"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Thursday, April 10, 2008

ക്ഷമിക്കൂ മലയാളമേ...


കേരളീയരുടെ മാതൃഭാഷ ഏതാണ് ? ചോദ്യം കേട്ട് ചിരിക്കുകയാണോ? എങ്കില്‍ ആ ചിരി മായാന്‍ സമയമായി. കേരളത്തിലെ പുതിയ തലമുറയെ ഏറ്റവും അധികം ആശയക്കുഴപ്പത്തില്‍ ആക്കുന്ന ചോദ്യം ഇനി ഇതായിരിക്കും. അത്രയ്ക്ക് ഭേഷാണ് ഇപ്പോള്‍ മലയാളത്തിന്റെ സ്ഥിതി.


എന്റെ മക്കള്‍ ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കും എന്ന് മാതാപിതാക്കള്‍ അഭിമാനം കൊള്ളുമ്പോള്‍ അതില്‍ അവരെ തെറ്റു പറയാന്‍ കഴിയില്ല നമുക്ക്. കാരണം മാറ്റങ്ങളില്‍ നിന്നു മാറ്റങ്ങളിലേക്ക് കുതിക്കുന്ന നമ്മുടെ ഈ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ നമുക്കു സായിപ്പിന്റെ ഭാഷ കൂടിയേ തീരൂ എന്ന യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊണ്ടേ മതിയാകൂ. എന്നാല്‍ എന്റെ മക്കള്‍ക്ക് മലയാളം അറിയുകയേയില്ല എന്ന് കൂടി കൂട്ടി ചേര്‍ത്ത് അത് ഒരു "ക്രെഡിറ്റ്" ആയി വീമ്പിളക്കി അതില്‍ അഭിമാന പുളകിതരാകുന്ന മലയാളിയുടെ പാപ്പരത്തം അസ്സഹനീയമാണ് എന്ന് പറയാതെ വയ്യ.


മലയാളി മനസ്സില്‍ വേരോടിക്കോണ്ടിരിക്കുന്ന മലയാള ടെലിവിഷന്‍ ചാനലുകള്‍ ആണ് നമ്മുടെ മലയാളത്തെ ഇത്രയും മലീമസമാക്കിയത് എന്ന് നിസ്സംശയം പറയാം. നമ്മള്‍ കാണുന്നത് ഇംഗ്ലീഷ് ചാനല്‍ ആണോ എന്ന് സംശയിച്ചു പോകുന്ന തരത്തിലാണ് മലയാളികളായ ടെലിവിഷന്‍ അവതാരകര്‍ പ്രകടിപ്പിക്കുന്ന മംഗ്ലീഷ് കസര്‍ത്തുകള്‍.ഇവരുടെ ഈ പ്രകടനങ്ങള്‍ കണ്ടു പുതിയ തലമുറ വഴി പിഴച്ചു പോയില്ലെങ്കിലേ അതിശയിക്കേണ്ട കാര്യമുള്ളൂ.


മലയാളം ചാനലുകള്‍ സംസാരിക്കേണ്ടത് മലയാളികളുടെ ഭാഷയിലാണ്. മലയാളത്തിലാണ്. അല്ലെങ്കില്‍ "മലയാളം " ചാനല്‍ എന്ന പേരു പോലും അധികപ്പറ്റാകും. ഇവിടെ മലയാളം ചാനലുകളില്‍ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളുടെ അതിപ്രസരം ദൃശ്യമാണ്. ഇതര ഭാഷാ പരിപാടികള്‍ ആസ്വദിക്കുന്നതിനു അതതു ഭാഷ ചാനലുകള്‍ നമുക്കും ലഭ്യമാണ് എന്നിരിക്കെ എന്തിനാണ് ഈ കാട്ടികൂട്ടലുകള്‍ ? മലയാളം ചാനലുകളില്‍ മറ്റു ഭാഷകളിലുള്ള ഗാനങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ഏതെങ്കിലും ഇംഗ്ലീഷ് , ഹിന്ദി, തമിഴ് ചാനലില്‍ ഒരു മലയാളം ഗാനമോ എന്തിനധികം ഒരു മലയാള വാക്കുപോലും കേള്‍ക്കാന്‍ നമുക്കു കഴിയില്ല. മലയാളിക്കുള്ള 'ഇതര ഭാഷാ സ്നേഹം' അവര്‍ക്കൊന്നും ഇല്ലാത്തത് കൊണ്ടാകാം അത് .


മലയാളി മഹിളകള്‍ക്കാണ് മലയാളത്തോട് ഇപ്പോള്‍ കൂടുതല്‍ പുച്ഛം. മലയാളം പറഞ്ഞു പോയാല്‍ തങ്ങളുടെ 'അഭിമാനം' തന്നെ തകര്‍ന്നു പോകുന്ന വന്‍ പ്രതിസന്ധിയിലൂടെയാണ്‌ അവര്‍ കടന്നു പോകുന്നത്. തങ്ങളുടെ മക്കളും മലയാളം പറയരുത് എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട് . ഈ നിര്‍ബന്ധമാണ്‌ വിദ്യാലയങ്ങളിലെ 'മൊട്ടയടിക്കല്‍ പ്രസ്ഥാനത്തിന് അടിത്തറ പാകിയ അധ്യാപക(ക്ഷുരക)ശ്രേഷ്ഠന്‍മാരുടെ പ്രേരക ശക്തി. കേരളത്തിലെ ഇംഗ്ലീഷ് മാദ്ധ്യമം ആയ എല്ലാ വിദ്യാലയങ്ങളും മലയാളം പറയുന്ന കുട്ടികള്‍ക്ക് പിഴ ചുമത്തും എന്നത് പുതിയ അറിവല്ല. ഇതൊക്കെ നടക്കുന്നത് മലയാളം മാതൃഭാഷ ആയ കേരളത്തിലാണ് എന്നതു മാത്രം മതി മലയാളത്തിന്റെ ഇന്നത്തെ സ്ഥിതി മനസ്സിലാക്കാന്‍ .


മലയാള ഭാഷയെ പുനരുജ്ജീവിപ്പിക്കാനുള്ള പത്രങ്ങളുടെ കാല്‍വയ്പ്പുകള്‍ പ്രശംസനീയം തന്നെ. മലയാളം ഭാഷ സംസാരിക്കാന്‍ മലയാളി മാത്രമെ ഉള്ളു . നാം അതിന് വിമുഖത കാണിച്ചാല്‍ പരിതാപകരമാകും മനോഹരമായ നമ്മുടെ ഭാഷയുടെ സ്ഥിതി. മറ്റു ഭാഷകളോട് ആദരവ്‌ ആകാം. പക്ഷെ അത് നമ്മുടെ മാതൃഭാഷയെ തള്ളിപ്പറഞ്ഞു കൊണ്ട് ആകരുത്. അങ്ങനെ ആയാല്‍ നാം പുറം കാല് കൊണ്ടു ചവിട്ടി തെറുപ്പിക്കുന്നത് ഒരു മനോഹര ഭാഷയെ എന്നതിലുപരി ഒരു സംസ്കാരത്തെയാണ് .... പാരമ്പര്യത്തെ ആണ്...


