
മോന്: അമ്മച്ചീ ഇതാണ് ക്രിക്കറ്റ്.
അമ്മച്ചി: അത് ശരി ...ഇതായിരുന്നല്ലേ ക്രിക്കറ്റ്. ബൈജിങ്ങ് ബൂട്ടിയയും മഹേഷ് ഭൂപതിയുമൊക്കെ കളിക്കുന്നുണ്ടോ മോനെ?
മോന്: അമ്മച്ചീ പ്ലീസ്. എന്റെ വിലകളയരുത്. ഇത് ക്രിക്കറ്റാ ക്രിക്കറ്റ്....
അമ്മച്ചി: എനിക്കറിയാം. ഹോ....ഒരു വലിയ പരിഷ്കാരി വന്നിരിക്കുന്നു. നിനക്കറിയോ പണ്ട് ഇറ്റലിയില്‍ എന്റെ കുട്ടിക്കാലത്ത് ഞാന്‍ എന്തോരം ക്രിക്കറ്റ് കളിച്ചിരിക്കുന്നു. എത്ര ഗോളടിച്ചിരിക്കുന്നു.
മോന് : ക്രിക്കറ്റില്‍ ഗോളോ.......അമ്മച്ചീ എണീച്ച് പോയേ....ഡേ, എസ് പി ജി ഇവരെ വീട്ടിക്കോണ്ട് വിട്ടേ....
അമ്മച്ചി: ടാ...ടാ അങ്ങ് അടങ്ങടാ കൊച്ചനേ....
മോന്: ചങ്കും മത്തങ്ങയും അറിയാതെ പിന്നെ എന്തോ കാണാനാ മോഹാലിയിലേക്ക് കെട്ടിയെടുത്തത്....
അമ്മച്ചി: നീ എന്നാത്തിനാ കെട്ടിയെടുത്തത്......അതിന് തന്നെ......
മോന്: ഞാന്‍ നമ്മുടെ ടീമിനെ പ്രോത് സാഹിപ്പിക്കാന്‍ വന്നതാ....
അമ്മച്ചി: ഓ ....നിന്റെയൊരു പ്രോത്സാഹനം...ടാ ഞാന്‍ നിന്റെ തള്ളയാ. എനിക്കറിയാം നിന്റെ പ്രോത്സാഹനത്തിന്റെ പുറകിലുള്ള താല്പര്യമൊക്കെ. കേട്ടോടാ. ഷോ കാണിക്കാനല്യോടാ പൊന്നുമോനേ നീ ഇവിടെ കെട്ടിക്കിടക്കുന്നത്....
മോന്: അമ്മച്ചീ..............
അമ്മച്ചി: നിനക്കറിയാം ലോകത്തുള്ള സകലമാന ടിവിക്കാരും ഇന്നിവിടെ കാണുമെന്ന്.........അവന്മാരുടെ പ്രധാനമന്ത്രിയും നമ്മുടെ പ്രധാനമന്ത്രിയുമൊക്കെ ഉണ്ടെങ്കിലും ക്യാമറ കണ്ണ് നിന്റെ ചുറ്റുമാണ് കൂടുതല്‍ എന്ന് നിനക്ക് വ്യക്തമായി അറിയാം. ആ ഏസി ക്യാബിനില്‍ ഇരുന്നാല്‍ നിന്റെ മോന്ത ക്യാമറയില്‍ കിട്ടാതെ പോയാലോ എന്ന് കരുതിയല്ലിയോടാ നാറീ നീ എന്നെയും വിളിച്ച് ഗാലറിയില്‍ ഈ ഡേര്‍ട്ടി കോമണ്‍ പീപ്പിളിന്റെ ഇടയില്‍ വന്നിരുന്നത്.
മോന്: അമ്മച്ചീ ഒന്നടങ്ങ്.......
അമ്മച്ചി: എന്തിനാ അടങ്ങുന്നത്.........അവന്റെ ഒരു അഭിനയം. നീയെന്ത് കരുതി എനിക്കൊന്നും അറിയില്ലെന്നോ.......
