഭരണാധികാരികളായോ രാഷ്ട്രീയ നേതാക്കന്മാരായോ നമ്മുടെ ചുമലുകളിലുണ്ട് ഇപ്പോള്‍. നമുക്കു ചുമക്കാം. ലജ്ജയില്ലാതെ.
ഡോക്ടറിന്റെ മകൻ ഡോക്ടറും, വക്കീലിന്റെ മകൻ വക്കീലും ആകാമെങ്കില്‍ എന്റെ മകന് എന്തു കൊണ്ട് രാഷ്ട്രീയ നേതാവായിക്കൂടാ? ഒരു രാഷ്ട്രീയ നേതാവിന്റെ ചോദ്യമാണ്. സത്യമല്ലേ? പാവങ്ങള്‍. നമുക്കു വേണ്ടി മാത്രമല്ലേ ഇവരുടെ ഒക്കെ ജീവിതം.ജനസേവനം തലയ്ക്ക് പിടിച്ചതിന് ശേഷം ഈ പാവങ്ങള്‍ ശരിക്കൊന്ന് ഉണ്ണുകയും ഉറങ്ങുകയും പോലും ചെയ്തു കാണില്ല. എന്തിനധികം സ്വന്തം കുടുംബത്തിന് വേണ്ടി പത്തു പൈസ സമ്പാദിച്ചിട്ടുപോലുമില്ല. എല്ലാം സേവനമല്ലേ സേവനം.
രാഷ്ട്രസേവനം എന്ന വാക്കിനു തന്നെ വളരെ വലിയ അര്‍ത്ഥവ്യാപ്തി ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ ഇന്ന് രാഷ്ട്രീയം എന്നതിന്റെ നിര്‍വ്വചനം തന്നെ അഴിമതി,കയ്യിട്ടുവാരല്‍,സ്വജനപക്ഷാഭേദം എന്നൊക്കെ ആയി മാറിയിരിക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ സ്വന്തം കീശ വീര്‍പ്പിക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണിന്ന് രാഷ്ട്രീയം.
പക്ഷെ ഒരു കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ എന്ന ഈ വര്‍ഗ്ഗം ഒറ്റക്കെട്ടാണ്. നമ്മള് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തില്‍. പാവപ്പെട്ട പൊതുജനത്തിന്റെ ചുമലില്‍ വിലവര്‍ദ്ധനവുകളും ഭരണപരിഷ്കാരങ്ങളും അടിച്ചേല്‍പ്പിച്ച് ഭരണപക്ഷം അവരുടെ ‘കര്‍ത്തവ്യം‘ ഭംഗിയാക്കുമ്പോള്‍ തുടരെത്തുടരെ ഹര്‍ത്താലും സമര പ്രഹസനങ്ങളും നടത്തിയും പൊതുമുതല്‍ നശിപ്പിച്ചും, പ്രതിപക്ഷ പാര്‍ട്ടി ഉള്‍പ്പെട്ട മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുജനങ്ങളോടുള്ള തങ്ങളുടെ ‘പ്രതിബദ്ധത’ ഉയര്‍ത്തിപ്പിടിക്കുന്നു.