കുട്ടികള്‍ ഇംഗ്ലീഷ് പഠിച്ചോട്ടെ. അതോടൊപ്പം നമ്മുടെ ഭാഷയും അവര്‍ പഠിക്കണം. മലയാളം 'കുരച്ചു' അറിയുന്ന മലയാളികള്‍ ആകരുത് അവര്‍. അങ്ങനെ ആയാല്‍ അത് നമ്മുടെ പരാജയമാണ്. മലയാളിയുടെ പരാജയമാണ്. മലയാളത്തിന്റെ പരാജയമാണ്.

Sunday, March 9, 2008

രക്തഗന്ധം ശ്വസിക്കുന്ന കേരളം


2-3...3-3...3-4...4-4... ഇതു ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഫുട്ബോള്‍ മത്സരത്തിന്റെ തല്‍സമയ സ്കോര്‍ നില അല്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്ന പേരില്‍ കേരളമെന്ന ഈ ചെറിയ ഭൂപ്രദേശത്തു അരങ്ങേറുന്ന കാടത്തത്തില്‍ രക്തസാക്ഷികള്‍ ആകേണ്ടി വന്ന ഹതഭാഗ്യരുടെ എണ്ണമാണ്. ഈ സ്കോര്‍ നില വര്‍ദ്ധിപ്പിക്കാന്‍ മനുഷ്യത്വമില്ലായ്മയുടെ ആള്‍ രൂപങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ ഇവിടെ സാധാരണ ജനങ്ങളുടെ അതായതു ഒരു പാര്‍ട്ടിയോടും പ്രത്യേക കൂറില്ലാത്ത ഭൂരിപക്ഷ മലയാളികളുടെ ഹൃദയ സ്പന്ദനം കൂടുന്നത് ഒരു രാഷ്ട്രീയക്കാരനും അറിയുന്നില്ല. അറിയേണ്ട കാര്യം അവര്‍ക്കില്ല എന്നതാണ് സത്യം.


എന്താണ് മലയാളിക്ക് പറ്റിയത് ? പണ്ടു നമ്മുടെ ഈ കേരളത്തെ പറ്റി നമുക്കു ഒരു വിശ്വസമുണ്ടായിരുന്നു. ഓരോ മലയാളിയും നമ്മുടെ ഈ കൊച്ചു കേരളത്തില്‍ സുരക്ഷിതരാണ് എന്ന് . എന്നാല്‍ ഇപ്പോള്‍ അത്തരം മിഥ്യാ ധാരണകള്‍ ഒന്നും ഒരു മലയാളിക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല. നമുക്കുവേണ്ടി നാം തിരഞ്ഞെടുത്തവര്‍ തന്നെ നമ്മുടെ ജീവന് വിലപറയുന്ന അവസ്ഥ. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വേലി തന്നെ വിളവ്‌ തിന്നുന്നു അത്ര തന്നെ...


രാഷ്ട്രത്തെ സേവിക്കലാണ് രാഷ്ട്രീയം എന്ന നിര്‍വ്വചനങ്ങള്‍ ഒക്കെ പഴകി ദ്രവിച്ചിരിക്കുന്നു. ഇപ്പോള്‍ മറ്റേതൊരു തൊഴിലും പോലെ ഒരു തൊഴില്‍ മാത്രമാണ് ഈ രാഷ്ട്രീയവും. സ്വന്തം കീശ വീര്‍പ്പിക്കാന്‍ ഉള്ള ഒരു മാര്‍ഗം മാത്രമാണിപ്പോള്‍ രാഷ്ട്രീയക്കാരന്റെ രാഷ്ട്ര സേവനം. നൂറു ശതമാനം സാക്ഷരത നേടിയെന്നു അഭിമാനിക്കുന്ന നമ്മള്‍ മലയാളികള്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഒരു കാര്യമുണ്ട്. ഇത്തരം രാഷ്ട്രീയക്കാര്‍ക്ക് നമ്മള്‍ സാധാരണ ജനങ്ങള്‍ വെറും വോട്ടു ബാങ്കുകള്‍ മാത്രമാണെന്നുള്ള സത്യം .


"രക്തസാക്ഷികള്‍ ". ഇവരാണ് ഓരോ പാര്‍ട്ടിയുടെയും തുറുപ്പ് ചീട്ട്‌. സ്വന്തം പാര്‍ട്ടിയുടെ ചുവടുറപ്പിക്കാനും വോട്ടര്‍മാര്‍ക്കിടയില്‍ സഹതാപ തരംഗം സൃഷ്ടിക്കാനും അതുവഴി അധികാരത്തിന്റെ ഇടനാഴികളില്‍ കയറിപ്പറ്റാനും പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ ദുർമേദസ്സുകള്‍ക്കും ഈ ഹതഭാഗ്യരെ കൂടിയേ കഴിയൂ. സ്വന്തം രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവര്‍ തന്നെ വേണമെന്നില്ല അവര്‍ക്ക്. ശത്രുവിന്റെ കൈ കൊണ്ടു ഏത് നിരപരാധി കൊല്ലപ്പെട്ടാലും സ്വന്തം പാര്‍ട്ടിയുടെ "രക്തസാക്ഷിയായി" ഏറ്റെടുത്തോളും അവര്‍‍. പക്ഷെ ഈ " രക്തസാക്ഷിക്ക്" അല്ലെങ്കില്‍ അയാളുടെ കുടുംബത്തിനു നഷ്ടപ്പെടുന്നത് തിരിച്ചുകൊടുക്കാന്‍ കഴിയുമോ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്?.


ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്കും വിലകൂടിയപ്പോള്‍ വിലയില്ലാത്തത് ഇപ്പോള്‍ മനുഷ്യ ജീവന് മാത്രമാണ്. ഇന്നലെ വരെ തോളില്‍ കയ്യിട്ടു നടന്ന, സൌഹൃദ സ്പര്‍ശം പകര്‍ന്ന്‌ തന്ന സ്വന്തം സുഹൃത്തിനെ, വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പേരില്‍ മരണത്തിലേക്ക്‌ കൈപിടിച്ചു നടത്താന്‍ മടിയില്ലാതായിരിക്കുന്നു മലയാളിക്ക്. ആശയങ്ങളോടുള്ള അസഹിഷ്ണുത തീര്‍ക്കാന്‍ വടിവാളിനെയും കഠാരയേയും കൂട്ട് പിടിക്കേണ്ട ഭ്രാന്തിന്‍ വക്കിലാണോ മലയാളിയുടെ മാനസികാവസ്ഥ?