മോന്: അമ്മച്ചിക്കെന്തോന്ന് അറിയാമെന്നാ?
അമ്മച്ചി: സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ എന്നും പറഞ്ഞ് നീ ട്രയിനില്‍ ജനറല്‍ കമ്പാര്‍ട്ട് മെന്റില്‍ യാത്രചെയ്തല്ലോ. എന്നിട്ട് എന്ത് മനസ്സിലാക്കി........?
മോന്: ഒരുപാട് പ്രശ്നങ്ങള്‍ മനസ്സിലാക്കി...
അമ്മച്ചി: ഉവ്വാ...ഉവ്വാ......നിനക്ക് ഷോകാണിക്കാന്‍ വേണ്ടി പൊട്ടിച്ച് കളഞ്ഞത് എത്ര സാധാരണക്കാരന് ഉണ്ണാനും ഉടുക്കാനുമുള്ള കോടികളാണെന്ന് വല്ല നിശ്ചയവും ഉണ്ടോടാ മോനെ.........
മോന്: പിന്നേ കോടികള്‍...........നമ്മുടെ കുടുംബത്തില്‍ നിന്ന് എടുത്ത് ചിലവാക്കുന്നത് പോലെയാണല്ലോ അമ്മച്ചിയുടെ പറച്ചില്....
അമ്മച്ചി: പിന്നെ കേരളത്തില്‍ പോയാലുള്ള നിന്റെ കോളജ് സന്ദര്‍ശനം. നീയെന്തിനാടാ ഈ പെണ്ണുങ്ങള് പഠിക്കുന്ന കോളേജില്‍ മാത്രം കയറിയിറങ്ങുന്നത്?
മോന്: അത്........അത് ഈ പെണ്‍കുട്ടികള്‍ക്കല്ലേ അമ്മച്ചീ ശോഭനമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉള്ളത്...
അമ്മച്ചി: പിന്നേ...ശോഭന...ഉണ്ട. അവിടെ ചെന്നുകയറിയാല്‍ , നാലുപാടും എസ്.പി ജിക്കാരെയൊക്കെ നിര്‍ത്തിയുള്ള നിന്റെ എഴുന്നള്ളിപ്പും തെറ്റില്ലാത്ത ഗ്ലാമറുമൊക്കെ കണ്ട് അവളുമാര് ആരാധനയോടെ വായും പൊളിച്ചിരുന്നോളും എന്ന് നിനക്കറിയാം. എന്റെ മോന് ധൈര്യമുണ്ടേല്‍ തിരുവനന്തപുരത്തുള്ള ആ യൂണിവേഴ്സിറ്റി കോളേജിലോ അറ്റ്ലീസ്റ്റ് എം ജി കോളേജിലോ എങ്കിലും പോയി ഇങ്ങനെ ഒന്ന് ഷോകാണിച്ചിട്ട് വാ....
മോന്: അമ്മച്ചി എന്റെ പൊഹ കണ്ടേ അടങ്ങുകയുള്ളോ........പെഴച്ച് പോട്ടമ്മച്ചീ........
അമ്മച്ചി: പിന്നെ നിന്നോടൊരു കാര്യം പറയണമെന്ന് കുറച്ച് നാളായി വിചാരിക്കുന്നു. നീ എവിടെയോ ആളുകളിക്കാന്‍ വേണ്ടി മണ്ണോ കല്ലോ ചുമന്നെന്ന് കേട്ടല്ലോ?
