"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Thursday, April 29, 2010

എന്തിന് ഈ ക്രൂരത?


വര്‍ഷം : 2004
സ്ഥലം:തെക്കന്‍ കേരളത്തിലെ ഒരു പോലീസ് സ്റ്റേഷന്‍


ഒരു ചെറിയ അപകടത്തെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലായിപ്പോയ എന്റെ ബൈക്ക് എടുക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയതാണ് ഞാനും എന്റെ 2 സുഹൃത്തുക്കളും. നിയമപാലകരുടെ ‘ആത്മാര്‍ത്ഥത‘ കൊണ്ട് ബൈക്ക് തിരിച്ച് കിട്ടാന്‍ 5 ദിവസം എടുത്തു എന്നുള്ളതാണ് സന്തോഷകരമായ കാര്യം. ഈ 5 ദിവസവും രാവിലെ 9 മണിയോടെ ഞങ്ങള്‍ സ്റ്റേഷനിലെത്തും സന്ധ്യാസമയമാകുമ്പോള്‍ എന്റെ ബൈക്കിന്റെ താക്കോല്‍ കയ്യില്‍ വച്ചിരിക്കുന്ന ഏമാനെ കാണാന്‍ കഴിയാതെ നിരാശരായി മടങ്ങും ഇതായിരുന്നു അവസ്ഥ.


ആ ദിവസങ്ങളില്‍ ഒരു ദിവസം വൈകുന്നേരം സ്റ്റേഷനിലേക്ക് ഒരു നാടോടി സ്ത്രീയെ കൊണ്ട് വന്നു. കയ്യില്‍ ഒരു പിഞ്ചു കുഞ്ഞും ഉണ്ട് . ബസ്സില്‍ ആരുടെയോ മാല പൊട്ടിക്കാന്‍ ശ്രമിച്ചതാണ്. ബസ്സിലുണ്ടായിരുന്ന ‘പരോപകാര കമ്മിറ്റിക്കാര്‍‘ മുഴുവന്‍ കൈ വച്ചതിന്റെ ലക്ഷണം ആ സ്ത്രീയുടെ വായില്‍ നിന്നും ശരീരത്തുനിന്നും ഒലിച്ചിറങ്ങുന്ന രക്തത്തില്‍ നിന്നും ഞങ്ങള്‍ വായിച്ചെടുത്തു.


സ്റ്റേഷനില്‍ എത്തിയപാടെ അവര്‍ നില്‍ക്കാന്‍ പോലും ശേഷിയില്ലാതെ ഒരു മൂലയ്ക്ക് ഇരുന്നു. കുഞ്ഞ് അടുത്തിരുന്ന് അലറികരയുന്നു. അവശയായ ആ സ്ത്രീ കുറച്ച് വെള്ളം തരുമോ എന്ന് അവിടെ നിന്ന വനിതാ കോണ്‍സ്റ്റബിളിനോട് ചോദിക്കുന്നത് കേട്ടു. പോലീസ് വേഷം ദേഹത്തുകയറിയിട്ടും മനുഷ്യത്ത്വം കൈമോശം വന്നിട്ടില്ലാത്തത് കൊണ്ടാകാം, അവര്‍ ഒരു കുപ്പിയില്‍ കുറച്ച് വെള്ളമെടുത്ത് അവര്‍ക്ക് നല്‍കി.


ഈ സമയം “അവള്‍ക്ക് വെള്ളം കൊടുക്കരുത് “ എന്നലറി അകത്തും നിന്നും സിവില്‍ ഡ്രസ്സില്‍ പാഞ്ഞെത്തിയ ഒരു ഏമാന്‍ ബൂട്ടിട്ട കാലുകൊണ്ട്, താഴെ ഇരുന്ന ആ സ്ത്രീയുടേ മാറിടത്തിനും തോള്‍ഭാഗത്തിനുമിടയില്‍ കാല്‍ വലിച്ച് ഒരു ചവിട്ട്. ആ ദൃശ്യത്തിന്റെ ഭീകരതയില്‍ കസേരയില്‍ ഇരുന്ന ഞാനും സുഹൃത്തുക്കളും ഒരുപോലെ എഴുനേറ്റുപോയി. തരിച്ച് നില്‍ക്കുന്ന ഞങ്ങളുടെ മുഖഭാവം കണ്ടാകാം ആ ഏമാന്‍ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.” നിങ്ങള്‍ പേടിക്കേണ്ട. ഇവള്‍ക്കൊക്കെ ഇത് കിട്ടേണ്ടതാ. എത്ര പാവങ്ങളുടെ കാശാണ് ഇവളുമാര്‍...”. ആ വാക്കുകള്‍ കേട്ട് ഒരു നിമിഷം ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോയി ഞങ്ങള്‍. കാശെന്ന ചിന്ത പോലുമില്ലാതെ ‘നീതി നിര്‍വ്വഹണം‘ നടത്തുന്ന ഈ ‘മാടപ്രാവുകള്‍‘ തന്നെ ഇതു പറയുമ്പോള്‍ വേശ്യയുടെ ചാരിത്യപ്രസംഗം പോലെ മഹത്തരമായി അത്.


സമയം പിന്നെയും കൊഴിഞ്ഞു വീണു. ഏകദേശം 7 മണിയായപ്പോള്‍ എസ്.ഐ എത്തി. ആരും കേസ് നല്‍കാത്തത് കൊണ്ടാകാം അവരെ പറഞ്ഞു വിട്ടേക്കാന്‍ എസ്.ഐ പറയുന്നത് കേട്ടു. അപ്പോഴേക്കും ആ സ്ത്രീയും കുഞ്ഞും തളര്‍ന്ന് മയങ്ങിയിരുന്നു. ഒരു ഏമാന്‍ ചൂരല്‍ പുറകില്‍ പിടിച്ച് അവരെ വിളിച്ചുണര്‍ത്തി പുറത്തേക്ക് നടത്തി. ആ കുഞ്ഞിനെയുമെടുത്തവര്‍ ഭീതിയോടെ നടന്നു. സ്റ്റേഷന് പുറത്തെത്തിയപ്പോള്‍ പുറകിലിരുന്ന ചൂരല്‍ പ്രത്യക്ഷമാക്കി,‘പൊയ്ക്കോടീ’ എന്ന് ഏമാന്‍ ആജ്ഞാപിച്ചു. ആ കുഞ്ഞിനെ മാറോട് ചേര്‍ത്ത് അവര്‍ ഓടാന്‍ തുടങ്ങിയതും ആ ‘മാന്യദേഹം‘ ചൂരല്‍ വീശിയടിച്ചതും ഒരുമിച്ചായിരുന്നു.പെട്ടെന്ന് അവര്‍ ദയനീയമായി കേണുകൊണ്ട് തിരിഞ്ഞപ്പോള്‍ ആ അടി വന്ന് കൊണ്ടത് അവര്‍ ചേര്‍ത്തു പിടിച്ചിരുന്ന ആ പിഞ്ചു കുഞ്ഞിന്റെ മുതുകത്തായിരുന്നു. കാഴ്ചക്കാരായ ഒരുപാട് പേര്‍ ഒരേസമയം “അയ്യോ” എന്ന് വിളിച്ച് പൊയ നിമിഷം.അന്നെന്റെ തൊണ്ടയില്‍ തടഞ്ഞ നിലവിളി വര്‍ഷങ്ങള്‍ക്ക് ശേഷം ഇതെഴുതുമ്പോഴും എന്നെ ശ്വാസം മുട്ടിക്കുന്നു.


അലറി കരയുന്ന ആ പിഞ്ചു കുഞ്ഞിനെയുമെടുത്ത് അവര്‍ ദേശീയ പാതയിലേക്ക് ഓടിയിറങ്ങി.നട്ടെല്ല് ആര്‍ക്കോ പണയം വച്ച് ഒന്നു പ്രതികരിക്കാന്‍ പോലും ശേഷിയും മനസ്സുമില്ലാത്ത കാഴ്ചക്കാരിലൊരാളായി ഞാനും നിന്നു. അന്ന് അവര്‍ ഭീതിയോടെ റോഡിലേക്ക് ഓടി ഇറങ്ങുമ്പോള്‍ ഏതെങ്കിലും വണ്ടിയുടെ മുന്‍പില്‍ പെട്ടിരുന്നെങ്കില്‍? മറ്റൊരു അജ്ഞാത ശവം കൂടി. അത്ര തന്നെ. കയ്യിലെ കാശിനും പ്രശസ്തിക്കും പദവിക്കും അടിസ്ഥാനത്തില്‍ ജീവന്റെയും ജീവിതങ്ങളുടെയും വില നിശ്ചയിക്കുന്ന ഈ കാലത്ത് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്?


പക്ഷേ ഞാന്‍ കണ്ണിന്‍ മുന്‍പില്‍ കണ്ട ഈ സംഭവം പോലീസ് ഏമാന്‍മാരുടെ വെറും സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്ന് നമുക്കേവര്‍ക്കും അറിയാം. ഒരുത്തനെയും കൂടി അവര്‍ കാലപുരിക്കയച്ച വാര്‍ത്ത വന്നിട്ട് ദിവസങ്ങള്‍ അധികമായില്ല. ഉദയകുമാര്‍ എന്ന നിരപരാധിയെ പറഞ്ഞയച്ച അതേ വഴിയില്‍ അവര്‍ സമ്പത്തെന്ന ക്രിമിനലിനെയും പറഞ്ഞയച്ചു.


നാളെ ആര്‍ക്കും ഈ വിധിയുണ്ടാകാം.അടുത്ത ഇര ഞാനാകാം നീയാകാം ആരുമാകാം.വേലി തന്നെ വിളവു തിന്നുമ്പോള്‍ ഇവിടെ നിയമവും ഭരണകൂടവുമെല്ലാം കണ്ണും പൂട്ടി തലകുനിച്ച് നില്‍ക്കുന്നു. ശാസ്ത്രവും ലോകവും ഒരുപാട് പുരോഗമിച്ച ഈ കാലത്തും പൊതുജനങ്ങള്‍(രാഷ്ട്രീയക്കാരല്ല) ‘മരണത്തെ‘ എന്ന പോലെ പോലീസിനെ ഭയക്കുന്നു. രാഷ്ട്രീയക്കാരുടെയും കാശുകാരന്റെയും ചട്ടുകങ്ങളായി മാറ്റപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് നമ്മുടെ പോലീസ് സേനയുടെ അന്തസ്സും ജനങ്ങള്‍ അവരിലര്‍പ്പിച്ച വിശ്വാസവുമാണ്. ജനമൈത്രി പോലീസ് എന്ന് പേരുമാറ്റിയത് കൊണ്ടോ മാതൃക പോലീസ് സ്റ്റേഷന്‍ എന്ന് ബോര്‍ഡു തൂക്കിയത് കൊണ്ടോ പൊലീസ് വിഭാഗം ശുദ്ധീകരിക്കപ്പെടും എന്ന് ആഭ്യന്തര മന്ത്രിയോ മുഖ്യമന്ത്രിയോ ധരിച്ചു വച്ചിരിക്കുന്നോ എന്തോ?


പ്രായം പോലും പരിഗണിക്കാതെ ഇവര്‍ നടത്തുന്ന ലോക്കപ്പ് മര്‍ദ്ദനങ്ങളുടെ കഥ പുറത്ത് വരുമ്പോള്‍, ഈ പോലീസുകാരും ഒരു അച്ഛനും മകനും സഹോദരനുമൊക്കെ തന്നെയല്ലേ എന്ന് അത്ഭുതം കൂറാനേ നമുക്ക് കഴിയൂ. കണ്മുന്‍പില്‍ കാണുന്നവരെ എല്ലാം ക്രിമിനലായി മാത്രമേ കാണാന്‍ കഴിയുന്നുള്ളു എന്നതാകുമോ നമ്മുടെ പോലീസ് സേനയിലെ ചിലരുടെ എങ്കിലും പ്രശ്നം. റിട്ടയര്‍മെന്റിന് ശേഷം ഒരു അദ്ധ്യാപകനും ഒരു പോലീസുകാരനും സമൂഹം നല്‍കുന്ന വില താരതമ്യം ചെയ്താല്‍ മാത്രം മതിയാകും ഇവര്‍ക്ക് കാലം കൊടുക്കുന്ന തിരിച്ചടി മനസ്സിലാക്കുവാന്‍.


നിരപരാധിയായ ഉദയകുമാറിനെ ഉരുട്ടികൊന്നവര്‍ ഇന്നും മാന്യന്മാരെ പോലെ സമൂഹത്തില്‍ ജീവിക്കുന്നു. ഇന്ന് ആ കേസിന്റെ അവസ്ഥ ദയനീയമായി തുടരുകയാണ്. സാക്ഷികള്‍ തുടരെ തുടരെ കൂറുമാറുന്നു. തെളിവുകളെ മാത്രം ആശ്രയിക്കുന്ന കോടതിക്ക് മുന്‍പില്‍ അവര്‍ നിരപരാധികളായി മാറിയേക്കാം. പക്ഷേ ഒരു തെറ്റും ചെയ്യാത്ത മകനെ നഷ്ടപ്പെട്ട വേദനയില്‍ ഉള്ളുരുകി കരയുന്ന ആ അമ്മയുടെ കണ്ണീരിന്റെയും പ്രാര്‍ത്ഥനകളുടെയും ശക്തിക്ക് മുമ്പിൽ നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല.ഇനി എത്ര ജന്മമെടുത്താലും....

Wednesday, March 3, 2010

കാപട്യമേ നിന്റെ പേരാണ് പ്രണയം


ഒരു വര്‍ഷത്തിലെ 364 ദിവസത്തെ കുറിച്ച് ഓര്‍ത്തില്ലെങ്കിലും ഇന്നത്തെ യുവത്വം ഒരു ദിവസത്തെ മറക്കില്ല. അത് ഫെബ്രുവരി 14 ആണ്. ലാളിച്ച് വളര്‍ത്തിയ സ്വന്തം അഛനമ്മമാരെ കുറിച്ച് ചിന്തിച്ചില്ലെങ്കിലും അവരുടെ സുഖവിവരം അന്വേഷിച്ചില്ലെങ്കിലും, പാശ്ചാത്യ സംസ്കാരത്തിന്റെ വാല് വച്ച ‘വാലന്റൈൻസ് ഡേ’ യുവരക്തത്തിന്റെ ഞരമ്പില്‍ പിടിച്ച ആഘോഷമായി മാറി കഴിഞ്ഞു.