ഇനി എങ്കിലും നിര്‍ത്തിക്കൂടെ ഈ ഒരു കാട്ടുനീതി? നമുക്കു നഷ്ടപ്പെടുന്നത് നമ്മുടെ സഹോദരന്മാരെയാണ്... സുഹൃത്തിനെയാണ്... ബന്ധുമിത്രാദികളെ ആണ്.... ഇതിലെല്ലാം ഉപരി പവിത്രമായ ബന്ധങ്ങളെയാണ്. തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ തിരിച്ചറിയാന്‍ നമുക്കു കഴിയണം. ഇല്ലെങ്കില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയുടെ വിലാപങ്ങള്‍ക്ക് നമ്മള്‍ എന്നെങ്കിലും കണക്കു പറയേണ്ടി വരും .അച്ഛന്‍ നഷ്ടപ്പെട്ട മക്കളുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ നമുക്കു ഉത്തരം മുട്ടും. മകനെ നഷ്ടപെട്ട മാതാപിതാക്കളുടെ കണ്ണീരിനു മുന്‍പില്‍ നമുക്കു തല കുനിക്കേണ്ടി വരും .. അതിനാല്‍ നമുക്കു മതിയാക്കാം. ഇല്ലങ്കില്‍ വളരെ താമസിച്ചുപോകും നമ്മള്‍ . ആശയങ്ങളിലെ വ്യത്യസ്തത നമ്മുടെ സിരകളിലോടുന്ന രക്ത വര്‍ണത്തിനോ ഗന്ധത്തിനോ ഇല്ല എന്ന തിരിച്ചറിവ് മാത്രം മതി ഈ പേക്കൂത്തിന് വിരാമമിടാന്‍...

Monday, February 11, 2008

എങ്കിലും എന്റെ പാട്ടുകാരാ...



ഒരു ഗായകന് അവശ്യം വേണ്ട ഗുണഗണങ്ങള്‍ എന്തൊക്കെയാണ്? നല്ല ശബ്ദം, സ്വര ശുദ്ധി, സംഗീതത്തിലുള്ള അവഗാഹം, കഴിവ്... എന്നൊക്കെയാണോ നിങ്ങള്‍ പറഞ്ഞു വരുന്നത്. തെറ്റി സുഹൃത്തേ തെറ്റി. ഇതൊക്കെയായിരുന്നു ഒരു നല്ല ഗായകനെ അളക്കാനുള്ള മാനദണ്ഡം. കുറച്ചു കാലം മുന്‍പ് വരെ. പക്ഷെ ഇപ്പോള്‍ അത്തരം കാര്യങ്ങളൊക്കെ പറഞ്ഞാല്‍ ഞങ്ങള്‍ക്ക് നിങ്ങളെ പുച്ഛികേണ്ടി വരും. കാലം മാറിയതൊന്നും അറിയുന്നില്ലേ?


ഇപ്പോള്‍ ഒരു ഗായകനില്‍ നിന്നും മലയാളി എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പറയാം. സുഹൃത്ത് സംഗീത കാര്യത്തില്‍ യഥാസ്ഥിതികന്‍ ആണെങ്കില്‍ അടുത്തുള്ള തൂണില്‍ ഒന്നു പിടിച്ചോളൂ. ഹൃദയ വേദന ഏത് നിമിഷവും വരാമല്ലോ.മനുഷ്യന്റെ കാര്യമല്ലേ സുഹൃത്തേ.......



ഒന്നാമതായി ഒരു ഗായകന് വേണ്ടത് മെയ് വഴക്കമാണ്. കളരിയോ, ഏതെങ്കിലും അഭ്യാസ മുറയോ പഠിച്ചതാണ് എങ്കില്‍ വളരെ നല്ലത്. ഒരു ഗായകന്‍ ഒരു സ്ഥലത്തു തന്നെ നിന്നു പാടുന്ന സമ്പ്രദായം ഒക്കെ പഴയതായി. പാടാന്‍ നില്ക്കുന്ന വേദി പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് പുതിയ രീതി. വേദി ഉപയോഗിക്കുക എന്ന് പറഞ്ഞാല്‍ ഒരു അധ്വാനമാണ്. പാടുന്നതോടൊപ്പം തന്നെ തലകുത്തി മറിയുക, ഒറ്റക്കാലില്‍ നില്‍ക്കുക, കയ്യിലിരിക്കുന്ന മൈക്ക് എറിഞ്ഞു കളിക്കുക, സദസ്സിനെ നോക്കി കൊഞ്ഞനം കുത്തുക എന്നതൊക്കെ ഈ അധ്വാനത്തില്‍ ഉള്‍പ്പെടും. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ അഴിഞ്ഞാടുക. എന്നാലെ ഗായകനാണെന്ന് മലയാളിക്ക് തോന്നൂ.


അഭിനയ പാടവമാണ് അത്യാവശ്യമായ മറ്റൊരു ഗുണം. ഗാനമേളകളിലാണ് ഇതിന്റെ ആവശ്യകത കുടുതലായി വരുക. സീഡിയില്‍ നിന്നു കേള്‍ക്കുന്ന പാട്ടിനനുസരിച്ച് ചുണ്ട് ചലിപ്പിക്കുന്ന ഗായകന്‍ അഭിനയ കൊടുമുടിയിലേക്കാണ് കയറിപ്പോകുന്നത്. പക്കമേളക്കാര്‍ സഹനടന്മാരുടെ വേഷം ഭംഗിയായി കൈകാര്യം ചെയ്തോളും. ഞങ്ങള്‍ സദസ്സ്യര്‍ ആ ഗാനലഹരിയില്‍ ആനന്ദ നൃത്തം ചവിട്ടും. മൊത്തത്തില്‍ ജഗപൊക. ഞങ്ങള്‍ക്ക് ഇതൊക്കെ മതി മാഷേ....


പിന്നെ ശബ്ദം. ഇവിടെ കുറച്ചു പേരുണ്ട്. യേശുദാസ്, ജയചന്ദ്രന്‍ എന്നൊക്കെ പേരുള്ള കുറച്ചുപേര്‍. പാട്ടുകാരാണ് എന്നാണ് അവരുടെ ഒക്കെ വിചാരം. വെറുതെ. ഒന്നിനും പാടാന്‍ അറിയില്ല. ശബ്ദമോ... കേള്‍ക്കുന്നത് തന്നെ അറപ്പാണ് ഞങ്ങള്‍ക്ക്. ഞങ്ങള്‍ക്ക് ഗിഫ്റ്റ് ആയി ഇപ്പോള്‍ ഒരുപാട് ഗായകരുണ്ട്. അവരുടെ ശബ്ദത്തിനു തന്നെ കൊടുക്കണം കാശ്. അവര്‍ പാടുമ്പോള്‍ ഉണ്ടാകുന്ന നിര്‍വൃതി. അത് പറഞ്ഞാല്‍ മനസ്സിലാകുമോ ഈ പഴയ പാട്ടിന്റെ ആള്‍ക്കാര്‍ക്ക്. എരുമയുടെ ശബ്ദത്തില്‍ ഒന്നു പാടികാണിക്കട്ടെ ഈ യേശുദാസും ജയച്ചന്ദ്രനുമൊക്കെ. അപ്പോള്‍ സമ്മതിക്കാം ഞങ്ങള്‍.