മോന്:പറ്റിപ്പോയമ്മച്ചീ .ഒരു ദിവസം പറ്റിപോയി. കല്ലും ചുമന്നുകൊണ്ട് വന്ന ഒരു പെണ്ണുമ്പിള്ളയുടെ കയ്യില്‍ നിന്ന് അതു വാങ്ങി താഴെ വച്ചാല്‍ പേപ്പറിലൊക്കെ കളറ് പടം വരുമെന്ന് എന്റെ പുറകില്‍ നിന്ന ഒരുത്തന് പറഞ്ഞത് കേട്ട് ചാടിയിറങ്ങിയതാ. അവരു അത് താഴെ വയ്ക്കുന്നതിന് പകരം അതെടുത്ത് എന്റെ തലയിലോട്ട് താങ്ങി. വല്ലാത്തൊരു പണിയായി പോയി അമ്മച്ചി. പടമെടുപ്പിക്കാന്‍ പോയ ഞാന്‍ കല്ലുവീണ് പടമായേനേ....അമ്മച്ചി കണ്ടില്ലേ ആ പടം. ഞാന്‍ ഷൂസും കളസവുമൊക്കെ ഇട്ട് കല്ല് ചുമക്കുന്നത്.
അമ്മച്ചി:കണ്ടു...കണ്ടു...ഞഞ്ഞായിട്ടൊണ്ട്. ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം.ആളുകളിക്കാന്‍ ആയാല്‍ പോലും വെയിലുകൊണ്ടും ശരീരം അനങ്ങിയുമുള്ള ഒരു പരിപാടിയും നമുക്ക് വേണ്ട. നിന്റെ മോന്തായം ഒന്നു തുടുപ്പിച്ചേടുക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടതാ. മാത്രമല്ല , ഭരിക്കാന്‍ വേണ്ടി മാത്രമുള്ളവരാ നമ്മടെ കുടുംബക്കാര്. കഷ്ടപ്പാടുള്ള ഒരു പണിക്കും നമ്മള് പോകരുത്. നിന്റെ അച്ഛനും അച്ഛമ്മയും അച്ഛമ്മയുടെ അച്ഛനുമൊക്കെ അങ്ങനെ കഷ്ടപ്പെടാതെ നോക്കുകൂലി വാങ്ങിയവരാ..........
മോന്: കാലം മാറിയമ്മച്ചീ. ഇപ്പോള്‍ ഷോ കാണിക്കാതെ പിടിച്ച് നില്ക്കാന് പറ്റില്ല....
അമ്മച്ചി: ഒരുകാലവും മാറിയിട്ടില്ല. നമ്മളീ മഹാരാജ്യം എഴുതി വിറ്റാലും ചോദിക്കാന്‍ ഒരു പട്ടിയും വരില്ല. നമ്മടെ കുടുംബപ്പേര് കേട്ടാല്‍ തന്നെ നമ്മടെ പാര്ട്ടിക്കാര് മുണ്ടഴിച്ച് തലയില്‍ കെട്ടുമ്പോള്‍ പിന്നെയെന്ത് പേടിക്കാനാ.. അതൊക്കെ പോട്ടെ. നീയാ ഗ്യാലറിയിലോട്ട് നോക്കിയേ എന്തുമാത്രം പെണ്‍പിള്ളാരാ കിടന്ന് അഴിഞ്ഞാടുന്നത്. നിനക്കേതിനെയെങ്കിലും പിടിച്ചെങ്കില്‍ പറ. നമുക്കങ്ങ് നടത്താം.
മോന്: ഇതാ എനിക്ക് ഇഷ്ടപ്പെടാത്തത്. ഇത്രയും പ്രായമായിട്ട് ഞാന്‍ കെട്ടാത്തത് പെണ്ണ് കിട്ടാഞ്ഞിട്ടാണോ. അല്ലല്ലോ. എനിക്ക് കല്യാണം പോലെ ഇവിടത്തെ ഈ വൃത്തികെട്ട സെറ്റപ്പില്‍ താല്പര്യമില്ലന്ന് അമ്മച്ചിക്കറിയാമല്ലോ. ഇവിടത്തെ അലവലാതികള്‍ ഞാന്‍ ഇന്ത്യക്കാരനാണെന്ന് പറയുന്നെങ്കിലും മനസ്സുകൊണ്ട് ഞാനൊരു ഇറ്റലിക്കാരനാ...അമ്മയുടെ പൊന്നുമോന്. എത്ര വട്ടം ഞാനെന്റെ ‘കൂട്ടുകാരി’കളുമായി കേരളത്തിലോട്ട് പറന്നിരിക്കുന്നു. അമ്മച്ചിക്ക് ഒരു തമാശ കേള്‍ക്കണോ. ഒരു പെണ്ണും ചെറുക്കനും വെറുതെ നടന്ന് പോയാല്‍ പോലും പൊക്കുന്ന കേരളാ പോലീസ് എനിക്കും എന്റെ കൂട്ടുകാരിക്കും കാവല്‍ കിടക്കും റൂമിന് വെളിയില്‍... എന്താ തമാശ അല്ലേ....