ഈ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ യുവത്വ മനസ്സുകളില്‍ വേരോടിയ ഒന്നാണ് “വാലന്റൈൻസ് ഡേ“ . ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത സായിപ്പ് രൂപപ്പെടുത്തിയെടുത്ത “ഡേ സംസ്കാരം” അതു പോലെ അനുകരിച്ച് ‘പരിഷ്കാരി’കളാകുമ്പോള്‍ ഈ വിവരക്കേട് മുതലെടുത്ത് കുത്തകമുതലാളിമാര്‍ വലിയ ഒരു കമ്പോളം സൃഷ്ടിച്ചെടുക്കുകയാണെന്ന് നാം മറക്കുന്നു. ഗ്രീറ്റിംഗ് കാര്‍ഡ്, സ്വര്‍ണ്ണം, സെല്‍ ഫോണ്‍ തുടങ്ങി നാനാ മേഖലകളില്‍ അത് അതിന്റെ ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞു.


പ്രണയം വിശുദ്ധമാണ് പവിത്രമാണ് മാങ്ങാത്തൊലിയാണ് എന്നൊക്കെയാണ് സാഹിത്യകാരന്മാരൊക്കെ പാടിയും പറഞ്ഞും വച്ചിരിക്കുന്നത്. ഇന്നത്തെ തലമുറയും അതേറ്റു പാടുന്നു. യഥാര്‍ത്ഥത്തിൽ ഈ കൊട്ടിഘോഷിക്കപ്പെടുന്ന ‘ദിവ്യത്വം’ ഇന്നത്തെ പ്രണയങ്ങള്‍ക്ക് അവകാശപ്പടാന്‍ കഴിയുമോ? പ്രണയത്തിന്റെ മാനസികമായ വശങ്ങള്‍ക്കൊക്കെ ഒരുപാട് ഭാവഭേദം വന്നു കഴിഞ്ഞിരിക്കുന്നു. പ്രണയ നൈരാശ്യത്തില്‍ , ദീക്ഷ വളര്‍ത്തി കുളിയും നനയുമില്ലാതെ നടക്കുന്ന കാമുകനെയോ കാമുകനെ പിരിഞ്ഞ വേദനയില്‍ ഒരു മുഴം കയറിലോ ഒരല്‍പം ഫ്യൂരിഡാനിലോ അഭയം കണ്ടെത്താന്‍ ശ്രമിക്കുന്ന കാമുകിയേയോ ഒന്നും മഷിയിട്ട് നോക്കിയാല്‍ പോലും ഇന്നത്തെ കാലത്ത് കാണാന്‍ കഴിയില്ല.


ഇന്നത്തെ തലമുറയ്ക്ക് പ്രണയവും ‘അടിച്ചുപൊളി‘യുടെ ഭാഗം മാത്രം. വസ്ത്രങ്ങള്‍ പുതിയത് മാറുന്നത് പോലെ മാറാന്‍ കഴിയുന്ന ഒന്ന് മാത്രമായി പ്രണയ ബന്ധങ്ങളും അധ:പ്പതിച്ചു. സ്വപ്നങ്ങളും ഭാവി ജീവിതവും ഇഴ തീര്‍ത്തിരുന്ന പഴയ പ്രേമലേഖനങ്ങളുടെ സ്ഥാനം അശ്ലീല എസ്.എം.എസുകള്‍ക്കും ഇ- മെയിലുകള്‍ക്കും വഴി മാറിയപ്പോള്‍ പ്രണയമെന്ന പദം പോലും അശ്ലീലമായി മാറുന്നത് നമ്മള്‍ അറിഞ്ഞില്ല.


കൌമാര മനസ്സുകളെ വഴി തെറ്റിക്കുന്ന ഒരു ചതിക്കുഴി മാത്രമാണിന്ന് പ്രണയം. ഏത് പ്രണയത്തിന് പുറകിലും ഇപ്പോള്‍ ലൈംഗികമായ അഭിനിവേശം മാത്രമേ ഉള്ളു. മാംസനിബദ്ധമല്ല രാഗം എന്ന കവി മൊഴിയൊക്കെ ചിതലരിച്ചു കഴിഞ്ഞു. ഇന്ന് ഒരു അനുരാഗം ഉണ്ടെങ്കില്‍ അത് മാംസ നിബദ്ധം മാത്രമാണ്. മനസ്സിനും വാക്കുകള്‍ക്കുമപ്പുറം തൊട്ടുതലോടലുകള്‍ക്കും അതിനനുബന്ധമായ വികാര വേലിയേറ്റങ്ങളിലും മാത്രമാണ് പ്രണയം എന്നതാണ് ഇന്നത്തെ യുവത്വത്തിനെ മതം. പക്ഷേ ലൈംഗികമായ അഭിനിവേശം മാത്രം മുന്നില്‍ കാണുന്ന ഇത്തരം ബന്ധങ്ങളെ എങ്ങനെ പ്രണയം എന്ന് നിര്‍വ്വചിക്കുന്നു എന്നതാണ് മനസ്സിലാക്കാന്‍ സാധിക്കാത്തത്. വെറും മോഹം മാത്രമല്ലേ ഇത്?


മൊബൈല്‍ ഫോണ്‍ വ്യാപകമായത് കൂടി വികസിച്ചത് ‘ഇന്‍സ്റ്റന്‍റ്‘ പ്രണയങ്ങളും പീഢനങ്ങളും കൂടിയായിരുന്നു. സ്ക്കൂളില്‍ പഠിക്കുന്ന കുട്ടിയുടെ കയ്യില്‍ വരെ മൊബൈല്‍ ഫോണുകള്‍ ഒന്നിലധികമാണ് . വഴിതെറ്റി വരുന്ന ഫോണ്‍ കോളില്‍ നിന്നും അപരിചിതന്‍ അയക്കുന്ന മെസ്സേജില്‍ നിന്നും മെയിലില്‍ നിന്നും സ്ക്രാപ്പില്‍ നിന്നുമൊക്കെ തുടങ്ങുകയായി പ്രണയം. ആളിനെ അറിയണമെന്നില്ല ഉദ്ദേശങ്ങള്‍ അറിയണമെന്നില്ല. പ്രണയം ദിവ്യമാണല്ലോ.അപ്പോള്‍ എന്തുമാകാം. എന്തായാലും മൊബൈല്‍ ഫോണ്‍ കമ്പനിക്കാര്‍ പച്ചപിടിച്ചു. നയാ പൈസയുടെ കണ്‍സഷന്‍ ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ ബസുകള്‍ക്ക് നേരെ കല്ലെടുക്കുന്ന കൌമാരക്കാര്‍ മാസം തോറും വിളിച്ച് തള്ളുന്ന മൊബൈല്‍ ഫോണ്‍ ബില്ല് കണ്ടാല്‍ കണ്ണു തള്ളിപ്പോകും.


വണ്‍ വേ, ടൂ വേ, ത്രികോണ പ്രണയങ്ങളുടെയൊക്കെ കാലം കഴിഞ്ഞു. ഇപ്പോള്‍ മിനിമം ഏഴ് ‘ലൈന്‍സ്’ എങ്കിലുമില്ലെങ്കില്‍ മിടുക്കനും മിടുക്കിയും ആകില്ല. പഴയ ഹംസത്തിന്റെ ചുമതല ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ക്കാണ്. ആ ചുമതല മനസ്സിലാക്കി തന്നെ രാത്രി സംസാരം കുറഞ്ഞ നിരക്കില്‍ അനുവദിച്ചും സൌജന്യ എസ്.എം.എസ് സൌകര്യം നല്‍കിയും മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് കമ്പനിക്കാര്‍ കാമുകീ കാമുകന്‍മാരെ 'പുളകിതരാക്കി' പിഴിഞ്ഞെടുക്കുന്നു.


മിക്ക പീഡന കേസുകള്‍ക്ക് പുറകിലും പ്രണയം എന്ന ഒരു പദം ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. ഇത്തരം പീഡന കേസുകളിലൊക്കെ ‘ഇരകള്‍‘ എന്ന സഹതാപ വേഷം നമ്മള്‍ അതില്‍ ഉള്‍പ്പെടുന്ന പെണ്‍കുട്ടിക്ക് പതിച്ച് നല്‍കാറുമുണ്ട്. എന്നാല്‍ ആ സഹതാപത്തിന് അവര്‍ അര്‍ഹരാണോ എന്ന കാര്യം നമ്മള്‍ ചിന്തിക്കാറില്ല. സ്വന്തം കുടുംബത്തെപോലും ഓര്‍ക്കാതെ അപരിചിതരുടെ കൂടെ പ്രണയമെന്ന പേരില്‍ ഇറങ്ങി തിരിക്കുന്ന ഇത്തരം പെണ്‍കുട്ടികളെ എങ്ങനെ ന്യായീകരിക്കുവാന്‍ സാധിക്കും. എല്ലാ വിജ്ഞാനവും വിരല്‍തുമ്പില്‍ ലഭിക്കുന്ന ഈ കാലത്ത് ‘അറിവില്ലായ്മ’ എന്ന കാരണം പറഞ്ഞ് ഇത്തരം സംഭവങ്ങളില്‍ മാപ്പുസാക്ഷിയാകാന്‍ കഴിയില്ല ഒരു പെണ്‍കുട്ടിക്കും. കാരണം ഇന്നത്തെ കാലത്ത് ഇത്തരം ‘അറിവില്ലായ്മകള്‍ ‘ മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് ശാരിയും അനഘയുമൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


കൌമാരക്കാര്‍ പ്രണയത്തിന്റെ പേരില്‍ വഴിതെറ്റിക്കപ്പെടുമ്പോള്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാതാപിതാക്കള്‍ക്ക് തീര്‍ച്ചയായും മാറി നില്‍ക്കുവാന്‍ കഴിയില്ല. ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോണുമെല്ലാം ആവശ്യകത നോക്കാതെ കുട്ടികളുടെ സ്വകാര്യതയിലേക്ക് അനുവദിച്ച് കൊടുക്കുന്ന മാതാപിതാക്കള്‍ , കുട്ടികള്‍ ഏത് രീതിയിലാണ് ഈ ‘സൌകര്യങ്ങള്‍‘ ഉപയോഗപ്പെടുത്തുന്നത് എന്ന കാര്യം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. മക്കളെ ശ്രദ്ധിക്കാന്‍ പോലും സമയമില്ലാതെ മക്കളുടെ നല്ല ‘ഭാവിക്ക്’ വേണ്ടി ഓടി നടക്കുമ്പോള്‍ കുട്ടികള്‍ തെറ്റായ വഴിയില്‍ കൂടി പോകുന്നത് പോലും അവരറിയുന്നുണ്ടാകില്ല.


അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ട് എന്ന് പറയുന്നത് പോലെ പ്രണയത്തിന്റെ പേരില്‍ കാട്ടികൂട്ടുന്ന എന്ത് കോപ്രായങ്ങള്‍ക്കും ചൂട്ടുപിടിക്കാന്‍ കുറച്ച് ‘പുരോഗമന’ വാദികള്‍ ഉണ്ടെന്നുള്ളതാണ് ഏറ്റവും ദു:ഖകരമായ വസ്തുത. സദാചാരം എന്ന വാക്കുപോലും ഇപ്പോള്‍ പുച്ഛിക്കപ്പെടുന്നു. ഇതായിരുന്നില്ല നമ്മുടെ കാഴ്ചപ്പാടുകള്‍.‘പരിഷ്കാരം’ തലയ്ക്ക് പിടിച്ചപ്പോള്‍ കാഴ്ചപ്പാടുകള്‍ക്കും മാറ്റം വന്നതാകാം. മാറ്റം നല്ലതാണ്... അത് നന്മയിലേക്കാണെങ്കില്‍...


മാതാപിതാക്കളോട്: പ്രണയക്കുരുക്കില്‍ വീണുപോയ നിങ്ങളുടെ കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എളുപ്പ വഴി. ഒരു ജനതയുടെ ആത്മാവിഷ്കാരം സാക്ഷാത്കരിക്കാന്‍ ഇറങ്ങിതിരിച്ചവരുടെ വിനോദ ചാനലില്‍ ഒരു പരിപാടിയുണ്ട്. “വാലന്റൈൻ “ എന്നാണതിന്റെ പേര്. പ്രണയ പരവശനായ (അതോ അവശനോ) അവതാരകനും പൊട്ടന്‍ കളിക്കുന്ന അവതാരകയും കൂടി കാട്ടികൂട്ടുന്ന കോപ്രായം ഒരു എപ്പിസോഡ് കാണിക്കുക. പ്രണയമെന്ന വാക്കിനെ തന്നെ നിങ്ങളുടെ കുട്ടികള്‍ വെറുത്തോളും. ഉറപ്പ് .സുരാജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “പെറ്റ തള്ള സഹിക്കില്ല”.....

Wednesday, February 3, 2010

മരിച്ചു ജീവിച്ച ഹനീഫ...


02-02-2010 സമയം:1.00 PM

ഉച്ചഭക്ഷണത്തിന് ശേഷം മനോരമ ഓണ്‍ലൈനില്‍ രണ്ട് വാര്‍ത്ത വായിച്ചേക്കാം എന്ന് കരുതി തുറന്നപ്പോള്‍ കണ്ടത്, ബ്രേക്കിങ്ങ് ന്യൂസ് സ്ക്രോള്‍ ബാറില്‍ കണ്ട “ചലച്ചിത്ര താരം കൊച്ചിന്‍ ഹനീഫ അന്തരിച്ചു“ എന്ന വാര്‍ത്തയാണ്. അവിശ്വസനീയതയോടെ ഞാന്‍ ഓണ്‍ലൈന്‍ മാതൃഭൂമിയിലേക്കും ദീപികയിലേക്കും എത്തി. സംഭവം സത്യം തന്നെ രണ്ടിലും ഫ്ലാഷ് ന്യൂസായി സംഭവം ഇട്ടിട്ടുണ്ട്. ദീപിക ഒരുപടി കൂടി മുന്‍പോട്ടു പോയി വെല്‍ക്കം സ്ക്രീന്‍ തന്നെ കൊച്ചിന്‍ ഹനീഫയുടെ ചിത്രം മാത്രം നല്‍കി ചുവപ്പിച്ചിരിക്കുന്നു. മരണത്തെ പോലും കച്ചവട മനസ്സോടെ മാത്രം നോക്കി കാണാന്‍ സാധിക്കുന്ന പത്രക്കാരന്റെ കിട മത്സരത്തിന്റെ വ്യഗ്രത........