പിന്നെ ഞങ്ങളുടെ ഗാനരചയിതാക്കളുടെ കാര്യം. വയലാര്‍, പി. ഭാസ്ക്കരന്‍ തുടങ്ങിയ കുറച്ചു പേരുണ്ടായിരുന്നു ഇവിടെ. ഞങ്ങളുടെ ഇപ്പോഴുള്ള രചയിതാക്കളുടെ വാലേല്‍ കെട്ടാന്‍ കൊള്ളുമോ അവരെ. ഒരു "ചക്രവര്‍ത്തിനീ". ഇതാണോ രചന?. എന്നാല്‍ ഞങ്ങളുടെ ചേട്ടന്‍മാരുടെ വരികള്‍ ശ്രദ്ധിക്കൂ. "അലസാ കോലുസാ പെണ്ണ് ...അവളിലെനിക്കൊരു കണ്ണ് ", എന്തൊരു കാവ്യഭംഗി!!! വേറൊന്ന് കൂടി കേട്ടോ "പിടിയാന പിടിയാനാ അവള്‍ മദയാന മദയാന" . ഇതാണ് രചന ...."എസ്കോട്ടെല്ലോ ബിപിഎല്ലൊ ഞാന്‍ നിന്റെ മൊബൈല്‍ ആയെങ്കില്‍" എന്ന് കാവ്യത്മകമായി എഴുതാന്‍ കഴിയുമോ ഈ വയലാറിനും ഭാസ്കരനും. ഇത്തിരി പുളിക്കും.


ഈ കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കുടുതല്‍ പഴി കേള്‍ക്കുന്നവരാണ് ഞങ്ങളുടെ പുതിയ സംഗീത സംവിധായകര്‍. അവര്‍ ഏത് സംഗീതം കൊടുത്താലും പഴയ പാട്ടിന്റെ മോഷണമാണത്രേ. പറയുന്നവര്‍ക്ക് പറഞ്ഞാല്‍ മതി. സംഗീതം എന്ന് പറയുന്നതു അനന്ത സാഗരമാണ്. ഒരേ രാഗത്തില്‍ ചിട്ടപ്പെടുത്തുമ്പോള്‍ ചിലപ്പോള്‍ വേറെയൊരു പാട്ടിന്റെ ട്യൂണ്‍ ഒക്കെ വന്നെന്നിരിക്കും. പഴയ മണ്ടന്‍ സംഗീത സംവിധായകര്‍ ചെയ്യുന്നപോലെ വരികള്‍ എഴുതിയിട്ട് ട്യൂണ്‍ ഇടാന്‍ ഒന്നും ഞങ്ങളുടെ പുതിയ സംഗീത സംവിധായകന്‍മാര്‍ക്ക് സമയവുമില്ല. താല്‍പര്യവുമില്ല.


പഴയ ഗാനങ്ങള്‍ക്കാണ് മധുരം കുടുതല്‍ എന്ന് പറയുന്ന നിങ്ങളോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളുടെ നിലവാരത്തിലേക്ക് ഉയരുക. അല്ലെങ്കില്‍ വാ പൂട്ടി മിണ്ടാതിരിക്കുക. ഞങ്ങളെ കൊണ്ടു ഇതൊക്കെയേ പറ്റു . വേണമെങ്കില്‍ കേട്ടാല്‍ മതി.......


വാല്‍ക്കഷണം: ദൈവം കരുണ ഉള്ളവനാണ്. വയലാറിനെയും ദേവരാജന്‍ മാഷിനെയും രവീന്ദ്രന്‍ മാഷിനെയുമൊക്കെ അദ്ദേഹം നേരത്തെ അങ്ങ് വിളിച്ചല്ലോ. അല്ലെങ്കില്‍ അവരുടെ സ്ഥിതി............

Sunday, January 20, 2008

പീഡനക്കാരെ ഇതിലേ...ഇതിലേ...


സ്ത്രീപീഡനം !! സ്ത്രീപീഡനം !! കുറച്ചു നാള്‍ മുന്‍പ് വരെ മലയാളിയെ ഞെട്ടിച്ചിരുന്ന ഒരു വാക്കായിരുന്നു ഇത്. പ്രായപൂര്‍ത്തിയായ പെണ്മക്കളെ പറ്റി വേവലാതി പൂണ്ടിരുന്ന അച്ഛനമ്മമാരുടെ മനസ്സില്‍ തീ കൊരിയിട്ട വാക്ക്. എല്ലാ പത്രങ്ങളും ഒരുപോലെ ആഘോഷിച്ച വാക്ക്.എന്നാല്‍ ഇപ്പോള്‍ കാലം മാറിപ്പോയി. ഇപ്പോള്‍ ഈ വാക്ക് കേട്ട്‌ ഒരു മലയാളിയും ഞെട്ടുന്നില്ല. ജോലി കഴിഞ്ഞു മടങ്ങുന്ന സര്‍ക്കാര്‍ ജോലിക്കാരെ മാത്രം ലക്‍ഷ്യം വച്ച് പുറത്തിറങ്ങുന്ന സായാഹ്നപത്രം എന്ന ഓമനപ്പേരുള്ള "മഞ്ഞ"പ്പത്രങ്ങളിലെ ഇക്കിളിപ്പെടുത്തുന്ന വാര്‍ത്തകളില്‍ ഒന്നായി ഇതും മാറിയിരിക്കുന്നു. ഇത്തരം വാര്‍ത്തയോട് നിസംഗമായി പ്രതികരിക്കാന്‍ ശീലിച്ചു മലയാളി. സ്ത്രീപീഡനം എന്നുള്ളത് നമ്മുടെ നാട്ടില്‍ മാത്രം ഉള്ള ഒരു "പ്രതിഭാസം" ഒന്നുമല്ലെങ്കിലും ഈ കുറ്റകൃത്യത്തിന്റെ തോത് നമ്മുടെ നാട്ടില്‍ കൂടുതലാണെന്നു സമ്മതിക്കാതെ തരമില്ല. നമ്മുടെ നാട്ടില്‍ കാമവെറിയന്മാരുടെ എണ്ണം കുടി വരുന്നു എന്ന് പരിതപിക്കുമ്പോഴും ഒന്നു ചോദിച്ചോട്ടെ? ഈ അവസ്ഥയ്ക്ക് അറിഞ്ഞോ അറിയാതെയോ നമ്മളും പങ്കാളികളല്ലേ? ആണെങ്കിലും നമ്മള്‍ സമ്മതിച്ചു കൊടുക്കില്ല. കാരണം നൂറു ശതമാനം സാക്ഷരത നേടിയ മലയാളിക്ക് ഒരു കൂട്ടികൊടുപ്പുകാരനു സമാനമായ മനഃശാസ്ത്രം ആണുള്ളതെന്ന് സമ്മതിച്ചു കൊടുത്താല്‍ എന്താകും നമ്മുടെ "പകല്‍ മാന്യത"യുടെ സ്ഥിതി.