അമ്മച്ചി: മക്കളുണ്ടാവുന്നേല്‍ ഇങ്ങനെ വേണം. മോന് ഷോകാണിച്ച് തേരാപാര നടക്കുമ്പോഴും യൂത്ത് പിള്ളാരെ ടാലന്റ് ഹണ്ട് നടത്തി പാട്ടും ഡാന്‍സും കാണിച്ച് പരിപ്പെടുക്കുമ്പോഴും ഒന്നോര്‍ക്കണം. മോന്റെ ചന്തിയില്‍ ആനപ്പുറത്ത് കേറിയതിന്റെ തഴമ്പില്ല. നിന്റെ അച്ഛനും അച്ഛമ്മയ്ക്കും അച്ഛമ്മയുടെ അച്ഛനും ആ തഴമ്പ് ഉണ്ടെന്ന് ആരെങ്കിലും നിന്നെ വിശ്വിസിപ്പിച്ചിട്ടുണ്ടേല്‍ അത് പച്ചക്കള്ളവുമാണ്.
മോന്: അതൊക്കെ വിട്.....ദേ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ട്....നമ്മുടെ മോന്തായം ലൈവായിട്ട് ലോകം കാണുവാന്ന് മറക്കരുത്......
അമ്മച്ചി: മോനെ ഡാ ആ കിടന്ന് തുള്ളുന്നത് നമ്മുടേ അംബാനിയുടെ പെണ്ണുമ്പിള്ളയല്ലേ....അവളുടെ ഉടുപ്പില്‍ ഉറുമ്പു കയറിയോ ഇങ്ങനെ കിടന്ന് തുള്ളാന്‍....
മോന്: വലിയ പുള്ളിയാ. ഭര്‍ത്താവിനെ നോക്കി നിര്‍ത്തി ഹര്‍ഭജന്റെ നെഞ്ചത്ത് ചാടിക്കേറിയ പുള്ളിയാ...ഇതാണമ്മച്ചീ ഭാരത സ്ത്രീ തന് ഭാവശുദ്ധി
അമ്മച്ചി: ഓ അത് ഇതായിരുന്നല്ലേ........
മോന്: അമ്മച്ചീ ദോ അങ്ങോട്ട് നോക്കിക്കേ.......നമ്മുടെ മോഹനങ്കിളിനെയും ഗില്ലു അങ്കിളിനെയും ചില്ലിട്ട് വച്ചിരിക്കുന്നു.
അമ്മച്ചി: സത്യമാണല്ലോ......മോനേ മോഹനന് അനക്കമൊന്നുമില്ലല്ലോടാ........കാറ്റുപോയോ?
മോന്: അല്ലെങ്കില്‍ എന്നാ മോഹനങ്കിളിനെ അമ്മച്ചി അനക്കിയിട്ടുള്ളത്. ആ വാപോലും തുറക്കാന്‍ സമ്മതിക്കില്ലല്ലോ. പാവം. കളി കാണാന്‍ വന്നപ്പോള്‍ അവിടെയും ചില്ലിട്ട് വച്ചു.
അമ്മച്ചി: നീ ഒരോന്ന് പറയാതെ കളിയില്‍ ശ്രദ്ധിക്ക്........ദേ സച്ചിന് അടിക്കുന്നു.........ഗോള്‍..........ഗോള്‍.........