1.10 PM: ഞാന്‍ മനോരമയിലേക്ക് തിരികെ വന്നു. അപ്പോഴേക്കും അവിടെ ‘ആഘോഷം‘ തുടങ്ങിക്കഴിഞ്ഞിരുന്നു. ആ ആഘോഷം ദേ ഇവിടെ കാണാം. കൂടാതെ വിശദമായ വാര്‍ത്ത മറ്റു ‘മാദ്ധ്യമ കഴുകന്‍മാര്‍‘ നല്‍കുന്നതിനു മുന്‍പു തന്നെ നല്‍കണം എന്ന ആര്‍ത്തി കൊണ്ടായിരിക്കാം, മനോരമ മരണത്തിന്റെ വിശദാംശങ്ങളും ഹനീഫയുടെ ജീവ ചരിത്രവുമൊക്കെ മിക്സ് ചെയ്ത് ഒന്നൊന്നര കാച്ചങ്ങ് കാച്ചി. തയാറാക്കി വച്ചിരുന്ന വിഭവമായിരുന്നതിനാലാം ‘സംഭവം’ ഗംഭീര‘മായിരുന്നു. ആ അര്‍മാദം ഈ വഴി പോയാല്‍ കാണാം.


1.25 PM: ഓണ്‍ലൈന്‍ ദീപിക എടുത്ത് നോക്കിയ ഞാന്‍ അന്തിച്ച് പോയി. ഇങ്ങനെ ഒരു സംഭവം നടന്ന യാതൊരു ലക്ഷണവുമില്ല. കൊച്ചിന്‍ഹനീഫയുടെ ചിത്രം മാത്രം വച്ച് ചുവപ്പിച്ച് വച്ചിരുന്ന വെല്‍ക്കം സ്ക്രീനും കാണാനില്ല. എന്റെ മാനസിക നിലയ്ക്ക് വല്ലതും സംഭവിച്ചോ എന്ന സംശയം മനസ്സില്‍ മുളപൊന്തി. മാതൃഭൂമിയിലും പഴയ വാര്‍ത്തകള്‍ മാത്രം. കൊച്ചിന്‍ ഹനീഫ എന്ന പേരു പോലും ആ വഴിയിലെങ്ങുമില്ല. മനോരമ ആണെങ്കില്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന അതേ താളം . അത് ദേ ഇവിടെ. ആടു കിടന്നിടത്ത് പൂട പോലുമില്ല എന്ന് കേട്ടിട്ടുണ്ട്. അത് നേരില്‍ കാണുകയായിരുന്നു ഞാന്‍.


ദോഷം പറയരുതല്ലൊ മനോരമ ഓണ്‍ലൈനില്‍ മനോരമ ന്യൂസ് സെക്‍ഷനില്‍ ഒരു വരി ഉണ്ടായിരുന്നു.” കൊച്ചിന്‍ ഹനീഫയുടെ നില ഗുരുതരം”. അത് വഴി പോയപ്പോള്‍ വീണ്ടും കണ്ടത് പഴയ വാര്‍ത്ത തന്നെ ഇവിടെ “കൊച്ചിന്‍ഹനീഫ അന്തരിച്ചു”. ഏത് ശരി ഏത് തെറ്റ് എന്നറിയാതെ കുന്തം വിഴുങ്ങി ഇരുന്ന ഒരുപാട് വായനക്കാരില്‍ ഒരാളായി ഞാനുമിരുന്നു.


തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം.അത് മനുഷ്യ സഹജമാണ്. എന്നാല്‍ സത്യസന്ധമായ വിവരങ്ങള്‍ നല്‍കാന്‍ ചുമതലയുള്ള മാദ്ധ്യമ സമൂഹം ഇത്തരം ഗുരുതരമായ വീഴ്ച വരുത്തുമ്പോള്‍ അതില്‍ നിര്‍വ്യാജമായ ഒരു ക്ഷമ എങ്കിലും വായനക്കാരോട് പ്രകടിപ്പിക്കാന്‍ ബാദ്ധ്യസ്ഥരാണ്. ആ കാര്യത്തില്‍ മാതൃഭൂമിയും ദീപികയും മാന്യത കാട്ടി. വാര്‍ത്ത പിന്‍വലിച്ച ഉടന്‍ തന്നെ അവര്‍ ക്ഷമാപണം നടത്തി. ഇവിടെയും മാദ്ധ്യമ ഭീമന്‍ എന്ന അര്‍ഹിക്കാത്ത അലങ്കാരം കൊണ്ട് നടക്കുന്ന മനോരമയുടെ, ആര്‍ക്കോ വേണ്ടി എന്നപോലെയുള്ള ഖേദപ്രകടനത്തിന് വീണ്ടും മുക്കാല്‍ മണിക്കൂര്‍ കൂടി വേണ്ടി വന്നു.


എന്തായാലും ഈ കഴുകന്‍മാരുടെ തയ്യാറെടുപ്പുകള്‍ വെറുതെ ആയില്ല. കൊച്ചിന്‍ ഹനീഫ 3.40 ന് മരണത്തിന് കീഴടങ്ങി. തന്റെ മരണം വളരെ മുന്‍പ് തന്നെ മലയാള പത്രങ്ങളും ചാനലുകളും ആഘോഷിച്ചു എന്നറിയാതെ...മലയാളിയെ ഒരു പാട് ചിരിപ്പിച്ച ആ മഹാ നടന് ആദരാഞ്ജലികള്‍...


വാല്‍ക്കഷണം: ദേശാഭിമാനി ഈ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു.പാവങ്ങള്‍ ഈ സംഭവങ്ങളൊന്നും അറിഞ്ഞിട്ടും കേട്ടിട്ടും പോലുമില്ല . ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തിന്റെ ത്രില്ല് തലയ്ക്ക് പിടിക്കാത്തത് കൊണ്ടാകാം.

Thursday, November 19, 2009

ലവ് ജിഹാദ് എന്ന “വില്ലന്‍“


ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഹിന്ദു-കൃസ്ത്യന്‍ സമുദായത്തില്‍ പെട്ട പ്രായപൂര്‍ത്തിയായതോ അല്ലെങ്കില്‍ സമീപ ഭാവിയില്‍ പ്രായപൂര്‍ത്തിയാകാന്‍ പോകുന്നതോ ആയ പെണ്‍ മക്കള്‍ ഉള്ള മാതാപിതാക്കള്‍ ആരും കുറച്ച് നാളായി ഉറങ്ങുന്നതേ ഇല്ലത്രേ. ഈ പാവങ്ങളുടെ ഉറക്കം കളയുന്ന ‘വില്ലന്‍‘ മറ്റാരുമല്ല. “ലവ് ജിഹാദ്“. ഇവനാണ് ലവന്‍. ‘റോമിയോ ജിഹാദ്‘ എന്ന ഒരു വിളിപ്പേര് കൂടി ഉണ്ടത്രെ ഇവന്. ഏതായാലും ഇതോട് കൂടി മതപരിവര്‍ത്തനത്തിന്റെ പേരിലുള്ള തമ്മില്‍തല്ലിന് വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്.


ജിഹാദ്‘ എന്ന പദവുമായി വിക്കിയപീഡിയയില്‍ കയറിയപ്പോള്‍ കിട്ടിയത് ഇങ്ങനെയാണ്. “ഇസ്ലാമിൽ ജിഹാദ് എന്ന പദത്തിന്‌ ഒന്നിലേറെ അര്‍ത്ഥങ്ങളുണ്ട്. സമാധാനവും നന്മനിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം, അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരെയുള്ള സമരം, വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രതിരോധ യുദ്ധം എന്നിവയെല്ലാം ജിഹാദിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍പ്പെടുന്നു.“


പക്ഷേ ജിഹാദ് എന്ന പദം ഇപ്പോള്‍ നമ്മള്‍ കൂടുതല്‍ കേള്‍ക്കുന്നത് സ്ഫോടനങ്ങളുടെയും തീവ്രവാദ അക്രമങ്ങളുടെയുമൊക്കെ പുറകിലുള്ള മുദ്രാവാക്യമായിട്ടാണ്. ചില ദുഷ്ടജന്മങ്ങളുടെ വഴിപിഴച്ച പോക്കിന്റെ പേരില്‍ ഇവിടെ ക്രൂശിക്കപ്പെടുന്നത് ഒരു സമുദായം മുഴുവനും ആണ്. ഇതാ ഇപ്പോള്‍ “ലവ് ജിഹാദ്“ എന്ന പേരിലും ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത് അത്തരം ഒരു ആരോപണമാണോ എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.


“ലവ്ജിഹാദ്” എന്ന അദൃശ്യമായ സംഭവം സത്യമോ മിഥ്യയോ ആയിക്കൊള്ളട്ടെ. ആശ്ചര്യപ്പെടുത്തുന്നത് മറ്റു ചിലതാണ്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുകയാണ് ലവ് ജിഹാദിന്റെ ഉദ്ദേശമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. അപ്പോള്‍ ഉയര്‍ന്ന് വരുന്ന ഒരു സംശയമുണ്ട്. ആരുടെയെങ്കിലും ആജ്ഞകള്‍ക്കനുസരിച്ച് മാറുന്നതാണോ മതപരമായ വിശ്വാസങ്ങള്‍?ആരെങ്കിലും പറയുന്നത് കേട്ട് എപ്പോള്‍ വേണമെങ്കിലും മാറ്റിമറിക്കാവുന്ന ലോലമായ മതവിശ്വാസം മാത്രം ഉള്ളവരാണോ ഇവിടുത്തെ ഹിന്ദു-കൃസ്ത്യന്‍ പെണ്‍കൊടിമാര്‍? അങ്ങനെ എങ്കില്‍ അത് ഹിന്ദുമതത്തിന്റെയും കൃസ്ത്യന്‍ മതത്തിന്റെയും പോരായ്മയാണെന്ന് സമ്മതിച്ച് കൊടുക്കേണ്ടി വരും


പ്രണയം നടിച്ച് കൊണ്ട്പോകുന്നു. ഇസ്ലാം മതവുമായി ബന്ധപ്പെട്ട ബുക്കുകള്‍ വായിക്കാന്‍ കൊടുക്കുന്നു, മതപ്രഭാഷണങ്ങള്‍ കേള്‍പ്പിക്കുന്നു, പെണ്‍കുട്ടിയുടെ മനസ്സും ശരീരവും വളരെ പെട്ടെന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു. എല്ലാം വളരെ ഫാസ്റ്റ്. ഈ കഥയുടെ പിന്നിലുള്ള ബുദ്ധി ആരുടേതായാലും അത് വല്ലാത്ത അതിബുദ്ധിയായിപ്പോയി. ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂവല്ലേ എന്ന് സംശയദൃഷ്ടിയോടെ ചോദിക്കുന്ന മലയാളികളുടെ മുന്‍പിലേക്ക് കുറച്ച് കൂടി വിശ്വാസ യോഗ്യമായ ഒരു കഥയായിരുന്നു ഈ ബുദ്ധിമാന്‍മാര്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. ലവ് ജിഹാദ് എന്ന പേരില്‍ ഭീതി പടര്‍ത്തി പ്രചരിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍, ഒന്നുകില്‍ മിശ്രവിവാഹവും അത് വഴി മതപരിവര്‍ത്തനവും തടയാനുള്ള ഏതോ അതി ബുദ്ധിമാന്മാരുടെ ഭാവന അല്ലെങ്കില്‍ ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനുള്ള കുടില തന്ത്രം എന്നിവയില്‍ ഒന്നായേ കാണാന്‍ കഴിയൂ.


മത പരിവര്‍ത്തനത്തിന്റെ പേരില്‍ ഇവിടെ പലപ്പോഴും ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടന്നിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ പലപ്പോഴും പ്രതി സ്ഥാനത്ത് നിര്‍ത്തപ്പെട്ടിട്ടുള്ളവരാണ് കൃസ്ത്യന്‍ മിഷനറിമാര്‍. എന്നാല്‍ ലവ് ജിഹാദിനെ എതിര്‍ക്കുന്നത് അവര്‍ കൂടിയാണ് എന്നതാണ് രസകരമായ വസ്തുത. ആശാന് അടുപ്പിലുമാകാം എന്നതാകും ഇതിനു പിന്നിലുള്ള ചേതോവികാരം.


കൃസ്ത്യന്‍ മിഷനറിമാര്‍ പണവും വീടും നല്‍കി പാവപ്പെട്ട ഹിന്ദുക്കളെ മതം മാറ്റുന്നു എന്നൊരാരോപണം ഇടയ്ക്കിടയ്ക്ക് കേള്‍ക്കാറുണ്ട്. പക്ഷെ വീടും പണവും കിട്ടിയാല്‍ ഹിന്ദുക്കള്‍ തങ്ങളുടെ വിശ്വാസങ്ങളെ പണയം വയ്ക്കുമോ ?എന്ന ചോദ്യം മാത്രം ആരും ചോദിച്ച് കാണാറില്ല. ഈ ചോദ്യത്തിന് ഒരുത്തരമേ ഉള്ളു പാവപ്പെട്ടവന് വിശപ്പിന്റെ ആളലാണ് പ്രധാനകാര്യം. അതിനു ശേഷമേ വിശ്വാസങ്ങള്‍ക്കും ആരാധനയ്ക്കുമൊക്കെ അവന്റെ മനസ്സില്‍ സ്ഥാനമുള്ളു. തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന സ്വന്തം സമുദായസംഘടനകളേയും ദൈവങ്ങളേയും മറന്ന് തനിക്ക് നേരെ സഹായ ഹസ്തം നീട്ടുന്നവരുടെ സമുദായത്തിലേക്കും ദൈവത്തിലേക്കും (പ്രേരണയാലോ അല്ലാതെയോ) ചേക്കേറുന്നവരെ എങ്ങനെ കുറ്റം പറയാന്‍ സാധിക്കും. ഇത്തരം ആളുകളെ മതപരിവര്‍ത്തനത്തില്‍ നിന്നും പിന്‍ തിരിപ്പിക്കാന്‍ വീണ് കിടക്കുന്ന അവര്‍ക്ക് ഒരു കൈത്താങ്ങായാല്‍ മാത്രം മതി. പക്ഷേ വെറുതേ ഇരുന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നതുപോലെയും മാദ്ധ്യമങ്ങളുടെ മുന്‍പില്‍ കുണ്ഠിതപ്പെടുന്നതുപോലെയും എളുപ്പമല്ലല്ലോ അത്. അതിനാലാകാം ഹിന്ദു സംഘടനകളും, ഇത്തരം സംഭവങ്ങളില്‍ നിന്ന് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതെല്ലാം ബോധപൂര്‍വ്വം മറക്കുന്നത്.