കസവു വേഷ്ടി ധരിച്ചു നെറ്റിയില്‍ ചന്ദനക്കുറിയും മുടിയില്‍ തുളസിക്കതിരും ചൂടിയ പെണ്‍കൊടി. രണ്ടു ദശാബ്ദം മുന്‍പ് വരെ മലയാളി മങ്കമാരെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ അങ്ങനെ ആയിരുന്നു. മലയാള സംസ്കൃതിയോടൊപ്പം തന്നെ പ്രശസ്തമായിരുന്നു ആ കുലീനതയും. ഇപ്പോള്‍ എല്ലാം മാറി. ഇപ്പോള്‍ സംസ്കാരവുമില്ല, കുലീനതയുമില്ല, മലയാളി മങ്കമാര്‍ക്ക് വസ്ത്രവും വേണ്ടാ എന്നതാണ് അവസ്ഥ. പരമാവധി തുണി കുറയ്ക്കുക എന്നതാണത്രേ ഇപ്പോഴത്തെ "ഫാഷന്‍".പഴയകാലം തിരിച്ചു വരും എന്ന് കവികള്‍ പാടുന്നത് വെറുതെയല്ല. നമ്മള്‍ പോവുകയാണ് ആ പഴയ ശിലായുഗത്തിലേക്ക്. "വിനാശകാലേ വിപരീത ബുദ്ധി" എന്ന് കരുതി സമാധാനിക്കാം നമുക്ക്.


ഇത്തരം "ഫാഷന്‍ " , പീഡനങ്ങള്‍ക്ക് ഒരു കാരണമാണെന്ന് സമ്മതിക്കാന്‍ മലയാളിക്ക്‌ ബുദ്ധിമുട്ടാണ് എങ്കിലും സത്യം അതാണ്. മറയ്ക്കേണ്ടത്‌ മറച്ചു തന്നെ പിടിക്കണം എന്ന പഴയ ചിന്തകള്‍ക്ക് ഇന്നത്തെ മനസ്സില്‍ സ്ഥാനമില്ല. എങ്കിലും കുട്ടി ഉടുപ്പിടുന്ന സഹോദരീ ഒന്നു പറഞ്ഞോട്ടെ..... ഇത്തരം വസ്ത്രം ധരിച്ചു ആദ്യം നിങ്ങള്‍ നിങ്ങളുടെ സഹോദരന്റെയും അച്ഛന്റെയും അമ്മയുടെയും മുന്‍പിലേക്ക്‌ ചെല്ലു. അവരുടെ മുന്‍പില്‍ നിങ്ങള്‍ക്ക് ലജ്ജിക്കാതെ നില്‍ക്കാന്‍ കഴിയുമോ? നിങ്ങള്‍ ഇത്തരം വസ്ത്രം ധരിക്കുമ്പോള്‍ ഈ ഇറുകിയ വസ്ത്രങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ ശ്വാസംമുട്ടൽ അനുഭവിക്കുന്നത്‌ കാണുന്നവരാണ്‌. ഒന്നു മനസിലാക്കുക. മലയാളിയുടെ മനസ് ഇപ്പോഴും പഴകിയതാണ്. ഉന്നത തലത്തില്‍ ചിന്തിക്കുന്നു എന്നുള്ളതെല്ലാം മറ്റുള്ളവരുടെ മുന്‍പില്‍ കൊട്ടിഘോഷിക്കാനുള്ള പുറംമോടി മാത്രമാണ്‌. കേരളത്തിന് പുറത്തു ജോലിചെയ്യുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് താല്പര്യമില്ല എന്ന സര്‍വ്വേ ഫലം തന്നെ ഈ നാട്യങ്ങള്‍ക്ക് തെളിവാണ്.


എന്നാല്‍ തങ്ങള്‍ കാണുന്നതാണ് ലോകത്തിന്റെ യഥാര്‍ത്ഥ മുഖമെന്നു ധരിക്കുകയും അപക്വമായ മനസിലുള്ളത് നിഷ്കളങ്കമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന കൌമാര മനസ്സുകളെ നമുക്കു വെറുതെ വിടാം. എന്നാല്‍ ഇതിനൊക്കെ ഉത്തരവാദികളായ ചിലരുണ്ട്. മക്കളെ ശ്രദ്ധിക്കാന്‍ പോലും സമയമില്ലാതെ അവരെ തോന്ന്യാസങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്ന അച്ഛനമ്മമാരുടെ വേഷം കെട്ടിയ നികൃഷ്ട ജന്മങ്ങള്‍. പ്രശസ്തിയും പണവും കിട്ടുമെങ്കിൽ എന്ത് "വിട്ടു വീഴ്ച" ചെയ്യാനും മക്കളെ പ്രേരിപ്പിക്കുന്ന ഈ കൂട്ടരെ തിരണ്ടി വാലുകൊണ്ട് അടിച്ചാലും അത് അധികമാവില്ല. ഏതെങ്കിലും സിനിമ അല്ലെങ്കില്‍ സീരിയല്‍ ഷൂട്ടിങ് നടക്കുന്നിടത്തേക്ക് കടന്നു ചെന്നാല്‍ നിങ്ങള്‍ക്കും കാണാന്‍ കഴിയും ഈ കൂട്ടരെ. ഫാഷന്‍ എന്ന പേരില്‍ കോലം കെട്ടിച്ച മകളുടെ കയ്യും പിടിച്ചു ചുണ്ടില്‍ ചായവും വാരിപൂശി എന്തിനും തയ്യാറായി സംവിധായകനെ കാണാന്‍ നില്പുണ്ടാകും അവര്‍. അവര്‍ക്ക് തിരിച്ചു കിട്ടേണ്ടത് പ്രശസ്തിയും പണവും മാത്രമാണ്‌. പുതിയ പടത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് സ്വന്തം മകളുടെ അർദ്ധനഗ്ന ഫോട്ടൊ അയച്ചു കൊടുത്ത അമ്മയെ കുറിച്ച് ഒരു പ്രമുഖ സം‍വിധായകന്റെ വെളിപ്പെടുത്തൽ നമുക്കിതിനോട് കൂട്ടിവായിക്കാം. സ്വന്തം മക്കള്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണം വാങ്ങാന്‍ ഈ സമൂഹത്തിന്‍റെ മുന്‍പില്‍ മാനം വില്ക്കേണ്ടി വരുന്ന, വ്യഭിചാരികള്‍ എന്ന് വിളിച്ചു നമ്മള്‍ പരിഹസിക്കുന്നവര്‍ എത്രയോ ഭേദമാണ്‌ ഈ കൂട്ടരുടെ മുന്‍പില്‍. ഇത്തരം അമ്മമാര്‍ ഈ നാട്ടിലുള്ളിടത്തോളം പീഡനങ്ങള്‍ തുടര്‍ കഥകള്‍ ആയില്ലെങ്കിലെ അതിശയിക്കേണ്ട കാര്യമുള്ളൂ. സ്ത്രീപീഡനക്കാരെ.........." നിങ്ങള്‍ക്ക് സ്വസ്തി!!!