രാഷ്ട്രീയക്കാര്‍ക്ക് എന്തുമാകാം എന്ന സ്ഥിതിയാണിന്ന് കേരളത്തില്‍. കേരളത്തെ ബാധിക്കുന്ന ഗൌരവകരമായ വിഷയങ്ങളില്‍ പോലും അന്യോന്യം പഴി പറഞ്ഞും പരിഹസിച്ചും പൊതുജനങ്ങളെ വെറും പൊട്ടന്മാരാക്കുകയാണ് നമ്മുടെ ‘പ്രിയപ്പെട്ട’ രാഷ്ട്രീയക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും. കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടി കേന്ദ്രത്തില്‍ നിന്ന് ഉണ്ടായാല്‍ കേരളത്തിലെ ഭരണവര്‍ഗ്ഗം കേന്ദ്രത്തെ കുറ്റം പറയുന്നു. കാരണം എതിര് പാര്‍ട്ടിക്കാരാണല്ലോ കേന്ദ്രം ഭരിക്കുന്നത്. അതേ സമയം പ്രതിപക്ഷം കേന്ദ്രത്തെ ന്യായീകരിക്കുന്നു. കാരണം അവരുടെ ചേട്ടന്മാരാണല്ലോ കേന്ദ്രം.ഇതിന്റെയൊക്കെ ഫലമോ? കേരളമാകുന്ന ശങ്കരന് ഇപ്പോഴും തെങ്ങിന്റെ മണ്ടയില്‍ തന്നെ.
‘രാഷ്ട്രീയ പ്രബുദ്ധരായ’ നമ്മള് മലയാളികള്‍ പലപ്പോഴും പുച്ഛിക്കാറുള്ള ഒരു കൂട്ടരാണ് തമിഴ്നാട്ടുകാര്‍. പക്ഷെ തമിഴ്നാടിന്റെ പൊതുവായ ഒരു കാര്യം വരുമ്പോള്‍ രാഷ്ട്രീയ മത വര്‍ണ്ണ ഭേദമൊന്നുമില്ലാതെ തമിഴ്നാട് ഒറ്റക്കെട്ടാണ്. ഈ ഒരു കാഴ്ച്ചപ്പാട് അവര്‍ക്ക് അര്‍ഹവും അനര്‍ഹവുമായ ഒരുപാട് നേട്ടങ്ങള്‍ നേടിക്കൊടുത്തു എന്ന് നിസ്സംശയം പറയാം. എന്താ മലയാളികള്‍ക്ക് മാത്രം ഇതൊന്നും കണ്ണ് തുറന്ന് കാണാന്‍ കഴിയാത്തത്. ചിലപ്പോള്‍ രാഷ്ട്രീയ ‘പ്രബുദ്ധത‘ കൂടിയപ്പോള്‍ ചുറ്റും നടക്കുന്നത് കാണാനുള്ള കാഴ്ചശക്തി കുറഞ്ഞുപോയതാകാം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്നെ കേരളത്തില്‍ നിന്ന് അഞ്ച് കേന്ദ്ര മന്ത്രിമാരാണ് നമുക്കുള്ളത്. ആരും മോശക്കാരുമല്ല. രണ്ടുപേര്‍ ക്യാബിനറ്റ് മന്ത്രിമാര്‍ തന്നെ.പക്ഷെ എന്ത് പ്രയോജനം.കേരളത്തിന് എന്താണ് ഇവരൊക്കെ തരുന്നത്. അവഗണന. അതു മാത്രം. അര്‍ഹതപ്പെട്ടത് പോലും മറ്റുള്ളവര്‍ തട്ടിയെടുക്കുമ്പോഴും(സേലം ഡിവിഷന് പ്രശ്നം അതിലൊന്ന് മാത്രം) ഒരു ചെറുവിരലനക്കാന്‍ പോലും ഇവരൊന്നും ശ്രമിക്കാത്തത് ആശ്ചര്യം ഉളവാക്കുന്നു എന്ന് പറയാതെ വയ്യ. ഇതിനായിരുന്നോ ഇവരെയൊക്കെ നമ്മുടെ ‘മഹത്തായ’ സമ്മതിദാനാവകാശം രേഖപ്പെടുത്തി നമ്മള് വിജയകിരീടമണിയിച്ചത്.