ലവ് ജിഹാദ് പ്രശ്നത്തില്‍ ഇസ്ലാം മത പണ്ഡിതന്മാരും പക്വപൂര്‍ണ്ണമായ ഒരു നിലപാടല്ല എടുത്തത് എന്നാണ് എന്റെ അഭിപ്രായം. ലവ് ജിഹാദ് പോലെ ഒരു പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അത് തടയണം എന്ന ഒരു പ്രസ്താവന മാത്രം മതിയായിരുന്നു ലവ് ജിഹാദ് അല്ലെങ്കില്‍ റോമിയോ ജിഹാദ് പോലെയുള്ള ആരോപണങ്ങളുടെ മുന, തൊടുക്കും മുന്‍പേ ഒടിക്കാന്‍. പക്ഷെ അപക്വമായ പ്രതികരണങ്ങള്‍ പ്രശ്നത്തെ സങ്കീര്‍ണ്ണവും ഭീതിജനകവുമാക്കി. ലവ് ജിഹാദ് ആരോപണത്തിന്റെ പിന്നിലെ സത്യം എന്ത് തന്നെയായാലും നിക്ഷ്പക്ഷമായ അന്വേഷണത്തിലൂടെ അത് പുറത്ത് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം മതസൌഹാര്‍ദ്ദ മനസ്സുകളില്‍ ഉണ്ടാക്കപ്പെടുന്ന ഒരു ചെറിയ വിള്ളല്‍ പോലും ആത്മഹത്യാപരമായേക്കാം.


വാല്‍ക്കഷണം: വേറൊരാള്‍ നിര്‍ബന്ധിച്ചാല്‍ സ്വന്തം അഛനെയും അമ്മയെയും മാറ്റിപ്പറയാത്ത കാലത്തോളം നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന വാക്കിന് പ്രസക്തിയില്ല എന്നാണ് എന്റെ അഭിപ്രായം‍. കാരണം അങ്ങനെ മാറ്റാന്‍ കഴിയുന്നതല്ല മലയാളിയുടെ ചിന്തകളും അടിയുറച്ച മതവിശ്വാസങ്ങളും എന്ന് ഞാന്‍ വിശ്വസിക്കുന്നു.എന്ത് തന്നെ നേടാനായാലും സ്വന്തം മതവിശ്വാസങ്ങള്‍ ഉപേക്ഷിച്ച് മറ്റൊന്ന് തേടി പോകുന്നവരെ കുറിച്ച് കുണ്ഠിതപ്പെടേണ്ട ഒരു കാര്യവും ഉണ്ടെന്നും തോന്നുന്നില്ല. ഏത് മതത്തിലും വിശ്വസിക്കുവാനുമുള്ള അവകാശം ഭരണഘടന അവന് നല്‍കിയിട്ടുണ്ട്. അക്കരെ പച്ച സ്വപ്നം കണ്ട് പോകുന്നവര്‍ക്ക് അത് കിട്ടുന്നെങ്കില്‍ കിട്ടട്ടെ. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ തെറിക്കട്ടെ എന്നു വയ്ക്കണം. അല്ല പിന്നെ.....

Friday, September 18, 2009

മലയാളിക്ക് വേണ്ടാത്ത ഓണം

ഒരൊണം കൂടി മലയാളിയുടെ പടവുകളിറങ്ങിപ്പോയി. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തിന് മലയാളിയുടെ മനസ്സിലുണ്ടായിരുന്ന ആ പഴയ പൊലിമ ഇന്നും ഉണ്ടോ എന്ന കാര്യം സംശയമാണ്. വാലന്റൈൻസ് ഡേ, മദേഴ്സ് ഡേ, ഫാദേഴ്സ് ഡേ തുടങ്ങി സായിപ്പ് ചവച്ച് തുപ്പി കളഞ്ഞ എന്തും ഒരു നാണവും കൂടാതെ എടുത്ത് അലങ്കാരം പോലെ കൊണ്ട് നടക്കുന്ന നമ്മള്‍, മനസ്സില്‍ നിന്നും ഈ നാട്ടില്‍ നിന്നുമൊക്കെ കെട്ട് കെട്ടിക്കുന്നത് നമ്മുടെ തനതായ സംസ്കാരത്തെ തന്നെയാണെന്ന് മറന്നുപോകുകയാണ്.


യഥാര്‍ത്ഥത്തിൽ വിപണിയിലാണ് ഇപ്പോള്‍ ഓണാഘോഷത്തിന്റെ പ്രതിഫലനം ഉണ്ടാകുന്നത്. ഓണത്തിന്റെ അര്‍ത്ഥവ്യാപ്തി മറന്നു എങ്കിലും ഓണക്കോടി മലയാളി മറന്നിട്ടില്ല. ഓണത്തിരക്കിന്റെ ആദ്യ നാളുകളില്‍, വിലക്കുറവ് എന്ന മായികതയില്‍ മയങ്ങി മലയാളി വാങ്ങിക്കൂട്ടുന്നതധികവും പഴങ്കോടിയാണ് എന്നതാണ് സത്യം. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങാനും, പുതിയവ വാങ്ങിക്കൂട്ടാനും ഏറ്റവും ലാഭകരമായ സമയം ഓണക്കാലമാണെന്നതില്‍ മലയാളിക്ക് എതിരഭിപ്രായമില്ല. ചുരുക്കം പറഞ്ഞാല്‍, കൂടിപ്പോയാല്‍ പത്തോ പന്ത്രണ്ടോ ദിവസത്തെ ഓണാഘോഷങ്ങള്‍ക്കിടയില്‍ വിപണി കൊയ്തെടുക്കുന്നത് കോടികളാണ്. വിപണിയുടെ ഉത്സവം മാത്രമായി ഒതുങ്ങുകയാണ് ഇന്നത്തെ ഓണം.


മദ്യപാനികളാണ് ഓണം ആഘോഷിക്കുന്ന മറ്റൊരു കൂട്ടര്‍. മദ്യപാന റിക്കോർഡുകൾ തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ട് കോടിക്കണക്കിന് രൂപയുടെ മദ്യമാണത്രെ ഒരോണ നാളില്‍ മലയാളി കുടിച്ച് തീർക്കുന്നത്. ചാലക്കുടിക്കാര്‍ , കരുനാഗപ്പള്ളിക്കാര്‍ എന്നിങ്ങനെ വെള്ളമടിയിലെ കേമന്‍മാരെയും പ്രഖ്യാപിച്ചിട്ടുണ്ട് ബിവറേജസ് കോര്‍പ്പറേഷന്‍. ഇതു മാത്രം പോരാ എന്നാണ് മാറുന്നമലയാളിയുടെ പക്ഷം. അടുത്ത വര്‍ഷം മുതല്‍ വെള്ളമടിച്ച് മികവ് കാണിക്കുന്നവര്‍ക്ക് ജില്ല, താലൂക്ക്, വില്ലേജ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തണം. മാവേലിയുടെ പേരില്‍ തന്നെ ആയാല്‍ അത്രയും നല്ലത്. നാട്ടുമ്പുറത്തെ ക്ലബുകള്‍ക്ക് ഓണാഘോഷത്തോടനുബന്ധിച്ചുള്ള വെള്ളംകുടി മത്സരം മാറ്റി പകരം വെള്ളമടി മത്സരം സംഘടിപ്പിക്കാം. ‘വാളു’ കൊണ്ട് പൂക്കളവുമിടാം. കരളിത്തിരി വാടിയാലെന്താ ... സര്‍ക്കാരും ഹാപ്പി മലയാളിയും ഹാപ്പി മാവേലിയും ഹാപ്പി.....


ഓണപ്പൂക്കളവും പുലികളിയുമൊക്കെ മലയാളി മനസ്സില്‍ നിന്ന് കുടിയൊഴിഞ്ഞിട്ട് കാലം കുറെ ആയി. കുറച്ച് നാള്‍ മുന്‍പ് വരെ നാട്ടുമ്പുറങ്ങളിലെങ്കിലും ഓണനാളുകളില്‍ പൂക്കളം കാണുവാന്‍ കഴിയുമായിരുന്നു. വായനശാലയുടെയും കലാസംഘങ്ങളുടെയുമൊക്കെ മുന്‍പില്‍ ഓണനാളുകളിലെ സജീവ സാന്നിധ്യമായിരുന്നു മികച്ച ഒരോണപൂക്കളം. എന്നാല്‍ നാട്ടുമ്പുറത്തുകാര്‍ നഗരവാസികളേക്കാള്‍ പരിഷ്കാരികളായതോട് കൂടി ആ കാഴ്ചയും പൂര്‍ണ്ണമായി നിലച്ചു. ഇപ്പോള്‍ ഓണക്കാലത്ത് പൂക്കളം കാണണമെങ്കില്‍ പൂക്കള മത്സരം നടക്കുന്ന സ്ഥലത്ത് പോകണം. അല്ലെങ്കില്‍ നാട്ടുമ്പുറത്ത് ചില സാംസ്കാരിക വേദിക്കാര്‍ ഇട്ടു വച്ചിട്ടുണ്ടാകും , ഉപ്പുപരലില്‍ കളര്‍ ചേര്‍ത്ത് നിര്‍മ്മിച്ച ഒന്നാന്തരം ഓണപൂക്കളം. അതിനെ പൂക്കളമെന്ന് വിളിക്കാമോ എന്ന സംശയത്തിന് സ്ഥാനമില്ല. കാരണം വലിയ തിരക്കുള്ളവരായി മാറിയ(അതോ നടിക്കുന്നതോ) നമ്മള്‍ മലയാളികളുടെ ഓണപൂക്കളം തന്നെയാണിത്.


മലയാളിയുടെ തിരുവോണം ഇപ്പോള്‍ ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുന്‍പിലാണ്. തിരുവോണസദ്യ ഉണ്ണുമ്പോള്‍ പോലും ടീവിയില്‍ നിന്നും കണ്ണെടുക്കാന്‍ മലയാളി തയ്യാറല്ല. മലയാളം ചാനലുകാര്‍ എല്ലാം കൂടി ഓണം ആഘോഷിക്കാന്‍ ഇറങ്ങിയപ്പോള്‍ ഓണ നാളുകളില്‍ പോലും മലയാളി ആശങ്കയിലാണ്. ഏത് ചാനലിലെ ഏത് പരിപാടി കാണും.


പാചകം ചെയ്തു പോലും ന്യൂക്ലിയര്‍ ഫാമിലിയിലെ മലയാളി മങ്കമാരുടെ ദേഹം അനങ്ങരുത് എന്ന് കരുതിയാകും എല്ലാ കറിക്കൂട്ടുകളും റെഡിമെയ്ഡായി നമ്മുടെ വിപണിയില്‍ ലഭ്യമാണ്. സാമ്പാറും അച്ചാറും തുടങ്ങി പായസം വരെ റഡിമെയ്ഡാണിപ്പോള്‍. ഈ മിക്സിനൊക്കെ അമ്മമാരുണ്ടാക്കി തന്ന ഓണസദ്യയുടെ സ്വാദ് ഉണ്ടോ എന്ന് ചോദിച്ചാല്‍ പുതു തലമുറയിലെ മലയാളിമങ്കമാര്‍ തിരിച്ച് മൊഴിയും. പഴയ കാലമൊന്നുമല്ല ഇപ്പോള്‍. സദ്യ ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്ന സമയമുണ്ടാരുന്നെങ്കില്‍ ടീവിയില്‍ ഒരോണപ്പരിപാടി കൂടി കണ്ടേനെ എന്ന്....


ഹോട്ടലില്‍ നിന്ന് ഓണസദ്യ ഉണ്ണുന്ന പുതിയ പ്രവണതയും മലയാളികള്‍ക്കിടയില്‍ വര്‍ദ്ധിക്കുകയാണ്. 100 മുതല്‍ 1000 രൂപയ്ക്ക് വരെ ഓണസദ്യ ഒരുക്കി ഹോട്ടലുകാര്‍ കാത്തുനില്‍ക്കുമ്പോള്‍ വെറുതെ ഓണസദ്യ ഒരുക്കാന്‍ എന്തിന് കഷ്ടപ്പെടണം എന്നതാകാം ഇതിനു പുറകിലുള്ള മനോവികാരം.


കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഓണം അതിന്റെ എല്ലാ നന്മകളോടും കൂടി മനസ്സില്‍ കൊണ്ട് നടക്കുന്നവരുണ്ട്. അത് പ്രവാസികളാണ്. സ്വന്തം നാടും വീടും വിട്ട് മറ്റു രാജ്യങ്ങളില്‍ കഴിയുന്ന അവരുടെ മനസ്സിലെ ആ പച്ചപ്പാണ് ഓണം. ഓണദിനങ്ങളില്‍ ഓണ്‍ ലൈന്‍ കമ്മ്യൂണിറ്റികളിലും ബ്ലോഗിലുമൊക്കെ നിറഞ്ഞു നിന്ന പ്രവാസികളുടെ ഓണസ്മൃതികള്‍, ഉറ്റവരോടൊപ്പം ആഘോഷിക്കാന്‍ കഴിയാതെ നഷ്ടപ്പെട്ട് പോകുന്ന ഒരു ഓണത്തിന്റെ മാധുര്യം വരച്ചിടുന്നു. അല്ലെങ്കിലും നമ്മള്‍ മലയാളികള്‍ ഇങ്ങനെയാണ്. കണ്ണുള്ളപ്പോള്‍ അതിന്റെ വില മനസ്സിലാക്കില്ല.


കൂട്ടിചേര്‍ക്കല്‍: കാണം വിറ്റും ഓണം ഉണ്ണണം എന്ന് പഴമക്കാര്‍ പറയാറുണ്ട്. ഓണത്തേക്കാള്‍ സുഭിക്ഷമായി ദിനവും ജീവിക്കുന്ന പുതു തലമുറയ്ക്ക് ഈ ചൊല്ല് അന്യമായതില്‍ അതിശയപ്പെടാനില്ല.

Tuesday, June 16, 2009

ഇവനൊക്കെ ഇതെന്തിന്റെ കേടാണ്?


ഇവനൊക്കെ ഇതെന്തിന്റെ കേടാണ്? ഈ പ്രതികരണം എന്റേതല്ല. തിരുവനന്തപുരം നഗരത്തില്‍ സൂപ്പര്‍താര ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി സൂപ്പര്‍ താരത്തിന്റെ ആരാധക സമൂഹം ഗതാഗതം പോലും തടസ്സപ്പെടുത്തി നടത്തിയ ‘ഫിലിം പെട്ടി എഴുന്നള്ളിക്കല്‍‘ കണ്ട് കണ്ണു തള്ളിപ്പോയ ഒരു വൃദ്ധയുടെ പ്രതികരണം ആണിത്. അവരെ കുറ്റം പറയാന്‍ കഴിയുമോ?