Sunday, December 16, 2007

സായിപ്പിന്റെ ചവറ്റുകുട്ടയോ നമ്മുടെ നാട്?


അതെ. ചവറ്റുകുട്ട തന്നെ. അങ്ങനെ അല്ല എന്ന് ഉറപ്പോടെ പറയാന്‍ കഴിയുമോ മലയാളിക്ക്? കഴിയില്ല. കാരണം നമ്മള്‍ പിന്തുടരുന്ന രീതി അതാണ്. വിദേശികളുടെ സംസ്കാരത്തെ അന്ധമായി അനുകരിക്കാനുള്ള ശ്രമം. ഇതു നമ്മെ എവിടെ കൊണ്ടു എത്തിക്കും എന്നുള്ളത് കാത്തിരുന്നു കാണാന്‍ മാത്രമെ കഴിയു.


മഹത്തായ ഒരു പൈതൃകത്തിന് അവകാശികള്‍ ആണ് നമ്മള്‍. കൈമുതലായതിനെ എന്നും പുച്ഛിച്ചു തള്ളി മാത്രം ശീലിച്ച നമുക്ക് ഈ തണലിന്റെ ശീതളിമ അനുഭവിക്കാനുള്ള ഭാഗ്യമില്ല. നമുക്കിഷ്ടം സായിപ്പ് ചവച്ചു തുപ്പിയ പാശ്ചാത്യ സംസ്കാരത്തോടാണ് . ഇതൊക്കെ പറയുമ്പോള്‍ ഇതു മലയാളിയുടെ മാത്രമല്ലല്ലോ ഇന്ത്യക്കാരുടെ മുഴുവന്‍ സ്വഭാവമല്ലേ എന്ന ചോദ്യമുയര്‍ന്നേക്കാം. ഈ ചോദ്യത്തിന് മൌനം പാലിച്ചു നമുക്കു മലയാളികളെയും കേരളത്തെയും കുറിച്ചു മാത്രം സംസാരിക്കാം. കാരണം. നമ്മുടെ ഈ കൊച്ചു നാട് നന്നായിട്ടുപോരെ ഒരു രാജ്യം നന്നാവാന്‍..


വാലന്റൈൻസ് ഡേ, മദേഴ്സ് ഡേ, ഫ്രണ്ട്സ് ഡേ , ഇങ്ങനെ ഉള്ള "ഡേ" കളിലാണ് ഇപ്പോള്‍ മലയാളിയുടെ ജീവിതം. ഈ "ഡേ" കളൊക്കെ മലയാളി ആഘോഷിച്ചു തുടങ്ങിയിരിക്കുന്നു. സായിപ്പ് തുടങ്ങി വച്ചു അവര്‍ തന്നെ ഉപേക്ഷിച്ചു തുടങ്ങിയ ഈ "ഡേ" ആഘോഷങ്ങള്‍ തപ്പിപിടിച്ചെടുത്ത്‌ കൊണ്ടാടാന്‍ മലയാളികള്‍ കാണിക്കുന്ന ഈ വ്യഗ്രത നമ്മുടെ തനതായ ഓണം ആഘോഷിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. പച്ച പരിഷ്കാരികള്‍ എന്ന് സ്വയം വിശ്വസിച്ചു അഹങ്കരിച്ചു നടക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് എന്ത് ഓണം? .. ഏത് ഓണം?...


തങ്ങളുടെ ജീവിതത്തില്‍ ഒരു ഘടകമേ അല്ലാത്ത സ്വന്തം മാതാവിനെ ഓര്‍ക്കാന്‍ ഒരു ദിവസം. ഇതായിരുന്നു മദേഴ്സ് ഡേക്ക് പുറകിലുള്ള സായിപ്പിന്റെ ആശയം. അമ്മയോടുള്ള സ്നേഹം ഒരു ആശംസയിലൂടെയോ അല്ലെങ്കില്‍ ഒരു റോസാ പുഷ്പത്തിലുടെയോ പ്രകടിപ്പിക്കാം എന്ന് കരുതുന്ന സായിപ്പിനു അമ്മയുടെ മുലപ്പാലിന്റെ മാധുര്യം അറിയില്ല. അത് അവരുടെ സംസ്കാരം അവരുടെ ജീവിത രീതി. പക്ഷെ സ്വന്തം അമ്മയെ ദൈവമായി കരുതുന്ന പാരമ്പര്യത്തിനു ഉടമകളായ നമ്മള്‍ ഈ പോങ്ങച്ചങ്ങളുടെയും പ്രകടനങ്ങളുടെയും പുറകെ പോകുന്നതെന്തിനാണ്? ആലോചിക്കണം. ആലോചിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


ഇതുപോലെ തന്നെ നമ്മള്‍ എഴുതി തള്ളിയ ഒന്നാണ് നമ്മുടെ പാരമ്പര്യ സ്വത്തായ "ആയുര്‍വേദം" . പാശ്ചാത്യര്‍ പോലും ഇരു കയ്യും നീട്ടി ഈ ചികിത്സ രീതിയെ സ്വീകരിക്കുമ്പോള്‍ അത് വെറും മേനി നടിക്കല്‍ അല്ല. "തിരിച്ചറിവാണ്‌" എന്ന് നമുക്കു മാത്രം എന്താണ് മനസ്സിലാകാത്തത് ? അതോ ഇംഗ്ലീഷ് മരുന്നുകള്‍ക്കേ തങ്ങളുടെ രോഗങ്ങള്‍ക്ക്‌ ശാന്തി തരാന്‍ കഴിയൂ എന്ന് ചിന്തിച്ചു തുടങ്ങിയോ മലയാളിയും?