ഇവിടെ ഇടക്കിടക്ക് മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നു, മന്ത്രിമാര്‍ ആഡംബര കാറുകള്‍ വാങ്ങുന്നു,സ്വന്തം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പോലും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കന്മാര് സര്‍ക്കാര്‍ ചിലവില്‍ പറന്നു നടക്കുന്നു. ഈ വാര്‍ത്തകളൊക്കെ നമ്മള് നിസ്സംഗതയോടെ വായിച്ചു തള്ളൂമ്പോള്‍, ഈ കാട്ടുകള്ളന് മാരെല്ലാം കൂടി കയ്യിട്ട് വാരുന്ന കോടികള്‍ നമ്മള് സാധാരണക്കാരന്റെ ചോര വിയര്‍പ്പാക്കിയ കാശാണെന്ന് നമ്മള് ചിലപ്പോഴെങ്കിലും മറന്നുപോകുന്നു . ചെല‘വായി(ൽ) പോകുന്ന ഈ കോടികളുടെ നൂറിലൊന്ന് ശതമാനം പോലും ആവശ്യമില്ല നമ്മുടെ നാടിന് വേണ്ടി ഒരു നല്ലകാര്യം ചെയ്യാന്‍. പക്ഷെ അത് ഉണ്ടാകില്ല. കാരണം. നമ്മെ ഭരിച്ച് മുടിക്കുവാനും കയ്യിട്ട് വാരുവാനും അതു വഴി സ്വന്തം ജീവിതം ഭദ്രമാക്കുവാനും മാത്രം ഉള്ള ലൈസന്‍സാണ് നമ്മള് സമ്മതിദാനാവകാശത്തിലൂടെ പതിച്ച് കൊടുക്കുന്നത്.
ഇവിടെ കോടികള്‍ കയ്യിലിട്ട് അമ്മാനമാടുന്ന രാഷ്ട്രീയ ആചാര്യനും ചികിത്സ സര്‍ക്കാര്‍ ചിലവില്‍. വൈദ്യുതിച്ചാര്‍ജും കരവും നിത്യോപയോഗസാധങ്ങളുടെ വിലയുമൊക്കെ കൂട്ടി സാധാരണക്കാരനെ പിഴിഞ്ഞെടുക്കുന്ന കാശ് കൈവശമുള്ളപ്പോള്‍ പിന്നെ എന്താണ് കഴിയാത്തത്. എന്നാല്‍ ഈ കാശിന്റെ ഒരു ഭാഗമെങ്കിലും പൊതുജനമെന്ന ദരിദ്രവാസികള്‍ക്ക് വേണ്ടി ചിലവഴിച്ചിരുന്നെങ്കില്‍...
നമുക്ക് ചെയ്യാനുള്ളത് ഇനി ഇത്രമാത്രമേ ഉള്ളു. അഞ്ച് വര്‍ഷങ്ങള്‍ ഇടവിട്ട് നമുക്ക് മാറിമാറി ഇവരെ അധികാരത്തിന്റെ ഔന്നത്യത്തിലേക്ക് കയറ്റിവിടാം. എന്നിട്ട് ഇവനൊക്കെ പ്രതിപക്ഷവും ഭരണപക്ഷവും കളിച്ച് നമ്മെ തമ്മിലടിപ്പിച്ചും കൊള്ളയടിച്ചും ഈ നാട് മുടിപ്പിക്കുമ്പോള്‍ നമുക്ക് നമ്മുടെ ‘രാഷ്ട്രീയ പ്രബുദ്ധത‘യെ കുറിച്ചാലോചിച്ച് കോള്മയിര് കൊള്ളാം. അതുമല്ലെങ്കില്‍ ഈ രണ്ടും കെട്ട രാഷ്ട്രീയക്കാരന് രണ്ട് കീജയ് വിളിക്കാം. ഇതാണ് നമ്മുടെ വിധി. നമ്മള് ഇരന്നു വാങ്ങുന്ന നമ്മുടെ വിധി.
വാല്‍ക്കഷണം: കള്ളന്+കൊള്ളക്കാരന്=രാഷ്ട്രീയക്കാരന്. പാടി പതിഞ്ഞതാണെങ്കിലും ഇതാണ് സത്യം.