സൂപ്പര്‍താരത്തിന്റെ ചിത്രം റിലീസ് ചെയ്യുമ്പോള്‍ താരത്തിന്റെ ആരാധകരുടെ ആവേശം മനസ്സിലാക്കാം. എന്നാല്‍ ആ ആവേശം പരിഹാസ്യമായ രീതിയിലേക്ക് തരം താഴുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു വരുന്നത്. കുറച്ച് നാള്‍ മുന്‍പു വരെ ആദ്യ ഷോയ്ക്ക് തന്നെ ടിക്കറ്റ് എടുത്ത് ആവേശത്തോടെ സിനിമ കാണുന്നതില്‍ ഒതുങ്ങിയിരുന്ന ആരാധന ഇപ്പോള്‍ ഒരുപാട് മുന്‍പോട്ട് പോയി. ഇപ്പോള്‍ ആരാധകരുടെ അല്ലെങ്കില്‍ ഫാന്‍സ് അസ്സോസ്സിയേഷന്‍ പ്രവര്‍ത്തകരുടെ ആവേശം കേവലം ചിത്രം കാണുന്നതിലും തങ്ങളുടെ താരത്തെ പുകഴ്ത്തുന്നതിലും മാത്രം ഒതുങ്ങുന്നതല്ല. അവര്‍ക്ക് ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കുവാനുണ്ട് ഇപ്പോള്‍.


റിലീസിങ്ങ് ദിവസത്തിനു മുന്‍പ് തന്നെ തീയറ്ററില്‍ താരത്തിന്റെ പല പോസിലുള്ള കൂറ്റന്‍ ഫ്ലക്സുകളും പോസ്റ്ററുകളും സ്ഥാപിക്കുക, മറ്റു താരങ്ങളുടെ പോസ്റ്ററുകള്‍ വലിച്ച് കീറുക, ഫിലിം പെട്ടി വന്നാലുടന്‍ (എല്ലാ ആചാര മര്യാദകളോടും കൂടി) സ്വീകരിക്കുക, അതില്‍ പൂജ ചെയ്യിക്കുക, പിന്നെ ഫിലിം പെട്ടി തലയിലേന്തി വാദ്യമേള ഘോഷത്തോടെ ഒരു നഗര പ്രദക്ഷിണം. തിരിച്ചെത്തി ഫിലിം പെട്ടി ഓപ്പറേറ്ററെ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ‘അഭിഷേക’ സമയമാണ്. പാല്, കരിക്കിന്‍ വെള്ളം, പനിനീര് ഇതിലേതെങ്കിലുമുപയോഗിച്ച് സ്വന്തം താരത്തിന്റെ ഫ്ലക്സില്‍ അഭിഷേകം കൂടി നടത്തിയാലേ ഒരു ആരാധകന് സംതൃപ്തി കിട്ടൂ..


ഇത്രയുമായാല്‍ ബാക്കി പ്രകടനം തീയറ്ററിനകത്താണ്. സ്വന്തം താരത്തിനെ സ്ക്രീനില്‍ കണ്ടാല്‍ പിന്നെ ഒരാവേശമാണ്. ആരാധകരുടെ സന്തോഷപ്രകടനം കാരണം ചലച്ചിത്രത്തിന്റെ ശബ്ദം പോലും അപ്രാപ്യമായിരിക്കും നമുക്ക്. സ്ക്രീനിലേക്ക് പുഷ്പവര്‍ഷം നടത്തുകയാണ് മറ്റൊരു ഐറ്റം. ആദ്യത്തെ ആഴ്ച പൂക്കള്‍ രണ്ടാമത്തെ ആഴ്ച പേപ്പര്‍ നുറുക്കിയത് അതാണ് അതിന്റെ കണക്ക്.


പുതിയ സൂപ്പര്‍താര ചിത്രത്തിന്റെ പ്രദര്‍ശനത്തിന്റെ ആദ്യ ആഴ്ചകളില്‍ ‘എ‘ക്ലാസ്സ് തീയറ്ററുകളെല്ലാം ഫാൻസുകാരുടെ നിയന്ത്രണത്തിലായിരിക്കും. അതിനാല്‍ തന്നെ തീയറ്ററിനകത്തൊ പുറത്തോ പടം കണ്ട് കാശു പോയ ആരാധകനല്ലാത്ത ഒരു പ്രേക്ഷകനു പടം കൊള്ളില്ല (ആരാധകന്‍ ഒരിക്കലും അത് സമ്മതിക്കില്ലല്ലോ) എന്ന് ഉറക്കെ പറയാന്‍ കഴിയില്ല. പറഞ്ഞാല്‍ അവന്‍ അനുഭവിക്കും. അത് ഉറപ്പ്.


അരാധക വൃന്ദം ചിലപ്പോഴെങ്കിലും താരങ്ങളുടെ ഗൂണ്ടാ പടയായി അധ:പ്പതിക്കുന്ന ചിത്രവും നമുക്ക് മുന്‍പിലുണ്ട്. മറ്റു താരങ്ങളുടെ ചിത്രങ്ങള്‍ക്ക് കൂവുക, പോസ്റ്ററുകള്‍ നശിപ്പിക്കുക തുടങ്ങിയ പണികളും ഇവര്‍ മൊത്തമായി ഏറ്റെടുത്ത് ചെയ്യുന്നു. താരങ്ങളുടെ മൌനാനുവാദത്തോടെ.


ഇതൊക്കെ നടക്കുന്നത് നമ്മുടെ ഈ കേരളത്തിലാണ് എന്നുള്ളതാണ് ഏറ്റവും അതിശയിപ്പിക്കുന്ന വസ്തുത. തമിഴരെയും അവരുടെ താരാരാധനയെയും ആവശ്യത്തിനും അനാവശ്യത്തിനും പുച്ഛിക്കാറുണ്ടായിരുന്ന മലയാളികളാണ് ഇത്തരം കോപ്രായങ്ങള്‍ കാട്ടികൂട്ടുന്നത്. കുഗ്രാമങ്ങളില്‍ വരെ ഓരോ താരങ്ങള്‍ക്കും ഫാന്‍സ് അസ്സോസ്സിയേഷനുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. കാശ് കൊടുത്ത് ഫാന്‍സ് അസ്സോസ്സിയേഷന്‍ തുടങ്ങിച്ച താരങ്ങള്‍ വരെ ഉണ്ടത്രെ. സ്വന്തം താരദൈവങ്ങളുടെ കൈകളില്‍ നിന്നും ആരാധകന്മാര്‍ക്ക് ഇടയ്ക്കിടയ്ക്ക് ഓരോന്ന് കിട്ടുന്നതൊന്നും അവര്‍ക്ക് പ്രശ്നമല്ല. അവര്‍ ആരാധന തുടരും ഒരു നാണവുമില്ലാതെ.


ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങി അഭിനയിക്കുന്ന താരങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല. അല്ലെങ്കില്‍ തന്നെ അവര്‍ക്കിടയില്‍ എന്താ പ്രശ്നം. ഇവിടെ സ്വന്തം കയ്യിലെ കാശുമുടക്കി ഇവരുടെയൊക്കെ പടം കാണുന്ന ആരാധകര്‍ തമ്മിലടിക്കുന്നു.തെറിയഭിഷേകം നടത്തുന്നു. ഇതാണ് കാഴ്ച. കാണേണ്ട കാഴ്ച.


കൂട്ടിചേര്‍ക്കല്‍: ഇനി ഇവിടെ മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ്ഗോപിക്കും ദിലീപിനും പൃഥിരാജിനും ഓരോ അമ്പലങ്ങള്‍ കൂടിയായാല്‍ എല്ലാമായി. ഇനി അതു കൂടിയേ കാണാനുള്ളു. മനുഷ്യനെ പിടിച്ച് ദൈവമാക്കുന്ന കാലമാണ്. നമുക്കതും കാണാം താമസ്സിക്കാതെ തന്നെ.

Wednesday, April 1, 2009

ആരാണ് ഇവിടെ മതേതരവാദി?


ഈ ചോദ്യം കേരളത്തില്‍ ചോദിക്കാന്‍ ഭയക്കണം. കാരണം ഇടത് -വലത് മതേതരന്മാര്‍ ചിലപ്പോള്‍ തല തന്നെ വെട്ടിക്കളയും. തല എന്നത് ഒരു അവിഭാജ്യ ഘടകമായി മാറുന്ന മലയാളി കരുതുന്നില്ല എന്നത് കൊണ്ട് തന്നെ ചോദ്യം ആവര്‍ത്തിക്കട്ടെ.. ആരാണ് ഇവിടെ മതേതരവാദി?


ഭാരതീയ ജനതാപാര്‍ട്ടി എന്ന പ്രസ്ഥാനം തികച്ചും ഹൈന്ദവ വര്‍ഗ്ഗീയ പ്രസ്ഥാനം തന്നെ. വോട്ട് കച്ചവടം നടത്താന്‍ യാതൊരു മടിയുമില്ലാത്ത ഈ ആദര്‍ശ വാദികള്‍ ഹൈന്ദവരുടെ മുഴുവന്‍ പ്രതിനിധി ചമഞ്ഞാണ് കേരളത്തില്‍ രാഷ്ട്രീയം കളിക്കുന്നത്. പക്ഷെ കേരളത്തിലെ വര്‍ഗ്ഗീയ പ്രസ്ഥാനം ഇപ്പോള്‍ ഭാരതീയ ജനതാപാര്‍ട്ടി മാത്രമാണ് എന്നു പറയുന്നിടത്താണ് ഏറ്റവും വലിയ തമാശ നമുക്ക് കാണാന്‍ കഴിയുന്നത്. മുസ്ലീം ലീഗ്, പീഡീപി, എന്‍.ഡി.എഫ് തുടങ്ങുന്ന പല പ്രസ്ഥാനങ്ങളുണ്ട് ഈ നാട്ടില്‍. അവരൊക്കെ വര്‍ഗ്ഗീയത പറയുന്നുണ്ട്, പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ അതിനൊന്നും ഒരു അപാകതയുമില്ല കാരണം അവര്‍ ചേര്‍ന്ന് നില്‍ക്കുന്നത് ഇവിടുത്തെ മതേതര കുപ്പായക്കാരോടൊപ്പമാണ്. അപ്പോള്‍ അവര്‍ക്ക് ഇവിടെ എന്തുമാകാം.


ഇലക്ഷന്‍ അടുത്തു കഴിഞ്ഞാല്‍ പിന്നെ ‘അവിശുദ്ധം‘ എന്ന ഒരു പദത്തിന് പ്രസക്തിയില്ല. എല്ലാം വിശുദ്ധമോ പരിശുദ്ധമോ ആണ്. പ്രത്യേകിച്ച് ഇടതന്മാര്‍ക്ക്. ആരുടെയും ഭൂതകാലം അവര്‍ക്ക് ഒരു പ്രശ്നമല്ല. എത്ര വലിയ കൊള്ളക്കാരനായാലും രാജ്യദ്രോഹിയായാലും വര്‍ഗ്ഗീയ വാദിയായാലും, പത്ത് വോട്ട് തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് നേടിക്കൊടുക്കാന്‍ കഴിവുള്ളവനാണെങ്കില്‍ അവന്റെ തോളത്ത് കയ്യിടാന്‍ ഇടതന് ഒരു മടിയുമില്ല. ഒരേ ഒരു ഡിമാന്‍റ് മാത്രമേ ഉള്ളു. കുറച്ച് പേരെ വിളിച്ച് കൂട്ടി പണ്ട് ചെയ്തു കൂട്ടിയ കൊള്ളരുതായ്മകളില്‍ എനിക്ക് മനസ്താപമുണ്ട് എന്നൊരു കാച്ച് കാച്ചണം. ആളു നന്നാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല ‘മനസ്താപം’ മാത്രം മതി.


നാലു വോട്ട് കൂടുതല്‍ കിട്ടാന്‍ വേണ്ടി സ്വന്തം തലയും കൊണ്ട് പോകുന്നത് പുലിക്കൂട്ടിലേക്കാണെന്ന് കാരണവന്മാരും അത്മാര്‍ത്ഥ സ്നേഹിതരുമൊക്കെ ഉപദേശിച്ചു നോക്കി. ഉപദേശത്തിന് ഉടന്‍ ഫലവുമുണ്ടായി. ഇതുവരെ മാങ്ങാപറിക്കാനും ഗോലികളിക്കാനും ഒരുമിച്ചുണ്ടായിരുന്ന സ്നേഹിതന്മാരുടെ ഉള്ള കസേരയും കൂടി പിടിച്ച് വാങ്ങി അവരെ വള്ളിച്ചൂരലിനടിച്ച് പുറത്തിറക്കി. അവരിപ്പോള്‍ ‘ബലികുടീരങ്ങളേ......” എന്നുറക്കെ പാടി തെരുവിലലയുന്നു. പാവങ്ങള്‍........


‘കോണ്‍ഗ്രസ്സില്‍ നടക്കുമായിരിക്കും പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടക്കില്ല‘, ഒരു വ്യക്തിയുടെ ആധിപത്യവും അയാളുടെ കളിപ്പാവയായി ഒരു പ്രസ്ഥാനം മാറുന്നതിനെ കുറിച്ചുമൊക്കെ സാധാരണ ജനങ്ങളുടെ ധാരണ ഇതായിരുന്നു ഈ അടുത്ത കാലം വരെ. എന്നാല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരുപാട് മാറിപോയിരിക്കുന്നു. ചില വ്യക്തികളുടെ സ്വകാര്യസ്വത്തായി അധ:പ്പതിച്ചിരിക്കുന്നു ഈ പ്രസ്ഥാനം. ഇതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി, പ്രത്യയ ശാസ്ത്രങ്ങളെയും ധാര്‍മ്മികതയെയും ഒക്കെ കാറ്റില്‍ പറത്തി പത്ത് വോട്ടിനു വേണ്ടി വര്‍ഗ്ഗീയവാദികളുടെ (മനസ്സുമാറി നന്നായ പ്രത്യേക ഇനം) തോളില്‍ കയ്യിട്ടപ്പോള്‍ , ഈ പ്രസ്ഥാനത്തിനുവേണ്ടി സര്‍വ്വവും സമര്‍പ്പിച്ച ഒരുപാട് കറകളഞ്ഞ കമ്മ്യൂണിസ്റ്റുകളുടെ മുഖത്തെ ചിരി വാടിയത് ചിലപ്പോള്‍ ‘അടക്കി വാഴുന്ന‘ സഖാവ് ശ്രദ്ധിച്ചു കാണില്ല. പക്ഷെ, ഈ കൂട്ട് കെട്ട് എന്തിനു വേണ്ടി എന്നതിനു നേതാവ് നല്‍കിയ ഉത്തരമാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ. വര്‍ഗ്ഗീയതയെ തുടച്ച് നീക്കാന്‍...... ഇന്ത്യയില്‍ മതേതരത്വം സ്ഥാപിക്കാനാണത്രെ ഈ കൂട്ട് കെട്ട് . പൊട്ടിച്ചിരിക്കുകയല്ലാതെ എന്താ ചെയ്യുക. മതേതരത്വം, വര്‍ഗ്ഗീയത എന്നിവയുടെ അര്‍ത്ഥവ്യാപ്തി മാറിപോയോ എന്നൊരു സംശയം.