കല്പക വൃക്ഷത്താല്‍ അനുഗ്രഹീതമായ നമ്മുടെ ഈ കൊച്ചു കേരളത്തിലെ പുതിയ തലമുറയുടെ ദാഹശമനി "കോള"യാണ്. വിഷാംശം കലര്‍ന്നതാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് നമ്മള്‍ ഇതു വാങ്ങി ഉപയോഗിക്കുന്നതും. അതെന്തിന് വേണ്ടിയാണെന്നു മാത്രം ചോദിക്കരുത്. കാരണം ശരീരത്തിനു ഗുണപ്രദമായ കരിക്കിന്‍ വെള്ളമോ പ്രകൃതി കനിഞ്ഞു നല്കിയ ഏതെങ്കിലും പാനീയമോ ആണ് നമുക്ക് കുടുതല്‍ ഇഷ്ടമെന്ന് പറഞ്ഞു പോയാല്‍ എന്താകും നമ്മുടെ "സ്റ്റാറ്റസ്" . അതുകൊണ്ട് ശരീരത്തിനു എന്ത് ദോഷം ചെയ്താലും കോള തന്നെയാണ് നമുക്കു ഇഷ്ടം. ഇങ്ങനെ കുത്തകമുതലാളിമാര്‍ക്ക് വിടുപണി ചെയ്യുന്ന നമ്മള്‍ കേര കര്‍ഷകരായ നമ്മുടെ സഹോദരന്മാരെ ആത്മഹത്യയുടെ കയറിന്‍ മുനമ്പിലെക്ക് ആണ് പറഞ്ഞു വിടുന്നതെന്ന് മറക്കാതിരിക്കുക. ഈ മുഷിഞ്ഞു നാറിയ പ്രകടനങ്ങളിലൂടെ നമ്മള്‍ അടിയറവയ്ക്കുന്നത് നമ്മുടെ അഭിമാനമാണ്. കല്പാന്ത കാലം മുന്‍പ് മുതല്‍ക്കേ നമ്മുടെ ശക്തിയും ഊര്‍ജവുമായ നമ്മുടെ അഭിമാനം. ഈ ഊര്‍ജ്ജത്തിനു മുന്‍പിലാണ് വിദേശിയര്‍ക്ക് പലപ്പോഴും മുട്ടു മടക്കേണ്ടി വന്നതെന്ന് ചിന്തിക്കാത്തത് എന്താണ് നമ്മള്‍? വിദേശിയരുടെ ശക്തിയുടെയും കാര്യശേഷിയുടേയും മുന്‍പില്‍ ഒന്നുമല്ലാത്ത നമ്മള്‍ അവരുടെ മുന്‍പില്‍ തലയുയര്‍ത്തി പിടിച്ചു ഞെളിഞ്ഞു നില്ക്കുന്നത് ഈ പൈതൃകത്തിനും സംസ്കാരത്തിനും മുകളിലാണെന്നു മറക്കരുത് നമ്മള്‍. മറന്നാല്‍ അവിടെ തുടങ്ങുകയായി നമ്മുടെ അധ:പ്പതനം.


ഇത്തരം മൂടുപടങ്ങള്‍ക്ക് പുറകില്‍ വ്യവസായ സാമ്രാജ്യം കേട്ടിപ്പടുക്കുന്ന ഒരു ശൃംഖല ഉണ്ടെന്ന കാര്യം മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നമ്മള്‍ നേടിയ വിദ്യാഭ്യാസം കൊണ്ടു എന്താണ് പ്രയോജനം? നമ്മളില്‍ അടിമത്ത സംസ്കാരം കുത്തി നിറച്ചു അതിന്റെ പങ്കു പറ്റി തടിച്ചു വീര്‍ക്കുന്ന ഈ വര്‍ഗ്ഗത്തെ തിരിച്ചറിയാന്‍ കഴിയാത്ത(അല്ലെങ്കില്‍ അങ്ങനെ നടിക്കുന്ന ) ഈ സാക്ഷര കേരളം ഇനിയെന്നാണ് അതിനുള്ള ആര്‍ജ്ജവം നേടിയെടുക്കുക?


സമയം വൈകിയിട്ടില്ല. അമ്മയെ ദൈവമായും നാടിനെ പെറ്റമ്മയായും ആരാധിക്കുന്ന നമുക്കു ആരുടെയും ഉച്ചിഷ്ഠം ആവശ്യമില്ല. ഇല്ലായ്മകളിലും അഭിമാനം പണയം വയ്ക്കാത്ത സിംഹത്തിന് ഉള്ള ധർമ്മം മതി നമുക്ക്. കഴുതപ്പുലിയുടെ ജന്മം നമുക്ക് വേണ്ട. സായിപ്പിന്റെ കൈകളിലേക്ക് തന്നെയാണ് നമ്മുടെ നാടിന്റെ പോക്കെന്നു തിരിച്ചറിയുക. ഈ വൈകിയ വേളയിലെങ്കിലും...

Tuesday, November 6, 2007

ഏകാന്തതയുടെ സഹയാത്രികര്‍


മാറുകയാണ്‌ നമ്മള്‍ കേരളീയര്‍. നമ്മുടെ ചിന്തകളും വാക്കുകളും ഒക്കെ മാറുകയാണ്. ഒന്നിനെ പറ്റിയും ആലോചിച്ചു വ്യാകുലപ്പെടാനോ പുനര്‍ചിന്തനം നടത്താനോ ഒന്നും നമുക്കു സമയമില്ലാതായിരിക്കുന്നു. എന്തിനൊക്കെയോ വേണ്ടി ഉള്ള പരക്കം പാച്ചിലില്‍ ആണ് നമ്മള്‍. ഈ വ്യഗ്രതയില്‍ ബന്ധങ്ങളുടെ വില പോലും നമ്മള്‍ മറക്കുന്നു. അല്ലെങ്കില്‍ ബോധപൂര്‍വം കണ്ടില്ലെന്നു നടിക്കുന്നു. നാട്യങ്ങള്‍ക്ക് മുന്‍പന്തിയില്‍ ആണല്ലോ ഞാന്‍ ഉള്‍പ്പെടുന്ന ഈ പുതു തലമുറ...


ഈ തലമുറയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഘടകം എന്താണെന്നു ചോദിച്ചാല്‍ "പരിഷ്കാര ഭ്രമം" ആണെന്നാകും ഉത്തരം. മുന്‍പ് വസ്ത്രങ്ങളിലും ആഡംബരങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഈ പരിഷ്കാര ഭ്രാന്ത് ഇപ്പോള്‍ മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. പോറ്റി വളര്‍ത്തിയ അച്ഛനെയും അമ്മയെയും അവരുടെ ജീവിതത്തിന്റെ സായന്തനങ്ങളില്‍ വൃദ്ധ സദനങ്ങളുടെ ഇടനാഴിയിലേക്ക് തള്ളുന്നതില്‍ വരെ എത്തി നില്‍ക്കുന്നു നമ്മുടെ നൂതന ചിന്ത. അഭിമാനിക്കാം....തീര്‍ച്ചയായും അഭിമാനിക്കാം..ഓരോ മലയാളിക്കും.