കിട്ടാത്ത മുന്തിരി പുളിച്ച കുറുക്കന്റെ അവസ്ഥയിലാണ് കോണ്‍ഗ്രസ്സുകാര്‍. അവര്‍ ‘മനസ്സുമാറിയ‘ വര്‍ഗ്ഗീയവാദിയെ കൂട്ടു പിടിച്ച കമ്മ്യൂണിസ്റ്റുകാരെ തെറിവിളിച്ച് നടക്കുകയാണ്. അവര്‍ക്ക് പറയാമല്ലോ. കാരണം എന്നും മതേതരത്വത്തിന്റെ കാവലാളുകളായിരുന്നല്ലോ കോണ്‍ഗ്രസ്സുകാര്‍ !! ‍. ഇതൊക്കെ കാണുമ്പോള്‍ ചിലപ്പോള്‍ കാറിതുപ്പിപ്പോകും മലയാളികള്‍. കാരണം കോണ്‍ഗ്രസ്സുകാരന്‍, തീവ്രവാദിയെന്നും വര്‍ഗ്ഗീയവാദിയെന്നും ഇപ്പോള്‍ ആക്ഷേപിക്കുന്ന ഇതേ വ്യക്തിയെ കെട്ടിപ്പിടിച്ച് വോട്ട് തെണ്ടിയ കോണ്‍ഗ്രസ്സുകാരെ മലയാളികള്‍ മറക്കില്ല. അന്നില്ലാത്ത തിരിച്ചറിവ് ഇന്നെവിടുന്ന് കിട്ടി. അതോ ആശാന് അടുപ്പിലും ആകാം എന്നാണോ?


പണം, അധികാരം എന്നിവയ്ക്കുവേണ്ടി ഏതറ്റം വരെ താഴാനും മടിയില്ലാത്ത നേതാക്കന്മാരാല്‍ സമൃദ്ധമാണ് കോണ്‍ഗ്രസ്സ്. അണികളേക്കാള്‍ നേതാക്കന്മാരുള്ള ഏക പ്രസ്ഥാനവും ചിലപ്പോള്‍ കോണ്‍ഗ്രസ് ആയിരിക്കും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനങ്ങള്‍ വെറുക്കുന്ന അവസരങ്ങളിലെല്ലാം ഇവിടെ കോണ്‍ഗ്രസ് വിജയിച്ചിട്ടുണ്ട്. അത് ചെകുത്താനെക്കാള്‍ നല്ലത് കുട്ടിച്ചാത്തനാണെന്ന് ജനങ്ങള്‍ കരുതുന്നത് കൊണ്ടാണെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രം മനസ്സിലാകില്ല.


മതേതര വാദത്തിന്റെ ആട്ടിന്‍ തോലിട്ട ഇടതനും വലതനും, സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് പോലും മതേതര ചിന്താഗതിയില്‍ തന്നെ. ലറ്റീന്‍ കത്തോലിക്കര്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് അതേ സമുദായത്തിലെ വ്യക്തിയെയും മുസ്ലീം വോട്ടുകള്‍ കൂടുതല്‍ വീഴുന്നിടത്ത് മുസ്ലീമിനെ തന്നെയും സ്ഥാനാര്‍ത്ഥിയാക്കുന്നിടത്ത് തന്നെ ബോദ്ധ്യമാകുന്നു ഇവരുടെ മതേതര ചിന്ത. പത്ത് വോട്ടിനോയി അരമനകളിലും സമുദായ നേതാക്കന്മാരുടെ അന്തപ്പുരങ്ങളിലും കയറിയിറങ്ങും, വേണ്ടി വന്നാല്‍ കാലു നക്കും പക്ഷെ ഒരു ലജ്ജയുമില്ലാതെ അവര്‍ പിന്നെയും ആവര്‍ത്തിക്കും തങ്ങള്‍ മാത്രമാണ് വര്‍ഗ്ഗീയത തൊട്ടു തീണ്ടാത്ത പ്രസ്ഥാനങ്ങളെന്ന്.....


പേരില്‍ തന്നെ വര്‍ഗ്ഗീയത ഉള്ള പാര്‍ട്ടിയെ ഘടക കക്ഷിയായി കൊണ്ട് നടക്കുന്ന കോണ്‍ഗ്രസ്സിനും, ‘മനസ്സുമാറിയ‘ വര്‍ഗ്ഗീയവാദിയെ ചുമക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും മതേതര പാര്‍ട്ടികള്‍ എന്ന് കൊട്ടി ഘോഷിക്കാന്‍ എന്തവകാശമാണുള്ളത്? ഒന്നുകില്‍ വര്‍ഗ്ഗീയപാര്‍ട്ടികളുടെ സഹവാസം അവസാനിപ്പിച്ച് വാക്കിലെ മതേതരത്വം പ്രവൃത്തിയിലും കൊണ്ടു വരിക. അല്ലെങ്കില്‍ മതേതരത്വത്തെ കുറിച്ച് കൂടുതല്‍ വാചാലരാകാതിരിക്കുക. ഈ രാഷ്ടീയ നാടകങ്ങള്‍ മനസ്സിലാക്കാനുള്ള വിവരവും വിദ്യാഭ്യാസവുമൊക്കെ ആയിപ്പോയി മലയാളിക്ക്.....

Wednesday, February 4, 2009

കലിപ്പുകള്‍ തീരാതെ മലയാളി


അസൂയ, കുശുമ്പ്, കഷണ്ടി എന്നിവയ്ക്ക് മരുന്നില്ല എന്നായിരുന്നു നമ്മള്‍ കേട്ടുവന്ന പഴമൊഴി. എന്നാല്‍ കഷണ്ടിക്ക് മറുമരുന്നുമായി ‘ഗൾഫ് ഗേറ്റു’കാരും തൈല കമ്പനിക്കാരും രംഗത്തിറങ്ങിയതോടെ ആ ശ്രേണിയില്‍നിന്ന് കഷണ്ടിയെ നമുക്ക് മാറ്റി നിര്‍ത്തേണ്ടിവന്നു. എന്നാല്‍ അസ്സൂയയ്ക്കും കുശുമ്പിനും നമ്മുടെ മനസ്സുകളില്‍ പ്രത്യേകിച്ച് മലയാളി മനസ്സുകളില്‍ ഉണ്ടായിരുന്ന പ്രതാപത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഒരുത്തനും നമുക്ക് മുകളില്‍ വളരാന്‍ നമ്മള്‍ സമ്മതിക്കില്ല. അഥവാ ഒരുത്തന്‍ സ്വപ്രയത്നം കൊണ്ട് വളര്‍ന്ന് വന്നാല്‍ അവനെ എങ്ങനെയൊക്കെ നാറ്റിക്കാം എന്നും നമുക്ക് നല്ലതുപോലെ അറിയാം.


പരദൂഷണം ഒരു കലയാണോ? ആണെന്ന് വേണം കരുതാന്‍. കാരണം കലാരൂപങ്ങള്‍ നല്‍കുന്ന എല്ലാ സന്തോഷവും ആശ്വാസവും’ പരദൂഷണവും നമുക്ക് പ്രദാനം ചെയ്യുന്നുണ്ടല്ലോ. പരദൂഷണം എന്നത് സ്ത്രീകള്‍ക്ക് മാത്രമുള്ള ഒരു സ്വഭാവ വിശേഷമാണെന്നാണ് പുരുഷന്‍മാരുടെ വാദം. അത് വെറും വാദം മാത്രമാണ് എന്നുള്ളതാണ് സത്യം. പരദൂഷണത്തില്‍ പുരുഷന്‍മാരും സ്ത്രീകളേക്കാള്‍ ഒട്ടും പിന്നിലല്ല. പിന്നെ ഒരു വ്യത്യാസം ഉള്ളത് എന്താണെന്ന് വച്ചാല്‍ സ്ത്രീകളുടെ പരദൂഷണം ചിലപ്പോള്‍ നിരുപദ്രവകാരികളായേക്കാം പക്ഷെ ഞങ്ങള്‍ പുരുഷന്‍മാര്‍ ഒരുത്തനെ താറടിക്കാന്‍ ഇറങ്ങി തിരിച്ചാല്‍ അതും അതിനപ്പുറവും നടത്തിയിട്ടേ മതിയാക്കൂ. ‘തെങ്ങില്‍ കയറിയാല്‍ കള്ള് ചെത്തിയിട്ടേ ഇറങ്ങൂ‘. അതാണ് ഞങ്ങള്‍ പുരുഷന്‍മാരുടെ ഒരു ലൈന്‍...


പരദൂഷണത്തിന് നല്ല വേരോട്ടമുള്ളത് ‘നന്മകളാല്‍ സമൃദ്ധമായ‘ നമ്മുടെ നാട്ടിന്‍പുറങ്ങളിലാണ്. ഇതും ഒരു ‘നന്മ‘ തന്നെ ആണല്ലോ. പട്ടണങ്ങളില്‍ പരദൂഷണം എന്ന സംഭവമേ ഇല്ലെന്നല്ല അതിന്റെ അര്‍ത്ഥം. താരത്മ്യേന കുറവ് അത്രമാത്രം. അതും വിറളി പിടിച്ച യാന്ത്രിക ജീവിതത്തിലെ സമയകുറവുമൂലവും. നാട്ടിന്‍പുറത്താകുമ്പോള്‍ എല്ലാവര്‍ക്കും തമ്മില്‍ തമ്മിലറിയാം. ആ അവസ്ഥയില്‍ ഒന്ന് കൊളുത്തിവിട്ടാല്‍ മതി സത്യമായാലും മിഥ്യയായാലും അത് കത്തിപ്പിടിച്ചോളും.


ഒരുത്തന്‍ ഗള്‍ഫില്‍ പോയി പത്ത് കാശ് സമ്പാദിച്ചാല്‍ ഉടന്‍ തുടങ്ങുകയായി അപവാദപ്രചരണങ്ങളുടെ തുടക്കം. കുഴല്‍പ്പണം, മോഷണം, പെണ്‍ വാണിഭം എന്തിനധികം ചിലപ്പോള്‍ തീവ്രവാദം പോലും അവന്റെ പുത്തന്‍പണത്തിനു പിന്നിലുള്ള സ്രോതസ്സായി ചാര്‍ത്തികൊടുക്കും നമ്മള്‍. ഇപ്പോഴത്തെ ഗൾഫുകാരൻ പണ്ട് തെണ്ടി തിരിഞ്ഞ് നാട്ടില്‍ നടന്ന കാലത്ത് ഒരു കാലിചായ പോലും വാങ്ങിക്കൊടുക്കാതെ മുഖം തിരിച്ചവരാണ് നമ്മള്‍ എന്ന കാര്യവും അപവാദം പ്രചരിപ്പിക്കുന്നതിനിടയില്‍ നമ്മള്‍ സൌകര്യപൂര്‍വ്വം മറക്കും. ചുരുക്കത്തില്‍ നമ്മള്‍ ഗൾഫുകാരനെ ‘സ്നേഹിച്ച് സ്നേഹിച്ച്’ അയാളുടെ കുടുംബത്തിന് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലെത്തിക്കും.


നാട്ടിന്‍പുറങ്ങളിലെ അപവാദ പ്രചരണങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഒരു സംഭവം ഒരാളുടെ വായില്‍നിന്ന് കിട്ടിയാല്‍ നമ്മുടേതായ ചില കൂട്ടി ചേര്‍ക്കലുകള്‍ക്ക് ശേഷമാണ് ആ വിവരം നമ്മള്‍ അടുത്തയാളിന് കൈമാറുന്നത്. ഉദാഹരണത്തിന് പുത്തന്‍വീട്ടിലെ രാജു വഴിയരികില്‍ നിന്ന് പനിമൂലം ഒന്ന് ശര്‍ദ്ദിച്ചാല്‍, അത് കാണുന്ന രാജുവിനോട് വിരോധമുള്ള ഞാന്‍ ആ വിവരം മറ്റൊരാള്‍ക്ക് കൈമാറുന്നത് രാജു ദേ വഴിയില്‍ നിന്ന് വെള്ളമടിച്ച് വാളുവയ്ക്കുന്നു എന്ന ധ്വനിയിലായിരിക്കും. ഇത് കേള്‍ക്കുന്നവന്‍ മദ്യത്തിന്റെ കൂടെ കഞ്ചാവും കൂടെ ചേര്‍ത്ത് അടുത്തവനെ അറിയിക്കും. അതങ്ങനെ അങ്ങ് മുകളിലേക്ക് പോകും. ചുരുക്കം പറഞ്ഞാല്‍, ലഹരിയാണ് എന്ന് കരുതി ഒരു ക്ലബ് സോഡപോലും വാങ്ങികുടിക്കാത്ത രാജു രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലെ ഏറ്റവും വലിയ ആഭാസനാകും. ഇനി നിങ്ങള്‍തന്നെ പറയൂ... ഇതൊരു കലയല്ലേ?


നമുക്ക് വിരോധമുള്ള ഒരുത്തനെയോ ഒരുത്തിയെയോ ഒരു പാഠം പഠിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അവിഹിതബന്ധത്തിന്റെ കഥ മെനയുക എന്നതാണ്. അത്തരം വാര്‍ത്തകള്‍ പറയാനും കേള്‍ക്കാനും നമുക്ക് ഇഷ്ടം കൂടുതലാണല്ലോ. അവര്‍ തമ്മില്‍ ഇഷ്ടത്തിലാണ് എന്ന് തുടങ്ങി അവരെ കഴിഞ്ഞ ആഴ്ച ഹോട്ടലില്‍ നിന്ന് റെയ്ഡ് ചെയ്ത് പിടിച്ചു എന്ന് വരെ നമുക്ക് ധൈര്യമായി കഥകള്‍ മെനഞ്ഞ് വിടാം. അത് ശരിയാണോ തെറ്റാണോ എന്നൊന്നും ആരും അന്വേഷിക്കാന്‍ വരില്ല. നമ്മുടെ കഥയിലെ നായകനോ നായികയോ അപമാനഭാരത്താല്‍ തൂങ്ങിച്ചാവുകയോ നാട് വിടുകയോ ചെയ്താല്‍ നമുക്ക് അടുത്ത കഥയെയും കഥാപാത്രങ്ങളെയും അന്വേഷിക്കാം. നമ്മുടെ ഇത്തരം സ്വഭാവമല്ലേ നമ്മള്‍ മലയാളികളെ മറ്റുള്ളവരില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് തന്നെ...

മഹാരാഷ്ട്രയിലുള്ള ഒരാള്‍ക്ക് ഒരു കോടി രൂപ കിട്ടിയാല്‍ നമുക്ക് ഒരു പ്രശ്നവുമില്ല. പക്ഷെ കൂടെ നടക്കുന്ന കൂട്ടുകാരന് 100 രൂപ കളഞ്ഞ് കിട്ടിയാല്‍ അപ്പോള്‍ തുടങ്ങും നമുക്ക് ചൊറിച്ചില്‍. വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചില നല്ല കാറുകള്‍ കണ്ടാല്‍ നമുക്ക് സഹിക്കില്ല. നാണയമൊ താക്കോലോ വച്ച് ആ കാറിന്റെ പെയിന്റില്‍ പോറലുകള്‍ വീഴ്ത്തിയാലേ നമുക്ക് പിന്നെ ഒരു സമാധാനമുള്ളു. ആരും കാണുന്നില്ലെങ്കില്‍ ടയറിന്റെ കാറ്റുതുറന്ന് വിട്ടാലും മതി ആശ്വാസം കിട്ടാന്‍.. പുതിയതായി പെയിന്റടിച്ചിട്ട വല്ലവന്റെയും മതിലില്‍ കാറി തുപ്പുക, വൃത്തികേടുകള്‍ എഴുതി വയ്ക്കുക, അയല്‍ക്കാരന്റെ പറമ്പിലേക്ക് സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുക, ആസ്ത്മയുള്ള അയല്‍ക്കാരന്റെ പറമ്പിനോട് ചേര്‍ന്ന് പുകയിടുക, വല്ലവന്റെയും വാഴത്തോപ്പില്‍ പശുവിനെ കൊണ്ട് കെട്ടുക തുടങ്ങിയവയെല്ലാം മലയാളി ‘സവിശേഷമായ’ ചൊറിച്ചില്‍ മാറ്റാന്‍ പിന്തുടര്‍ന്ന് വരുന്ന കലാപരിപാടികളാണ്.


ഇതൊരു മാനസ്സികരോഗമാണോ? അല്ല എന്നെ ഞാന്‍ പറയൂ. കാരണം മാറുന്ന മലയാളിയായ ഞാനും ദിനം പ്രതി ചെയ്യുന്ന കാര്യങ്ങളാണല്ലോ ഇതൊക്കെ. നമ്മള്‍ മലയാളികള്‍ക്ക് മുഖത്തോട് മുഖം നോക്കി ഈ ചോദ്യം ചോദിക്കാം.. നമ്മള്‍ മാനസ്സികരോഗികളാണോ? അന്യന്റെ ദുഖത്തില്‍ സന്തോഷിക്കുകയും അവന്റെ ഉയര്‍ച്ചയില്‍ എരിപൊരി കൊള്ളുകയും ചെയ്യുന്ന അസ്സൂയ നിറഞ്ഞ് രോഗഗ്രസ്തമായ മനസ്സിന്റെ ഉടമകള്‍?

Thursday, January 1, 2009

മധുമോഹനും മെഗാപരമ്പരയും


മധുമോഹന്‍ എന്നൊരാളെ മലയാളികള്‍ മറന്നൊ? മറക്കാന്‍ വഴിയില്ല. കാരണം അത്രമാത്രം മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിച്ച ഒരാള്‍ ഉണ്ടായിട്ടില്ല. മലയാളം മെഗാ കണ്ണീര്‍ സീരിയലുകളുടെ വിപ്ലവത്തിന്(അതോ ദുരന്തത്തിനോ?) തുടക്കം കുറച്ച ഈ വ്യക്തിയെ ചുരുങ്ങിയത് , സീരിയല്‍ സമയത്ത് ഭക്ഷണം പോയിട്ട് പച്ചവെള്ളം പോലും കിട്ടാതെ കുടലുണങ്ങിയ അനേകായിരം ഭര്‍ത്താക്കന്‍മാരെങ്കിലും മറക്കില്ല എന്നുറപ്പ്.


ദൂരദര്‍ശന്റെ നിലവാരം താഴേയ്ക്ക് പോയി ആ സ്ഥാനം സ്വകാര്യ ചാനലുകാര്‍ കയ്യടക്കിയപ്പോള്‍ ഇനിയെങ്കിലും സമയത്തിന് ഭക്ഷണം കിട്ടുമല്ലോ എന്നു കരുതി ഭര്‍ത്താക്കന്‍മാര്‍ ഒരുപാട് സന്തോഷിച്ചു. ദൂരദര്‍ശനിലെ ‘എല്ലാമെല്ലാമായ‘ മധുമോഹനെയും അദ്ദേഹത്തിന്റെ ‘കഴിവിനെയും’ സ്ത്രീജനങ്ങള്‍ ഒഴിച്ചുള്ള പ്രേക്ഷകരെ പോലെ തന്നെ തന്നെ സ്വകാര്യ ചാനലുകാര്‍ക്കും അത്രയങ്ങോട്ട് ബോധിച്ചില്ല. പക്ഷേ കടിച്ചതിനേക്കാള്‍ വലുതാണ് പൊത്തിലിരുന്നത് എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി സ്വകാര്യചാനലുകളില്‍ പുതിയ കണ്ണീര്‍ സീരിയലുകളും ‘കഴിവുറ്റ‘ മെഗാസീരിയല്‍ സം‌വിധായകരും ഉദയം ചെയ്തു.


ശ്യാംസുന്ദര്‍, ജ്ഞാനശീലന്‍, മാര്‍ട്ടിന്‍ ചാലിശ്ശേരി, നസീര്‍.........സ്ത്രീജന പ്രേക്ഷരുടെ പ്രിയങ്കരന്‍മാരായ സം‌വിധായകരുടെ നിര നീണ്ടു. മലയാളികളെ “ദ്രോഹിക്കുന്നതില്‍“ മധുമോഹന്‍ എത്രയോ ഭേദമായിരുന്നു എന്ന് ഇവരുടെ സൃഷ്ടികള്‍ നമ്മെ കാട്ടി തന്നു. ഒരു സമയത്ത് നാലു സീരിയലുകള്‍ വരെ സം‌വിധാനം ചെയ്തു വിട്ട സം‌വിധായക പ്രതിഭകളുമുണ്ടായിരുന്നു ഇവരുടെ കൂട്ടത്തില്‍. (ഇത്തരക്കാരുടെ ഇടയില്‍ കെ.കെ.രാജീവ്, വയലാര്‍ മാധവന്‍കുട്ടി, അന്‍വര്‍ തുടങ്ങിയ മിനിമം നിലവാരം എങ്കിലും തങ്ങളുടെ സൃഷ്ടികള്‍ക്ക് വച്ച് പുലര്‍ത്തുന്ന സം‌വിധായകരുമുണ്ടായിരുന്നു എന്ന് വിസ്മരിക്കുന്നില്ല. ) ഏത് സീരിയല്‍ കണ്ടും കണ്ണു നീരൊഴുക്കാന്‍ ഭൂരിപക്ഷ സ്ത്രീ പ്രേക്ഷകര്‍ സന്ധ്യകള്‍ക്ക് വേണ്ടി കാത്തിരുന്നു. ചുരുക്കം പറഞ്ഞാല്‍ ഭക്തിസാന്ദ്രമോ ആഹ്ലാദഭരിതമോ ആകേണ്ട സന്ധ്യകള്‍ ‘കണ്ണുനീര്‍‘ കടലായി. സീരിയല്‍ സമയത്ത് വീട്ടില്‍ വരുന്ന അതിഥികളുടെ പേരുകള്‍ ശത്രുപക്ഷത്തേക്ക് മാറ്റിയെഴുതപ്പെട്ടു. സീരിയല്‍ സമയത്ത് കറണ്ട് പോയാല്‍ കെ.എസ്.ഇ.ബി ക്കാരെ അച്ഛനെയും അമ്മയെയും കൂട്ടി തെറി വിളിക്കാന്‍ സീരിയല്‍ പ്രേമികള്‍ മത്സരിച്ചു. മൊത്തത്തില്‍ ജഗപൊക.


അങ്ങനെ കഥയോ തിരക്കഥയോ എന്തിന് സ്ഥിരമായ കഥാപാത്രം പോലുമില്ലാത്ത (അഭിനേതാവ് കാശ് കൂട്ടി ചോദിച്ചാല്‍ ആ കഥാപാത്രത്തിന്റെ ഫോട്ടോയില്‍ പിറ്റേന്ന് മാല ഉറപ്പ്) തട്ടിക്കൂട്ട് മെഗാസീരിയല്‍ സംഭവം വര്‍ഷങ്ങളും ആയിരക്കണക്കിന് എപ്പിസോഡുകളും പിന്നിട്ട് സ്ത്രീജനങ്ങളുടെ കണ്ണുനീരൂറ്റി. സ്വഭാവികമായ മടുപ്പ് ഉയരുന്നത് തിരിച്ചറിഞ്ഞ ചാനലുകാരും സീരിയല്‍ അണിയറ പ്രവര്‍ത്തകരും ട്രാക്ക് ഒന്ന് മാറ്റിപ്പിടിച്ചു. അങ്ങനെ കണ്ണീര്‍ സീരിയലുകള്‍ പ്രേത സീരിയലുകള്‍ക്ക് വഴിമാറി. പിന്നീട് എല്ലാ ചാനലുകളിലും പ്രേതങ്ങളുടെ ഒരു വിഹാരമായിരുന്നു. വെള്ള സാരിയും ചുണ്ണാമ്പും പൊട്ടിച്ചിരിയുമായി പ്രേതങ്ങള്‍ എല്ലാ ചാനലുകളിലും കറങ്ങി നടന്നു. അവസാനം പ്രേതങ്ങളെ പൂട്ടാന്‍ ‘കത്തനാര’ച്ചനു തന്നെ രംഗത്തിറങ്ങേണ്ടി വന്നു. ഒടുവില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞത് പോലെ ‘ഭീകര’രൂപികളായ പ്രേതങ്ങളെ കണ്ട് കൊച്ചു കുട്ടികള്‍ വരെ പൊട്ടിച്ചിരിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍.


ആയിടയ്ക്കാണ് നന്മ, മേന്മ എന്നൊക്കെ ഉദ്ഘോഷിച്ച് (നന്മയും മേന്മയുമൊക്കെ ഇപ്പോള്‍ ആ ചാനലിലുള്ള ഏത് പരിപാടിയില്‍ കാണാന്‍ കഴിയും എന്ന് മാത്രം ചോദിക്കരുത്) അമൃതാ ചാനലിന്റെ ഉദയം. ശ്രീകൃഷ്ണ ലീലാമൃതം എന്ന ഭക്തി സീരിയലുമായി മധുമോഹന്‍ അമൃതാചാനലില്‍ പൊങ്ങി. ആ സീരിയലിന്റെ പേരില്‍ മധുമോഹനോട് ഭഗവാന്‍ കൃഷ്ണന്‍ പോലും പൊറുക്കില്ല എന്നുറപ്പ്. ഓടി കളിക്കുന്ന ഉണ്ണികൃഷ്ണന്റെ സമീപത്ത് കണ്ട ക്രെയിനിന്റെ നിഴലും പാറപ്പുറത്ത് ധ്യാനത്തിലിരിക്കുന്ന ഋഷിയുടെ പുറകില്‍ കണ്ട ഇലക്ട്രിക് ലൈനുമൊക്കെ ഈ പരമ്പരയുടെ സാങ്കേതിക മേന്മയുടെ തെളിവായി.


എന്തായാലും അതിനു ശേഷമുണ്ടായ ഭക്തിസീരിയലുകളുടെ കുത്തൊഴുക്ക് ഇപ്പോഴും നിലച്ചിട്ടില്ല. ശബരിമല സീസണില്‍ ഏഷ്യാനെറ്റില്‍ ആരംഭിച്ച ‘സ്വാമി അയ്യപ്പന്‍‘ തുടക്കത്തില്‍ അല്പം നിലവാരം പുലര്‍ത്തി.പക്ഷെ തിരകഥാകൃത്ത് എഴുതി ചേര്‍ത്ത പല കഥകളും കഥാ സന്ദര്‍ഭങ്ങളും കണ്ട് ശബരിമല അയ്യപ്പന്‍ ഞെട്ടിയിട്ടുണ്ടാകുമെന്ന് ഉറപ്പ്. അയ്യപ്പനായി അഭിനയിക്കാന്‍ വന്ന പയ്യന്‍ ഇപ്പോള്‍ ശാന്തിമഠം ബില്‍ഡേഴ്സിന്റെ പരസ്യമോഡലാണ്. അയ്യപ്പന്റെ വേഷത്തില്‍ തന്നെ അനുഗ്രഹിച്ച് നിന്നുകൊണ്ടാണ് ഈ ഫ്ലാറ്റ് ബുക്ക് ചെയ്യൂ എന്നദ്ദേഹം ആവശ്യപ്പെടുന്നത്. ഏതായാലും ശബരിമലയില്‍ പുലിയില്ല എന്ന് ഉറപ്പായി.


സ്വാമി അയ്യപ്പന് പ്രേക്ഷകര്‍ കൂടുന്നതറിഞ്ഞാല്‍ സൂര്യ ടിവിക്കാര്‍ വെറുതെയിരിക്കുമോ. അവരും തുടങ്ങി ആ സമയത്ത് തന്നെ ഒന്ന്. ‘സ്വാമി അയ്യപ്പനും വാവരും’. ഹിന്ദു, മുസ്ലീം സീരിയല്‍ പ്രേക്ഷകരെ ഒരുമിച്ച് ആകര്‍ഷിക്കാന്‍ ഇതിലും മികച്ച എന്ത് വഴിയാണുള്ളത്. ഈ പരമ്പരയിലെ അയ്യപ്പനെ കണ്ടാല്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘പെറ്റ തള്ള സഹിക്കില്ല’ എന്നത് യാഥാർത്ഥ്യം. ഇവരെ ഒന്നും കുറ്റം പറയേണ്ട കാര്യമില്ല. കാരണം അയ്യപ്പനെ വിറ്റ് ദേവസ്വം ബോര്‍ഡ്, ഭരണാധികാരികള്‍, മേല്‍ശാന്തി, തന്ത്രി തുടങ്ങി ആരെല്ലാം കാശുണ്ടാക്കുന്നു. എങ്കില്‍ പിന്നെ സീരിയല്‍കാരുമുണ്ടാകട്ടെ പത്ത് കാശ്.