മുത്തശ്ശി കഥകള്‍ നറുനിലാവുതെളിച്ച ഒരുപാട് സന്ധ്യകളുണ്ടായിരുന്നു മുൻപ് മലയാളിക്ക്‌. വളര്‍ച്ചയുടെ ഓരോ പടവിലും അച്ഛനേക്കാളും അമ്മയെക്കാളും കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്ന നിറ സാന്നിധ്യവും വീട്ടിലെ മുതിര്‍ന്നവരായിരുന്നു.കുട്ടികളുടെ ഏതുപ്രശ്നങ്ങളും ഒരു സുഹൃത്തിനോടെന്നപോലെ അവരുടെ മുത്തച്ഛനോടും മുത്തശ്ശിയൊടും തുറന്നു പറയുവാൻ കഴിഞ്ഞിരുന്നു. കാരണം ഏതു പ്രശ്നങ്ങളെയും സമചിത്തതയൊടെ നേരിടാനുള്ള അനുഭവ സമ്പത്ത് അവര്‍ക്കുണ്ടായിരുന്നു.വിശ്വാസപൂര്‍‌വ്വം ആശ്രയിക്കാവുന്ന വഴിവിളക്കുകളായിരുന്നു അവര്‍.


പക്ഷെ ഇന്നത്തെ തലമുറക്കു എല്ലാം നഷ്ട്ടപ്പെട്ടിരിക്കുന്നു. ഇപ്പൊള്‍ അവരുടെ നാവുകള്‍ക്ക‌്‌ മുത്തശ്ശി വിളമ്പിയ ഭക്ഷണത്തിന്റെ സ്വാദ് അറിയില്ല. മുടിയിഴകള്‍ക്കു ആ തലോടലിന്റെ ഊഷ്മളതയും അറിയില്ല.ആ വാത്സല്യം അവര്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു.നഷ്ടപ്പെട്ടു എന്നു പറയുന്നതിനേക്കാള്‍ നിഷേധിച്ചു എന്നു പറയുന്നതല്ലേ ശരി?


എന്തൊക്കെയോ വെട്ടിപ്പിടിക്കാനൊ കീഴടക്കാനൊ ഉള്ള വ്യഗ്രത ഓരൊ മലയാളിയേയും വിഴുങ്ങി കഴിഞ്ഞിരിക്കുന്നു.ബന്ധങ്ങളുടെ വില തന്നെ നാം മറന്നു തുടങ്ങിയിരിക്കുന്നു.എന്തിനും ഏതിനും പാശ്ചാത്യരെ അനുകരിക്കാന്‍ ശ്രമിക്കുകയാണ് നാം . ഈ ഇല്ലാത്ത മേനി നടിക്കാന്‍ നമ്മെ ആരാണ്‌ പഠിപ്പിച്ച് തന്നത്‌? ഈ പൊങ്ങച്ചത്തിന്റെ പ്രതീകങ്ങളായി നമ്മുടെ ഈ കൊച്ചു കേരളത്തിലും വൃദ്ധമന്ദിരങ്ങള്‍ ഉയരുകയാണ്.


ഒരു ജന്മം മുഴുവനും സ്വന്തം മക്കള്‍ക്കുവേണ്ടി ഉരുകി തീര്‍ന്ന മാതാപിതാക്കള്‍ അവരുടെ ജീവിതസായാഹ്നത്തില്‍ മക്കള്‍ക്ക് ബാദ്ധ്യതയാകുന്നു.ഒരു ജീവിതകാലം മുഴുവന്‍ അവര്‍ നല്കിയ സ്നേഹത്തിന്റെ ഒരംശം പോലും തിരികെ നല്കാനൊ അവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍ പോലും സാധിച്ചുകൊടുക്കാനോ എന്താണ്‌ നമുക്കു കഴിയാത്തത് ? എന്തൊക്കെയോ കാല്ക്കീഴിലാക്കാന്‍ വെറികൊണ്ട് നടക്കുന്ന നമുക്ക് ഈ വൃദ്ധനൊമ്പരങ്ങള്‍ കാണാന്‍ എവിടെയാണ്‌ സമയം? മക്കള്‍ പണിതുയര്‍ത്തിയ രമ്യഹര്‍മ്മ്യങ്ങളുടെ കാവല്‍നായ്‌ക്കളായൊ, അല്ലെങ്കില്‍ സ്നേഹിച്ചു വളര്‍ത്തിയ മക്കളാല്‍ അനാഥാലയങ്ങളുടെയും വൃദ്ധമന്ദിരങ്ങളുടെയും ഏകാന്ത ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുകയോ ചെയ്യപ്പെട്ടിരിക്കുന്നു കേരളത്തിന്റെ നിര്‍ഭാഗ്യരായ മുതിര്‍ന്ന തലമുറ.


അവരുടെ സ്നേഹത്തിന്റെ ആഴവും അവരനുഭവിക്കുന്ന അവഗണനയുടെ വേദനയും മനസ്സിലാകണമെങ്കില്‍ നമുക്കും ആ അവസ്ഥ ഉണ്ടാകണം. ഉണ്ടാകും. കാരണം വിതയ്ക്കുന്നതേ നമ്മള്‍ കൊയ്യൂ. മാതാപിതാക്കളെ തുരുങ്കിലടച്ച മുഗള്‍ ചക്രവര്‍ത്തിമാരുടെ ചരിത്രവും നമ്മെ പഠിപ്പിക്കുന്നത്‌ ഇതൊക്കെ തന്നെയല്ലെ? നമ്മെ കണ്ടു പഠിക്കുന്ന തലമുറയില്‍ നിന്നും ഇതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പ്രതീക്ഷിക്കാനുള്ള എന്തു ധാർമ്മിക അവകാശമാണ് നമുക്കുള്ളത്‌? ഇല്ല. ഒന്നുമില്ല.


വിജയങ്ങള്‍ വെട്ടിപ്പിടിക്കുവാനുള്ള വ്യഗ്രതയില്‍ വൃദ്ധരായ മാതാപിതാക്കളെ ഒറ്റപ്പെടലിന്റെ വേദനയിലേക്കു തള്ളിവിടുന്നവര്‍ ഒന്നോർക്കുക... "വാര്‍ദ്ധക്യമാകുന്ന കരിമ്പടം ". കാലം അത്‌ നാളെ നിങ്ങളേയും പുതപ്പിക്കും.