ഏതായാലും, വീണ്ടും വന്ന സ്വാമി അയ്യപ്പന്‍ , ഗുരുവായൂരപ്പന്‍, വിശുദ്ധ അല്ഫോന്‍സാമ്മ, ദേവീ മാഹാത്മ്യം , വേളാങ്കണ്ണി മാതാവ് തുടങ്ങിയവ പല ചാനലുകളിലായി ഇപ്പോഴും ചുറ്റിത്തിരിയുന്നു. പല ഭക്തി സീരിയലുകളിലും ബലാത്സംഗ സീനുകള്‍ വരെ കുത്തി കയറ്റി തുടങ്ങി. ഇതിനിടക്ക് നമ്മെ പൊട്ടിച്ചിരിപ്പിക്കാനും ഭക്തി സീരിയലുകാര്‍ ശ്രദ്ധിക്കാറുണ്ട്...“ദേ ‘ദേവീ മാഹാത്മ്യം‘ പരമ്പര തുടങ്ങാന്‍ പോകുന്നു പ്രേക്ഷകര്‍ നിങ്ങളുടെ സ്വീകരണ മുറികളില്‍ മകം തൊഴുത് നില്‍ക്കുവിന്‍“ എന്നൊക്കെ കേട്ടാല്‍ ഏത് കഠിന ഹൃദയനാണ് പൊട്ടിച്ചിരിച്ച് പോകാത്തത്. ഇതൊക്കെ കണ്ട് നമ്മുടെ ഉള്ള ഭക്തി കൂടി പോകരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.


വാല്‍ക്കഷണം: മലയാള ടെലിവിഷന്‍ പ്രേക്ഷകരെ ഞെട്ടിക്കാനുള്ള പുതിയ എന്തോ പദ്ധതിയുടെ പണിപ്പുരയിലാണത്രെ മധുമോഹന്‍. വളരെ നല്ലത്. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്നതാ നല്ലത്.

Monday, December 1, 2008

മാദ്ധ്യമങ്ങള്‍ ആര്‍ക്ക് വേണ്ടി ??


നമുക്കിപ്പോള്‍ വാര്‍ത്തകള്‍ അറിയാന്‍ ഒരു വിഷമവുമില്ല. കാരണം വാര്‍ത്തകള്‍ ചൂടോടെ നമ്മളിലേക്കെത്തിക്കാന്‍ കൈവിരലില്‍ എണ്ണാവുന്നതിലുമധികം മലയാളം ദിനപ്പത്രങ്ങളുണ്ട് നമുക്ക്. അതും പോരാ എങ്കില്‍ കൈവിരല്‍ തുമ്പില്‍ ലൈവ് വാര്‍ത്തകളും വിശേഷങ്ങളുമായി നിരന്നു നില്‍ക്കുന്ന നിരവധി മലയാളം വാര്‍ത്താ ചാനലുകളുമുണ്ട്. വാര്‍ത്തകള്‍ക്ക് വേണ്ടി കാതോര്‍ക്കുന്ന മലയാളിക്ക് ‘ആനന്ദലബ്ധിക്ക്‘ ഇനി എന്തുവേണം?

കാശ് കൊടുത്ത് പത്രം വാങ്ങി വായിക്കുകയും, വാര്‍ത്തകള്‍ കാണാനും വിശകലനങ്ങള്‍ കേള്‍ക്കാനും വാര്‍ത്താചാനലുകളുടെ മുന്‍പില്‍ കുത്തിയിരിക്കുകയും ചെയ്യുന്ന നമ്മള്‍ വിഡ്ഡികളാക്കപ്പെടുകയല്ലേ? ഇപ്പോള്‍ എല്ലാ മാദ്ധ്യമങ്ങള്‍ക്കും അവരുടേതായ ഒരു പക്ഷം ഉണ്ട്. അതെന്തായാലും പൊതുജനമെന്ന ദരിദ്രവാസികളുടെ പക്ഷമല്ല എന്ന് നൂറു ശതമാനം ഉറപ്പ്. തങ്ങള്‍ നിക്ഷ്പക്ഷരാണ് എന്ന് ഏതെങ്കിലും മാദ്ധ്യമം പറയുന്നുവെങ്കില്‍ നമുക്ക് ഉറപ്പിക്കാം. അത് അവരുടേ സര്‍ക്കുലേഷനോ വ്യൂവര്‍ഷിപ്പോ കൂട്ടാനുള്ള വെറും പരസ്യവാചകം മാത്രം.

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, അവരുടെ വാദഗതികളും അവരുടെ ദിശയില്‍ കൂടി “മാത്രം” കാണുന്ന വാര്‍ത്തകളും വിളമ്പാന്‍, സ്വന്തമായി പത്രങ്ങളും ചാനലുകളും തുടങ്ങിയിട്ടിട്ടുണ്ട്. മറ്റു പ്രസ്ഥാനങ്ങളെ കുറ്റം പറയാനും രാഷ്ട്രീയ എതിരാളികളെ കരി വാരി തേക്കാനും മാത്രം ഉള്ള പരസ്യപ്പലകകളാണവ. ഞങ്ങളുടെ പത്രം ഞങ്ങളുടെ ചാനല്‍ ഞങ്ങള്‍ക്ക് തോന്നുന്നത് എഴുതും പറയും. ഇതാണ് അവരുടെ ലൈന്‍. പക്ഷെ വാര്‍ത്തയിലെ ശരിയും തെറ്റും നോക്കാതെ പ്രസ്ഥാനങ്ങളുടെ നിലപാടുകള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന ഇത്തരം മാദ്ധ്യമങ്ങള്‍ മുഖ്യധാരയില്‍ തന്നെ നിലനില്‍ക്കുന്നത് ചിലപ്പോള്‍ മലയാളിയുടെ ‘രാഷ്ട്രീയ പ്രബുദ്ധത‘കൊണ്ടാകാം.

രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഉണ്ടാകുമ്പോള്‍ തങ്ങളുടെ അനുഭാവിക്ക് വെട്ടേറ്റ വാര്‍ത്ത മുന്‍പേജില്‍ വലിയ പ്രാധാന്യത്തോടേ പ്രസിദ്ധീകരിക്കുമ്പോള്‍ അതേ സംഘട്ടനത്തില്‍ എതിര്‍ സംഘടനയിലെ രണ്ട് പേര്‍ മരിച്ചു എന്ന വാര്‍ത്ത അവഗണിക്കുകയോ അല്ലെങ്കില്‍ ഉള്‍പേജിലെ ചെറിയ കോളത്തില്‍ ഒതുക്കുകയോ ചെയ്യുക എന്നതാണ് ഇത്തരം പത്രങ്ങളുടെ മാദ്ധ്യമ ‘ധര്‍മ്മം’. ഇത്തരം വാര്‍ത്ത വളച്ചൊടിക്കലും കെട്ടിചമയ്ക്കലുമൊക്കെ ദേശാഭിമാനി, ജന്‍മഭൂമി, വീക്ഷണം തുടങ്ങിയ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്വന്തം മുഖപ്പത്രങ്ങള്‍ക്ക് ഭൂഷണമായിരിക്കാം. കാരണം അത്തരം മാദ്ധ്യമങ്ങളുടെ ‘കര്‍ത്തവ്യം‘ തന്നെ അതാണല്ലോ...

പിന്നെയുള്ളത് മനോരമ , മാതൃഭൂമി തുടങ്ങിയ ‘മാദ്ധ്യമ ഭീമന്‍‘മാരാണ്. അങ്ങനെ ഒരു വിശേഷണം അവര്‍ക്ക് ആരും ചാര്‍ത്തി കൊടുത്തതല്ല. അവര്‍ അത് സ്വയം എടുത്തണിഞ്ഞതാണ്.സമുദായ ആചാര്യന്‍മാരെയും രാഷ്ട്രീയ നേതാക്കളെയും സമൂഹത്തിലെ ഉന്നതരെയും സമയാസമയം ‘സുഖിപ്പിക്കാന്‍‘ അറിയാം എന്നതാണ് ഈ ‘ഭീമന്‍‘മാരുടെ പത്രപ്രവര്‍ത്തന ‘ധര്‍മ്മ‘ത്തിന്റെ പ്രധാന സവിശേഷത. വലിയ തിരുമേനി സ്ഥാനമേറ്റാലും , കാലം ചെയ്താലും സമുദായാചാര്യന്‍ മാര്‍ക്ക് 89 തികഞ്ഞാലും തങ്ങള്‍ക്ക് പ്രിയമുള്ള രാഷ്ട്രീയ നേതാക്കളുടെ കുട്ടിക്ക് ഉണ്ണി പിറക്കുമ്പോഴുമെല്ലാം പ്രകീര്‍ത്തിച്ച് മുഖപ്രസംഗമെഴുതിയും പ്രത്യേക സപ്ലിമെന്റുകളിറക്കിയുമൊക്കെ അവര്‍ തങ്ങളുടെ ‘സുഖിപ്പിക്കല്‍‘ പ്രക്രിയ വെടിപ്പായി നിര്‍വ്വഹിക്കുന്നു.

സപ്ലിമെന്‍റ് ഇറക്കാന്‍ വേണ്ട ചിലവിനെ സംബന്ധിച്ച് ഈ ‘ഭീമന്‍‘മാര്‍ക്ക് വേവലാതിയില്ല. കാരണം സിനിമാ താരങ്ങള്‍ക്ക് ജന്‍മദിനാശംസ നേരാനും സ്വന്തം പിച്ചില്‍ കളിച്ചു ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശംസ നേരാനുമൊക്കെ 100 രൂപ നീട്ടിപ്പിടിച്ച് ക്യൂ നില്‍ക്കാന്‍ അത്താഴപ്പട്ടിണിക്കാരനായ മലയാളി പോലും മത്സരിക്കുമ്പോള്‍ അവര്‍ക്ക് എന്ത് വേവലാതി‍.

ചില സമയത്ത് ഈ ‘ഭീമന്‍‘മാര്‍ തങ്ങള്‍ പറയുന്നതാണ് സത്യം എന്നങ്ങ് സ്ഥാപിച്ചു കളയും.അഭയാ കേസിലെ പ്രതികളുടെ അറസ്റ്റ് നടന്ന ദിവസം മനോരമാ ന്യൂസ് ചാനലില്‍ അങ്ങനെ ഒരു അഭ്യാസം കാണാന്‍ കഴിഞ്ഞു. അറസ്റ്റ് ദുരൂഹമാണെന്ന് സ്ഥാപിക്കാനുള്ള ചാനലിന്റെയും ഷാനി പ്രഭാകരന്റെയും പരിശ്രമം അത്രക്ക് ദയനീയമായിരുന്നു എന്ന് പറയാതെ വയ്യ. കൊല്ലത്ത് കന്യാസ്ത്രീ ആത്മഹത്യ ചെയ്ത്, സഭ പ്രതിക്കൂട്ടില്‍ വന്ന ഘട്ടത്തിലും മനോരമയുടെ ഈ ‘പ്രതിബദ്ധത’ ഉണര്‍ന്നിരുന്നു. സംഭവത്തിന്റെ അടുത്ത ദിവസങ്ങളില്‍ മറ്റു മാദ്ധ്യമങ്ങളില്‍ ഈ സംഭവം നിറഞ്ഞ് നിന്നപ്പോള്‍ മനോരമ പത്രത്തില്‍ ഇതിനേപറ്റി ഒരു വാര്‍ത്ത വായിക്കാന്‍ ഭൂത കണ്ണാടി വച്ച് തിരയേണ്ടി വന്നു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിക്കിടമില്ല.

സായാഹ്ന പത്രങ്ങളും നമുക്ക് കുറവല്ല. സായാഹ്ന പത്രങ്ങളിലെ പത്ര ലേഖകര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനും ‘കഴിവു‘ള്ളവരാണ്. അവര്‍ സൃഷ്ടിക്കുന്ന ചൂടന്‍ വാര്‍ത്തകള്‍ അതാത് സായാഹ്ന പത്രങ്ങളിലല്ലാതെ മറ്റെവിടെയും നമുക്ക് കാണാന്‍ കഴിയില്ല. അതാണ് അവരുടെ വൈദഗ്ദ്ധ്യം. എന്തിനധികം അതേ പത്രത്തില്‍ പോലും അടുത്ത ദിവസം ആ വാര്‍ത്തയെ പറ്റി ഒരു പരാമര്‍ശം പോലും ഉണ്ടാവുകയുമില്ല. അതെന്താ അങ്ങനെ? എന്നു നമുക്ക് ചോദിക്കാനും കഴിയില്ല. കാരണം കഥയില്‍ ചോദ്യമില്ല!!!

സായാഹ്നപത്രത്തെ കുറിച്ചുള്ള നിര്‍വ്വചനം നിസ്സാരമാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സര്‍ക്കാര്‍ ജോലിക്കാരെയും, യാത്രയില്‍ ബോറടിക്കുന്നവരെയും മാത്രം ലക്ഷ്യം വച്ച് പുറത്തിറങ്ങുന്ന അത്യാവശ്യം എരിവും പുളിയുമുള്ള മ(ഞ്ഞ)ലയാളം പത്രം.

ദുരന്തങ്ങളും അപകടങ്ങളുമൊക്കെ മാദ്ധ്യമങ്ങള്‍ ‘ആഘോഷിക്കുന്ന’ ഒരു ചിത്രമാണ് ഇപ്പോള്‍ നമുക്ക് മുന്‍പിലുള്ളത്. ദുരന്തത്തിന്റെ ഭീകര ദൃശ്യങ്ങള്‍ മുന്‍പേജില്‍ തന്നെ നല്‍കി പത്രക്കാര്‍ വായനക്കാരുടെയും ബീഭത്സ ചിത്രങ്ങള്‍ ലൈവ് ആയിക്കാണിച്ച് ചാനലുകള്‍ പ്രേക്ഷകരുടെയും ധൈര്യത്തെ അളക്കുകയാണ്. ദൃശ്യങ്ങള്‍ എത്രത്തോളം ഭീകരമാകുന്നൊ അത്രത്തോളം തങ്ങളുടെ ജനപ്രീതി കൂടുകയാണ് എന്ന് കണക്കുകൂട്ടുന്നുണ്ടാകും അവര്‍..

വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതായിരിക്കുന്നു മാധ്യമങ്ങളുടെ ശൈലി. മാദ്ധ്യമ ധര്‍മ്മം എന്നത് പത്രത്തിന്റെയും ചാനലിന്റെയും, മാനേജ്മെന്റിന്റെ താല്പര്യത്തിന് അനുസരിച്ച് തൂലിക ചലിപ്പിക്കാനും വായ്പ്പാട്ട് പാടാനുമുള്ള പുകമറയും. സ്വതന്ത്ര ചിന്താഗതിയുള്ള പത്ര പ്രവര്‍ത്തകര്‍ക്ക് നിലനില്‍പ്പില്ല എന്നതാകാം ഈ അപച്യുതിക്ക് കാരണം. എല്ലാ മാദ്ധ്യമങ്ങളും സ്വതന്ത്രമായും സത്യസന്ധമായും ചിന്തിക്കാനും എഴുതാനും പറയാനും തുടങ്ങുന്ന ഒരു കാലമുണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്തെങ്കിലും പ്രതീക്ഷിക്കുന്നതിന് നമുക്ക് പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ...